ഉപരാഷ്ട്രപതിയുടെ കാര്യാലയം
പൗരാണിക ഗ്രന്ഥങ്ങളുടെ തെളിവുകൾ ആധാരമാക്കിയുള്ള സാധൂകരണം, ഡിജിറ്റൈസേഷൻ, വിവർത്തനങ്ങൾ, പരസ്പരബന്ധിത പഠനങ്ങൾ എന്നിവയ്ക്കായി ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി
ഗോവ രാജ്ഭവനിൽ "ആയുർവേദത്തിന്റെ പിതാവ് - ചരക"ന്റെയും "ശസ്ത്രക്രിയയുടെ പിതാവ് - സുശ്രുത"ന്റെയും പ്രതിമകൾ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്തു
Posted On:
22 MAY 2025 12:53PM by PIB Thiruvananthpuram
സമകാലിക വെല്ലുവിളികൾ നേരിടാൻ ഉപയോഗപ്രദവും പ്രയോഗക്ഷമവുമായ ബദൽ എന്ന നിലയിൽ ഇതര വൈദ്യശാസ്ത്രങ്ങളിലും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളുടെ സാധൂകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് ആഹ്വാനം ചെയ്തു.
ഗോവ രാജ്ഭവനിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു, “സവിശേഷതകൾ ഉള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്….നാം നമ്മുടെ വേരുകൾ വീണ്ടും കണ്ടെത്തുകയാണ്, നമ്മുടെ വേരുകളിൽ നാം ഉറച്ചു നിൽക്കും. ഇന്ത്യ ബദൽ വൈദ്യശാസ്ത്രത്തിന്റെ ജന്മദേശമായതിനാലാണ് ബദൽ വൈദ്യത്തിനു വേണ്ടി ഞാൻ ശക്തമായി വാദിക്കുന്നത്. ഇപ്പോൾ ഇത് വളരെ വ്യാപകമായി പ്രയോഗത്തിലുണ്ട്….നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളെ ലൈബ്രറികളിൽ മാത്രമായി ഒതുക്കി നിർത്തരുത്. അവ ലൈബ്രറി ഷെൽഫിൽ സൂക്ഷിക്കാനുള്ളതല്ല. അവ വ്യാപകമായി പ്രചരിപ്പിക്കാനുള്ളതാണ്. ആധുനിക ശാസ്ത്രീയ ഉപാധികൾ പ്രയോജനപ്പെടുത്തി ഗവേഷണം, നവീകരണം, പുനർവ്യാഖ്യാനം എന്നിവയിലൂടെ കാലാതീതമായ ആശയങ്ങൾ നമുക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാനാകും. ഈ നിധികൾ സ്വായത്തമാക്കുന്നതിനും സമകാലിക വെല്ലുവിളികൾ നേരിടാനും ….. തെളിവുകൾ ആധാരമാക്കിയുള്ള സാധൂകരണം, ഡിജിറ്റൈസേഷൻ, വിവർത്തനങ്ങൾ, ക്രോസ്-ഡിസിപ്ലിനറി പഠനങ്ങൾ എന്നിവ പ്രയോജനപ്പെടുത്താം. ഗുജറാത്തിലെ ജാംനഗറിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ഒരു ആഗോള കേന്ദ്രം സ്ഥാപിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന ഇക്കാര്യം അംഗീകരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആയുർവേദം പോലുള്ള നമ്മുടെ സമ്പ്രദായങ്ങളുടെ സാർവത്രിക പ്രസക്തിക്ക് എത്ര ശക്തമായ അംഗീകാരമാണിത്.”
"നമ്മുടെ വേദങ്ങളിലേക്കും, ഉപനിഷത്തുകളിലേക്കും, പുരാണങ്ങളിലേക്കും, ചരിത്രത്തിലേക്കും തിരിഞ്ഞു നോക്കേണ്ട സമയമാണിത്. നമ്മുടെ സംസ്ക്കാരത്തിലെ ആഴത്തിലുള്ള അറിവിനെക്കുറിച്ച് ജനനം മുതൽ നമ്മുടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ട സമയം ആഗതമായിരിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിമകൾ അനാച്ഛാദനം ചെയ്ത ശേഷം സദസ്സിനെ അഭിസംബോധന ചെയ്യവേ ശ്രീ ധൻഖർ വ്യക്തമാക്കി, "ജ്ഞാനത്തിന്റെ പ്രതീകമായ അവരെ നാം ഇന്ന് ആഘോഷിക്കുകയാണ്". കുശാന രാജ വംശത്തിന്റെ കൊട്ടാരം വൈദ്യനായിരുന്നു ചരകൻ. വൈദ്യശാസ്ത്രത്തിന്റെ പിതാവായും ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ചരക് സംഹിതയുടെ രചയിതാവായും ചരകൻ അറിയപ്പെടുന്നു. മറ്റൊരാൾ , ശസ്ത്രക്രിയയുടെ പിതാവായ സുശ്രുതൻ. അദ്ദേഹം ചിത്രങ്ങളിൽ എന്താണ് കോറിയിട്ടതെന്ന് കാണാൻ എനിക്ക് അവസരം ലഭിച്ചു. ആ കാലഘട്ടത്തിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ ആധുനിക ഉപകരണങ്ങളെ അനുസ്മരിപ്പിക്കുന്നു, നാം സദാ ഇക്കാര്യം സ്മരിക്കണം. സുശ്രുതൻ മറ്റൊരു മഹാത്മാവായ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. ….ചരകന്റെയും സുശ്രുതന്റെയും ജീവിതവും കൃതികളും എല്ലാവർക്കും, പ്രത്യേകിച്ച് നമ്മുടെ പ്രതിഭാധനരായ മനസ്സുകൾക്ക് പ്രചോദനത്തിന്റെയും പ്രേരണയുടെയും ഉറവിടമാകട്ടെ.
