വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ തന്ത്രപരമായ മികവും കണക്കുകൂട്ടിയുള്ള പ്രതികരണവും

Posted On: 14 MAY 2025 8:53PM by PIB Thiruvananthpuram

ആമുഖം:

ഏപ്രിൽ 22 നാണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. പാക് പിന്തുണയുള്ള ഭീകരർ ഒരു ഗ്രാമത്തിൽ അതിക്രമിച്ചു കയറുകയും, സാധാരണക്കാരായ ജനങ്ങളോട് മതം ചോദിച്ച ശേഷം, അവരെ വെടിവച്ചു കൊല്ലുകയുമായിരുന്നു. 26 പേർ കൊല്ലപ്പെട്ടു. വർഗ്ഗീയ കലാപം ആളിക്കത്തിക്കാനുള്ള ശ്രമമായിരുന്നു അതെന്നത് സുവ്യക്തമായിരുന്നു. അതിർത്തി കടന്നുള്ള ഭീകരാക്രമണം എന്നതിലുപരി, ഇന്ത്യയെ ആഭ്യന്തരമായി വിഭജിക്കാനുള്ള വിഫലശ്രമങ്ങളിലേക്കുള്ള പരിവർത്തനത്തെ കൂടിയാണ് ഇത് അടയാളപ്പെടുത്തിയത്. ഈ ഹീനമായ അക്രമണത്തോടുള്ള പ്രതികരണമെന്ന നിലയിൽ, കൃത്യത്തിന് ചുക്കാൻ പിടിച്ച ഭീകരരുടെ കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. എന്നാൽ പാകിസ്ഥാൻ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ  നടത്തി. ഒരാഴ്ചയോളം, മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകൾ വിക്ഷേപിക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ജമ്മുവിലെ ശംഭു ക്ഷേത്രം, പൂഞ്ചിലെ ഗുരുദ്വാര, ക്രിസ്ത്യൻ കോൺവെന്റുകൾ എന്നിവ ആക്രമിക്കപ്പെട്ടു. ഇതൊന്നും യാദൃശ്ചിക ആക്രമണങ്ങളായിരുന്നില്ല. ഇന്ത്യയുടെ ഐക്യം തകർക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു അവയെല്ലാം.

മെയ് 7 ന് വിളിച്ചു ചേർത്ത ആദ്യ പത്രസമ്മേളനത്തിൽ തന്നെ, ലക്ഷ്യവേധിയും, അളന്നു മുറിച്ചതും, വ്യാപനസ്വഭാവമില്ലതുമായിരിക്കും പ്രതികരണമെന്ന് ഇന്ത്യ വ്യക്തമാക്കുകയുണ്ടായി. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം പരാമർശിച്ചു. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകുമെന്ന് ആവർത്തിച്ചു. മെയ് 8, 9, 10 തീയതികളിലായി നടന്ന വിവിധ പത്രസമ്മേളനങ്ങളിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ത്യയുടെ കർമ്മ പദ്ധതിയും പാകിസ്ഥാൻ പദ്ധതികളുടെ വ്യാപ്തിയും തുറന്നുകാട്ടി.



ഡിജിറ്റൽ യുഗത്തിൽ, യുദ്ധം പരമ്പരാഗത യുദ്ധതന്ത്രങ്ങളെ മറികടക്കുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്. സൈനിക നടപടികൾക്കൊപ്പം, സൈബറിടങ്ങളിൽ കടുത്ത വിവര വിനിമയ യുദ്ധവും നടന്നു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച ശേഷം, നുണ പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും കുത്തി നിറഞ്ഞ പാകിസ്ഥാന്റെ ആക്രമണാത്മക പ്രചാരണത്തിന് ഇന്ത്യ ലക്ഷ്യമായി. സത്യം വളച്ചൊടിക്കുക, ആഗോള തലത്തിൽ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, തെറ്റായ പ്രചാരണങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ച് നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കുക എന്നിവയായിരുന്നു ലക്ഷ്യം. എന്നാൽ, വസ്തുതകൾ, സുതാര്യത, ശക്തമായ ഡിജിറ്റൽ ജാഗ്രത എന്നിവ കൈമുതലാക്കി, നുണപ്രചാരണങ്ങൾ ഇന്ത്യ പൊളിച്ചടുക്കി. വൈകാരികമായ പ്രതികരണങ്ങൾക്ക് പകരം, സമഗ്രവും രീതിശാസ്ത്രപരവുമായ സമീപനമാണ് വിവരവിനിമയ യുദ്ധത്തിൽരാജ്യം സ്വീകരിച്ചത്:

• സൈനിക നടപടികളുടെ വിജയം ഉയർത്തിക്കാട്ടി: സംവേദനാത്മകതയെക്കാൾ തന്ത്രപരമായ ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ ഫലപ്രാപ്തി കൃത്യതയോടെ അവതരിപ്പിച്ചു.

