വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പുതുച്ചേരി നിയമസഭയ്ക്കായുള്ള NeVA ഡിജിറ്റൽ പ്ലാറ്റ്ഫോം കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ ഉദ്ഘാടനം ചെയ്തു
Posted On:
09 JUN 2025 5:49PM by PIB Thiruvananthpuram
സുതാര്യവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ ഭരണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായി, 2025 ജൂൺ 09 ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ പുതുച്ചേരി നിയമസഭയ്ക്കായുള്ള നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) ഉദ്ഘാടനം ചെയ്തു. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ കെ. കൈലാസ്നാഥൻ, പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ. രംഗസാമി, പുതുച്ചേരി നിയമസഭ സ്പീക്കർ ശ്രീ ആർ. സെൽവം എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന വീക്ഷണത്തിന് അനുയോജ്യമായി NeVA പ്ലാറ്റ്ഫോം സ്വീകരിക്കുന്ന രാജ്യത്തെ 19-ാമത് നിയമസഭയായി പുതുച്ചേരി മാറി. കടലാസ് രഹിത നിയമനിർമ്മാണ പ്രവർത്തനം സാധ്യമാക്കുന്നതും കേന്ദ്ര സഹായത്തോടെയുള്ളതുമായ ഈ സംരംഭത്തിന് പാർലമെന്ററി കാര്യ മന്ത്രാലയം 100% ധനസഹായം നൽകുന്നു.
"നിയമനിർമ്മാണ നടപടിക്രമങ്ങളിലേക്ക് തത്സമയ പ്രവേശനം ഉറപ്പാക്കുകയും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പരിവർത്തന സംരംഭമാണ് NeVA എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. 'ഒരു രാഷ്ട്രം, ഒരു ആപ്ലിക്കേഷൻ ' എന്ന തത്വത്തിൽ ഊന്നിയുള്ള ഈ സംരംഭം 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്', നിർദ്ദിഷ്ട 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' തുടങ്ങിയ പ്രധാന പരിഷ്കാരങ്ങളുമായി പൊരുത്തപ്പെടുന്നു. നിയമങ്ങൾ എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്ന് അറിയാനും സാക്ഷ്യം വഹിക്കാനും പൊതുജനങ്ങൾക്ക് അവകാശമുണ്ട്." ശ്രീ മുരുകൻ പറഞ്ഞു
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിലെ പ്രധാന നേട്ടങ്ങളും മന്ത്രി എടുത്തുപറഞ്ഞു. ഡിജിറ്റൽ ഇടപാടുകളിൽ രണ്ടാമത്തെ വലിയ രാഷ്ട്രമായി ഇന്ത്യയുടെ മുന്നേറ്റം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ (DBT) കാര്യക്ഷമമായ ക്ഷേമ വിതരണം, ആത്മനിർഭർ ഭാരതിന് കീഴിലുള്ള സാങ്കേതിക പുരോഗതിയും തൽഫലമായി പ്രതിരോധ ഇറക്കുമതിയിലെ 50% കുറവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു
ഇന്ത്യയുടെ വളർച്ചയെ നയിക്കുന്ന രണ്ട് പ്രധാന സ്തംഭങ്ങളാണ് അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക മൂലധനവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2047 ഓടെ ഇന്ത്യ വികസിത രാഷ്ട്രം ആകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Neva യുടെ സമാരംഭത്തെ ഒരു നാഴികക്കല്ലായ നടപടിയെന്ന് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പ്രശംസിച്ചു. ഇത് നിയമനിർമ്മാണ പ്രവർത്തനങ്ങളെ ഡിജിറ്റൈസ് ചെയ്യുക മാത്രമല്ല, നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണം സാധ്യമാക്കുകയും, പൊതുജനങ്ങൾക്ക് പരിപാടികളുടെ ലഭ്യതയും സുതാര്യതയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, ഹരിത സംരംഭങ്ങൾ, സദ്ഭരണം എന്നിവയെ പിന്തുണയ്ക്കുന്ന ഈ നീക്കം പ്രതിവർഷം 3–5 ടൺ കടലാസ് ലാഭിക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
NeVAയുടെ പ്രവർത്തനങ്ങളെ പറ്റി നിയമസഭാംഗങ്ങളെയും ജീവനക്കാരെയും പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ആപ്ലിക്കേഷന്റെ സുഗമമായ നിർവഹണത്തിനായി ബോധവൽക്കരണ കാമ്പെയ്നുകളും ശേഷി വികസന പരിപാടികളും നടത്തും.
ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കീഴിലെ ഒരു മിഷൻ മോഡ് പ്രോജക്റ്റാണ് NeVA.കടലാസ് രഹിതവും, കാര്യക്ഷമവും, പൗരകേന്ദ്രീകൃതവുമായ നിയമനിർമ്മാണ നടപടികൾ ഉറപ്പാക്കുന്നതിന് എല്ലാ നിയമസഭകളെയും ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.
(Release ID: 2135309)