പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എം‌എസ്‌എം‌ഇ മേഖലയെക്കുറിച്ചുള്ള മൂന്ന് ബജറ്റാനന്തര വെബിനാറുകളിൽ വീഡിയോ കോൺഫറൻസിം​ഗ് വഴി പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

Posted On: 04 MAR 2025 2:25PM by PIB Thiruvananthpuram

നമസ്‌കാരം!

എന്റെ മന്ത്രിസഭാ സഹപ്രവർത്തകരേ, ധനകാര്യ, സാമ്പത്തിക വിദഗ്ധരേ, പങ്കാളികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

ഉൽപ്പാദനത്തെയും കയറ്റുമതിയെയും കുറിച്ചുള്ള ഈ ബജറ്റ് വെബിനാർ എല്ലാ വിധത്തിലും വളരെ പ്രധാനമാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, ഈ ബജറ്റ് നമ്മുടെ ​ഗവൺമെന്റിന്റെ മൂന്നാം ടേമിലെ ആദ്യത്തെ പൂർണ്ണ ബജറ്റായിരുന്നു. ഈ ബജറ്റിന്റെ ഏറ്റവും സവിശേഷമായ കാര്യം പ്രതീക്ഷകൾക്കപ്പുറമുള്ള വിതരണം ആയിരുന്നു. വിദഗ്ധർ പ്രതീക്ഷിച്ചതിലും വലിയ നടപടികൾ ​ഗവൺമെന്റ് സ്വീകരിച്ച നിരവധി മേഖലകളുണ്ട്, നിങ്ങൾ അത് ബജറ്റിൽ കണ്ടിട്ടുണ്ട്. ഉൽപ്പാദനത്തെയും കയറ്റുമതിയെയും സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളും ബജറ്റിൽ എടുത്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് ഒരു ദശാബ്ദത്തിലേറെയായി ​ഗവൺമെന്റിന്റെ നയങ്ങളിൽ രാജ്യം അത്തരം സ്ഥിരത കാണുന്നു. കഴിഞ്ഞ 10 വർഷമായി, പരിഷ്കാരങ്ങൾ, സാമ്പത്തിക അച്ചടക്കം, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയോടുള്ള പ്രതിബദ്ധത ഇന്ത്യ തുടർച്ചയായി പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥിരതയുടെയും പരിഷ്കാരങ്ങളുടെയും ഉറപ്പ് നമ്മുടെ വ്യവസായത്തിൽ പുതിയ ആത്മവിശ്വാസം കൊണ്ടുവന്ന ഒരു മാറ്റമാണ്. ഉൽപ്പാദനത്തിലും കയറ്റുമതിയിലും പങ്കാളികളായ എല്ലാവർക്കും ഞാൻ ഉറപ്പുനൽകുന്നത്, വരും വർഷങ്ങളിലും ഈ സ്ഥിരത അതേപടി തുടരുമെന്നാണ്. പൂർണ്ണ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും വലിയ ചുവടുവയ്പ്പുകൾ നടത്താനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. രാജ്യത്തിനായി ഉൽപ്പാദനത്തിനും കയറ്റുമതിക്കും പുതിയ വഴികൾ തുറക്കണം. ഇന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇന്ത്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഈ പങ്കാളിത്തത്തിന്റെ പരമാവധി പ്രയോജനം നേടാൻ നമ്മുടെ ഉൽപ്പാദന മേഖലകൾ മുന്നോട്ട് വരണം.

