ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി 'ഡിപ്പോ ദർപ്പൺ' പോർട്ടലും 'അന്ന മിത്ര, അന്ന സഹായത' ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉദ്ഘാടനം ചെയ്തു

Posted On: 20 MAY 2025 6:07PM by PIB Thiruvananthpuram
രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ (PDS) പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന ഡിജിറ്റൽ സംരംഭങ്ങൾ - ഡിപ്പോ ദർപ്പൺ പോർട്ടൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ അന്ന മിത്ര, അന്ന സഹായത - എന്നിവ കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി ഇന്ന് ഉദ്ഘാടനം ചെയ്തു. സുതാര്യത വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 81 കോടിയിലധികം പേർക്ക് സബ്‌സിഡി ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന മുൻനിര തൊഴിലാളികളെയും ഒപ്പം ഗുണഭോക്താക്കളെയും ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു ന്യൂഡൽഹിയിൽ നടന്ന ഈ ഉദ്ഘാടന പരിപാടി.
 
സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച ശ്രീ ജോഷി "ഗവൺമെന്റിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ അവസാനത്തെ ലക്ഷ്യ കേന്ദ്രത്തിലും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് ഞങ്ങളുടെ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിക്കണം," എന്ന് പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് നൽകിയ വിപുലമായ ഭക്ഷ്യസഹായം അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം 80 കോടിയിലധികം വ്യക്തികൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.
 
 ഇന്ത്യയുടെ വിപുലമായ പൊതുവിതരണ സംവിധാന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് മന്ത്രി വ്യക്തമാക്കി. 5.38 ലക്ഷത്തിലധികം ന്യായവില പൊതുവിതരണ കേന്ദ്രങ്ങൾ ഉള്ള ഇന്ത്യയിൽ, ചില രാജ്യങ്ങളുടെ ജനസംഖ്യയെക്കാൾ കൂടുതൽ വിതരണ ശൃംഖലയുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്കിടയിലും, പോഷകസമ്പുഷ്ടമാക്കിയ അരി വിതരണം പോലുള്ള നടപടികളിലൂടെ പോഷകാഹാര സുരക്ഷ ശക്തിപ്പെടുത്തുന്നു. കൂടാതെ പണപ്പെരുപ്പം കുറഞ്ഞ നിരക്കിൽ നിലനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 ഭക്ഷണത്തിനായുള്ള ഗാർഹിക ചെലവ് 50% കുറഞ്ഞതായി അടുത്തിടെ പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ പരാമർശിച്ചുകൊണ്ട് അദ്ദേഹം എടുത്തുപറഞ്ഞു. താങ്ങാനാവുന്ന വിലയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതും പാൽ, മുട്ട, പയർവർഗ്ഗങ്ങൾ, മത്സ്യം തുടങ്ങിയ അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത മെച്ചപ്പെട്ടതുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.ഗുണഭോക്താക്കൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്ന ' ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതിയുടെ സ്വാധീനവും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഈ നടപടി സുതാര്യത വർദ്ധിപ്പിച്ചു.
 
ഡിപ്പോ ദർപണിലെ അവലോകനപ്രക്രിയ വിശദീകരിച്ച ശ്രീ ജോഷി, കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ എഫ്‌സി‌ഐ ഉടമസ്ഥതയിലുള്ള ഡിപ്പോകളിൽ നിന്ന് ഏകദേശം 275 കോടി രൂപ ലാഭിക്കാനും പരമാവധി സ്ഥല വിനിയോഗത്തിലൂടെ സി‌ഡബ്ല്യുസി നടത്തുന്ന ഭക്ഷ്യധാന്യ സംഭരണശാലകളിൽ ഏകദേശം 140 കോടി രൂപയുടെ വരുമാനം വർദ്ധിപ്പിക്കാനും കഴിയുമെന്ന് പറഞ്ഞു.
 