• അപകീർത്തികരമായ വാർത്തകളുടെ ഉറവിടങ്ങൾ: പാകിസ്ഥാൻ ആസ്ഥാനമായുള്ള അക്കൗണ്ടുകളുടെ ഗൂഢതന്ത്രങ്ങൾ ഇന്ത്യൻ അധികാരികൾ തുറന്നുകാട്ടി. അവയിൽ പലതും ഇപ്പോൾ അന്താരാഷ്ട്ര സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ പരിശോധനയിലാണ്.

• മാധ്യമ സാക്ഷരത പ്രോത്സാഹിപ്പിച്ചു: വ്യാജ വാർത്തകൾ എങ്ങനെ തിരിച്ചറിയാമെന്ന് പൗരന്മാരെ ബോധവത്ക്കരിക്കുന്നതിനുള്ള പ്രചാരണങ്ങൾ കൂടുതൽ പ്രതിരോധശേഷിയുള്ള ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചു.

 

സൈനികവും സൈനികേതരവുമായ മാർഗങ്ങളിലൂടെ പാകിസ്ഥാൻ ശിക്ഷിക്കപ്പെട്ടു

സൈനികവും സൈനികേതരവുമായ മാർഗ്ഗങ്ങളിലൂടെ കൃത്യതയോടെ നടപ്പിലാക്കിയ ഇന്ത്യയുടെ സൈനികവും, തന്ത്രപരവുമായ മികവിന്റെ പ്രകടീകരണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഈ ബഹുമുഖ ഓപ്പറേഷൻ ഭീകരവാദ ഭീഷണികളെ ഫലപ്രദമായി നിർവീര്യമാക്കി. പാകിസ്ഥാന്റെ ആക്രമണങ്ങളെ പൂർണ്ണമായും തടഞ്ഞു. ഭീകരവാദത്തോട് സന്ധിയില്ലാത്ത പോരാട്ടം (zero-tolerance) എന്ന ഇന്ത്യയുടെ നയം ശക്തമായി നടപ്പിലാക്കി. അന്താരാഷ്ട്ര പിന്തുണ നേടിയതിനൊപ്പം  ഈ ഓപ്പറേഷൻ തന്ത്രപരമായ സംയമനം പാലിക്കുകയും ചെയ്തു.


സൈനിക നടപടികൾ

ഇന്ത്യ സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കൃത്യവും ആസൂത്രിതവുമായ ഒട്ടേറെ സൈനിക നടപടികൾ കൈക്കൊണ്ടു .

ഇന്ത്യൻ സായുധ സേന 9 ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഏകോപിതവും ലക്ഷ്യവേധിയുമായ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതിൽ  4 കേന്ദ്രങ്ങൾ പാകിസ്ഥാനിലും (ബഹാവൽപൂരും മുരിദ്കെയും ഉൾപ്പെടെ) 5 കേന്ദ്രങ്ങൾ പാക് അധിനിവേശ കശ്മീരിലും (മുസാഫറാബാദ്, കോട്‌ലി പോലുള്ളവ) സ്ഥിതി ചെയ്യുന്നവയായിരുന്നു. പുൽവാമയിലും (2019), മുംബൈയിലും (2008) നടത്തിയ വലിയ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച ജെയ്‌ഷെ മുഹമ്മദ് (JeM), ലഷ്‌കർ ഇ തൊയ്ബ (LeT) എന്നീ ഭീകരസംഘടനകളുടെ പ്രധാന കമാൻഡ് സെൻ്ററുകളായിരുന്നു ഈ സ്ഥലങ്ങൾ.

