പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ അമരാവതിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 02 MAY 2025 7:02PM by PIB Thiruvananthpuram

तल्लि दुर्गा भवानि कोलुवुन्ना ई पुण्यभूमि पै मी अन्दरिनि कलवडम नाकु आनन्दमुगा उन्नदि॥

ബഹുമാനപ്പെട്ട ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ സയ്യിദ് അബ്ദുൾ നസീർ ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ ചന്ദ്രബാബു നായിഡു ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകർ, ഊർജ്ജസ്വലനായ ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ ജി, സംസ്ഥാന ഗവൺമെന്റിലെ മന്ത്രിമാർ, എല്ലാ പാർലമെന്റ് അംഗങ്ങളേ നിയമസഭ അംഗങ്ങളേ, ആന്ധ്രാപ്രദേശിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

ഇന്ന്, അമരാവതിയുടെ പുണ്യഭൂമിയിൽ നിൽക്കുമ്പോൾ, ഞാൻ ഒരു നഗരം മാത്രമല്ല കാണുന്നത് - എന്റെ കൺമുന്നിൽ ഒരു സ്വപ്നം രൂപം കൊള്ളുന്നത് ഞാൻ കാണുന്നു. ഒരു പുതിയ അമരാവതി, ഒരു പുതിയ ആന്ധ്ര. പാരമ്പര്യവും പുരോഗതിയും കൈകോർത്ത് നടക്കുന്ന നാടാണ് അമരാവതി. ബുദ്ധമത പൈതൃകത്തിന്റെ സമാധാനവും ഒരു വികസിത ഭാരതം (വികസിത ഇന്ത്യ) കെട്ടിപ്പടുക്കുന്നതിന്റെ ചലനാത്മകതയും ഉള്ളിടം. ഇന്ന്, ഏകദേശം 60,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും അവയുടെ തറക്കല്ലിടുകയും ചെയ്തു. ഇവ വെറും കോൺക്രീറ്റ് നിർമ്മിതികളല്ല - അവ ആന്ധ്രാപ്രദേശിന്റെ അഭിലാഷങ്ങളുടെയും വികസിത ഭാരതത്തിന്റെ പ്രതീക്ഷകളുടെയും ഉറച്ച അടിത്തറയാണ്. ഭഗവാൻ വീരഭദ്രൻ, ഭഗവാൻ അമരലിംഗേശ്വരൻ, തിരുപ്പതി ബാലാജി എന്നിവരുടെ കാൽക്കൽ വണങ്ങി, ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഗാരുവിനും ശ്രീ പവൻ കല്യാൺ ജിക്കും എന്റെ ആശംസകൾ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ദ്രലോകത്തിന്റെ തലസ്ഥാനം അമരാവതി ആയിരുന്നെന്ന് നമുക്കെല്ലാവർക്കും അറിയാം, ഇപ്പോൾ അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാണ്. ഇത് വെറും യാദൃശ്ചികതയല്ല. ഒരു "സുവർണ്ണ ആന്ധ്ര"യുടെ സൃഷ്ടിയുടെ ശുഭസൂചന കൂടിയാണ്. ഈ "സുവർണ്ണ ആന്ധ്ര" 'വികസിത ഭാരത'ത്തിലേക്കുള്ള ഭാരതത്തിന്റെ യാത്രയെ ശക്തിപ്പെടുത്തും, അമരാവതി "സുവർണ്ണ ആന്ധ്ര" എന്ന ദർശനത്തെ ഊർജ്ജസ്വലമാക്കും.

अमरावती केवलं ओक नगरम कादु अमरावती, ओक शक्ति। आंध्रप्रदेश नू आधुनिक प्रदेश गा मार्चे शक्ति। आंध्रप्रदेश नू अधूनातन प्रदेश गा मार्चे शक्ति।


സുഹൃത്തുക്കളേ,

ആന്ധ്രാപ്രദേശിലെ ഓരോ ചെറുപ്പക്കാരനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന നഗരമായിരിക്കും അമരാവതി. വരും വർഷങ്ങളിൽ വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ഹരിത ഊർജ്ജം, ശുചിത്വ വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ അമരാവതി ഒരു മുൻനിര നഗരമായി ഉയർന്നുവരും. ഈ മേഖലകളിലെല്ലാം, സംസ്ഥാന ​ഗവണ്മെൻ്റുമായി പൂർണ്ണ സഹകരണത്തോടെ കേന്ദ്ര ​ഗവണ്മെൻ്റ് റെക്കോർഡ് വേഗതയിൽ അവശ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ, നമ്മുടെ ചന്ദ്രബാബു ജി സാങ്കേതികവിദ്യയുടെ കാര്യങ്ങളിൽ എന്നെ വളരെയധികം പ്രശംസിച്ചിരുന്നു. എന്നാൽ ഇന്ന് ഞാൻ ഒരു രഹസ്യം വെളിപ്പെടുത്താം. ഗുജറാത്ത് മുഖ്യമന്ത്രിയായതിനുശേഷം, ആദ്യ ദിവസങ്ങളിൽ, ചന്ദ്രബാബു ജി ഹൈദരാബാദിൽ ഏറ്റെടുത്തുകൊണ്ടിരുന്ന വിവിധ സംരംഭങ്ങൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു, അദ്ദേഹത്തിൽ നിന്ന് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. ഇന്ന് ആ പാഠങ്ങൾ നടപ്പിലാക്കാൻ എനിക്ക് അവസരം ലഭിച്ചു, ഞാൻ അങ്ങനെ ചെയ്യുന്നു. എന്റെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, വൻതോതിൽ പ്രവർത്തിക്കേണ്ട ഭാവി സാങ്കേതികവിദ്യകളായാലും, അല്ലെങ്കിൽ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നതായാലും, ചന്ദ്രബാബു ജി അത്തരം ജോലികൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നുവെന്ന് എനിക്ക് പറയാൻ കഴിയും.


