നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്

Posted On: 17 DEC 2024 10:42AM by PIB Thiruvananthpuram


ആമുഖം

എല്ലാതലങ്ങളിലും മികച്ച ഭരണം സജീവമായി രൂപപ്പെടുത്തുന്നതിന്  പൗരന്മാരെ പ്രാപ്തമാക്കിക്കൊണ്ട്, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഊർജ്ജസ്വലതയാൽ ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂട് തഴച്ചുവളരുകയാണ്. നീതിയുക്തതയോടും സുതാര്യതയോടുമുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിബദ്ധത പ്രകടമാക്കുന്നവയാണ്, സ്വാതന്ത്ര്യത്തിനുശേഷം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന 400-ലധികം തെരഞ്ഞെടുപ്പുകൾ. എന്നിരുന്നാലും, തെരഞ്ഞെടുപ്പുകളുടെ സ്വഭാവം വിഘടിതവും ഇടയ്ക്കിടെ നടക്കുന്ന രീതിയിലുള്ളതുമായതിനാൽ കൂടുതൽ കാര്യക്ഷമമായ ഒരു സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് അത് തുടക്കമിട്ടു. ഇത് ''ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്'' എന്ന ആശയത്തോടുള്ള താൽപ്പര്യം വീണ്ടും ഉണർത്തുന്നതിനും കാരണമായി.

ഒരേസമയം നടക്കുന്ന തെരഞ്ഞെടുപ്പുകൾ എന്നും അറിയപ്പെടുന്ന ഈ ആശയം, ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു ക്രമീകരിക്കാൻ നിർദ്ദേശിക്കുന്നു. രാജ്യത്തുടനീളം തെരഞ്ഞെടുപ്പുകൾ ഘട്ടം ഘട്ടമായി തന്നെ നടക്കുമ്പോഴും, തങ്ങളുടെ മണ്ഡലങ്ങളിൽ രണ്ടു തലങ്ങളിലുള്ള ഗവൺമെന്റിന് വേണ്ടിയും ഒരേ ദിവസം വോട്ട് രേഖപ്പെടുത്താൻ ഇതിലൂടെ വോട്ടർമാർക്ക് സാധിക്കും. ലോജിസ്റ്റിക് വെല്ലുവിളികൾ പരിഹരിക്കുക, ചെലവ് കുറയ്ക്കുക, ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് തെരഞ്ഞെടുപ്പ് സമയക്രമങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ സമീപനം ലക്ഷ്യമാക്കുന്നത്.

2024ൽ പ്രസിദ്ധീകരിച്ച, ഇന്ത്യയിൽ ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെക്കുറിച്ചുള്ള ഉന്നതതല സമിതി റിപ്പോർട്ട് ഈ കാഴ്ചപ്പാട് നടപ്പാക്കുന്നതിനുള്ള സമഗ്രമായ രൂപരേഖയും ലഭ്യമാക്കി. 2024 സെപ്റ്റംബർ 18 ന് അതിന്റെ ശുപാർശകൾ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായിരുന്നു അത്. അത്തരമൊരു സംവിധാനത്തിന് ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കാനും നയ തുടർച്ച പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ഭരണം കാര്യക്ഷമമാക്കാനും ജനാധിപത്യ പ്രക്രിയകൾ ഉത്തമീകരിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നതിനാൽ, ശ്രദ്ധാപൂർവ്വമുള്ള ചർച്ചയും സമവായവും ആവശ്യമുള്ള ഒരു പ്രധാന പരിഷ്‌കാരമായി ''ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്'' എന്ന ആശയം ഉയർന്നുവന്നിട്ടുണ്ട്.

ചരിത്ര പശ്ചാത്തലം

തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുക എന്നത് ഇന്ത്യയിൽ ഒരു പുതിയ ആശയമല്ല. ഭരണഘടന അംഗീകൃതമായതിനു ശേഷം, 1951 മുതൽ 1967 വരെ ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരേസമയമാണ് നടത്തിയത്. 1951-52 ൽ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കുമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്നു. 1957, 1962, 1967 എന്നീ വർഷങ്ങളിലെ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും ഈ പതിവ് തുടർന്നു.