2025 മെയ് 7, 8, 9 തീയതികളിൽ ഇന്ത്യൻ നഗരങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമാക്കി പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതിന് തിരിച്ചടിയായി, ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണമായും തകർക്കുന്നത് ഉൾപ്പെടെ പാകിസ്ഥാൻ്റെ വ്യോമ പ്രതിരോധ ശേഷിയെ നിർവീര്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ കാമികേസ് ഡ്രോണുകൾ പ്രയോഗിച്ചു.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയിലേക്കുള്ള എല്ലാ ആക്രമണ ഭീഷണികളെയും വിജയകരമായി ചെറുത്തു. ജീവനും സ്വത്തിനും നാമമാത്രമായ നഷ്ടം മാത്രമാണ് സംഭവിച്ചത്. ഇതിനു നേർവിപരീതമായി, പാക്കിസ്ഥാൻ്റെ HQ-9 വ്യോമ പ്രതിരോധ സംവിധാനം അതീവ ദുർബലമാണെന്ന് തുറന്നുകാട്ടപ്പെട്ടു. 2025 മെയ് 9, 10 തീയതികളിലെ രാത്രിയിൽ നടന്ന, ഇന്ത്യയുടെ പ്രത്യാക്രമണം ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി. ആദ്യമായി ഒരു ആണവായുധ രാഷ്ട്രത്തിന്റെ വ്യോമതാവളത്തിൽ മറ്റൊരു രാജ്യം വിജയകരമായി ആക്രമണം നടത്തി.

 കേവലം മൂന്ന് മണിക്കൂറിനുള്ളിൽ, നൂർ ഖാൻ, റഫീഖി, മുരിദ്, സുക്കൂർ, സിയാൽകോട്ട്, പസ്രൂർ, ചുനിയൻ, സർഗോധ, സ്കാർഡു, ഭോലാരി, ജാക്കോ-ബാബാദ് എന്നിവയുൾപ്പെടെ 11 സൈനിക കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു.

ജാക്കോബാബാദിലെ ഷഹബാസ് എയർബേസിന്റെ, ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ നാശത്തിൻ്റെ വ്യാപ്തി വ്യക്തമാക്കി.

എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന സർഗോധ, ഭോലാരി തുടങ്ങിയ പ്രധാന വ്യോമതാവളങ്ങളെയും വെടിമരുന്ന് ഡിപ്പോകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തത്ഫലമായി, പാക്കിസ്ഥാൻ്റെ വ്യോമസേനയുടെ 20% അടിസ്ഥാന സൗകര്യങ്ങളും നശിച്ചു.

സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും 4 വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50-ലധികം പേർ ഭോലാരി എയർബേസിലുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പാക് യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ, പാകിസ്ഥാനിലെ ഒട്ടറെ ഭീകര കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഇന്ത്യ കൃത്യതയാർന്ന ആക്രമണങ്ങൾ നടത്തി.

നിയന്ത്രണരേഖയിലെ പൂഞ്ച്-രജൗരി മേഖലയിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ പീരങ്കികളും മോർട്ടാർ ആക്രമണങ്ങളും ആരംഭിച്ചതോടെ, ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരവാദികളുടെ  ബങ്കറുകളും സാധാരണ പൗരന്മാരെ ലക്ഷ്യമിട്ട പാകിസ്ഥാൻ സൈനിക താവളങ്ങളും തകർത്തു.

റഹിംയാർ ഖാൻ എയർബേസിൻ്റെ പുകയുന്ന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പാതി കത്തിയ നിലയിലുള്ള ഫോട്ടോ പാകിസ്ഥാൻ്റെ തകർന്നു പോയ അന്താരാഷ്ട്ര പ്രതിച്ഛായയുടെ പ്രതീകമായി മാറി.


സ്വീകരിച്ച സൈനികേതര നടപടികൾ :

• തന്ത്രപരമായ മേൽക്കൈ ലഭിക്കുന്ന അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും പൊതുജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണ ഉറപ്പാക്കുന്നതിലും ഇന്ത്യയുടെ ചടുലമായ നീക്കങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു. തന്ത്രപരമായ നയരൂപീകരണം, ആശയ വിനിമയ ആധിപത്യം, മനഃശാസ്ത്രപരമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ, ഇന്ത്യ നയതന്ത്രപരമായും സാമ്പത്തികമായും പാകിസ്ഥാനെ ഒറ്റപ്പെടുത്തി. ഒപ്പം ആഭ്യന്തര തയ്യാറെടുപ്പുകളും ആഗോള പിന്തുണയും ശക്തിപ്പെടുത്തി.

• ഓപ്പറേഷൻ സിന്ദൂറിന് കീഴിലെ നിർണ്ണായകമായ ഒരു നീക്കമായിരുന്നു സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. 16 ദശലക്ഷം ഹെക്ടർ കൃഷിഭൂമിയുടെ 80% ഉം, മൊത്തം ജല ഉപയോഗത്തിന്റെ 93% ഉം സിന്ധു നദീതട സംവിധാനത്തെ മാത്രം ആശ്രയിക്കുന്ന രാജ്യമായ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. 23.7 കോടി ജനങ്ങളെ പിന്തുണയ്ക്കുകയും ഗോതമ്പ്, അരി, പരുത്തി തുടങ്ങിയ വിളകളിലൂടെ പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (GDP) നാലിലൊന്ന് സംഭാവന നൽകുകയും ചെയ്യുന്നതാണ് സിന്ധു നദീജല കരാർ.

