ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

‘രജിസ്ട്രേഷൻ ബിൽ 2025’ കരടിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഭൂവിഭവ വകുപ്പ് ക്ഷണിക്കുന്നു. 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാം

Posted On: 27 MAY 2025 11:59AM by PIB Thiruvananthpuram
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഭൂവിഭവ വകുപ്പ് ‘രജിസ്ട്രേഷൻ ബിൽ 2025’ കരട് തയ്യാറാക്കിയിട്ടുണ്ട്. ആധുനികമായും ഓൺലൈൻ ആയും, കടലാസ് രഹിതമായും പൗര കേന്ദ്രീകൃതമായുമുള്ള രജിസ്ട്രേഷൻ സംവിധാനത്തോട് പൊരുത്തപ്പെടുന്ന വിധത്തിൽ  ആണ് കരട് തയ്യാറാക്കിയിട്ടുള്ളത് .1908-ലെ പ്രീ-കോൺസ്റ്റിറ്റ്യൂഷണൽ രജിസ്ട്രേഷൻ ആക്ടിന് പകരമായാണ് ഈ ബിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
 
 ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഡോക്യുമെന്റ് രജിസ്ട്രേഷൻ സംവിധാനത്തിന്റെ ഒരു പ്രധാന സ്തംഭമായി 1908-ലെ രജിസ്ട്രേഷൻ ആക്ട് വർത്തിക്കുന്നു. സ്ഥാവര സ്വത്തുക്കളും മറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളുടെ രജിസ്ട്രേഷന് ഇത് നിയമപരമായ അടിത്തറ നൽകുന്നു. കാലക്രമേണ, പൊതു, സ്വകാര്യ ഇടപാടുകളിൽ രജിസ്റ്റർ ചെയ്ത രേഖകളുടെ പങ്ക് നിർണായകമായി വളർന്നു. ഇത് പലപ്പോഴും സാമ്പത്തിക, ഭരണ, നിയമപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അടിസ്ഥാനമായി വർത്തിക്കുന്നു. അതിനാൽ രജിസ്ട്രേഷൻ പ്രക്രിയ ശക്തവും വിശ്വസനീയവും വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക, സാങ്കേതിക സംഭവവികാസങ്ങളുമായി പൊരുത്തപ്പെടാൻ കഴിവുള്ളതുമായിരിക്കേണ്ടത് അത്യാവശ്യമാണ്.
 
 സമീപ വർഷങ്ങളിൽ, സാങ്കേതികവിദ്യകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും, മാറുന്ന സാമൂഹിക-സാമ്പത്തിക രീതികളും ഒപ്പം സേവന വിതരണം, നിയമപരമായ സാധുത എന്നിവയ്ക്കായും രജിസ്റ്റർ ചെയ്ത രേഖകളെ ആശ്രയിക്കുന്നതിൽ വർദ്ധന സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഭാവിയിലേക്കുള്ള ഒരു കൃത്യമായ രജിസ്ട്രേഷൻ ചട്ടക്കൂട് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തു കാണിക്കുന്നു. നിലവിലുള്ള (1908ലെ) നിയമപ്രകാരം ഓൺലൈൻ രേഖകളുടെ സമർപ്പണം, ഡിജിറ്റലായുള്ള തിരിച്ചറിയൽ പരിശോധന തുടങ്ങിയ നൂതനാശയങ്ങൾ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബാധകമായ നിയമത്തിന് അനുസൃതമായ രീതിയിൽ രജിസ്ട്രേഷൻ പ്രക്രിയയുടെ സമഗ്രതയും വിശ്വാസ്യതയും പാലിക്കാൻ പ്രാപ്തരാക്കുന്ന വിധത്തിൽ രജിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി നിർവചിക്കേണ്ടതും പ്രധാനമാണ്. ഈ വസ്തുതകൾ അടിസ്ഥാനമാക്കി, രാജ്യത്തുടനീളം സുരക്ഷിതവും കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമായ രജിസ്ട്രേഷൻ രീതികളെ പിന്തുണയ്ക്കുന്നതിന് അനുയോജ്യവും ഏകീകൃതവുമായ ഒരു നിയമനിർമ്മാണ ചട്ടക്കൂട് രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ് . ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനാണ് രജിസ്ട്രേഷൻ ബിൽ, 2025 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 
 നിയമനിർമ്മാണത്തിന് മുമ്പുള്ള കൂടിയാലോചന പ്രക്രിയയുടെ ഭാഗമായി, 'രജിസ്ട്രേഷൻ ബിൽ, 2025' എന്നതിന്റെ കരട് ഭൂവിഭവ വകുപ്പിന്റെ https://dolr.gov.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ (25.06.2025-നോ അതിനുമുമ്പോ) പൊതുജനങ്ങളിൽ നിന്ന് ഇതിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.
 
കരട് ബില്ലിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ ഇമെയിൽ ഐഡിയിൽ - sanand.b[at]gov[dot]in എംഎസ് വേഡ് (അല്ലെങ്കിൽ അനുയോജ്യമായ ഫോർമാറ്റ്) അല്ലെങ്കിൽ മെഷീൻ റീഡബിൾ pdf മാതൃകയിൽ പങ്കു വെയ്ക്കാവുന്നതാണ്.
 
നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ/വീക്ഷണങ്ങൾ  അയയ്ക്കുന്നതിനുള്ള മാതൃക
 
ക്രമ  നമ്പർ
കരട് ബില്ലിന്റെ വകുപ്പ് നമ്പർ
വകുപ്പിന്റെ പേര്
നിർദ്ദേശിത ഭേദഗതി, എന്തെങ്കിലും ഉണ്ടെങ്കിൽ

അഭിപ്രായങ്ങൾ/നിർദേശങ്ങൾ

 

 

 

 

 

 
*****

(Release ID: 2131680)