എന്നാൽ, കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ചില സംസ്ഥാന നിയമസഭകൾ പിരിച്ചുവിട്ടതിനാൽ 1968 ലും 1969 ലും ഈ തെരഞ്ഞെടുപ്പുകളുടെ കാലപ്പൊരുത്തചക്രം തടസ്സപ്പെട്ടു. 1970 ൽ നാലാമത്തെ ലോക്സഭയും അകാലത്തിൽ പിരിച്ചുവിടപ്പെട്ടു, തുടർന്ന് അതിനായി 1971 ൽ പുതിയ തെരഞ്ഞെടുപ്പുകൾ നടന്നു. അഞ്ച് വർഷത്തെ പൂർണ്ണ കാലാവധി പൂർത്തിയാക്കിയ ഒന്ന്, രണ്ട്, മൂന്ന് ലോക്സഭകളിൽ നിന്ന് വ്യത്യസ്തമായി, അനുച്‌ഛേദം 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ അഞ്ചാമത്തെ ലോക്സഭയുടെ കാലാവധി 1977 വരെ നീണ്ടു. അതിനുശേഷം, എട്ട്, പത്ത്, പതിനാല്, പതിനഞ്ച് എന്നിങ്ങനെ ചുരുക്കം ചില ലോക്സഭകൾ മാത്രമേ അഞ്ച് വർഷത്തെ പൂർണ്ണ കാലാവധി വരെ നീണ്ടുനിന്നുള്ളൂ. ആറ്, ഏഴ്, ഒൻപത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ലോക്സഭകൾ ഉൾപ്പെടെയുള്ള മറ്റുള്ളവ നേരത്തെ പിരിച്ചുവിടപ്പെട്ടു.

വർഷങ്ങളായി സംസ്ഥാന നിയമസഭകളും സമാനമായ തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിന് മുൻപുള്ള പിരിച്ചുവിടലുകളും കാലാവധി നീട്ടലുകളും ആവർത്തിച്ചുള്ള വെല്ലുവിളിയായി മാറിയിരുന്നു. ഈ സംഭവവികാസങ്ങൾ ഒരേസമയമുള്ള തെരഞ്ഞെടുപ്പു ചക്രത്തെ ശക്തമായി തടസ്സപ്പെടുത്തുകയും ഇത് രാജ്യത്തുടനീളം ഇപ്പോൾ നിലവിലുള്ള തെരഞ്ഞെടുപ്പ് സമയക്രമങ്ങളുടെ രീതിയിലേക്ക് നയിക്കുകയും ചെയ്തു.

വിവിധ ലോക്സഭകളുടെ പ്രധാന നാഴികക്കല്ലുകളുടെ സമയരേഖകൾ

 

* ഇടക്കാല തെരഞ്ഞെടുപ്പുകൾ നടന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പിരിച്ചുവിടൽ നടന്നു.
* അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് കാലാവധി നീട്ടി.

