വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഏക് പേഡ് മാ കേ നാം 2.0, പ്രത്യേക മൊഡ്യൂളുകൾ, മിഷൻ ലൈഫ് വെബ് പോർട്ടലിനായുള്ള ഇക്കോ ക്ലബ്ബുകൾ, ഏക് പേഡ് മാ കേ നാം 2.0-യ്ക്കുള്ള മൈക്രോസൈറ്റ് എന്നിവ ശ്രീ ധർമ്മേന്ദ്ര പ്രധാൻ സമാരംഭിച്ചു.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ സ്കൂളുകളിൽ മിഷൻ ലൈഫിനായി ഇക്കോ ക്ലബ്ബുകൾ ആരംഭിക്കും - ശ്രീ ധർമ്മേന്ദ്ര പ്രധാൻ


2070 തോടെ നെറ്റ് സീറോ ലക്ഷ്യവും (ഹരിതഗൃഹ വാതകത്തിന്റെ ബഹിർഗമ- ആഗിരണ സംതുലിതാവസ്ഥ), സുസ്ഥിര വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിലേക്ക് ഭാവി തലമുറയെ നയിക്കണം - ശ്രീ ധർമ്മേന്ദ്ര പ്രധാൻ

Posted On: 05 JUN 2025 3:34PM by PIB Thiruvananthpuram

ഏക് പേഡ് മാ കേ നാം 2.0 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ  ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. മിഷൻ ലൈഫ് വെബ് പോർട്ടലിനായി ഇക്കോ ക്ലബ്ബുകളും ഏക് പെഡ് മാ കേ നാം 2.0- മൈക്രോസൈറ്റും ഉൾപ്പെടെ ഈ സംരംഭത്തിനായുള്ള പ്രത്യേക മൊഡ്യൂളുകളും അദ്ദേഹം സമാരംഭിച്ചു. വടക്കുകിഴക്കൻ മേഖലാ വികസനത്തിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതലയുള്ള  കേന്ദ്ര സഹമന്ത്രി ഡോ. സുകാന്ത മജുംദാർ; ഡൽഹി വിദ്യാഭ്യാസ മന്ത്രി ശ്രീ ആഷിഷ് സൂദ്; സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ; NCERT ഡയറക്ടർ പ്രൊഫ. ദിനേശ് പ്രസാദ് സക്ലാനി അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

പ്രകൃതി സംരക്ഷണത്തിലും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിലും, പരിസ്ഥിതി വെല്ലുവിളികളെ നേരിടുന്നതിൽ അവരുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നതിലും പ്രത്യേക മൊഡ്യൂളുകൾ, വെബ് പോർട്ടൽ, മൈക്രോസൈറ്റ് എന്നിവയുടെ പ്രാധാന്യം ചടങ്ങിൽ സംസാരിച്ച ശ്രീ ധർമ്മേന്ദ്ര പ്രധാൻ എടുത്തുപറഞ്ഞു.

Image

Image

Image
 


പരിസ്ഥിതി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക് ആനയിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് നടത്തുന്ന ശ്രമങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. സ്കൂളുകളിലെ "മിഷൻ ലൈഫിനായുള്ള ഇക്കോ ക്ലബ്ബുകൾ" പരിസ്ഥിതിയുമായും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ശീലങ്ങളും  മൂല്യങ്ങളും വളർത്തിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യ ഒരിക്കലും മലിനീകരണം സൃഷ്ടിക്കുന്ന ഒരു രാഷ്ട്രമായിരുന്നില്ലെന്നും ശ്രീ പ്രധാൻ പറഞ്ഞു. ഇന്ത്യൻ സംസ്ക്കാരം ലോകത്തെ മുഴുവൻ ഒരു കുടുംബമായാണ് കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2047 രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും, 2070 ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാനുള്ള ദൃഢനിശ്ചയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ മഹത്തായ  ഉദ്യമത്തിൽ, എല്ലാവരും സ്വന്തം പങ്ക് നിർവ്വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തുടനീളം 5 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണ രാജ്യവ്യാപകമായി 10 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഏക് പേഡ് മാ കേ നാം 2.0 പ്രചാരണത്തിന് കൂടുതൽ ഗതിവേഗം പകരണമെന്നും അദ്ദേഹം പറഞ്ഞു.

