റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിലെ ദേശീയപാത 66-ല്‍ രാമനാട്ടുകര - വളാഞ്ചേരി മേഖലയിലുണ്ടായ റോഡ് നിര്‍മാണത്തിലെ മണ്ണിടിച്ചിലും സംരക്ഷണ ഭിത്തിയുടെ തകർച്ചയും

Posted On: 22 MAY 2025 6:46PM by PIB Thiruvananthpuram
കേരളത്തിലെ ദേശീയപാത-66 ല്‍ പദ്ധതി അവസാനഘട്ടത്തിലെത്തിയ രാമനാട്ടുകര - വളാഞ്ചേരി ഭാഗത്ത് 2025 മെയ് 19 ന് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ സംരക്ഷണ ഭിത്തി തകർന്നതായി റിപ്പോർട്ട് ചെയ്തു. പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് ഭൂസ്ഥിതി പരിശോധിച്ചുറപ്പിക്കുന്നതിലും ഭൂപ്രദേശത്തിന്റെ വാഹകശേഷി മെച്ചപ്പെടുത്തുന്നതിലും നിര്‍മാതാക്കള്‍ കാണിച്ച അശ്രദ്ധ മൂലമാണ് സംഭവമെന്ന് പ്രാഥമികമായി വിലയിരുത്തുന്നു.   
 
നിര്‍മാതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിച്ച ദേശീയപാത അതോറിറ്റി നിലവിലെയും ഭാവിയിലെയും ലേലങ്ങളില്‍ പങ്കെടുക്കുന്നതിന് കെ‌എൻ‌ആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡിന് വിലക്കേര്‍പ്പെടുത്തി. 
 
പദ്ധതിയുടെ കണ്‍സള്‍ട്ടന്റും / സ്വതന്ത്ര എഞ്ചിനീയറുമായ ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റിനെയും നിലവിലെയും ഭാവിയിലെയും ലേലങ്ങളില്‍നിന്ന് വിലക്കി. 
 
നിര്‍മാണ കമ്പനിയുടെ പ്രോജക്ട് മാനേജരെയും കൺസൾട്ടന്റ് കമ്പനിയുടെ ടീം മേധാവിയെയും ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
 
സാഹചര്യം നേരിടുന്നതിനാവശ്യമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റി നടപടികള്‍ സ്വീകരിച്ചുവരുന്നു. സംഭവത്തിന്റെ കാരണം വിശകലനം ചെയ്യുന്നതിനും പരിഹാര നടപടികൾ നിർദേശിക്കുന്നതിനും ഡൽഹി ഐഐടിയില്‍നിന്ന് വിരമിച്ച പ്രൊഫസറുടെ മേൽനോട്ടത്തിൽ രണ്ട് വിദഗ്ധരടങ്ങുന്ന സംഘം സംഭവസ്ഥലം സന്ദർശിച്ചു. വിദഗ്ധ സംഘത്തിന്റെ നിര്‍ദേശപ്രകാരം നിര്‍മാണ കമ്പനിയുടെ ഉത്തരവാദിത്തത്തിലും ചെലവിലും പരിഹാര പ്രവൃത്തികൾ നടത്തും. കൂടാതെ സംസ്ഥാനത്തെ മറ്റ് പദ്ധതികളിൽ സ്വീകരിക്കാവുന്ന നടപടികളും വിദഗ്ധ സംഘം നിർദേശിക്കും. മറ്റ് പദ്ധതികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മാർഗനിർദേശങ്ങളും പുറപ്പെടുവിക്കും.
 
റോഡിന്റെ ഉയർന്ന ഭാരം താങ്ങാൻ അടിത്തറയിലെ മണ്ണിന് കഴിയാത്തതുമൂലമുണ്ടായ മണ്ണിടിച്ചിലാണ് തകര്‍ച്ചയുടെ കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ.
 
*****

(Release ID: 2130622)
Read this release in: English , Urdu , Hindi