പ്രക്രിയ മെച്ചപ്പെടുത്തലുകൾക്ക് സമാന്തരമായി, FCI, CWC സംഭരണ സൗകര്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലെ ന്യൂനതകളും ഈ അവലോകന പ്രക്രിയയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രവർത്തന കാര്യക്ഷമതയെയും സേവന നിലവാരത്തെയും തടസ്സപ്പെടുത്തുന്നു. ഈ വിടവുകൾ പരിഹരിക്കുന്നതിനും എല്ലാ സംഭരണശാലകളും "ഏറ്റവും മികച്ച" ഗ്രേഡിംഗിലേക്ക് ഉയർത്തുന്നതും ഉറപ്പാക്കുന്നതിനുമായി, മൂലധന ചെലവ് ആസൂത്രണം ചെയ്തിട്ടുണ്ട്. സിഡബ്ല്യുസിക്ക് 280 കോടിരൂപയും എഫ്‌സിഐക്ക് 1000 കോടിരൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
ഒരു ഡിജിറ്റൽ സ്വയം വിലയിരുത്തൽ, നിരീക്ഷണ പോർട്ടലാണ് ഡിപ്പോ ദർപ്പൺ. ഡിപ്പോ ഉദ്യോഗസ്ഥരെ അവരുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംവിധാനമാണിത്. ഭക്ഷ്യധാന്യ ഡിപ്പോകളുടെ നിലവാരം ഉയർത്താൻ സഹായിക്കുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ, പാരിസ്ഥിതിക സുസ്ഥിരത, നിയമപരമായ നിർവഹണം തുടങ്ങിയ അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങളെയും സംഭരണ ശേഷി, ലാഭക്ഷമത, സംഭരണ കാര്യക്ഷമത തുടങ്ങിയ പ്രവർത്തന മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കി ഈ പ്ലാറ്റ്ഫോം, ഡിപ്പോകൾക്ക് റേറ്റിംഗ് നൽകുന്നു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, പരിസ്ഥിതിയുടെയും സംഭരിത ഉൽപ്പന്നങ്ങളുടെയും അവസ്ഥ തത്സമയം നിരീക്ഷിക്കുന്നതിനായി ഡിപ്പോ ദർപ്പണിൽ IoT സെൻസറുകൾ സംയോജിപ്പിച്ചിരിക്കുന്നു. മെച്ചപ്പെട്ട സുരക്ഷയ്‌ക്കായി സിസിടിവി നിരീക്ഷണം, പ്രായോഗികവും ഡാറ്റാധിഷ്ഠിതവുമായ തീരുമാനമെടുക്കലിനും തുടർച്ചയായ മെച്ചപ്പെടുത്തലിനും പിന്തുണ നൽകുന്നതിന് വിശകലനങ്ങളോടുകൂടിയ തത്സമയ വീഡിയോ ഫീഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു .
 
ഈ സംരംഭം വികസിത ഭാരതമെന്ന ദർശനത്തെ പ്രതിഫലിപ്പിക്കുന്നതായി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജീവ് ചോപ്ര അഭിപ്രായപ്പെട്ടു. കൂടാതെ ഡിപ്പോ അടിസ്ഥാന സൗകര്യങ്ങളിലും പ്രവർത്തന കാര്യക്ഷമതയിലും ഇത് ഗണ്യമായ പുരോഗതി കൊണ്ടുവരും. പ്രവർത്തന പ്രകടനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ 60:40 അനുപാതത്തിൽ ഡിപ്പോകളെ വിലയിരുത്തുന്ന ഒരു ഗ്രേഡിംഗ് ചട്ടക്കൂട് അവതരിപ്പിച്ചിട്ടുണ്ട്. സംഭരണ- ഗതാഗത നഷ്ടം, സ്ഥല വിനിയോഗം, മനുഷ്യവിഭവശേഷി കാര്യക്ഷമത, ലാഭക്ഷമത എന്നിവ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു. മികവ് കൈവരിക്കുന്ന ഡിപ്പോകൾക്ക് പഞ്ച നക്ഷത്ര റേറ്റിംഗ് നൽകും. സ്മാർട്ട് സംഭരണശാലാ സാങ്കേതികവിദ്യകൾ നിലവിൽ പൈലറ്റ് അടിസ്ഥാനത്തിൽ ചെയ്തുവരുന്നു. ഈ വർഷാവസാനത്തോടെ രാജ്യവ്യാപകമായി ഇത് നടപ്പാക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.
 
കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ  പ്രഹ്ലാദ്  ജോഷി, സഹമന്ത്രിമാരായ ശ്രീമതി. നിമുബെൻ ജയന്തിഭായ് ബംഭാനിയ, ശ്രീ ബി.എൽ.വർമ എന്നിവർ ചേർന്ന് അന്ന മിത്രയും, അന്ന സഹായതയും ഉദ്ഘാടനം ചെയ്തു. പൊതുവിതരണ സംവിധാനത്തിലെ പ്രധാന ഫീൽഡ്-തല പങ്കാളികൾക്ക് അവശ്യ പ്രവർത്തന ഡാറ്റയിലേക്ക് സുരക്ഷിതമായ തത്സമയ പ്രവേശനം നൽകുന്നതിന് സഹായിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ് അന്നമിത്ര. PMGKAY ഗുണഭോക്താക്കളിൽ പ്രവേശനക്ഷമത, പ്രതികരണശേഷി, സുതാര്യത എന്നിവ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു നൂതന പരാതി പരിഹാര സംവിധാനമാണ് 'അന്ന സഹായത'.
 
