ആയുഷ്‌
azadi ka amrit mahotsav

ആഗോള വെല്‍നെസ് പ്രസ്ഥാനത്തിന് യോഗ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും കൈകോര്‍ക്കുന്നു

രാജ്യവ്യാപകമായ ഒരുക്കങ്ങള്‍ മന്ത്രിതല സമിതി വിലയിരുത്തി; പ്രധാനമന്ത്രി വിശാഖപട്ടണത്തു നിന്ന് ബൃഹത്തായ ദേശീയ പരിപാടിക്കു നേതൃത്വം നല്‍കും

Posted On: 29 MAY 2025 11:42AM by PIB Thiruvananthpuram
പ്രൗഢഗംഭീരമായ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിന (IDY) ആഘോഷത്തിനു മുന്നോടിയായി 2025ലെ IDY തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള സുഷമ സ്വരാജ് ഭവനില്‍ മന്ത്രിതല സമിതി യോഗം ചേര്‍ന്നു. ഗവണ്‍മെന്റിന്റെ സമഗ്ര സമീപനവും പ്രതിബദ്ധതയും പ്രകടമാക്കിയ ഈ യോഗം, ആഗോള വെല്‍നെസ് ആഘോഷത്തില്‍ ഫലപ്രദമായ പങ്കാളിത്തവും ഇടപെടലും ഉറപ്പാക്കുന്നതിനായി പ്രധാന മന്ത്രാലയങ്ങള്‍, ആയുഷ് സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
 

യോഗയെ ഓരോ പൗരനിലേക്കും എത്തിക്കുക എന്ന പ്രധാനമന്ത്രിയുടെ ദര്‍ശനം സാക്ഷാത്കരിക്കുന്നതില്‍ ഗവണ്‍മെന്റിന്റെ സമഗ്ര സമീപനത്തിന്റെ പ്രാധാന്യം, മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്ര ആയുഷ് സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സഹമന്ത്രിയുമായി ശ്രീ പ്രതാപ്‌റാവു ജാദവ് എടുത്തുപറഞ്ഞു. ' അന്താരാഷ്ട്ര യോഗ ദിനം വെറുമൊരു ആഘോഷമല്ല-സമഗ്ര ആരോഗ്യത്തിനുള്ള കൂട്ടായ പ്രതിബദ്ധതയില്‍ മന്ത്രാലയങ്ങളെയും സ്ഥാപനങ്ങളെയും പൗരന്മാരെയും ഒന്നിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണിത്,' അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമായി നടന്ന 250 ലധികം പരിപാടികളിലൂടെ ഉണ്ടായ ഉണര്‍വ്വ് എടുത്തു പറഞ്ഞ മന്ത്രി,  അവസാനവട്ട തയ്യാറെടുപ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ആഹ്വാനം ചെയ്തു. മാര്‍ച്ച് 13 മുതല്‍ ദിവസേന കൗണ്ട്ഡൗണ്‍ പരിപാടികളുടെ ഒരു പരമ്പര തന്നെ - ഇതുവരെ 76 എണ്ണം - നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത് IDY 2025 ന് മുന്നോടിയായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആവേശകരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടെ യോഗത്തെക്കുറിച്ചു പരാമര്‍ശിക്കവേ,  അവസാനവട്ട തയ്യാറെടുപ്പുകള്‍ക്കായി നല്‍കിയ നിര്‍ണ്ണായക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. കോമണ്‍ യോഗ പ്രോട്ടോക്കോള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് യോഗ ഗുരുക്കന്മാര്‍ വഹിച്ചതെന്ന് ശ്രീ ജാദവ് നന്ദിയോടെ അനുസ്മരിക്കുകയും യോഗ സംഗമത്തില്‍ വ്യാപകമായ പങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളെയും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.


സ്വാഗത പ്രസംഗത്തില്‍, ആയുഷ് മന്ത്രാലയ സെക്രട്ടറി IDY 2025ന്റെ പ്രാധാന്യത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞു. IDY ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുകയാണെന്നും ഇന്ത്യയില്‍ മാത്രം 24 കോടി ആളുകള്‍ IDY 2024 ല്‍ പങ്കെടുത്തുവെന്നു കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിലും വലിയ പങ്കാളിത്തം ലക്ഷ്യമിട്ട്, 2025 ജൂണ്‍ 21 ന് ഒരേസമയം ഒരു ലക്ഷത്തിലധികം യോഗ പരിപാടികള്‍ യോഗ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്ന് പ്രധാനമന്ത്രി ഈ ദേശീയ ആഘോഷത്തിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