 നെറ്റ് സീറോ ലക്ഷ്യവും (ഹരിതഗൃഹ വാതകത്തിന്റെ ബഹിർഗമ- ആഗിരണ സംതുലിതാവസ്ഥ), സുസ്ഥിര വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിലേക്ക് ഭാവി തലമുറയെ നയിക്കണമെന്ന് ശ്രീ പ്രധാൻ പറഞ്ഞു. അമ്മയുടെ പേരിൽ ഒരു മരം നട്ടുപിടിപ്പിച്ച്, അതിനൊപ്പമുള്ള സെൽഫി http://ecoclubs.education.gov.in എന്ന സമർപ്പിത പോർട്ടലിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് പ്രകൃതിയോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

പ്രകൃതിയെ ജയിക്കുക എന്ന പാശ്ചാത്യ ദർശനത്തിന് വിരുദ്ധമായി, കരുതലുള്ള അമ്മയുടെ കുഞ്ഞിനെപ്പോലെ, പ്രകൃതിയുടെ ഘടകങ്ങളുമായി ഇഴുകിച്ചേരുന്നതിനാണ്  ഇന്ത്യൻ വിജ്ഞാന സമ്പ്രദായം ഊന്നൽ നൽകിയിട്ടുള്ളതെന്ന് ഡോ. സുകാന്ത മജുംദാർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. 2047 ഓടെ വികസിത ഭാരതമാകാനുള്ള പാതയിൽ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ, നമ്മുടെ പാരിസ്ഥിതിക മനസ്സാക്ഷി ഈ യാത്രയുടെ കാതലായിരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു. അനുഭവത്തിലൂടെയുള്ള പഠനത്തിലൂടെയും അറിവിന്റെ യഥാർത്ഥ പ്രയോഗത്തിലൂടെയും 'ഗ്രഹാനുകൂല വ്യക്തി'യെ വികസിപ്പിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി പറഞ്ഞു. സുസ്ഥിര വികസനത്തിനായുള്ള വിദ്യാഭ്യാസം എന്ന ദർശനം മുന്നോട്ടു വച്ചതിന് ശ്രീ ധർമ്മേന്ദ്ര പ്രധാനോടും ഡോ. മജുംദാർ നന്ദി പറഞ്ഞു.

ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനപ്പുറം വെല്ലുവിളികളും അവസരങ്ങളും ഒരേസമയം അവതരിപ്പിക്കുകയെന്ന വലിയ പ്രധാന്യവും ഇതിനുണ്ടെന്ന് ശ്രീ ആശിഷ് സൂദ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ഭൂമിയുടെയും അടുത്ത തലമുറയുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഉയരുന്ന താപനില നിയന്ത്രിക്കുക എന്നതാണ് വെല്ലുവിളിയെന്നും നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തി അതിനെ അഭിസംബോധന ചെയ്യുക എന്നതാണ് മുന്നിലുള്ള  മാർഗ്ഗമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഏക് പേഡ് മാ കേ നാം പ്രചാരണം ആരംഭിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി പറഞ്ഞു. കേവലം വൃക്ഷത്തൈ നടീൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രചാരണം മാത്രമല്ല ഇതെന്നും, സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് വൈകാരികാനുഭവം, ശാസ്ത്രം, സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള ഒരു പരിശീലനമാണെന്നും അദ്ദേഹം പറഞ്ഞു.

മിഷൻ ലൈഫിന്റെ ഏഴ് പ്രമേയങ്ങളുടെ പ്രാധാന്യവും പരിമിതമായ വിഭവങ്ങളുടെ ശ്രദ്ധാപൂർവ്വമായ വിനിയോഗത്തിലൂടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിൽ അവയുടെ സുപ്രധാന പങ്കിനെക്കുറിച്ചും ശ്രീ സഞ്ജയ് കുമാർ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2025 ജൂലൈ 29 ന് മുമ്പ്, മിഷൻ ലൈഫിന് കീഴിൽ ശേഷിക്കുന്ന എല്ലാ സ്കൂളുകളും ഇക്കോ ക്ലബ്ബുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനും പ്രകൃതി മാതാവിനെ പരിപോഷിപ്പിക്കാനും ഉള്ള സംഭാവനകൾ  നൽകുന്നതിൽ തന്റെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കികൊണ്ട് ശ്രീ പ്രധാൻ തന്റെ വസതിയിൽ ഒരു വൃക്ഷത്തൈ നട്ടു. അമ്മയുടെ ബഹുമാനാർത്ഥം ഒരു തൈ നട്ടുകൊണ്ട് ഏക് പേഡ് മാ കേ നാം 2.0 പ്രസ്ഥാനത്തിൽ പങ്ക് ചേരാൻ അദ്ദേഹം തന്റെ സന്ദേശത്തിൽ എല്ലാവരോടും ആഹ്വാനം ചെയ്തു.