ഒരേസമയ തെരഞ്ഞെടുപ്പുകൾക്കായുള്ള ഉന്നതതല സമിതി

ഒരേസമയ തെരഞ്ഞെടുപ്പുകൾക്കായി മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് 2023 സെപ്റ്റംബർ 2 ന് ഇന്ത്യാ ഗവൺമെന്റ് രൂപം നൽകി. ലോക്സഭയിലേയ്ക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു ഇതിന്റെ പ്രാഥമിക ലക്ഷ്യം. സമിതി വിശാലമായ പൊതു, രാഷ്ട്രീയ അഭിപ്രായങ്ങൾ ശേഖരിക്കുകയും നിർദ്ദിഷ്ടമായ ഈ തെരഞ്ഞെടുപ്പ് പരിഷ്‌കരണ നിർദ്ദേശവുമായി ബന്ധപ്പെട്ടുണ്ടാകാൻ സാദ്ധ്യതയുള്ള രാഷ്ട്രീയ നേട്ടങ്ങളും വെല്ലുവിളികളും വിശകലനം ചെയ്യാൻ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തുകയും ചെയ്തു. കമ്മിറ്റിയുടെ കണ്ടെത്തലുകൾ, ഭരണഘടനാ ഭേദഗതികൾക്കായുള്ള ശുപാർശകൾ, ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഭരണം, വിഭവങ്ങൾ, പൊതുജനവികാരം എന്നിവയിൽ പ്രതീക്ഷിക്കുന്ന സ്വാധീനം എന്നിവയുടെ വിശദമായ അവലോകനം ഈ റിപ്പോർട്ട് അവതരിപ്പിക്കുന്നു.

പ്രധാന കണ്ടെത്തലുകൾ:

1. പൊതുജന പ്രതികരണം: കമ്മിറ്റിക്ക് ലഭിച്ച 21,500-ലധികം പ്രതികരണങ്ങളിൽ 80%വും ഒരേസമയമുള്ള തെരഞ്ഞെടുപ്പുകളെ അനുകൂലിച്ചുകൊണ്ടുള്ളവയായിരുന്നു. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ, നാഗാലാൻഡ്, ദാദ്ര, നാഗർ ഹവേലി എന്നിവയുൾപ്പെടെ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും പ്രതികരണങ്ങൾ ലഭിച്ചു. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, കേരളം, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ ലഭിച്ചത്.

2. രാഷ്ട്രീയ പാർട്ടികളുടെ പ്രതികരണങ്ങൾ: 47 രാഷ്ട്രീയ പാർട്ടികൾ അവരുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു. ഇതിൽ 32 പാർട്ടികൾ വിഭവ ഉത്തമീകരണം, സാമൂഹിക ഐക്യം തുടങ്ങിയ നേട്ടങ്ങൾ ചൂണ്ടിക്കാട്ടികൊണ്ട് ഒരേസമയം തെരഞ്ഞെടുപ്പു സമ്പ്രദായത്തെ പിന്തുണച്ചു. 15 പാർട്ടികൾ പ്രാദേശിക പാർട്ടികളുടെ പാർശ്വവൽക്കരണത്തേയും രാഷ്ട്രീയവും ജനാധിപത്യ വിരുദ്ധവുമായ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചു.

3. വിദഗ്ധ കൂടിയാലോചനകൾ: ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസുമാർ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ, നിയമ വിദഗ്ധർ എന്നിവരുമായി കമ്മിറ്റി കൂടിക്കാഴ്ചകൾ നടത്തി. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന വിഭവങ്ങളുടെ പാഴാക്കലും സാമൂഹിക-സാമ്പത്തിക തടസ്സങ്ങളും ഊന്നിപ്പറഞ്ഞുകൊണ്ട് ഒരേസമയം തിരഞ്ഞെടുപ്പുകൾ എന്ന ആശയത്തെ ഭൂരിപക്ഷവും പിന്തുണച്ചു.

4. സാമ്പത്തിക നേട്ടം: തെരഞ്ഞെടുപ്പ് ചക്രങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങളും ചെലവുകളും കുറയ്ക്കുന്നതിലൂടെ സാമ്പത്തിക സ്ഥിരതയിലുണ്ടാകുന്ന നല്ല മാറ്റം ഉയർത്തിക്കാട്ടികൊണ്ട് സി.ഐ.ഐ, ഫിക്കി, അസോചം തുടങ്ങിയ ബിസിനസ്സ് സംഘടനകൾ ഈ നിർദ്ദേശത്തെ പിന്തുണച്ചു.

5. നിയമപരവും ഭരണഘടനാപരവുമായ വിശകലനം: ലോക്സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേയ്ക്ക് ഒരേസമയം തെരഞ്ഞെടുപ്പുകൾ സാദ്ധ്യമാക്കുന്നതിന് ഇന്ത്യൻ ഭരണഘടനയുടെ അനുച്‌ഛേദം 82 എ, 324 എ എന്നിവയിൽ കമ്മിറ്റി ഭേദഗതികൾ നിർദ്ദേശിച്ചു.