നമ്മുടെ പൗരാണിക ജ്ഞാനത്തിൽ അഭിമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ ധൻഖർ അടിവരയിട്ടു പറഞ്ഞു, “നമ്മുടെ സാംസ്ക്കാരത്തിന്റെ ഒരു പ്രത്യേക സവിശേഷതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് എടുത്തുകാണിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അത് നമ്മുടെ സാംസ്ക്കാരിക സവിശേഷതയാണ്. നമ്മുടെ സമൂഹത്തിലെ ചിലരുടെയിടയിൽ ഒരു വിശ്വാസമുണ്ട്. ഇന്ത്യൻ അല്ലെങ്കിൽ പുരാതനമായ എന്തും പിന്തിരിപ്പനാണെന്ന മനോഭാവം. ആധുനിക ഇന്ത്യയിൽ ഈ മനോഭാവത്തിന് സ്ഥാനമില്ല. സമകാലിക ഘട്ടത്തിൽ ഈ മനോഭാവത്തിന് സ്ഥാനമില്ല. ലോകം നമ്മുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. നാമും അത് തിരിച്ചറിയേണ്ട സമയമായി. പാശ്ചാത്യമായതെല്ലാം ആധുനികവും പുരോഗമനപരവുമാണെന്ന് വിശ്വസിക്കാൻ തരമില്ല. നിലവിലെ സാഹചര്യം നോക്കൂ, സത്യം അതിൽ നിന്ന് വളരെ അകലെയാണെന്ന് നിങ്ങൾ കണ്ടെത്തും. ഇന്ത്യയാണ് കേന്ദ്രം. അന്താരാഷ്ട്ര നാണ്യ നിധിയ്ക്ക് തെറ്റിയിട്ടില്ല, വ്യക്തമായി പഠിച്ച് തന്നെ പറഞ്ഞതായിരിക്കണം, നാം മികവിന്റെ കേന്ദ്രമാണെന്ന്. നാം സുവർണ്ണാവസരങ്ങളുടെയും നിക്ഷേപ അവസരങ്ങളുടെയും ഒരു കേന്ദ്രമാണ്. സാഹചര്യം അങ്ങനെയായിരിക്കെ, നമുക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ വിശ്വസിക്കാം. പാശ്ചാത്യർ നമുക്ക് വളരെ പിന്നിലാണ്. അവരുടെ ഉള്ളിന്റെയുള്ളിൽ , അവർ നമ്മിൽ നിന്ന് പഠിക്കുന്നു. ”
പുരാതന സംസ്ക്കാരത്തിലെ ജ്ഞാനത്തെ വിശദീകരിച്ചു കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, “നമ്മുടെ അറിവിന്റെ നിധിയെക്കുറിച്ച് കൂടുതലറിയുമ്പോൾ മുഴുവൻ പാശ്ചാത്യരും സ്തബ്ധരാകും…. ചരകൻ, സുശ്രുതൻ, ധന്വന്ത്രി, ജീവകൻ, പ്രശസ്ത ആയുർവേദ ആചാര്യന്മാർ. ജീവകൻ ബുദ്ധന്റെ സ്വകാര്യ ഡോക്ടറായിരുന്നു…..ഗണിതശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും കാര്യത്തിലാണെങ്കിൽ, ആര്യഭട്ടൻ, നാം നമ്മുടെ ഉപഗ്രഹങ്ങൾക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്, ആ മഹത്തായ നാമം. ആ കാലഘട്ടത്തിൽ നമുക്ക് ബൗധായനൻ എന്ന മഹാനായ ഗണിതശാസ്ത്രജ്ഞനും വരാഹമിഹിരനും ഉണ്ടായിരുന്നു…. ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ സദസ്സിൽ അദ്ദേഹം ഉണ്ടായിരുന്നു…..അദ്ദേഹം സദസ്സിൽ ഒരാളായിരുന്നു. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് ഉജ്ജൈനിയിൽ ഒരു നിരീക്ഷണാലയം ഉണ്ടായിരുന്നു.”
"നിസ്തുലമായ ഒരു സംസ്‌ക്കാരമാണ് നമ്മുടേത്.... ആധുനിക ശസ്ത്രക്രിയാ സാഹചര്യങ്ങൾ, 300 ശസ്ത്രക്രിയകൾ നടപടികൾ, പ്ലാസ്റ്റിക് സർജറി, ഫ്രാക്ചർ മാനേജ്മെന്റ്, സിസേറിയൻ പ്രസവം എന്നിവയെക്കുറിച്ച് അറിവുണ്ടാകുന്നതിന് വളരെ മുമ്പുള്ള കാലം. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അതിൽ നാം വളരെയധികം അഭിമാനിക്കേണ്ടതുണ്ട്. അക്കാലത്തു തന്നെ, നാം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്ന് ഇന്ന് വിളിക്കുന്ന സംവിധാനങ്ങൾ. മെഡിക്കൽ സയൻസിൽ അവർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ, നമുക്ക് ഉണ്ടായിരുന്നു. അതുമാത്രമല്ല. അക്കാദമിക വിദഗ്ധർക്കായി അവർ അത് രേഖപ്പെടുത്തി വച്ചു. സുശ്രുതന്റെ രചനകൾ ശരീരഘടനയുമായി ബന്ധപ്പെട്ട അറിവ് മാത്രമല്ല, കൃത്യത, പരിശീലനം, ശുചിത്വം, രോഗീ പരിചരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ആഴത്തിലുള്ള ശാസ്ത്രീയ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
****
(Release ID: 2130586)