സുഹൃത്തുക്കളേ,

ഏതൊരു രാജ്യത്തും വികസനത്തിന് സ്ഥിരതയുള്ള നയവും മികച്ച ബിസിനസ്സ് അന്തരീക്ഷവും വളരെ പ്രധാനമാണ്. അതുകൊണ്ടാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ജൻ വിശ്വാസ് നിയമം കൊണ്ടുവന്നത്. വ്യവസ്ഥാപിതമായി പാലിക്കേണ്ട മാനദണ്ഡങ്ങൾ കുറയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു, കേന്ദ്ര-സംസ്ഥാന തലത്തിൽ 40,000-ത്തിലധികം അനുവർത്തനങ്ങൾ നിർത്തലാക്കി, ഇത് സു​ഗമമായി ബിസിനസ്സ് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചു. ഈ നടപടികൾ സ്ഥിരമായി തുടരണമെന്ന് ഞങ്ങളുടെ ​ഗവൺമെന്റ് വിശ്വസിക്കുന്നു. അതിനാൽ, ഞങ്ങൾ ഒരു ലളിതമായ ആദായനികുതി സംവിധാനം കൊണ്ടുവന്നു, ജൻ വിശ്വാസ് 2.0 ബില്ലിൽ ഞങ്ങൾ പ്രവർത്തിക്കുന്നു. സാമ്പത്തികേതര മേഖലയുടെ നിയന്ത്രണങ്ങൾ അവലോകനം ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അവയെ ആധുനികവും, വഴക്കമുള്ളതും, ജനസൗഹൃദവും, വിശ്വാസാധിഷ്ഠിതവുമാക്കുക എന്നതിനാണ് ഞങ്ങളുടെ ശ്രമം. ഈ പ്രവർത്തനത്തിൽ വ്യവസായത്തിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. പരിഹരിക്കാൻ വളരെയധികം സമയമെടുക്കുന്ന പ്രശ്നങ്ങൾ ഏതെന്ന‍് നിങ്ങളുടെ അനുഭവം കൊണ്ട് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. പ്രക്രിയകൾ ലളിതമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നിങ്ങൾക്ക് നൽകാൻ കഴിയും. വേഗത്തിലും മികച്ചതുമായ ഫലങ്ങൾ ലഭിക്കുന്നതിന് സാങ്കേതികവിദ്യ എവിടെ ഉപയോഗിക്കാമെന്ന് നിങ്ങൾക്ക് വഴികാട്ടാനാകും.

സുഹൃത്തുക്കളേ,

ഇന്ന് ലോകം രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകം മുഴുവൻ ഇന്ത്യയെ ഒരു വളർച്ചാ കേന്ദ്രമായി കാണുന്നു. കോവിഡ് പ്രതിസന്ധിയുടെ സമയത്ത്, ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായപ്പോൾ, ഇന്ത്യ ആഗോള വളർച്ചയെ ത്വരിതപ്പെടുത്തി. ഇത് അങ്ങനെ സംഭവിച്ചില്ല. ആത്മനിർഭർ ഭാരത് എന്ന ദർശനം ഞങ്ങൾ പിന്തുടരുകയും പരിഷ്കാരങ്ങളുടെ വേഗത ത്വരിതപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ ശ്രമങ്ങൾ COVID ന്റെ ആഘാതം സമ്പദ്‌വ്യവസ്ഥയിൽ കുറച്ചു, ഇത് ഇന്ത്യയെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കാൻ സഹായിച്ചു. ഇന്നും, ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ എഞ്ചിനായി തുടരുന്നു. അതായത്, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ഇന്ത്യ അതിന്റെ പ്രതിരോധശേഷി തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിതരണ ശൃംഖല തകരാറിലാകുമ്പോൾ, അത് മുഴുവൻ ലോകത്തിന്റെയും സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ സ്വാധീനം ചെലുത്തുന്നുവെന്ന് ഞങ്ങൾ കണ്ടു. ഇന്ന്, ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉള്ളതും വിശ്വസനീയ വിതരണവുമുള്ള വിശ്വസ്ത പങ്കാളിയെയാണ് ലോകത്തിന് ആവശ്യം. നമ്മുടെ രാജ്യത്തിന് ഇത് ചെയ്യാൻ കഴിയും. നിങ്ങളെല്ലാവരും കഴിവുള്ളവരാണ്. ഇത് ഞങ്ങൾക്ക് ഒരു വലിയ സാധ്യതയാണ്, ഒരു വലിയ അവസരമാണ്. ലോകത്തിന്റെ ഈ പ്രതീക്ഷകൾക്കു മുന്നിൽ നമ്മുടെ വ്യവസായമേഖല വെറുമൊരു കാഴ്ചക്കാരനായി ചുരുങ്ങിപ്പോകരുത് ഞാൻ ആഗ്രഹിക്കുന്നു, നമുക്ക് കാഴ്ചക്കാരായി തുടരാനാവില്ല. ഇതിൽ നിങ്ങളുടെ പങ്ക് നിങ്ങൾ കണ്ടെത്തണം, നിങ്ങൾ മുന്നോട്ട് പോയി നിങ്ങൾക്കായി അവസരങ്ങൾ കണ്ടെത്തണം. പഴയ കാലത്തേക്കാൾ ഇന്ന് ഇത് വളരെ എളുപ്പമാണ്. ഇന്ന് ഈ അവസരങ്ങൾക്കായി രാജ്യത്തിന് സൗഹൃദപരമായ നയങ്ങളുണ്ട്. ഇന്ന് ​ഗവൺമെന്റ് വ്യവസായത്തോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നു. ശക്തമായ ദൃഢനിശ്ചയത്തോടെയും, വസ്തുനിഷ്ഠതയോടെയും, വെല്ലുവിളി സ്വീകരിച്ചും ആഗോള വിതരണ ശൃംഖലയിൽ അവസരങ്ങൾ തേടുന്നു, ഈ രീതിയിൽ, ഓരോ വ്യവസായവും പടിപടിയായി മുന്നോട്ട് പോയാൽ, നമുക്ക് നിരവധി മൈലുകൾ മുന്നോട്ട് പോകാൻ കഴിയും.

