രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കൊച്ചി തീരത്തിനടുത്ത് തീപിടിച്ച സിംഗപ്പൂർ കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ അപകടസാധ്യതയേറിയ രക്ഷാപ്രവര്‍ത്തനങ്ങളുമായി കോസ്റ്റ് ഗാര്‍ഡും നാവിക - വ്യോമ സേനകളും

Posted On: 14 JUN 2025 1:10PM by PIB Thiruvananthpuram
അപകടത്തില്‍പെട്ട എംവി വാന്‍ഹായ്-503 സിംഗപ്പൂർ കപ്പലിന്റെ അഗ്നിരക്ഷാ - വീണ്ടെടുക്കല്‍ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) നാവികസേനയും വ്യോമസേനയുമായി ചേര്‍ന്ന് 2025 ജൂൺ 13 ന് ‌കണ്ടെയ്നര്‍ കപ്പലിനെ വലിച്ചുനീക്കാന്‍ ‘ഓഫ്‌ഷോർ വാരിയര്‍’ എന്ന രക്ഷാകപ്പലുമായി ബന്ധിപ്പിച്ചു. ഏതാനും ദിവസങ്ങളായി കണ്ടെയ്നര്‍ കപ്പലിനെ കോസ്റ്റ് ഗാര്‍ഡ് കേരള തീരത്തുനിന്ന് അകലെ നിലനിര്‍ത്തിയെങ്കിലും കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങളും ശക്തമായ പടിഞ്ഞാറൻ കാറ്റും കപ്പല്‍ അപകടകരമായ നിലയില്‍ തീരത്തേക്ക് നീങ്ങാൻ കാരണമായി.
 
പ്രതികൂല കാലാവസ്ഥ മൂലം വ്യോമ പ്രവർത്തനങ്ങൾ തടസപ്പെടുകയും രക്ഷാപ്രവർത്തകർ കപ്പലിലെത്തുന്നത് വൈകുകയും ചെയ്തെങ്കിലും ജൂൺ 13 ന് കൊച്ചിയില്‍നിന്ന് നാവികസേനയുടെ സീകിങ് ഹെലികോപ്റ്റർ വെല്ലുവിളിയേറിയ സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തകരെ വിജയകരമായി കപ്പലിലെത്തിച്ചു. തുടർന്ന് കപ്പല്‍ കെട്ടിവലിക്കുന്നതിനായി കൊച്ചി തീരത്തുനിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായി ഓഫ്‌ഷോർ വാരിയറിലേക്ക് 600 മീറ്റർ കയര്‍ ബന്ധിപ്പിക്കാൻ സംഘത്തിന് സാധിച്ചു. നിലവില്‍ 1.8 നോട്ടിക്കൽ വേഗത്തില്‍ പടിഞ്ഞാറ് ദിശയില്‍ വലിച്ചുനീക്കുന്ന കപ്പൽ തീരത്തുനിന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെയാണ്.
 
കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് ആഴക്കടല്‍ നിരീക്ഷണ കപ്പലുകള്‍ കണ്ടെയ്‌നർ കപ്പലിന് അകമ്പടി സേവിക്കുകയും അഗ്നിരക്ഷാ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു. നിലവിൽ കട്ടിയുള്ള പുകയും ഒറ്റപ്പെട്ട ചില അപകട സാധ്യതായിടങ്ങളുമാണ് കപ്പലിൽ അവശേഷിക്കുന്നത്. വലിയൊരു പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാൻ സഹായിച്ച കോസ്റ്റ് ഗാര്‍ഡിന്റെ ഫലപ്രദ അഗ്നിരക്ഷാ ശ്രമത്തിന് തെളിവാണിത്. 
 
കപ്പലിന്റെ ഭാവി സംബന്ധിച്ച് ഉടമസ്ഥർ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തീരുമാനമെടുക്കുന്നതുവരെ ഇന്ത്യൻ തീരത്തുനിന്ന് കുറഞ്ഞത് 50 നോട്ടിക്കൽ മൈൽ അകലെ സ്ഥാനമുറപ്പിക്കാൻ ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലുമായി കോസ്റ്റ്ഗാര്‍ഡ് ഏകോപനം തുടരുകയാണ്. കൂടുതല്‍ അഗ്നിശമനാ - രക്ഷാകപ്പലുകള്‍ എത്തുന്നതോടെ സാഹചര്യം ഇനിയും നിയന്ത്രണവിധേയമാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
 
****

(Release ID: 2136406)