ഭൗമശാസ്ത്ര മന്ത്രാലയം
മൂന്നാം യുഎൻ സമുദ്ര സമ്മേളനത്തിന് മുന്നോടിയായി, രണ്ടാമത് "ബ്ലൂ ടോക്സ്" (Blue Talks) ഇന്ത്യ വിജയകരമായി സംഘടിപ്പിച്ചു
Posted On:
21 MAY 2025 12:15PM by PIB Thiruvananthpuram
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം (MoES), ഇന്ത്യയിലെ ഫ്രാൻസ് എംബസി, കോസ്റ്റാറിക്ക എംബസി എന്നിവയുമായി സഹകരിച്ച് 2025 മെയ് 20 ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള പൃഥ്വി ഭവനിൽ "രണ്ടാം ബ്ലൂ ടോക്സ്" സംഘടിപ്പിച്ചു. 2025 ജൂൺ 09 മുതൽ 13 വരെ ഫ്രാൻസിലെ നൈസിൽ നടക്കുന്ന മൂന്നാം ഐക്യരാഷ്ട്രസഭ സമുദ്ര സമ്മേളനത്തിന്റെ (UNOC3) മുന്നോടിയായുള്ള ഒരു സുപ്രധാന സംരംഭമാണ് ഈ പരിപാടി.
2024 ഫെബ്രുവരിയിൽ നടന്ന ആദ്യ ബ്ലൂ ടോക്സിൻറെ വിജയത്തെത്തുടർന്ന് സംഘടിപ്പിച്ച രണ്ടാമത്തെ യോഗത്തിൽ പ്രമുഖ ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, ആഗോള പങ്കാളികൾ, ഗവണ്മെന്റ്, അക്കാദമിക്, വ്യവസായം, സിവിൽ സമൂഹം എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. UNCO3 പ്രമേയവുമായി പ്രത്യക്ഷമായി യോജിക്കുന്ന തരത്തിൽ, നമ്മുടെ സമുദ്രങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും പ്രതിജ്ഞാബദ്ധത വർദ്ധിപ്പിക്കാനും യോഗം ലക്ഷ്യമിട്ടു.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇന്ത്യയിലെ കോസ്റ്റാറിക്ക അംബാസഡർ നെസ്റ്റർ ബാൽട്ടോഡാനോ വർഗാസും ഫ്രഞ്ച് എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഡാമിയൻ സയ്ദും സഹ-അധ്യക്ഷത വഹിച്ചു.
"14-ാമത് സുസ്ഥിര വികസന ലക്ഷ്യവും യുഎൻ സമുദ്ര ദശകത്തിന്റെ ലക്ഷ്യങ്ങളും പ്രയോഗികമായി കൈവരിക്കുന്നതിന്, സമഗ്രമായ സമുദ്ര വിഭവ മാപ്പിംഗിന് മുൻഗണന നൽകുകയും, അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും വേണം. കൂടാതെ നയപരമായ ഇടപെടലുകൾ നടത്തുകയും നമ്മുടെ സമുദ്ര ഭാവിക്കായി ശക്തമായ മനുഷ്യ മൂലധനം സൃഷ്ടിക്കുന്നതിൽ നിക്ഷേപിക്കുകയും വേണം" MoES സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ വ്യക്തമാക്കി. "ഈ പരിപാടി നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തെ ഗണ്യമായി ശക്തിപ്പെടുത്തുകയും SDG 14 കൈവരിക്കുന്നതിനുള്ള ഘടനാപരമായ നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്യും". കോസ്റ്റാറിക്ക അംബാസഡർ നെസ്റ്റർ ബാൽട്ടോഡാനോ വർഗാസ് പറഞ്ഞു.
ചടങ്ങിൽ "ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നു: നിക്ഷേപം, നൂതനാശയം, സുസ്ഥിര വളർച്ച" എന്ന ശീർഷകത്തിൽ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയവും തന്ത്രപരമായ വിജ്ഞാന പങ്കാളികളുമായി ചേർന്ന് ഒരു ധവളപത്രം പുറത്തിറക്കി. നീല സമ്പദ്‌വ്യവസ്ഥ നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസി എന്ന നിലയിൽ, രാജ്യത്തുടനീളം നീല സമ്പദ്‌വ്യവസ്ഥ സംരംഭങ്ങളുടെ ദൃശ്യപരതയും ഫലപ്രദമായ നിർവഹണവും വർദ്ധിപ്പിക്കുന്നതിന് ഭൗമശാസ്ത്ര മന്ത്രാലയം സജീവമായി പ്രവർത്തിക്കുന്നു. ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നതും, വിവിധ മേഖലകളിലെ ഏകോപനം പ്രോത്സാഹിപ്പിക്കുന്നതും സുസ്ഥിരവും സാമ്പത്തികവുമായ വികസനത്തിനായി ഇന്ത്യയുടെ സമുദ്ര വിഭവങ്ങളുടെ വിശാലമായ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിന് കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു ഏകീകൃത ചട്ടക്കൂട് ഈ ധവളപത്രം മുന്നോട്ട് വെയ്ക്കുന്നു