• മംഗ്ല, തർബേല അണക്കെട്ടുകൾക്ക് 10% സംഭരണശേഷി (14.4 MAF) മാത്രമുള്ളതിനാൽ, ജലപ്രവാഹത്തിലെ ഏതൊരു തടസ്സവും കാർഷിക നാശനഷ്ടങ്ങൾക്കും, ഭക്ഷ്യക്ഷാമത്തിനും, പ്രധാന നഗരങ്ങളിലെ കുടിവെള്ള വിതരണത്തിലെ പ്രതിസന്ധികൾക്കും, തുടർച്ചയായ വൈദ്യുതി തടസ്സങ്ങൾക്കും കാരണമാകും. തുണിത്തരങ്ങൾ, വളങ്ങൾ തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങൾ സ്തംഭിക്കും. ഈ ആഘാതങ്ങൾ ഇതിനോടകം ദുർബലമായിത്തീർന്ന പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുകയും സാമ്പത്തിക, വിദേശ വിനിമയ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയും ചെയ്യും.

• ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സിന്ധു നദീജല കരാർ ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തെ ഏറെക്കാലമായി തടസ്സപ്പെടുത്തിയിരുന്ന ഒരു കരാറായിരുന്നു. നീരൊഴുക്ക് തടസപ്പെടാതെയുള്ള  പദ്ധതികൾ മാത്രമായി പരിമിതപ്പെടാൻ കരാർ കാരണമായി. കരാർ താൽക്കാലികമായി നിർത്തിവച്ചത് ഝലം, ചെനാബ് തുടങ്ങിയ പടിഞ്ഞാറൻ നദികളുടെ മേൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ നിയന്ത്രണം നൽകും. ജമ്മു കാശ്മീർ, ലഡാക്ക്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികളുടെ നിർമ്മാണവും സാധ്യമാക്കും. ഇത് ജലസേചനവും ജലവൈദ്യുത ഉത്പാദനവും വർദ്ധിപ്പിച്ച് നയതന്ത്ര ഉപാധിയെ വികസന ആസ്തിയാക്കി പരിവർത്തനം ചെയ്യും.കരാർ താത്ക്കാലികമായി നിർത്തിവച്ചുകൊണ്ട് ഇന്ത്യ ഒരു നിർണ്ണായക ഒരു സന്ദേശം കൈമാറി- "രക്തത്തിനും വെള്ളത്തിനും ഒരുമിച്ച് ഒഴുകാൻ കഴിയുകയില്ല" എന്ന സന്ദേശം.

•  അട്ടാരി-വാഗ അതിർത്തി ഇന്ത്യ അടച്ചുപൂട്ടി. പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി വ്യാപാരവും നിർത്തിവച്ചു. ഉള്ളി പോലുള്ള പ്രധാന ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിർത്തിവച്ചു. സിമൻറ്, തുണിത്തരങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധിച്ചു. ഈ നടപടികൾ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രാഥമിക കര വ്യാപാര പാത വിച്ഛേദിക്കുന്നതിൽ കലാശിച്ചു. സാമ്പത്തിക ബന്ധങ്ങളിൽ വലിയ തടസ്സങ്ങൾക്ക് കാരണമായി.

• ഈ മരവിപ്പിക്കാൻ നടപടി, ഇതിനോടകം പണപ്പെരുപ്പവും കടബാധ്യതകൾ മൂലമുള്ള പ്രതിസന്ധികളും നേരിടുന്ന പാകിസ്ഥാനു മേൽ സാമ്പത്തിക സമ്മർദ്ദം ഏറ്റുന്നു. നേരിട്ടുള്ള സൈനിക നടപടി രൂക്ഷമാക്കാതെ തന്നെ ഈ സാമ്പത്തിക ജീവനാഡികൾ വിച്ഛേദിച്ചുകൊണ്ട്, ഇന്ത്യ സീറോ ടോളറൻസ് നയം ശക്തിപ്പെടുത്തി.

