ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വാക്കി ടോക്കികൾ ഉൾപ്പെടെയുള്ള റേഡിയോ ഉപകരണങ്ങളുടെ നിയമവിരുദ്ധമായ  വിൽപ്പനയും, വിൽപ്പനയ്ക്ക് വേണ്ടിയുള്ള പ്രദർശനവും (Listing) തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ-2025 കേന്ദ്രം പുറത്തിറക്കി



ആഭ്യന്തര മന്ത്രാലയവുമായും (MHA) ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായും (DoT) അന്തർ-മന്ത്രാലയ കൂടിയാലോചനകൾ നടത്തിയ ശേഷം ഉപഭോക്തൃ കാര്യ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ അന്തിമമാക്കുകയും പുറത്തിറക്കുകയും ചെയ്തു

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) അത്തരം ഉപകരണങ്ങളുടെ 16,970 ലിസ്റ്റിംഗുകൾ പരിശോധിക്കുകയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

Posted On: 30 MAY 2025 10:32AM by PIB Thiruvananthpuram
ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA), ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വാക്കി ടോക്കികൾ ഉൾപ്പെടെയുള്ള റേഡിയോ ഉപകരണങ്ങളുടെ നിയമവിരുദ്ധമായ ലിസ്റ്റിംഗും വിൽപ്പനയും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ- 2025 സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

ഉപഭോക്തൃ സുരക്ഷയ്ക്ക് ഹാനികരമായ, ഉപഭോക്താക്കളെ അവരുടെ നിയമപരമായ ഉത്തരവാദിത്തം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന, നിയമപാലകരും അടിയന്തര സേവന ദാതാക്കളും ഉപയോഗിക്കുന്ന നിർണ്ണായക ആശയവിനിമയ ശൃംഖലകളിൽ തടസ്സം സൃഷ്ടിക്കുന്ന, വയർലെസ് ഉപകരണങ്ങളുടെ അനധികൃത വിൽപ്പന തടയുന്നതിനാണ് മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്തത്.

 വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് ഇനിപ്പറയുന്ന ലിങ്ക് മുഖേന മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും

(https://consumeraffairs.nic.in/sites/default/files/file-uploads/latestnews/Guidelines_27052025.pdf).

ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായും (DoT) ആഭ്യന്തര മന്ത്രാലയവുമായും (MHA) നടത്തിയ വിപുലമായ അന്തർ-മന്ത്രാലയ കൂടിയാലോചനകൾക്ക് ശേഷമാണ് മാർഗ്ഗനിർദ്ദേശങ്ങൾ അന്തിമമാക്കിയത്. ഏകോപിതവും സമഗ്രവുമായ സമീപനം ഉറപ്പാക്കുന്നതിന് ഇരു വകുപ്പുകളും മുന്നോട്ടു വച്ച പ്രധാന നിയന്ത്രണ, സുരക്ഷാ നിർദ്ദേശങ്ങൾ അന്തിമ ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വയർലെസ് ഓപ്പറേറ്റിംഗ് ലൈസൻസിന്റെ ആവശ്യകതയെക്കുറിച്ചോ ബാധകമായ നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചോ നിർബന്ധിതവും വ്യക്തവുമായ മുന്നറിയിപ്പുകൾ ഇല്ലാതെയാണ് വാക്കി-ടോക്കികൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വിൽക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടു. വാക്കി-ടോക്കികൾക്കായുള്ള ഉത്പന്ന ലിസ്റ്റിംഗുകളിൽ, ഉപകരണം ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് ലൈസൻസ് ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമം,1933-ലെ വയർലെസ് ടെലിഗ്രാഫി നിയമം എന്നിവ പ്രകാരമുള്ള ആവൃത്തി ശ്രേണി, ലൈസൻസിംഗ് ബാധ്യതകൾ, 2018-ലെ ലോ പവർ, വെരി ലോ പവർ ഷോർട്ട് റേഞ്ച് റേഡിയോ ഫ്രീക്വൻസി ഉപകരണങ്ങളുടെ ഉപയോഗം (ലൈസൻസിംഗ് ആവശ്യകതയിൽ നിന്ന് ഒഴിവാക്കൽ) ചട്ടങ്ങൾ, അനധികൃത ഉപയോഗത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഒഴിവാക്കുന്നതിലൂടെ, പൊതുജനങ്ങൾക്ക് ഇത്തരം ഉപകരണങ്ങൾ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ അനുവാദമുണ്ടെന്ന്  ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു.