IDY യെ വെറും ഒരു ദിവസത്തെ ആഘോഷമായി കാണരുതെന്നും ആഗോള വെല്‍നെസ് പ്രസ്ഥാനത്തിന്റെ അനിവാര്യ ഘടകമായി കാണണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനീവയില്‍ നടന്ന 78-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം എടുത്തുപറഞ്ഞു കൊണ്ട്, IDY 2025 ല്‍ ആഗോള പങ്കാളിത്തത്തിനുള്ള ഇന്ത്യയുടെ ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ ' ഒരു ലോകം, ഒരു ആരോഗ്യം' എന്ന പ്രമേയവുമായും , ' ഒരു ഭൂമിക്കും ഒരു ആരോഗ്യത്തിനും യോഗ' (Yoga for One Earth, One Health) എന്ന IDY 2025 ന്റെ പ്രമേയവുമായും പൊരുത്തപ്പെടുന്നതും പ്രധാന മേഖലകളെ പ്രതിനിധാനം ചെയ്യുന്നതും അവധാനതയോയെ തയ്യാറാക്കിയതുമായ 10  കൈയൊപ്പ് പതിപ്പിച്ച  പരിപാടികളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. യഥാര്‍ത്ഥ പരിവര്‍ത്തനാത്മക അനുഭവമായി  IDY 2025 നെ മാറ്റുന്നതില്‍ യോഗ ഗുരുക്കന്മാര്‍, ആയുഷ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് സെക്രട്ടറി ആഹ്വാനം ചെയ്തു.

 

തുടര്‍ന്ന് ബന്ധപ്പെട്ടവരില്‍ നിന്നും ആവശ്യമായ തയ്യാറെടുപ്പുകളും പിന്തുണയും വിശദീകരിക്കുന്ന സമഗ്രമായ അവതരണം  IDY ഏകോപനത്തിനുള്ള സ്പെഷ്യൽ ഓഫീസർ നടത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  മുന്‍കൈയ്യെടുത്ത് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രമേയത്തെത്തുടര്‍ന്ന് 2015ല്‍ ആരംഭിച്ച IDY, 'മുഴുവന്‍ ഗവണ്‍മെന്റും' എന്നതില്‍ നിന്നു ' രാജ്യം മുഴുവനും' എന്ന തരത്തില്‍ വളര്‍ന്ന ഒരു പ്രസ്ഥാനമായി പരിണമിച്ചു.  IDY 2025നു മുന്നോടിയായി 250 ലധികം പരിപാടികള്‍ ഇതിനകം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു, ഇതില്‍ MyGov ലെ ‘Yoga Unplugged’ പരമ്പരയ്ക്കു കീഴിലുള്ള ഓണ്‍ലൈന്‍ സംരംഭങ്ങളും ഉള്‍പ്പെടുന്നു. വിശാഖപട്ടണത്തു നടക്കുന്ന ദേശീയ പരിപാടിയില്‍ 5 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും രാജ്യത്തെമ്പാടുമുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടൂറിസം, സാംസ്‌കാരിക മന്ത്രാലയങ്ങള്‍ IDY പരിപാടികള്‍ സംഘടിപ്പിക്കുമെന്നും OSD അറിയിച്ചു.

' അന്താരാഷ്ട്ര യോഗ ദിനം വെറുമൊരു പരിപാടിയല്ല - ഇന്ത്യ ലോകത്തിനു നല്‍കിയ കാലാതീതമായ സമ്മാനത്തിന്റെ ആഘോഷമാണ്. ഈ വര്‍ഷം പതിനൊന്നാമതു പതിപ്പ് ആഘോഷിക്കുമ്പോള്‍, ആഴത്തിലുള്ള ഇടപെടല്‍, വിശാലമായ വ്യാപനം, നിലനില്‍ക്കുന്ന സ്വാധീനം എന്നിവയിലാണു ഞങ്ങളുടെ ശ്രദ്ധ. ഗവണ്‍മെന്റിന്റെ സമഗ്ര സമീപനത്തിലൂടെ IDY 2025 യഥാര്‍ത്ഥത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പരിവര്‍ത്തനാത്മകവുമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,' എന്ന് ആയുഷ് മന്ത്രാലയത്തിന്റെ ജോയിന്റെ സെക്രട്ടറി ശ്രീമതി മോണലിസ ഡാഷ് പറഞ്ഞു.

ആഗോള ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ഇന്ത്യയുടെ നിരന്തര പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍, പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം അഭൂതപൂര്‍വ്വമായ രീതിയില്‍ ആഘോഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനു കൂട്ടായ പ്രവര്‍ത്തനത്തിനും കൂട്ടായ ഉത്തരാവദിത്തത്തിനുമുള്ള ആഹ്വാനത്തോടെയാണ് യോഗം സമാപിച്ചത്.
 
*****

(Release ID: 2132469)