• ഭീകരതയ്‌ക്കെതിരായ ഉറച്ച ദൃഢനിശ്ചയം വ്യക്തമാക്കിക്കൊണ്ട്, പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഇന്ത്യ രാജ്യത്ത് താമസിച്ചു പോന്ന എല്ലാ പാകിസ്ഥാനികളുടെയും വിസ റദ്ദാക്കുകയും  നാടുകടത്തുകയും ചെയ്തു.

• പാകിസ്ഥാനി കലാകാരന്മാർക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. എല്ലാ കലാ പ്രകടനങ്ങളും, കലാ പ്രദർശനങ്ങളും, സംഗീത പരിപാടികളും, സാംസ്ക്കാരിക വിനിമയങ്ങളും താൽക്കാലികമായി നിർത്തിവച്ചു. ഈ നിയന്ത്രണം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് വ്യാപിപ്പിച്ചു. നടപടികൾ ഇന്ത്യയിൽ പാകിസ്ഥാന്റെ സാംസ്ക്കാരിക സ്വാധീനം ഫലപ്രദമായി തടഞ്ഞു.

• ആഗോളതലത്തിൽ, ഇന്ത്യ പാകിസ്ഥാനിലെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തുറന്നുകാട്ടുകയും ആ രാജ്യത്തെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുകയും ചെയ്തു.

• മൊത്തത്തിൽ, ഈ പ്രവർത്തനങ്ങൾ പാകിസ്ഥാന് ഗുരുതരമായ സാമ്പത്തിക, നയതന്ത്ര നാശനഷ്ടങ്ങൾ വരുത്തിവച്ചു. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമെന്ന നയത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ശക്തമായി സ്ഥിരീകരിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന്റെ ഒറ്റപ്പെടൽ ഏതാണ്ട് പൂർണ്ണമായി.

ആഗോള തലത്തിൽ നേതൃശേഷി പ്രകടമാക്കി ഇന്ത്യ:

ഉരുത്തിരിഞ്ഞ സവിശേഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, ദേശീയ പ്രതിസന്ധിയുടെ ആ നിർണ്ണായക നിമിഷത്തിൽ, കേവലം ദൃഢനിശ്ചയം മാത്രമല്ല, ശ്രദ്ധേയമായ നേതൃത്വവും ആവശ്യമായിരുന്നു. ഈ വെല്ലുവിളിക്കൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്നു. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ധീരമായ സൈനിക പ്രതികരണങ്ങളിലൊന്നായിരുന്നു ഓപ്പറേഷൻ സിന്ദൂറിലൂടെ വെളിവാക്കപ്പെട്ടത്. മുൻകൂട്ടി നിശ്ചയിച്ച നയതന്ത്ര സന്ദർശനത്തിനായി വിദേശത്തായിരുന്നിട്ടും, തന്ത്രപരമായ സംയമനത്തിലും ഉറച്ച നടപടികളിലും ഊന്നിയ സന്തുലിതമായ പ്രതികരണത്തിലൂടെ പ്രധാനമന്ത്രി മോദി അതിവേഗം നിയന്ത്രണം  ഏറ്റെടുത്തു. ഉടനടി പ്രതികരിക്കാനുള്ള വലിയ സമ്മർദ്ദത്തിനിടയിലും അദ്ദേഹം ശ്രദ്ധേയമായ സംയമനം പാലിക്കുകയും സിന്ധു നദീജല കരാർ താൽക്കാലികമായി മരവിപ്പിക്കുന്നത് മുതൽ സൈനിക നടപടികൾ വരെയുള്ള ഓരോ ഘട്ടവും നന്നായി ആസൂത്രണം ചെയ്ത് കൃത്യവും സമയബന്ധിതവുമാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

• തന്ത്രപരമായ ആസൂത്രണവും ലക്ഷ്യവേധിയായ പ്രതികരണവും സൈനിക നടപടിയുടെ ചട്ടക്കൂടിനെ ബലപ്പെടുത്തി. വൈകാരികമോ പ്രതികാര നിർഭരമോ ആയ ഒരു ആക്രമണത്തിലേക്ക് എടുത്തുചാടുന്നതിനുപകരം, പാകിസ്ഥാന്റെയും ഭീകരവാദികളുടെയും തയ്യാറെടുപ്പുക്കൾ തടയാൻ പ്രധാനമന്ത്രി മോദി തന്ത്രപരമായ പ്രവചനാതീതത സൃഷ്ടിച്ചു. ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സൂക്ഷ്മതയോടെയുള്ള ആക്രമണങ്ങൾ. ലക്ഷ്യത്തിലെ ഈ വ്യക്തത  കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ അഭിനന്ദിക്കപ്പെട്ടു. പ്രതിപക്ഷത്തെ മുതിർന്ന  നേതാക്കളിൽ ഒരാളായ പി. ചിദംബരം ഉൾപ്പെടെ, ജനവാസ മേഖലകളെ  പൂർണ്ണമായും ഒഴിവാക്കി ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വച്ചതിന് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചു.