6. നടപ്പാക്കുന്നതിനു ഘട്ടം ഘട്ടമായുള്ള സമീപനം: ഒരേസമയ തെരഞ്ഞെടുപ്പുകൾ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കാൻ കമ്മിറ്റി ശുപാർശ ചെയ്തു:
-ഘട്ടം 1: ലോക്സഭ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ സമന്വയിപ്പിക്കുക.
-ഘട്ടം 2: മുനിസിപ്പാലിറ്റികളിലേയ്ക്കും പഞ്ചായത്തുകളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പുകൾ 100 ദിവസത്തിനുള്ളിൽ ലോക്സഭ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുമായി സമന്വയിപ്പിക്കുക.

7. ഇലക്ട്രൽ റോൾ, ഇ.പി.ഐ.സി സയോജനം: വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ കാര്യക്ഷമതയില്ലായ്മ ഉയർത്തിക്കാട്ടിയ കമ്മിറ്റി, ഗവൺമെന്റിന്റെ മൂന്ന് തലങ്ങൾക്കും ഒരു സിംഗിൾ ഇലക്ട്രൽ റോളും സിംഗിൾ ഇ.പി.ഐ.സിയും സൃഷ്ടിക്കുന്നതിന് ശുപാർശ ചെയ്യുകയും ചെയ്തു. ഇത് ഇരട്ടിക്കലും പിശകുകളും കുറയ്ക്കുകയും വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും.

8. ഇടയ്ക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം: ഒരേസമയമുള്ള തെരഞ്ഞെടുപ്പുകളിലൂടെ ലഘൂകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന വോട്ടർമാരുടെ ക്ഷീണം, ഭരണ തടസ്സങ്ങൾ തുടങ്ങി ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ ഉണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗണ്യമായ ആശങ്കകളുടെ സൂചനകളാണ് പൊതുജന പ്രതികരണങ്ങളിലുണ്ടായിരുന്നത്.

ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലെ യുക്തി

ഒരേസമയ തെരഞ്ഞെടുപ്പു സമ്പ്രദായത്തിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പുറത്തിറക്കിയ റിപ്പോർട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് താഴെപ്പറയുന്ന കാര്യങ്ങൾ:

  • ഭരണത്തിൽ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പു ചക്രം കാരണം, രാഷ്ട്രീയ പാർട്ടികളും അവയുടെ നേതാക്കളും നിയമസഭാംഗങ്ങളും സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകളും പലപ്പോഴും ഭരണത്തിന് മുൻഗണന നൽകുന്നതിനുപകരം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് വികസന പ്രവർത്തനങ്ങളിലേയ്ക്കും ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയങ്ങൾ നടപ്പിലാക്കുന്നതിലേയ്ക്കും ഗവൺമെന്റിന്റെ ശ്രദ്ധ വീണ്ടും കേന്ദ്രീകരിക്കുന്നതിലേയ്ക്ക് നയിക്കും.

 

  • നയ സ്തംഭനം തടയുന്നു: തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് പതിവ് ഭരണ പ്രവർത്തനങ്ങളെയും വികസന നീക്കങ്ങളെയും തടസ്സപ്പെടുത്തുന്നു. ഈ തടസ്സപ്പെടുത്തൽ സുപ്രധാന ക്ഷേമ പദ്ധതികളുടെ പുരോഗതിയ്ക്ക് വിഘാതമാകുക മാത്രമല്ല, ഭരണ അനിശ്ചിതത്വത്തിനും കാരണമാകുന്നു. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് എം.സി.സിയുടെ ദീർഘകാല നടപ്പാക്കൽ ലഘൂകരിക്കുകയും അതുവഴി നയ സ്തംഭനം കുറയ്ക്കുകയും തുടർച്ചയായ ഭരണം സാദ്ധ്യമാക്കുകയും ചെയ്യും.

