ലോക്സഭാ സെക്രട്ടേറിയേറ്റ്
ബ്രസീലിലെ ബ്രസീലിയയിൽ 2025 ജൂൺ 3 മുതൽ 5 വരെ നടക്കുന്ന 11-ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിൽ ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തെ ലോക് സഭാ സ്പീക്കർ നയിക്കും
ഫോറത്തിന്റെ പ്രമേയം: ‘കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ആഗോള ഭരണം കെട്ടിപ്പടുക്കുന്നതിൽ ബ്രിക്സ് പാർലമെന്റുകളുടെ പങ്ക്’
Posted On:
30 MAY 2025 4:00PM by PIB Thiruvananthpuram
ബ്രസീലിലെ ബ്രസീലിയയിൽ 2025 ജൂൺ 3 മുതൽ 5 വരെ നടക്കുന്ന 11-ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിലേക്കുള്ള ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തെ (ഐപിഡി) ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള നയിക്കും. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ്; രാജ്യസഭാംഗം ശ്രീ സുരേന്ദ്ര സിംഗ് നഗർ; ലോക്സഭാംഗം ശ്രീ വിജയ് ബാഗേൽ; ലോക്സഭാംഗം ശ്രീ വിവേക് താക്കൂർ; ലോക്സഭാംഗം ഡോ. ശബരി ബൈറെഡ്ഡി; ലോക്സഭാ സെക്രട്ടറി ജനറൽ ശ്രീ ഉത്പൽ കുമാർ സിംഗ്, രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി.സി. മോദി എന്നിവർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.
'കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ആഗോള ഭരണം കെട്ടിപ്പടുക്കുന്നതിൽ ബ്രിക്സ് പാർലമെന്റുകളുടെ പങ്ക്' എന്നതാണ് 11-ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന്റെ പ്രധാന പ്രമേയം. ബ്രിക്സ് രാജ്യങ്ങളിൽ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ) നിന്നും ക്ഷണിക്കപ്പെട്ട രാജ്യങ്ങളായ ബെലാറുസ്, ബൊളീവിയ, കസാക്കിസ്ഥാൻ, ക്യൂബ, നൈജീരിയ, മലേഷ്യ, തായ്ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രിസൈഡിംഗ് ഓഫീസർമാരും പാർലമെന്റ് അംഗങ്ങളും ഇന്റർ-പാർലമെന്ററി യൂണിയൻ (ഐപിയു) പ്രസിഡന്റ് ശ്രീമതി ടുലിയ ആക്സണും ഫോറത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കും.
ലോക്സഭാ സ്പീക്കർ ഫോറത്തിൽ ഇനി പറയുന്ന നാല് ഉപവിഷയങ്ങളെക്കുറിച്ച് പ്ലീനറി സെഷനുകളെ അഭിസംബോധന ചെയ്യും:
- ശക്തവും കൂടുതൽ സുസ്ഥിരവുമായ ബ്രിക്സ് അന്തർ-പാർലമെന്ററി സഹകരണം
- ബഹുമുഖ സമാധാന-സുരക്ഷാ ഘടനയുടെ പരിഷ്കരണത്തിനായി ബ്രിക്സ് പാർലമെന്റുകളുടെ ഐക്യം
- ഉത്തരവാദിത്വപരവും സമഗ്രവുമായ നിർമിത ബുദ്ധിക്കായി അന്തർ-പാർലമെന്ററി സഹകരണം.
- സാമ്പത്തിക വികസനത്തിനായുള്ള പുതിയ പാതകൾ തേടുന്നതിൽ ബ്രിക്സ് പാർലമെന്ററി നടപടി.
ഇനിപ്പറയുന്ന ഉപവിഷയങ്ങളിൽ നടക്കുന്ന പ്ലീനറി സെഷനുകളിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പങ്കെടുക്കും:
- ആഗോള ആരോഗ്യത്തിനായുള്ള ബ്രിക്സ് അന്തർ-പാർലമെന്ററി സഖ്യം.
- കാലാവസ്ഥയും സുസ്ഥിരതയും സംബന്ധിച്ച ബ്രിക്സ് അന്തർ-പാർലമെന്ററി സംവാദം.
ബ്രിക്സ് വനിതാ പാർലമെന്റേറിയൻമാരുടെയും അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള ബ്രിക്സ് പാർലമെന്റ് കമ്മിറ്റികളുടെ അധ്യക്ഷന്മാരുടെയും യോഗത്തിന്റെ 2025 ജൂൺ 3 ന് നടക്കുന്ന വിവിധ പ്രവർത്തന സെഷനുകളിൽ മറ്റു പാർലമെന്റ് അംഗങ്ങൾ പങ്കെടുക്കും.
ഉച്ചകോടിയുടെ അവസാനം ഒരു സംയുക്ത പ്രസ്താവന അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോറത്തിൽ പങ്കെടുക്കുന്ന പാർലമെന്റുകളുടെ അധ്യക്ഷന്മാരുമായി ലോക്സഭാ സ്പീക്കർ ഉഭയകക്ഷി യോഗങ്ങളിലും പങ്കെടുക്കും.
*****************
(Release ID: 2132870)