വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററിയുടെ 125 വർഷം ആഘോഷിക്കുന്നതിനോടനുബന്ധിച്ചുളള സ്മാരക സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി
Posted On:
16 MAY 2025 8:16PM by PIB Thiruvananthpuram
കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററിയുടെ (KSO) 125 വർഷം ആഘോഷിക്കുന്ന വേളയിൽ തപാൽ വകുപ്പ് അഭിമാനപൂർവ്വം ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഈ സവിശേഷ സ്റ്റാമ്പിലൂടെ കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററിയുടെ പാരമ്പര്യം അംഗീകരിക്കപ്പെടുന്നത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര സ്ഥാപനങ്ങളിലൊന്നിനുള്ള ഉചിതമായ ആദരവാണ്. ഒപ്പം ആഗോള തലത്തിൽ ശാസ്ത്രമേഖലയ്ക്ക് രാജ്യം നൽകിയ ദീർഘകാല സംഭാവനകളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
IIA ഗവേണിംഗ് കൗൺസിൽ ചെയർപേഴ്‌സണും ISRO മുൻ ചെയർമാനുമായ ശ്രീ എ. എസ്. കിരൺ കുമാറും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സിലെ വിശിഷ്ടാതിഥികളും സന്നിഹിതരായ ചടങ്ങിൽ കർണാടക സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ എസ്. രാജേന്ദ്ര കുമാർ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

സ്മാരക തപാൽ സ്റ്റാമ്പ് പ്രകാശനം
തമിഴ്നാട്ടിലെ പളനി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററി (KSO), 1899 ഏപ്രിൽ 1 ന് സ്ഥാപിതമായി. ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയിലെ സൗര ഗവേഷണത്തിലെ മുൻനിര സ്ഥാപനമായി ഇത് നിലകൊള്ളുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA ) ന്റെ കീഴിലുള്ള സ്ഥാപനം, രാജ്യത്തെ ഏറ്റവും പഴക്കമുള്ള ജ്യോതിശാസ്ത്ര നിരീക്ഷണാലയം എന്ന ബഹുമതി സ്വന്തമാക്കുകയും ലോകത്തിലെ ഏറ്റവും വിപുലവും നൈരന്തര്യവുമുള്ള സൗര ദൈനംദിന രേഖകളിൽ ഒന്ന് പരിപാലിക്കുകയും ചെയ്യുന്നു.
ഏറെ ബൃഹത്തും സ്ഥായിയുമാണ് സൗരോർജ്ജ ഭൗതികശാസ്ത്രത്തിൽ ഒബ്സർവേറ്ററിയുടെ സംഭാവനകൾ. 125 വർഷത്തെ പ്രവർത്തനത്തിനിടയിൽ, കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററിയിലെ ഗവേഷകർ സൗരകളങ്കങ്ങൾ, സൗരജ്വാലകൾ, പ്രോമിനൻസുകൾ, സൗര കൊറോണ എന്നിവയെക്കുറിച്ചുള്ള മികച്ച പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇത് സൗരോർജ്ജ പ്രവർത്തനങ്ങളെയും ഭൂമിയിലുള്ള അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തുന്നു.

കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററിയുടെ (KSO) 125 വാർഷികം ആഘോഷിക്കുന്ന സ്മാരക തപാൽ സ്റ്റാമ്പ്.
കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററിയെ ഒരു ദേശീയ നിധിഎന്ന നിലയിൽ ആദരിക്കുന്ന ഈ സ്മാരക സ്റ്റാമ്പ്, അതിന്റെ സമ്പന്നമായ ചരിത്രം, ശ്രദ്ധേയമായ ശാസ്ത്രീയ നേട്ടങ്ങൾ, സമൂഹത്തിന് നൽകിയ ഉജ്ജ്വലമായ സംഭാവനകൾ എന്നിവയെ ആഘോഷിക്കുന്നു.
ഇന്ത്യയിലുടനീളമുള്ള ഫിലാറ്റലിക് ബ്യൂറോകളിൽ ഇപ്പോൾ സ്റ്റാമ്പ് ലഭ്യമാണ്, കൂടാതെ www.epostoffice.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായും വാങ്ങാം.
125 വർഷത്തെ സൗരോർജ്ജ മികവിനായി സമർപ്പിച്ചിരിക്കുന്ന സ്മാരക സ്റ്റാമ്പ് സ്വന്തമാക്കി ഈ സവിശേഷ അവസരം ആഘോഷിക്കാൻ പൗരന്മാരെയും ശാസ്ത്ര പ്രേമികളെയും ഫിലാറ്റലിസ്റ്റുകളെയും തപാൽ വകുപ്പ് ക്ഷണിക്കുന്നു.
****************
(Release ID: 2129248)