 

  • വിഭവങ്ങളെ വഴിതിരിച്ചുവിടുന്നത് കുറയ്ക്കുന്നു: പോളിംഗ് ഉദ്യോഗസ്ഥർ, സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ തുടങ്ങി തെരഞ്ഞെടുപ്പ് ചുമതലകൾക്ക് വേണ്ടി വലിയ തോതിൽ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് അവരുടെ പ്രധാന ഉത്തരവാദിത്തങ്ങളിൽ നിന്ന് വിഭവങ്ങളെ ഗണ്യമായി വഴിതിരിച്ചുവിടുന്നതിന് കാരണമാകും. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ, ഇടയ്ക്കിടെയുള്ള ഇത്തരം വിന്യാസങ്ങളുടെ ആവശ്യകത കുറയുകയും, അത് ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും പൊതു സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളേക്കാൾ അവരുടെ പ്രാഥമിക കടമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അനുവദിക്കുകയും ചെയ്യും.

 

  • പ്രാദേശിക പാർട്ടികളുടെ പ്രസക്തി സംരക്ഷിക്കുന്നു: ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് പ്രാദേശിക പാർട്ടികളുടെ പങ്കിനെ ദുർബലപ്പെടുത്തില്ല. വാസ്തവത്തിൽ, ഇത് തെരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ പ്രാദേശികവൽക്കരിച്ച സമീപനം വളർത്തുകയും തങ്ങളുടെ സവിശേഷമായ ആശങ്കകളും അഭിലാഷങ്ങളും ഉയർത്തിക്കാട്ടാൻ പ്രാദേശിക പാർട്ടികളെ അനുവദിക്കുകയും ചെയ്യുന്നു. ഈ സജ്ജീകരണം ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാൽ പ്രാദേശിക പ്രശ്‌നങ്ങൾ മറയ്ക്കപ്പെടാത്ത ഒരു രാഷ്ട്രീയ അന്തരീക്ഷം വളർത്തിയെടുക്കുകയും അങ്ങനെ പ്രാദേശിക ശബ്ദങ്ങളുടെ പ്രസക്തി സംരക്ഷിക്കുകയും ചെയ്യുന്നു.

 

  • രാഷ്ട്രീയ അവസരങ്ങൾ വർദ്ധിപ്പിക്കുന്നു: ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ കൂടുതൽ തുല്യമായ അവസരങ്ങളും രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ലഭ്യമാക്കും. നിലവിൽ, ഒരു പാർട്ടിയിലെ ചില നേതാക്കൾ തെരഞ്ഞെടുപ്പ് രംഗത്ത് ആധിപത്യം സ്ഥാപിക്കുകയും, തെരഞ്ഞെടുപ്പുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കുകയും, പ്രധാന സ്ഥാനങ്ങൾ കുത്തകയാക്കി വച്ചിരിക്കുകയും ചെയ്യുന്നത് അസാധാരണമായ കാര്യമല്ല. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്ന സാഹചര്യത്തിൽ, വിവിധ പാർട്ടികളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ വൈവിദ്ധ്യവൽക്കരണത്തിനും ഉൾച്ചേർക്കലിനും കൂടുതൽ സാദ്ധ്യതകൾ ഉയർന്നുവരും, ഇത് നേതാക്കളുടെ വിശാലമായ ഒരു ശ്രേണി ഉയർന്നുവരുന്നതിനും ജനാധിപത്യ പ്രക്രിയയിൽ വേണ്ട സംഭാവനകൾ നൽകുന്നതിനും വഴിവയ്ക്കുന്നു.