• പാകിസ്ഥാനെതിരായ നടപടികളിലുടനീളം, ഭീകരതയ്‌ക്കെതിരായ കേന്ദ്രീകൃത ലക്ഷ്യം മാറ്റമില്ലാതെ തുടർന്നു. ഉറച്ചതും വ്യക്തവുമായ മറുപടി നൽകുന്നതിൽ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രീകരിച്ചു. ആഗോള ഭീഷണിയായി വീക്ഷിക്കപ്പെടുന്ന ഭീകരതയ്‌ക്കെതിരായ അദ്ദേഹത്തിന്റെ സ്ഥായിയായ ശ്രമങ്ങൾ  വ്യാപകമായ അന്താരാഷ്ട്ര പിന്തുണ നേടാൻ ഇന്ത്യയെ സഹായിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ പരിഗണിക്കുമെന്ന തത്വം ഇന്ത്യ ലോകസമക്ഷം ദൃഢമായി സ്ഥാപിച്ചു.

• പാകിസ്ഥാന്റെ ആവർത്തിച്ചുള്ള പ്രകോപനങ്ങൾക്കിടയിലും, പാകിസ്ഥാനിലെ സാധാരണക്കാർക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്നത് ലക്ഷ്യവേധിയും ശക്തവുമായ പ്രതികരണത്തിലൂടെ ഇന്ത്യ ഉറപ്പാക്കി. ഇന്ത്യയുടെ സൈനിക നടപടികൾ ഭീകര ക്യാമ്പുകളിലും ഭീകരതയെ സഹായിക്കുന്ന  സൈനിക കേന്ദ്രങ്ങളിലും മാത്രമായി പരിമിതപ്പെടുത്തി. ശ്രദ്ധാപൂർവ്വം തിരെഞ്ഞെടുത്ത ഈ ലക്ഷ്യം ഇന്ത്യയുടെ ശേഷിയും ഉത്തരവാദിത്ത പൂർണ്ണമായ സൈനിക നടപടിയോടുമുള്ള പ്രതിബദ്ധതയും പ്രകടമാക്കി.

• ദീർഘകാല ആശങ്കകൾ പരിഹരിച്ചുകൊണ്ട്, സിന്ധു നദീജല കരാർ താത്ക്കാലികമായി മരവിപ്പിയ്ക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനം ചരിത്രപരമായ നീക്കമായിരുന്നു. ഇത് പാകിസ്ഥാന്റെ താത്പര്യങ്ങളെ ഹനിക്കുക മാത്രമല്ല, ഇന്ത്യയുടെ താത്പര്യങ്ങൾക്ക് ഏറെ ഗുണവും ചെയ്യും. ഒരു പുതിയ ദേശ സുരക്ഷാ സിദ്ധാന്തം അദ്ദേഹം ആവിഷ്ക്കരിച്ചു: ഭാവിയിലെ ഏതൊരു ഭീകരാക്രമണത്തെയും യുദ്ധത്തിന് തുല്യമായി കണക്കാക്കും എന്നതാണത്. ഇത് ഭീകരവാദികളും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും തമ്മിലുള്ള  വേർതിരിവ് ഇല്ലാതാക്കി.


ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ

ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ  അതിന്റെ സ്വാധീനങ്ങളാൽ വാചാലമാണ്:


ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയസമീപനം

  • 9 പ്രധാന ഭീകര ക്യാമ്പുകൾ തകർത്തു
  • പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ആക്രമിച്ചു
  • കൊടുംഭീകരരെ ഇല്ലാതാക്കി
  • നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലക്ഷ്യവേധിയായ ആക്രമണം
     

1. ഒമ്പത് ഭീകര ക്യാമ്പുകൾ തകർത്തു : പാകിസ്ഥാൻ, പാക് അധീന ജമ്മു കശ്മീർ (PoJK) എന്നിവിടങ്ങളിലായി ഒമ്പത് പ്രധാന ഭീകര കേന്ദ്രങ്ങൾ ഇന്ത്യ വിജയകരമായി തകർത്തു. ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു.

