കൃഷി മന്ത്രാലയം
azadi ka amrit mahotsav

വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ പദ്ധതി പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമസഭാംഗങ്ങളുമായി കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് വെർച്വൽ സംവാദം നടത്തി.

കർഷകർക്ക് വിവരങ്ങൾ നൽകുന്നതിന് ഈ പരിപാടി വളരെ ഉപയോഗപ്രദമാകും: ശ്രീ ചൗഹാൻ

ഈ പ്രചാരണ പരിപാടിയുടെ പ്രയോജനം ഇനി വരാനിരിക്കുന്ന ഖാരിഫ് വിള സീസണിൽ കാണാൻ കഴിയും: ശ്രീ ശിവരാജ് സിംഗ് ചൗഹാൻ

Posted On: 31 MAY 2025 8:36PM by PIB Thiruvananthpuram

  'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' പരിപാടിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമസഭാംഗങ്ങളുമായി കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ  വെർച്വൽ രീതിയിൽ സംവാദം നടത്തി. ഈ കാമ്പെയ്ൻ (VKSA 2025) കേവലം ഒരു ഗവൺമെന്റ് പദ്ധതിയല്ലെന്നും മറിച്ച് ഒരു പൊതുജന മുന്നേറ്റം ആണെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഒഡീഷയിലെ പുരിയിൽ നിന്ന് ആരംഭിച്ച ഈ പ്രചാരണ പരിപാടി ഇപ്പോൾ രാജ്യമെമ്പാടും ഒരു തരംഗം സൃഷ്ടിച്ചിരിക്കുന്നു. 2025 മെയ് 29 മുതൽ ജൂൺ 12 വരെ 10 ദശലക്ഷത്തിലധികം കർഷകരുമായി നേരിട്ട് സംവദിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ഇതുവരെയായി  2,170 സംഘങ്ങൾ 7,368 ഗ്രാമങ്ങളിൽ  4,416 സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏകദേശം 7,95,000 കർഷകരെ ഈ പ്രചാരണ പരിപാടിയുടെ ഭാഗമാക്കിയതായും ശ്രീ ചൗഹാൻ പങ്കുവെച്ചു. ഈ സംരംഭത്തിന് കീഴിൽ, രൂപീകരിച്ച സംഘങ്ങൾ  എല്ലാ സംസ്ഥാനങ്ങളിലെയും കർഷകരുമായി കൃഷി സംബന്ധമായ ശാസ്ത്രീയ അറിവുകൾ പങ്കിടുകയും 'വികസിത് കൃഷി'യുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യും.  കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനം വിളകളുടെ ഉപയോഗം, വളങ്ങളുടെ സന്തുലിത ഉപയോഗം, മണ്ണിലെ പോഷകങ്ങളെ പറ്റിയുള്ള അറിവും സംരക്ഷണവും, വിളകളെ ബാധിക്കുന്ന രോഗങ്ങളും പ്രതിവിധികളും, കാർഷിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കർഷകർക്ക് നൽകുന്നതിനായി ഈ സംഘങ്ങൾ ഗ്രാമങ്ങൾ തോറും സന്ദർശിക്കും.

 ജൈവകൃഷി, കൃഷിയിൽ ഡ്രോണുകളുടെ ഉപയോഗം, മൃഗസംരക്ഷണം, ക്ഷീരമേഖല, മത്സ്യബന്ധനം തുടങ്ങിയ പ്രധാന മേഖലകളിൽ പ്രത്യേകിച്ചും, നിലവിലെ വെല്ലുവിളികൾ കണക്കിലെടുത്ത് കർഷകരെ ബോധവൽക്കരിക്കുന്നതിന് ഈ പ്രചാരണ പരിപാടി സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയങ്ങളെക്കുറിച്ച് കർഷകരുമായി ചർച്ചകൾ നടത്തുകയും അവരുടെ പ്രസക്തമായ സംശയങ്ങൾക്ക്  വിദഗ്ധർ ഉചിതമായ പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്യും.  ഈ പരിപാടിയുടെ പെട്ടെന്നുള്ള നേട്ടങ്ങൾ വരാനിരിക്കുന്ന ഖാരിഫ് വിള സീസണിൽ പ്രതിഫലിക്കും. എല്ലാ പ്രസക്തമായ പങ്കാളികളുമായും സഹകരിച്ച് നടപ്പിലാക്കുന്ന ഈ പരിപാടി 'വികസിത ഭാരതം '  സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള 'പരീക്ഷണശാലയിൽ നിന്ന് കൃഷി ഭൂമിയിലേക്ക്'(lab to land) സംരംഭം ശക്തിപ്പെടുത്തുന്നതിന് അർത്ഥവത്തായ സംഭാവന നൽകുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഞങ്ങളുടെ പ്രധാന മന്ത്രം - 'ഒരു രാഷ്ട്രം - ഒരു കൃഷി - ഒരു സംഘം' എന്നതാണ്. അതിൽ കാർഷിക ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും നമ്മുടെ കർഷക സഹോദരീസഹോദരന്മാരും ഒരുമിച്ച് ഇന്ത്യയെ 'വിക്സിത ഭാരതം - 2047' ലേക്ക് നയിക്കും." അദ്ദേഹം പറഞ്ഞു.

കർഷകരെ ശാസ്ത്രജ്ഞരുമായി സംവദിക്കാനും പരിശീലന പരിപാടികളിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ നിയമസഭാംഗങ്ങളോട് അഭ്യർത്ഥിച്ചു. കുറഞ്ഞ ചെലവ്, ഉയർന്ന വിളവ്, സുസ്ഥിര കൃഷി, ലാഭകരമായ കൃഷി എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം.

കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ  വിദഗ്ധരും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിലെ ശാസ്ത്രജ്ഞരും കർഷകരുടെ വീടുകളിലും കൃഷിയിടങ്ങളിലും എത്തി അവരുടെ നൂതനാശയങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കാർഷിക ശാസ്ത്രത്തിന്റെയും കർഷകരുടെയും ഭാവിയിലെ ഒരു നാഴികക്കല്ല് സൃഷ്ടിക്കുന്ന ഒരു വിപ്ലവകരമായ സംരംഭമാണിത്.

 


(Release ID: 2133237)