സുഹൃത്തുക്കളേ,

ഇന്ന് 14 മേഖലകൾക്ക് ഞങ്ങളുടെ PLI പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. ഈ പദ്ധതി പ്രകാരം 750-ലധികം യൂണിറ്റുകൾക്ക് അംഗീകാരം ലഭിച്ചു. ഇത് ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപത്തിനും 13 ലക്ഷം കോടിയിലധികം രൂപയുടെ ഉൽപാദനത്തിനും 5 ലക്ഷം കോടിയിലധികം രൂപയുടെ കയറ്റുമതിക്കും കാരണമായി. ഇത് കാണിക്കുന്നത് നമ്മുടെ സംരംഭകർക്ക് അവസരം ലഭിച്ചാൽ, ഓരോ പുതിയ മേഖലയിലും അവർക്ക് മുന്നോട്ട് പോകാൻ കഴിയും എന്നാണ്. ഉൽപ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ 2 ദൗത്യങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. മികച്ച സാങ്കേതികവിദ്യയിലും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെലവ് കുറയ്ക്കുന്നതിനുള്ള വൈദഗ്ധ്യത്തിന് ഞങ്ങൾ ഊന്നൽ നൽകുന്നു. ആഗോളതലത്തിൽ ഡിമാൻഡ് ഉള്ളതും നമുക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതുമായ പുതിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ ഇവിടെ സന്നിഹിതരായ എല്ലാ പങ്കാളികളെയും ഞാൻ ക്ഷണിക്കുന്നു. പിന്നെ കയറ്റുമതി സാധ്യതയുള്ള  രാജ്യങ്ങളിലേക്ക് നമ്മൾ ഒരു നയതന്ത്രവുമായി  പോകണം.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ നിർമ്മാണ യാത്രയിൽ ഗവേഷണ വികസനത്തിന് ഒരു പ്രധാന പങ്കുണ്ട്, അത് മുന്നോട്ട് കൊണ്ടുപോകുകയും ത്വരിതപ്പെടുത്തുകയും വേണം. ഗവേഷണ വികസനത്തിലൂടെ നമുക്ക് നൂതന ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉൽപ്പന്നങ്ങൾക്ക് മൂല്യം വർദ്ധിപ്പിക്കാനും കഴിയും. നമ്മുടെ കളിപ്പാട്ടം, പാദരക്ഷ, തുകൽ വ്യവസായം എന്നിവയുടെ സാധ്യതകൾ ലോകത്തിന് അറിയാം. നമ്മുടെ പരമ്പരാഗത കരകൗശല വസ്തുക്കളുമായി ആധുനിക സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചുകൊണ്ട് നമുക്ക് മികച്ച വിജയം കൈവരിക്കാൻ കഴിയും. ഈ മേഖലകളിൽ നമുക്ക് ആഗോള ചാമ്പ്യന്മാരാകാൻ കഴിയും, നമ്മുടെ കയറ്റുമതി പലമടങ്ങ് വർദ്ധിക്കും. ഇത് ഈ തൊഴിൽ-തീവ്ര മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി വിശ്വകർമ യോജനയിലൂടെ പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുന്നു. അത്തരം കരകൗശല വിദഗ്ധരെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കാൻ നാം ശ്രമിക്കണം. ഈ മേഖലകളിൽ നിരവധി മറഞ്ഞിരിക്കുന്ന സാധ്യതകളുണ്ട്, അവ വികസിപ്പിക്കാൻ നിങ്ങൾ എല്ലാവരും മുന്നോട്ട് വരണം.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ നിർമ്മാണത്തിന്റെ നട്ടെല്ല്, നമ്മുടെ വ്യാവസായിക വളർച്ച നമ്മുടെ എംഎസ്എംഇ മേഖലയാണ്. 2020 ൽ എം‌എസ്‌എം‌ഇകളുടെ നിർവചനം പരിഷ്കരിക്കുന്നതിനുള്ള ഒരു വലിയ തീരുമാനം ഞങ്ങൾ എടുത്തു. 14 വർഷങ്ങൾക്ക് ശേഷമാണ് ഇത് നടപ്പിലാക്കിയത്. മുന്നോട്ട് പോയാൽ ​ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിലയ്ക്കുമെന്ന എം‌എസ്‌എം‌ഇകളുടെ ഭയം ഞങ്ങളുടെ ഈ തീരുമാനത്തിലൂടെ അവസാനിപ്പിച്ചു. ഇന്ന്, രാജ്യത്തെ എം‌എസ്‌എം‌ഇകളുടെ എണ്ണം 6 കോടിയിലധികം ആയി വർദ്ധിച്ചു. ഇത് കോടിക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകി. ഈ ബജറ്റിൽ, എം‌എസ്‌എം‌ഇകളുടെ നിർവചനം ഞങ്ങൾ വീണ്ടും വികസിപ്പിച്ചു, അതുവഴി നമ്മുടെ എം‌എസ്‌എം‌ഇകൾക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം ലഭിക്കും. ഇത് യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നമ്മുടെ എം‌എസ്‌എം‌ഇകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവർക്ക് എളുപ്പത്തിൽ വായ്പകൾ ലഭിച്ചില്ല എന്നതാണ്. 10 വർഷം മുമ്പ്, എം‌എസ്‌എം‌ഇകൾക്ക് ഏകദേശം 12 ലക്ഷം കോടി രൂപയുടെ വായ്പകൾ ലഭിച്ചു, അത് രണ്ടര മടങ്ങ് വർദ്ധിച്ച് ഏകദേശം 30 ലക്ഷം കോടി രൂപയായി. ഈ ബജറ്റിൽ, എം‌എസ്‌എം‌ഇ വായ്പകൾക്കുള്ള ഗ്യാരണ്ടി കവർ 20 കോടി രൂപയായി ഇരട്ടിയാക്കി. പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി, 5 ലക്ഷം രൂപ പരിധിയുള്ള ഇഷ്ടാനുസൃത ക്രെഡിറ്റ് കാർഡുകൾ നൽകും.