ഏക് പേഡ് മാ കേ നാം എന്ന പരിപാടിയിലെ മൂന്ന് പ്രത്യേക മൊഡ്യൂളുകൾ, അമ്മമാരുടെയും ഭൂമി മാതാവിന്റെയും പോഷണ സ്വഭാവങ്ങൾ തമ്മിലുള്ള സമാനതകൾ വരച്ചുകാട്ടിക്കൊണ്ട് യുവ പഠിതാക്കളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. മിഷൻ ലൈഫിനായുള്ള ഇക്കോ ക്ലബ്ബുകളെ അവർ കുട്ടികളെ പരിചയപ്പെടുത്തുന്നു. അവയുടെ ഘടന, ഏറ്റെടുത്ത പ്രവർത്തനങ്ങൾ, സസ്യജാലങ്ങൾക്കും സ്കൂൾ പോഷകാഹാര ഉദ്യാനങ്ങൾക്കുമുള്ള ക്യുആർ കോഡുകൾ ഉൾപ്പെടെയുള്ള പ്രധാന സംരംഭങ്ങൾ വിശദീകരിക്കുന്നു. പസിലുകൾ, പ്രായോഗിക പ്രവർത്തനങ്ങൾ, ഗവേഷണ അസൈൻമെന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഈ മൊഡ്യൂളുകൾ, യുവ മനസ്സുകളെ സമർപ്പിത പരിസ്ഥിതി യോദ്ധാക്കളാകാൻ പ്രചോദിപ്പിക്കുന്നു. കൂടുതൽ ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്ക് സജീവമായ സംഭാവന ചെയ്യുന്നു.

ഇവിടെ ആരംഭിച്ച സമർപ്പിത വെബ് പോർട്ടൽ, മിഷൻ ലൈഫിനായുള്ള ഇക്കോ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ പകർത്തുകയും നിരീക്ഷിക്കുകയും ചെയ്യും: https://ecoclubs.education.gov.in. മിഷൻ ലൈഫിന്റെ ഏഴ് പ്രമേയങ്ങൾക്ക് അനുപൂരകമായി രാജ്യത്തുടനീളമുള്ള 14.7 ലക്ഷത്തിലധികം സ്കൂളുകളിൽ ഈ ക്ലബ്ബുകൾ നടത്തുന്ന പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനാണ് ഈ പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ പങ്കാളികളുടെയും സുഗമമായ ഉപയോഗം ഉറപ്പാക്കുന്ന അവബോധജന്യവും ഉപയോക്തൃ സൗഹൃദവുമായ ഇന്റർഫേസ് ഇത് വാഗ്ദാനം ചെയ്യുന്നു. ഓരോ സ്കൂളിനും ഒരു പ്രത്യേക ഡാഷ്‌ബോർഡ് നൽകിയിട്ടുണ്ട്. ഇത് മിഷൻ ലൈഫിനായുള്ള ഇക്കോ ക്ലബ്ബുകൾക്ക് കീഴിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തടസ്സരഹിതമായി അപ്‌ലോഡ് ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു.  പോർട്ടൽ ബഹുഭാഷാധിഷ്ഠിതമാണ്. ഓരോ സ്കൂളിനും ഇഷ്ടപ്പെട്ട ഭാഷയിൽ അത് സ്വീകരിക്കാൻ കഴിയും..

ഏക് പെഡ് മാ കേ നാം 2.0 മൈക്രോസൈറ്റ്, മിഷൻ ലൈഫ് പോർട്ടലിനായുള്ള ഇക്കോ ക്ലബ്ബുകളിൽ സംയോജിപ്പിച്ചിരിക്കുന്നു. അമ്മയോടൊപ്പം ഒരു വൃക്ഷത്തൈ നട്ടതിനുശേഷം, വിദ്യാർത്ഥികൾക്ക് ഒരു സെൽഫിയിലൂടെ ആ നിമിഷം പകർത്തി, ലളിതമായ ഫോം പൂരിപ്പിച്ചുകൊണ്ട് മൈക്രോസൈറ്റിൽ അപ്‌ലോഡ് ചെയ്യാം. വിജയകരമായി സമർപ്പിച്ചാൽ, സെൽഫി ഉൾക്കൊള്ളുന്ന ഒരു ഇ-സർട്ടിഫിക്കറ്റ് സൃഷ്ടിക്കപ്പെടും. പ്രചാരണത്തിന്റെ പുരോഗതി ഫലപ്രദമായി നിരീക്ഷിക്കുന്നതിനും അതിന്റെ സ്വാധീനം വിലയിരുത്തുന്നതിനും ഈ മൈക്രോസൈറ്റ് അടിസ്ഥാനതല സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കും.

*************


(Release ID: 2134448)