2. അതിർത്തി കടന്നു നടത്തിയ ലക്ഷ്യവേധിയായ ആക്രമണങ്ങൾ: പഞ്ചാബ് പ്രവിശ്യ, ബഹാവൽപൂർ എന്നിവയുൾപ്പെടെ പാകിസ്ഥാന്റെ ഹൃദയഭൂമിയിലേക്ക് ശക്തമായ ആക്രമണങ്ങൾ നടത്തി. യുഎസ് ഡ്രോണുകൾക്ക് പോലും ഒരുകാലത്ത് അപ്രാപ്യമായ കാര്യമായിരുന്നു അത്. ഇന്ത്യ നയം വ്യക്തമാക്കി:  ഭീകരതയുടെ പ്രഭവ കേന്ദ്രം എവിടെയാണെങ്കിലും, അത് നിയന്ത്രണരേഖയോ പാകിസ്ഥാൻ പ്രദേശമോ ആയാലും ഇനിമേൽ അസ്പൃശ്യമായി തുടരില്ല.

3. പുതിയ തന്ത്രപരമായ റെഡ് ലൈൻ: ഓപ്പറേഷൻ സിന്ദൂർ ഒരു പുതിയ റെഡ് ലൈൻ വരച്ചു - ഭീകരത ദേശീയ  നയമാണെങ്കിൽ, അത് ദൃശ്യവും ശക്തവുമായ പ്രതികരണം ക്ഷണിച്ചു വരുത്തും. ഇത് പ്രതിരോധത്തിൽ നിന്ന് നേരിട്ടുള്ള നടപടികളിലേക്കുള്ള പരിവർത്തനത്തെ സൂചിപ്പിക്കുന്നു.

4. ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും തുല്യ ശിക്ഷ:
ഭീകരവാദികളെയും അവരുടെ പിന്തുണക്കാരെയും ഒരേ സമയം ആക്രമിച്ചുകൊണ്ട് ഇന്ത്യ ഭീകരരും അവരുടെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള കൃത്രിമ വേർതിരിവ് ഇല്ലാതാക്കി. ഇതോടെ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരതയുടെ പിന്തുണക്കാർക്കുള്ള  ഇളവ് അവസാനിപ്പിച്ചു.
 
5. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ ബലഹീനതകൾ തുറന്നുകാട്ടി: റാഫേൽ ജെറ്റുകൾ, സ്കാൽപ് മിസൈലുകൾ, ഹാമർ ബോംബുകൾ എന്നിവ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന പാകിസ്ഥാന് ചൈന നൽകിയ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് വെറും 23 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയാക്കി. ഇന്ത്യയുടെ സാങ്കേതിക മികവ് പ്രകടമാക്കി.

6. വ്യോമ പ്രതിരോധത്തിലെ ഇന്ത്യയുടെ  മികവ് പ്രദർശിപ്പിക്കപ്പെട്ടു: തദ്ദേശീയമായി നിർമ്മിച്ച ആകാശ് സംവിധാനം ഉൾപ്പെടെയുള്ള ഇന്ത്യയുടെ ബഹുതല വ്യോമ പ്രതിരോധം നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും വെടിവച്ചു വീഴ്ത്തി. നൂതന പ്രതിരോധ സംവിധാനങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ വളരുന്ന ശേഷി ഇത് പ്രകടമാക്കി.

7. വ്യാപ്തി വർദ്ധിപ്പിക്കാതെയുള്ള കൃത്യത: ഭീകരതയോടുള്ള സന്ധിയില്ലാത്ത സമീപനം പ്രകടമാക്കികൊണ്ട്, സാഹചര്യം പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് വളരുന്നതിനെ തടഞ്ഞു.

8. സുപ്രധാന ഭീകര കമാൻഡർമാരെ ഇല്ലാതാക്കി: ഇന്ത്യ തേടിയിരുന്നവരുടെ പട്ടികയിൽപ്പെട്ട ഒട്ടേറെ കൊടുംഭീകരരെ ഒറ്റ രാത്രി കൊണ്ട് നിർവീര്യമാക്കി. പ്രധാന ഭീകര മൊഡ്യൂളുകളെ തളർത്തി.


9. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം: മെയ് 9-10 തീയതികളിൽ, ഒരു ആണവായുധ രാജ്യത്തിന്റെ 11 വ്യോമത്താവളങ്ങൾ ഒറ്റ ഓപ്പറേഷനിലൂടെ  ആക്രമിച്ച്, പാകിസ്ഥാന്റെ വ്യോമശേഷിയുടെ 20% നശിപ്പിച്ചു. ഭൂലാരി വ്യോമതാവളത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ആ ആക്രമണത്തിൽ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫിന്റെ മരണവും പ്രധാന യുദ്ധവിമാനങ്ങളുടെ നാശവും ഉൾപ്പെടുന്നു.

