സാംസ്‌കാരിക മന്ത്രാലയം
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മെയ് 18 ന് എ എസ് ഐ സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനം
Posted On:
17 MAY 2025 8:14PM by PIB Thiruvananthpuram
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2025 മെയ് 18 ന്, രാജ്യത്തുടനീളമുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ എല്ലാ സ്മാരകങ്ങളിലേക്കും മ്യൂസിയങ്ങളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) സന്തോഷപൂർവ്വം അറിയിക്കുന്നു.
മാനവരാശിയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും, ചരിത്രജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിലും സമൂഹങ്ങൾക്കിടയിലും തലമുറകൾ തമ്മിലും സംവാദം പ്രോത്സാഹിപ്പിക്കുന്നതിലും മ്യൂസിയങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ എടുത്തുകാണിച്ചുകൊണ്ട് എല്ലാ വർഷവും അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നു.
ഈ വർഷം, പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യയിൽ ഉടനീളമുള്ള 52 മ്യൂസിയങ്ങളിലും എ എസ് ഐയുടെ ടിക്കറ്റ് ഈടാക്കുന്ന എല്ലാ സ്മാരകങ്ങളിലും സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഈ സ്‌മാരകങ്ങളിൽ ചരിത്രാതീത ഉപകരണങ്ങളും ശിൽപങ്ങളും മുതൽ മധ്യകാല ലിഖിതങ്ങൾ വരെ രാജ്യത്തെ ഏറ്റവും അമൂല്യമായ ചില പുരാവസ്തുക്കൾ സൂക്ഷിക്കുന്നു.
രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായുള്ള ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും ചരിത്രവും പൈതൃകവുമായി വീണ്ടും ബന്ധപ്പെടാനും പൊതുജനങ്ങൾക്ക് അർത്ഥവത്തായ ഒരു വേദി നൽകാനാണ് ഈ സംരംഭം ശ്രമിക്കുന്നത്.
രാജ്യത്തെ പൈതൃക പ്രാധാന്യമുള്ളസ്ഥലങ്ങളുടെ സംരക്ഷണവും പരിപാലനവും നിർവഹിക്കുന്നതിന് എ എസ് ഐക്ക് ഒരു പ്രത്യേക മ്യൂസിയം വിഭാഗമുണ്ട്. ആർക്കിയോളജിക്കൽ സൈറ്റ് മ്യൂസിയങ്ങൾ എന്ന ഈ മ്യൂസിയ പരമ്പരയിലെ ആദ്യത്തേതായ സാരനാഥ് (1910) ഉൾപ്പെടെ 52 മ്യൂസിയങ്ങളാണ് എഎസ് ഐയ്ക്കുള്ളത്.
പൈതൃക പ്രാധാന്യമുള്ള പ്രദേശങ്ങളിൽ നിന്നും ഖനനം ചെയ്തെടുത്തതും അവിടെ നിലവിലുള്ളതുമായ പുരാവസ്തുക്കൾ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയുമാണ് ആർക്കിയോളജിക്കൽ സൈറ്റ് മ്യൂസിയങ്ങൾ എന്ന ആശയത്തിലൂടെ വിഭാവനം ചെയ്യുന്നത്. അങ്ങനെ പ്രദർശിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ ചരിത്രപരമായ പശ്ചാത്തലം നഷ്ടപ്പെടാതിരിക്കാനും ഗവേഷകർക്കും സന്ദർശകർക്കും അവ പഠനവിധേയമാക്കാനും കഴിയുന്ന തരത്തിലാണ് സംരക്ഷിച്ചിട്ടുള്ളത്.
അടുത്തിടെ, ലോക പൈതൃക പ്രദേശമായ ഹുമയൂണിന്റെ ശവകുടീരത്തിൽ രാജ്യത്തെ പ്രഥമ ഭൂഗർഭ മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടു. വാരണാസിയിലെ മൻ മഹൻ വാനനിരീക്ഷണാലയത്തിലെ വെർച്വൽ അനുഭവ മ്യൂസിയവും ഒഡിഷയിലെ ലളിതഗിരി പുരാകേന്ദ്രവും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെട്ടു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എ.എസ്.ഐ സൈറ്റ്-മ്യൂസിയങ്ങൾ നവീകരിക്കുകയും സന്ദർശകർക്ക് സംവേദനക്ഷമമായ അനുഭവം നൽകുന്നതിന് എ.ആർ.-വി.ആർ പോലുള്ള ആധുനിക സങ്കേതങ്ങൾ സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എ എസ് ഐയ്ക്ക് രാജ്യമെമ്പാടുമായി 3,698 സംരക്ഷിത സ്മാരകങ്ങളും സ്ഥലങ്ങളും 52 മ്യൂസിയങ്ങളുമുണ്ട്. ഇവയിൽ 26 സ്ഥലങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സമ്പന്നമായ ചരിത്ര പൈതൃകവും വാസ്തുവിദ്യാ അത്ഭുതങ്ങളും സംരക്ഷിക്കുന്നതിലും ആഘോഷിക്കുന്നതിലും ASI-യുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു
******
(Release ID: 2129399)