 

  • സാമ്പത്തിക ഭാരം കുറയ്ക്കുന്നു: ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് ബഹുതല തെരഞ്ഞെടുപ്പ് ചക്രങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകൾ ഗണ്യമായി കുറയ്ക്കും. ഓരോ വ്യക്തിഗത തെരഞ്ഞെടുപ്പിനും വേണ്ടിവരുന്ന മനുഷ്യശക്തി, ഉപകരണങ്ങൾ, സുരക്ഷ തുടങ്ങിയ വിഭവങ്ങളുടെ വിന്യാസവുമായി ബന്ധപ്പെട്ട ചെലവ് ഈ മാതൃകയിലൂടെ കുറയ്ക്കാം. വിഭവങ്ങളുടെ കൂടുതൽ കാര്യക്ഷമമായ വിഹിതവും മെച്ചപ്പെട്ട ധനകാര്യ പരിപാലനവും, സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപകരുടെ ആത്മവിശ്വാസത്തിനും അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നുവെന്നതും സാമ്പത്തിക നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

 

  • രാഷ്ട്രീയ അവസരങ്ങൾ വർദ്ധിപ്പിക്കുന്നു: ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ കൂടുതൽ തുല്യമായ അവസരങ്ങളും രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ലഭ്യമാക്കും. നിലവിൽ, ഒരു പാർട്ടിയിലെ ചില നേതാക്കൾ തെരഞ്ഞെടുപ്പ് രംഗത്ത് ആധിപത്യം സ്ഥാപിക്കുകയും, തെരഞ്ഞെടുപ്പുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കുകയും, പ്രധാന സ്ഥാനങ്ങൾ കുത്തകയാക്കി വച്ചിരിക്കുകയും ചെയ്യുന്നത് അസാധാരണമായ കാര്യമല്ല. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്ന സാഹചര്യത്തിൽ, വിവിധ പാർട്ടികളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ വൈവിദ്ധ്യവൽക്കരണത്തിനും ഉൾച്ചേർക്കലിനും കൂടുതൽ സാദ്ധ്യതകൾ ഉയർന്നുവരും, ഇത് നേതാക്കളുടെ വിശാലമായ ഒരു ശ്രേണി ഉയർന്നുവരുന്നതിനും ജനാധിപത്യ പ്രക്രിയയിൽ വേണ്ട സംഭാവനകൾ നൽകുന്നതിനും വഴിവയ്ക്കുന്നു.


ഉപസംഹാരം

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പരിവർത്തനാത്മകമായ മാറ്റത്തിന് ഒരേസമയ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിനായുള്ള മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അടിത്തറയിട്ടു. ലോക്സഭയുടേയും സംസ്ഥാന നിയമസഭകളുടേയും തെരഞ്ഞെടുപ്പ് ചക്രങ്ങൾ യോജിപ്പിക്കുന്നതിലൂടെ, ഭരണപരമായ തടസ്സങ്ങൾ, വിഭവങ്ങളുടെ പാഴാക്കൽ തുടങ്ങി നിരന്തരമുള്ള തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കമ്മിറ്റിയുടെ ശുപാർശകൾ വാഗ്ദാനം ചെയ്യുന്നു. ഭരണഘടനാ ഭേദഗതികൾക്കൊപ്പം ഒരേസമയ തെരഞ്ഞെടുപ്പുകൾ നടപ്പിലാക്കാൻ നിർദ്ദേശിച്ച ഘട്ടം ഘട്ടമായ സമീപനം ഇന്ത്യയിൽ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ഒരു തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് വഴിയൊരുക്കും. വിശാലമായ പൊതുജന രാഷ്ട്രീയ പിന്തുണയോടെ, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളെ സുസംഘടിതമാക്കുന്നതിനും ഗവൺമെന്റിന്റെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ആശയത്തിലൂടെ സാധിക്കും.

References:

  1. https://onoe.gov.in/HLC-Report-en
  2. https://legalaffairs.gov.in/sites/default/files/simultaneous_elections/79th_Report.pdf
  3. https://legalaffairs.gov.in/sites/default/files/simultaneous_elections/NITI_AYOG_REPORT_2017.pdf

One Nation, One Election

****

SK


(Release ID: 2132968)