10. മൂന്നു സേനയുടെയും ഏകോപനത്തിലൂടെയുള്ള നടപടി - ഇന്ത്യയുടെ കര, നാവിക,വ്യോമ സേനകൾ പൂർണ്ണ ഏകോപനത്തോടെ പ്രവർത്തിച്ചു. രാജ്യത്തിൻറെ വളർന്നുവരുന്ന സംയുക്ത സൈനിക ശക്തി ഇതോടെ പ്രകടമായി.

11. ആഗോളതലത്തിൽ വ്യക്തമായ സന്ദേശം നൽകി - സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തു. ഭീകരവാദികൾക്കും അവരെ [പിന്തുണയ്ക്കുന്ന സൂത്രധാരന്മാർക്കും എവിടെയും ഒളിക്കാൻ കഴിയില്ലെന്നും, തിരിച്ചടിച്ചാൽ, പാകിസ്ഥാനെതിരെ നിർണ്ണായക പ്രത്യാക്രമണത്തിന് ഇന്ത്യ സജ്ജമാണെന്നുമുള്ള സന്ദേശം നൽകി.

12. വ്യാപകമായ ആഗോള പിന്തുണ – മുൻ സംഘർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഒട്ടേറെ ആഗോള നേതാക്കൾ, സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നതിനുപകരം ഇന്ത്യയെ പിന്തുണച്ചു. ഈ മാറ്റം ആഗോള തലത്തിൽ ഇന്ത്യയുടെ മെച്ചപ്പെട്ട നിലയും ആഖ്യാന നിയന്ത്രണവും വ്യക്തമാക്കി.

13. കശ്മീർ ആഖ്യാനം പുനർനിർമ്മിച്ചു – ഇതാദ്യമായി, ഇന്ത്യയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഭീകരവാദ വിരുദ്ധ കാഴ്ചപ്പാടിലൂടെ വീക്ഷിക്കപ്പെട്ടു. ആക്രമണ ആഖ്യാനങ്ങളിൽ നിന്ന് കാശ്മീർ പ്രശ്നം പൂർണ്ണമായും വേർപെടുത്തപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിന്റെ കൃത്യതയും വ്യക്തതയും കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.


ഉപസംഹാരം:

പഹൽഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം നിയമപരവും ധാർമ്മികവുമായ കാരണങ്ങളിൽ ഉറച്ചുനിന്നു. നേതൃത്വം, ധാർമ്മികത, തന്ത്രപരമായ കൃത്യത എന്നിവയാൽ രൂപപ്പെടുത്തിയ  തത്വാധിഷ്ഠിതവും ആസൂത്രിതവും അളന്നുമുറിച്ചതുമായ പ്രതികാര നടപടിയായി ചരിത്രം അതിനെ വിലയിരുത്തും. ഓപ്പറേഷൻ സിന്ദൂർ ദക്ഷിണേഷ്യയുടെ ഭൗമഷ്ട്രീയവും തന്ത്രപരവുമായ ഭൂമികയെ പുനർനിർമ്മിച്ചു. ഇത് വെറുമൊരു സൈനിക നടപടിയായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ പരമാധികാരത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആഗോള നിലയുടെയും ബഹുമുഖമായ ഒരു പ്രസ്താവനയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നിർണ്ണായക നേതൃത്വത്തിന് കീഴിൽ, ഇന്ത്യ ഒരു പുതിയ മാതൃക പ്രദർശിപ്പിച്ചു. അത് സംയമനത്തെ ശക്തിയുമായും കൃത്യതയെ ലക്ഷ്യവുമായും  സമന്വയിപ്പിക്കുന്നതായിരുന്നു. ഭീകര ശൃംഖലകളെയും അവരെ  പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും അഭൂതപൂർവമായ വ്യക്തതയോടെ ലക്ഷ്യം വച്ചുകൊണ്ട്, ഇന്ത്യ വ്യക്തമായ സന്ദേശം നൽകി: അതിർത്തികളോ നയതന്ത്ര സങ്കീർണ്ണതകളോ പരിഗണിക്കാതെ, ഭീകര വാദത്തിന് അതിവേഗം ആനുപാതികമായും മറുപടി ലഭിക്കും എന്ന സന്ദേശം.

Operation SINDOOR: India’s Strategic Clarity and Calculated Force


(Release ID: 2128841)