മാർഗ്ഗനിർദ്ദേശത്തിലെ പ്രധാന കാര്യങ്ങൾ ഇനിപ്പറയുന്നു:

അനുവദനീയമായ ആവൃത്തികളിൽ പ്രവർത്തിക്കുന്ന അംഗീകൃതവും അനുവർത്തിതവുമായ വാക്കി-ടോക്കി ഉപകരണങ്ങൾ മാത്രമേ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പനയ്‌ക്കായി ലിസ്റ്റ് ചെയ്യാവൂ.

ഉത്പന്ന ലിസ്റ്റിംഗുകളിൽ ആവൃത്തി ശ്രേണികളും മറ്റ് സാങ്കേതിക മാനദണ്ഡങ്ങളും വ്യക്തമാക്കുകയും നിയമപരമായ അംഗീകാരത്തിന്റെ തെളിവ് (ഉപകരണത്തിന്റെ തരവുമായി ബന്ധപ്പെട്ട അംഗീകാരം) ഉൾപ്പെടുത്തുകയും വേണം.

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കുകയും നിയന്ത്രണ ചട്ടങ്ങൾ പരിശോധിക്കുകയും വേണമെന്ന് നിർദ്ദേശിക്കുന്നു. ബാധകമായ ലൈസൻസ്‌, ആവൃത്തി വിവരങ്ങൾ, ആവശ്യമായ സർട്ടിഫിക്കേഷൻ എന്നിവ ഇല്ലാത്ത ലിസ്റ്റിംഗുകൾ നീക്കം ചെയ്യണം.

അത്തരം ഉപകരണങ്ങളുടെ നിയമപരമായ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് തെറ്റായ വിവരം നല്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങളും ഉത്പന്ന വിവരണങ്ങളും നിരോധിക്കുന്നു.

വിൽപ്പനയ്‌ക്കായി ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഉപകരണങ്ങൾ ടെലെകമ്മ്യൂണിക്കേഷൻ വകുപ്പിലെ ഫ്രീക്വൻസി അസൈൻമെന്റ് ആൻഡ് ഓതറൈസേഷന്റെ അംഗീകാര ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലാത്ത ആവൃത്തികളിൽ പ്രവർത്തിക്കുന്നില്ലെന്ന് വിൽപ്പനക്കാർ ഉറപ്പാക്കണം. കൂടാതെ ഉത്പന്ന വിവരണത്തിലെ ആവൃത്തി ശ്രേണികൾ വ്യക്തമായിവിശദീകരിച്ചിട്ടുണ്ടെന്ന് (label) ഉറപ്പാക്കണം.

2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ലംഘനങ്ങൾക്കുള്ള പിഴകളും നടപടികളും  വിവരിക്കുന്നു.


ഈ മാർഗ്ഗനിർദ്ദേശങ്ങൾ മുഖേന വകുപ്പ് ലക്ഷ്യമിടുന്ന കാര്യങ്ങൾ:

അത്തരം ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്ലാറ്റ്‌ഫോമുകൾ കൃത്യമായ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക;

വിൽപ്പനക്കാരുടെ യോഗ്യതാപത്രങ്ങളുടെയും സർട്ടിഫിക്കേഷന്റെയും നിർബന്ധിത സ്ഥിരീകരണം;

അനധികൃത ലിസ്റ്റിംഗുകളുടെ ഓട്ടോമേറ്റഡ് മോണിറ്ററിംഗ്, നീക്കം ചെയ്യൽ സംവിധാനങ്ങൾ അവതരിപ്പിക്കുക;

ശരിയായ വെളിപ്പെടുത്തലുകളിലൂടെ ഉപഭോക്തൃ അവബോധം പ്രോത്സാഹിപ്പിക്കുക;

പാലിക്കാത്ത സാഹചര്യത്തിൽ പിഴകളും പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ഉത്തരവാദിത്തവും  ഉറപ്പാക്കുക

ശരിയായ ആവൃത്തി വെളിപ്പെടുത്തൽ, ലൈസൻസിംഗ് വിവരങ്ങൾ, ഉപകരണത്തിന്റെ തരവുമായി ബന്ധപ്പെട്ട അംഗീകാരം (ETA) എന്നിവയില്ലാതെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വാക്കി-ടോക്കികൾ ലിസ്റ്റ് ചെയ്യുന്നതും വിൽക്കുന്നതും തടയുന്നതിനായി 16,970 ഉൽപ്പന്ന ലിസ്റ്റിംഗുകൾക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) പതിമൂന്ന് നോട്ടീസുകൾ മുൻനിര ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങൾക്ക് നേരത്തെ നൽകിയിരുന്നു. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത്. മാർഗ്ഗനിർദ്ദേശങ്ങളുടെ വിജ്ഞാപനത്തിന് പുറമേ ഈ പ്ലാറ്റ്‌ഫോമുകൾ നിരന്തരമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമായിരിക്കും.

(Release ID: 2132689)