ദേശീയ പുരോഗതിക്കുള്ള ഒരു സുപ്രധാന എഞ്ചിനെന്ന നിലയിൽ ഇന്ത്യയുടെ വിശാലമായ തീരപ്രദേശവും പ്രത്യേക സാമ്പത്തിക മേഖലയും ഉൾപ്പെടുന്ന സമുദ്ര വിഭവങ്ങളുടെ സമ്പന്നമായ പങ്ക് ഈ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. സമുദ്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സുസ്ഥിര വളർച്ച കൈവരിക്കുന്നതിൽ തീരദേശ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭങ്ങൾക്കൊപ്പം 25 മന്ത്രാലയങ്ങളുടെ സഹകരണ ശ്രമങ്ങളെയും ഇത് പ്രത്യേകം പരാമർശിക്കുന്നു. ഇന്ത്യയുടെ ജി20 അധ്യക്ഷതയിലെ പ്രതിജ്ഞാബദ്ധതകളെയും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ നീല സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള ചെന്നൈ ഉന്നതതല തത്വങ്ങളെയും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിന് ഈ മേഖലയുടെ പ്രാധാന്യം കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്നു
മേഖലാതലത്തിൽ ഗണ്യമായ പുരോഗതി അംഗീകരിക്കുമ്പോൾ തന്നെ, നിലവിലുള്ള വെല്ലുവിളികളെ മറികടക്കാൻ ഏകീകൃതവും സമന്വയത്തോടെയുള്ളതുമായ ഒരു സമീപനത്തിന്റെ ആവശ്യകതയെ ധവളപത്രം വ്യക്തമാക്കുന്നു. വളർച്ചയ്ക്കുള്ള പ്രധാന തടസ്സങ്ങൾ, പരിമിതമായ ഡാറ്റ പങ്കിടൽ, കുറഞ്ഞ സ്വകാര്യ നിക്ഷേപം, തീരത്തെ കാറ്റിൽ നിന്നുള്ള ഊർജം,ആഴക്കടൽ പര്യവേക്ഷണം പോലെ നൂതന മേഖലകളിൽ നേരിടുന്ന സാങ്കേതിക വിടവുകൾ എന്നിവ ഇത് തിരിച്ചറിയുന്നു. ഇത് പ്രായോഗിക ഇടപെടലുകൾ ചൂണ്ടിക്കാണിക്കുകയും സ്ത്രീകൾ നയിക്കുന്ന കടൽപ്പായൽ കൃഷി, സ്മാർട്ട് തുറമുഖ വികസനം, ഹരിത കപ്പൽ പുനചംക്രമണം എന്നിവയുൾപ്പെടെ രാജ്യ വ്യാപകമായി വിപുലീകരിക്കാവുന്നതും ആവർത്തിക്കാവുന്നതുമായ മാതൃകകൾ എടുത്തുകാണിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക വളർച്ചയും പരിസ്ഥിതി സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള സാധ്യതകൾ പ്രകടമാക്കുന്നു.
നാല് വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള വിവിധ തല്പരകക്ഷികളുമായുള്ള ഒരു ചലനാത്മക സെഷനായിരുന്നു രണ്ടാമത് നീല സംവാദത്തിന്റെ പ്രധാന സവിശേഷത:
- സമുദ്ര-തീരദേശ ആവാസവ്യവസ്ഥകളുടെ സംരക്ഷണം, സുസ്ഥിര പരിപാലനം, പുനഃസ്ഥാപനം
- സമുദ്ര ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സമുദ്രവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സഹകരണം, വിജ്ഞാന നിർമ്മാണം, സമുദ്ര സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവ വർദ്ധിപ്പിക്കൽ
- കരയിലെ പ്രവർത്തനങ്ങളിൽ നിന്നും മറ്റുമായി സമുദ്രത്തിനുണ്ടാകുന്ന മലിനീകരണം തടയുകയും ഗണ്യമായി കുറയ്ക്കുകയും ചെയ്യൽ
- സമുദ്രം, കാലാവസ്ഥ, ജൈവവൈവിധ്യം എന്നിവയുടെ പാരസ്പര്യം പ്രയോജനപ്പെടുത്തൽ
“BBNJ കരാറിന്റെ അംഗീകാരവുമായി ഇന്ത്യ മുന്നോട്ട്പോവുകയും ഈ ജൂണിൽ UNCO3 നടക്കാനിരിക്കുകയും ചെയ്യുന്ന അവസരത്തിൽ ഇന്ത്യയിലെ പ്രമുഖ സമുദ്ര വിദഗ്ധരിൽ നിന്ന് ആഴത്തിലുള്ള കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിനുള്ള നിർണായക നിമിഷമാണിത്.”എന്ന്ഫ്രഞ്ച് എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഡാമിയൻ സയ്ദ് പറഞ്ഞു
ഈ പരിപാടി വിശദമായ ചർച്ചകൾക്ക് വഴിയൊരുക്കി. പ്രശ്നപരിഹാരത്തിനുള്ള സഹകരണ ശ്രമങ്ങളെയും ദീർഘകാല സമുദ്ര സുസ്ഥിരതയ്ക്ക് ആവശ്യമായ നൂതന പരിഹാരങ്ങളെയും ഈ ചർച്ചകൾ പ്രോത്സാഹിപ്പിച്ചു.
2025 മെയ് 20 ന് ന്യൂഡൽഹിയിലെ ഭൗമ ശാസ്ത്ര മന്ത്രാലയ ആസ്ഥാനത്ത് നടന്ന രണ്ടാമത് നീല സംവാദത്തിന്റെ ദൃശ്യങ്ങൾ... (ഇടത്) എംഒഇഎസ് സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ, സഹ അധ്യക്ഷത വഹിച്ച നെസ്റ്റർ ബാൽട്ടോഡാനോ വർഗാസ്, ഫ്രഞ്ച് എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഡാമിയൻ സയ്ദ് എന്നിവർ ചേർന്ന് ധവളപത്രം പുറത്തിറക്കുന്നു
****
(Release ID: 2130324)