രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രതിരോധ നയതന്ത്രം ശക്തിപ്പെടുത്തുന്നതിനും ആഗോള സൈനിക നേതൃത്വവുമായുള്ള സമ്പർക്കത്തിനും വേദിയൊരുക്കുന്ന ഷാംഗ്രി-ലാ ഡയലോഗ് 2025-ൽ സംയുക്ത സായുധസേനാ മേധാവി പങ്കെടുക്കും

Posted On: 29 MAY 2025 11:36AM by PIB Thiruvananthpuram
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് വർഷം തോറും ആതിഥേയത്വം വഹിക്കുന്ന ഷാംഗ്രി-ലാ ഡയലോഗിന്റെ 22-ാമത് പതിപ്പിൽ പങ്കെടുക്കാൻ സംയുക്ത സായുധസേനാ മേധാവി   ജനറൽ അനിൽ ചൗഹാൻ 2025 മെയ് 30 മുതൽ 2025 ജൂൺ 01 വരെ സിംഗപ്പൂർ സന്ദർശിക്കും. സന്ദർശന വേളയിൽ, ഓസ്‌ട്രേലിയ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ഇന്തോനേഷ്യ, ജപ്പാൻ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, യുകെ, യുഎസ്എ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ സേനാ മേധാവികളുമായും മുതിർന്ന സൈനിക നേതൃത്വവുമായും ജനറൽ അനിൽ ചൗഹാൻ ഉഭയകക്ഷി ചർച്ചകൾ നടത്തും.
 
സായുധ സേനാ മേധാവി പ്രതിരോധ മേഖലയിലെ വിദഗ്ദ്ധർ  , തിങ്ക് ടാങ്കുകൾ, ഗവേഷകർ എന്നിവരെ അഭിസംബോധന ചെയ്യുകയും 'ഭാവി യുദ്ധങ്ങളും യുദ്ധമുറകളും' എന്ന വിഷയത്തിൽ സംസാരിക്കുകയും ചെയ്യും. പരിപാടിയുടെ ഭാഗമായി അദ്ദേഹം പ്രത്യേക സെഷനുകളിൽ പങ്കെടുക്കുകയും 'ഭാവി വെല്ലുവിളികൾക്കുള്ള നൂതന പ്രതിരോധ പരിഹാരങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയും ചെയ്യും.
 
ലോകമെമ്പാടുമുള്ള പ്രതിരോധ മന്ത്രിമാർ, സൈനിക മേധാവികൾ, നയരൂപീകരണ വിദഗ്ധർ, തന്ത്രപരമായ വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഏഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ, സുരക്ഷാ ഉച്ചകോടിയാണ് ഷാങ്രി-ലാ ഡയലോഗ്. 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്തോ-പസഫിക് സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ചർച്ച  ചെയ്യുന്ന ഈ ഉച്ചകോടിയിൽ പങ്കെടുക്കും. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും, പരസ്പര സുരക്ഷാ താൽപ്പര്യങ്ങൾ ചർച്ച ചെയ്യുന്നതിനും, ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഈ ഇടപെടലുകൾ വേദിയൊരുക്കും.

(Release ID: 2132331)