വ്യോമയാന മന്ത്രാലയം
ദേശസുരക്ഷ മുന്‍നിര്‍ത്തി സെലിബിയുടെയും അനുബന്ധ കമ്പനികളുടെയും സുരക്ഷാനുമതി സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബിസിഎഎസ്) റദ്ദാക്കി
ദേശീയ താൽപര്യവും പൊതുജന സുരക്ഷയും പരമപ്രധാനവും വിട്ടുവീഴ്ചയില്ലാത്തതുമെന്ന് സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു
Posted On:
15 MAY 2025 9:29PM by PIB Thiruvananthpuram
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ സെലിബിയുടെയും അനുബന്ധ കമ്പനികളുടെയും സുരക്ഷാനുമതി സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബിസിഎഎസ്) റദ്ദാക്കി.
രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയ്ക്ക് മുകളില്‍ മറ്റൊന്നുമില്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡു വ്യക്തമാക്കി. ദേശീയ താൽപര്യവും പൊതുജന സുരക്ഷയും പരമപ്രധാനവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യാത്രക്കാരുടെ സൗകര്യങ്ങളെയും ചരക്കുനീക്കത്തെയും സേവനത്തുടർച്ചയെയും നടപടി ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം പൂർണമായും പ്രതിജ്ഞാബദ്ധമാണ്. യാത്രക്കാര്‍ക്ക് തടസ്സരഹിത സേവനങ്ങളുറപ്പാക്കാനും ചരക്കുനീക്കം സുഗമമാക്കാനും എല്ലാ വിമാനത്താവളങ്ങളിലും ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മന്ത്രി നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങളിലെ മാറ്റം സുഗമമായി കൈകാര്യം ചെയ്യാന്‍ വിമാനത്താവള കമ്പനികളുമായി മന്ത്രാലയം സജീവമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നു. സെലിബിയുടെ ഭാഗമായി ജോലിചെയ്തുവന്ന ജീവനക്കാരെ നിലനിർത്താനും തുടർന്നും അവരുടെ സേവനം പ്രയോജനപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്.
പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും എന്തെങ്കിലും പ്രശ്നങ്ങൾ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അവ ഉടനടി പരിഹരിക്കാനും പ്രത്യേക സംഘങ്ങളെ വിന്യസിക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു. രാജ്യത്തുടനീളം യാത്രയും ചരക്കുനീക്കവും സുഗമമാക്കുന്നതിനൊപ്പം ദേശസുരക്ഷ തുടർന്നും ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
******
(Release ID: 2129000)