പാര്‍ലമെന്ററികാര്യ മന്ത്രാലയം
പുതുച്ചേരി നിയമസഭയ്ക്ക് വേണ്ടി തയ്യാറാക്കിയ നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ( NeVA)കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ ഉദ്ഘാടനം ചെയ്യും
Posted On:
06 JUN 2025 2:46PM by PIB Thiruvananthpuram
പുതുച്ചേരി നിയമസഭയ്ക്കായി തയ്യാറാക്കിയ നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ 2025 ജൂൺ 9 ന് ഉദ്ഘാടനം ചെയ്യും.
പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ കെ. കൈലാസനാഥൻ, പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ. രംഗസാമി, പുതുച്ചേരി നിയമസഭാ സ്പീക്കർ ശ്രീ സെൽവം ആർ, പുതുച്ചേരി നിയമസഭ അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
15-ാം പുതുച്ചേരി നിയമസഭയുടെ അടുത്തിടെ സമാപിച്ച ആറാം സമ്മേളനത്തിൽ ലെഫ്റ്റനന്റ് ഗവർണറുടെ പ്രസംഗം, മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം, പ്രധാന കാര്യനടപടിക്രമങ്ങളുടെ പട്ടിക, അംഗങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ എന്നിവ അപ്‌ലോഡ് ചെയ്തുകൊണ്ട് NeVA പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കിയിരുന്നു. പുതുച്ചേരി നിയമസഭാoഗങ്ങൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും നേരിട്ടുള്ള പരിശീലനം ഇതിനകം ആരംഭിച്ചു.
NeVA നടപ്പിലാക്കുന്നതോടെ പുതുച്ചേരി നിയമസഭ കടലാസ് രഹിത പ്രവർത്തനങ്ങളുള്ള ഡിജിറ്റൽ നിയമനിർമ്മാണ സഭയായി മാറും.
നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA)-യെക്കുറിച്ച്:
'ഒരു രാഷ്ട്രം - ഒരു ആപ്ലിക്കേഷൻ' എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രാലയം (MoPA) ആരംഭിച്ച ഒരു സംരംഭമാണ് NeVA. 37 സംസ്ഥാനങ്ങളുടെ/ കേന്ദ്രഭരണ പ്രദേശ നിയമസഭകളുടെ നിയമനിർമ്മാണ പ്രക്രിയകളെ ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൈസ് ചെയ്യാനും കാര്യക്ഷമമാക്കാനുമായി ഇത് തയ്യാറാക്കിയിരിക്കുന്നു.
673.94 കോടിരൂപ ബജറ്റിൽ പൊതുനിക്ഷേപ ബോർഡ് (PIB)2020 ജനുവരി 15-ന് അംഗീകരിച്ച NeVA, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തുല്യമായ പിന്തുണ ഉറപ്പാക്കുന്ന ഒരു കേന്ദ്രീകൃത ഫണ്ടിംഗ് മാതൃക സ്വീകരിക്കുന്നു.
നിയമസഭകളുടെ നിയമനിർമ്മാണ പ്രവർത്തനങ്ങൾ കടലാസ് രഹിത രീതിയിൽ നടത്തുന്നുവെന്ന് NeVA ഉറപ്പാക്കുന്നു. കൂടാതെ, രാജ്യത്തെ എല്ലാ നിയമസഭകളെയും ഒരു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഒന്നിലധികം ആപ്ലിക്കേഷനുകളുടെ സങ്കീർണ്ണതയില്ലാതെ ഒരു ബൃഹത്തായ ഡാറ്റാ ശേഖരം സൃഷ്ടിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
ഭാഷിണി, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന NeVA, എഐ/എംഎൽ അധിഷ്ഠിത തത്സമയ വിവർത്തന സേവനങ്ങളും നൽകുന്നു. ഇത് ഭാഷാപരമായ ഉൾപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതുവരെ, 28 സംസ്ഥാന നിയമസഭകൾ ധാരണാപത്രത്തിൽ ഒപ്പുവച്ചു.18 നിയമസഭകൾ ഇതിനകം പൂർണ്ണമായും ഡിജിറ്റൽ നിയമസഭയായി മാറിയിട്ടുണ്ട്.
(Release ID: 2134598)