പൊതുവിതരണ സംവിധാനത്തിലെ പ്രധാന പങ്കാളികളുടെ പ്രത്യേക പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് അന്ന മിത്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റോക്ക് രസീതുകൾ കാണാനും, പ്രതിമാസ വിൽപ്പന റിപ്പോർട്ടുകൾ ലഭ്യമാക്കാനും, അധികൃതരിൽ നിന്ന് സമയബന്ധിതമായ മുന്നറിയിപ്പുകൾ സ്വീകരിക്കാനും ഇത് എഫ്‌പി‌എസ് ഡീലർമാരെ സഹായിക്കുന്നു. എഫ്‌പി‌എസുകളുടെ പ്രകടനം നിരീക്ഷിക്കാനും, പരാതികൾ ട്രാക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും, വിശദമായ ഗുണഭോക്തൃ ഡാറ്റ ലഭ്യമാക്കാനും ഡി‌എഫ്‌എസ്‌ഒ ഓഫീസർമാരെ ഈ ആപ്പ് സഹായിക്കും. ജിയോ-ടാഗ് ചെയ്‌ത് പരിശോധനകൾ നടത്താനും, സ്റ്റോക്ക് വിതരണത്തിന്റെ കൃത്യത പരിശോധിക്കാനും, എഫ്‌പി‌എസ് റേറ്റിംഗുകൾ അവലോകനം ചെയ്യാനും, വിതരണ ശൃംഖലയിലുടനീളം കൂടുതൽ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കാനും ഫുഡ് ഇൻസ്പെക്ടർമാർക്ക് ഈ ആപ്പ് ഉപയോഗിക്കാം.
 
പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുന്ന പരാതി പരിഹാര പ്ലാറ്റ്‌ഫോമായ 'അന്ന സഹായത', പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) യുടെ 81 കോടിയിലധികം ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പ്രവേശനക്ഷമത, ഉത്തരവാദിത്വo, കാര്യക്ഷമത എന്നീ സ്തംഭങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച ഈ പ്ലാറ്റ്ഫോം വാട്ട്‌സ്ആപ്പ്, ഐവിആർഎസ്, ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ (ASR) തുടങ്ങിയ ആധുനിക സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പരാതികളുടെ സമർപ്പണം ഒരു സന്ദേശം അയയ്ക്കുന്നതോ, ഫോൺ കോൾ ചെയ്യുന്നതോ പോലെ സുഗമമാക്കുന്നു.
 
നിലവിൽ ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലായി നാല് സംസ്ഥാനങ്ങളിൽ - അസം, ഉത്തരാഖണ്ഡ്, ത്രിപുര, പഞ്ചാബ് - 'അന്ന മിത്ര' പ്രവർത്തനക്ഷമമാണ്. അതേസമയം 'അന്ന സഹായത' പരീക്ഷണ ഘട്ടത്തിൽ അഞ്ച് സംസ്ഥാനങ്ങളിൽ - ഗുജറാത്ത്, ജാർഖണ്ഡ്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ് ഹിന്ദി, ഗുജറാത്തി, തെലുങ്ക്, ബംഗ്ലാ, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകളിൽ ലഭ്യമാണ്. ക്രമേണ സംസ്ഥാന സംവിധാനങ്ങൾ കൂടി സംയോജിപ്പിച്ചു കൊണ്ട്, ഈ രണ്ട് സംവിധാനങ്ങളും രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കും.
 
ഡിജിറ്റൽ ഇന്ത്യയുടെ കാഴ്ചപ്പാടുമായി രണ്ട് പ്ലാറ്റ്‌ഫോമുകളും യോജിപ്പിച്ചിരിക്കുന്നു.ഇത് ക്ഷേമ വിതരണത്തിൽ സുതാര്യത, വേഗത, കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നു. പരാതി പരിഹാര പ്രക്രിയയും അടിസ്ഥാന പ്രവർത്തനങ്ങളും കൂടുതൽ പ്രാപ്യവും പൗര സൗഹൃദപരവും ഫലപ്രദവുമാക്കിക്കൊണ്ട്,പ്രധാനമന്ത്രിയുടെ വീക്ഷണത്തിന് അനുസൃതമായി സദ്ഭരണത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് ഇത്തരം സംരംഭങ്ങളിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.
 
ഓരോ ഇന്ത്യക്കാരനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഒപ്പം,ഡിജിറ്റൽ ശാക്തീകരണമുള്ള, പൗര കേന്ദ്രീകൃതവും സുതാര്യവുമായ പൊതുവിതരണ സംവിധാനം എന്ന കേന്ദ്ര ഗവണ്മെന്റിന്റെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിനും പ്രചോദനകരമാണ് പുതുതായി ആരംഭിച്ച ഈ സംവിധാനം.
 
 
**************

(Release ID: 2130207)