സുഹൃത്തുക്കളേ,

വായ്പ ലഭിക്കാനുള്ള സൗകര്യം ഞങ്ങൾ ഒരുക്കി, പുതിയൊരു തരം വായ്പാ സംവിധാനവും സൃഷ്ടിച്ചു. ആളുകൾക്ക് ഗ്യാരണ്ടി ഇല്ലാതെ വായ്പകൾ ലഭിക്കാൻ തുടങ്ങി, ഇത് അവർ ഒരിക്കലും ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഗ്യാരണ്ടി ഇല്ലാതെ വായ്പകൾ നൽകുന്ന മുദ്ര പോലുള്ള പദ്ധതികൾ ചെറുകിട വ്യവസായങ്ങളെയും സഹായിച്ചിട്ടുണ്ട്. ട്രേഡ്സ് പോർട്ടൽ വഴി വായ്പകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.

സുഹൃത്തുക്കളേ,

ഇപ്പോൾ ക്രെഡിറ്റ് ഡെലിവറിക്ക് പുതിയ രീതികൾ വികസിപ്പിക്കേണ്ടതുണ്ട്. ഓരോ എംഎസ്എംഇയ്ക്കും കുറഞ്ഞ ചെലവിലും സമയബന്ധിതമായും വായ്പ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നമ്മുടെ ശ്രമം. സ്ത്രീകൾ, എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള 5 ലക്ഷം ആദ്യ സംരംഭകർക്ക് 2 കോടി രൂപ വായ്പ നൽകും. ആദ്യമായി സംരംഭകർക്ക് ക്രെഡിറ്റ് പിന്തുണ മാത്രമല്ല, അവർക്ക് മാർഗ്ഗനിർദ്ദേശവും ആവശ്യമാണ്. അത്തരം ആളുകളെ സഹായിക്കുന്നതിന് വ്യവസായം ഒരു മെന്റർഷിപ്പ് പ്രോഗ്രാം നടത്തണമെന്ന് ഞാൻ കരുതുന്നു.

സുഹൃത്തുക്കളേ,

നിക്ഷേപം വർദ്ധിപ്പിക്കുന്നതിൽ സംസ്ഥാനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. ഈ വെബിനാറിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഉണ്ട്. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനെ സംസ്ഥാനങ്ങൾ എത്രത്തോളം പ്രോത്സാഹിപ്പിക്കുന്നുവോ അത്രയധികം നിക്ഷേപകരുടെ എണ്ണം അവരിലേക്ക് വരും. ഇതിൽ നിന്ന് നിങ്ങളുടെ സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കും. ഈ ബജറ്റ് പരമാവധി പ്രയോജനപ്പെടുത്താൻ ആർക്കാണ് കഴിയുക എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ മത്സരം ഉണ്ടായിരിക്കണം. പുരോഗമന നയങ്ങളുമായി മുന്നോട്ട് വരുന്ന സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താൻ കമ്പനികൾ വരും.

സുഹൃത്തുക്കളേ,

നിങ്ങൾ എല്ലാവരും ഈ വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വെബിനാറിൽ നിന്ന് പ്രായോഗികമായ പരിഹാരങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. നയങ്ങൾ, പദ്ധതികൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ തയ്യാറാക്കുന്നതിൽ നിങ്ങളുടെ സഹകരണം പ്രധാനമാണ്. ബജറ്റിന് ശേഷം നടപ്പാക്കൽ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇത് സഹായിക്കും. നിങ്ങളുടെ സംഭാവന വളരെ ഉപയോഗപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകളിൽ നിന്ന് ഉയർന്നുവരുന്ന അമൃത്, നമ്മൾ വഹിക്കുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവ് നൽകും. ഈ പ്രതീക്ഷയോടെ, ഞാൻ നിങ്ങൾക്ക് വളരെ നന്ദി പറയുന്നു.

 

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിന്റെ ഏകദേശ പരിഭാഷയാണിത്. യഥാർത്ഥ പ്രസം​ഗം ഹിന്ദിയിലായിരുന്നു.

***

SK


(Release ID: 2129792)