സുഹൃത്തുക്കളേ,

2015-ൽ, ജനങ്ങളുടെ തലസ്ഥാനത്തിന്റെ തറക്കല്ലിടൽ നടത്താൻ എനിക്ക് ഭാഗ്യം ലഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ, കേന്ദ്ര ​ഗവണ്മെൻ്റ് അമരാവതിക്ക് സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം നൽകിയിട്ടുണ്ട്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ചന്ദ്രബാബു ഗാരുവിന്റെ നേതൃത്വത്തിൽ സംസ്ഥാന ​ഗവണ്മെൻ്റ് രൂപീകരിച്ചതോടെ, പുരോഗതിക്ക് തടസ്സമായിരുന്ന എല്ലാ പ്രതിബന്ധങ്ങളും ഇപ്പോൾ നീങ്ങി. വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂടിയിട്ടുണ്ട്. ഹൈക്കോടതി, നിയമസഭ, സെക്രട്ടേറിയറ്റ്, രാജ്ഭവൻ തുടങ്ങിയ പ്രധാന കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ഉയർന്ന മുൻഗണന നൽകുന്നു.

സുഹൃത്തുക്കളേ,

എൻ‌ടി‌ആർ ഗാരു ഒരു വികസിത ആന്ധ്രാപ്രദേശിനെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു. ഒരുമിച്ച്, അമരാവതിയെയും ആന്ധ്രാപ്രദേശിനെയും ഒരു വികസിത ഭാരതത്തിന്റെ വളർച്ചാ എഞ്ചിനുകളാക്കണം. എൻ‌ടി‌ആർ ഗാരുവിന്റെ സ്വപ്നം നമ്മൾ സാക്ഷാത്കരിക്കണം. ചന്ദ്രബാബു ഗാരു, സഹോദരൻ പവൻ കല്യാൺ— इदि मनमु चेय्याली इदि मनमे चेय्याली।

സുഹൃത്തുക്കളേ,

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഭൗതിക, ഡിജിറ്റൽ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്ക് ഭാരതം പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഇന്ന്, അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം ആധുനികമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഭാരതം. ആന്ധ്രാപ്രദേശും ഈ പുരോഗതിയുടെ നേട്ടങ്ങൾ കൊയ്യുകയാണ്. ഇന്നും, റെയിൽ, റോഡ് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ആന്ധ്രാപ്രദേശിന് അനുവദിച്ചിട്ടുണ്ട്. കണക്റ്റിവിറ്റിയിൽ ഒരു പുതിയ അധ്യായം ഇവിടെ എഴുതപ്പെടുന്നു. ഈ പദ്ധതികൾ ജില്ല-ജില്ല കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും അയൽ സംസ്ഥാനങ്ങളുമായുള്ള ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യും, ഇത് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വലിയ വിപണികളിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാക്കുകയും വ്യവസായങ്ങൾക്ക് കൂടുതൽ സൗകര്യം സൃഷ്ടിക്കുകയും ചെയ്യും. ടൂറിസം മേഖലയും തീർത്ഥാടനങ്ങളും ഉത്തേജിപ്പിക്കപ്പെടും. ഉദാഹരണത്തിന്, റെനിഗുണ്ട-നായിഡുപേട്ട ഹൈവേ വരുന്നതോടെ, തിരുപ്പതി ബാലാജിയിലെ ദർശനം എളുപ്പമാകും, കൂടാതെ ഭക്തർക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വെങ്കിടേശ്വര ഭഗവാനെ ദർശിക്കാൻ കഴിയും.

സുഹൃത്തുക്കളേ,

അതിവേഗം വികസിച്ച ഓരോ രാജ്യവും അവരുടെ റെയിൽവേ സംവിധാനത്തിന് ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദശകം ഇന്ത്യയിലെ റെയിൽവേയുടെ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ആന്ധ്രാപ്രദേശിലെ റെയിൽവേ വികസനത്തിനായി കേന്ദ്ര ​ഗവണ്മെൻ്റ് റെക്കോർഡ് ധനസഹായം നൽകി. 2009 മുതൽ 2014 വരെ ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ആകെ റെയിൽവേ ബജറ്റ് 900 കോടി രൂപയിൽ താഴെയായിരുന്നു. ഇന്ന്, ആന്ധ്രയുടെ മാത്രം റെയിൽവേ ബജറ്റ് 9,000 കോടി രൂപ കവിഞ്ഞു - പത്തിരട്ടിയിലധികം വർദ്ധനവ്.

സുഹൃത്തുക്കളേ,

വർദ്ധിപ്പിച്ച റെയിൽവേ ബജറ്റിന് നന്ദി, ആന്ധ്രാപ്രദേശിലെ റെയിൽവേകൾ 100% വൈദ്യുതീകരണം കൈവരിച്ചു. എട്ട് ജോഡി ആധുനിക വന്ദേ ഭാരത് ട്രെയിനുകൾ നിലവിൽ ഇവിടെ ഓടുന്നുണ്ട്. കൂടാതെ, ആധുനികവും സുസജ്ജവുമായ അമൃത് ഭാരത് ട്രെയിനും ആന്ധ്രാപ്രദേശിലൂടെ കടന്നുപോകുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ആന്ധ്രാപ്രദേശിൽ 750-ലധികം റെയിൽവേ ഫ്ലൈഓവറുകളും അണ്ടർപാസുകളും നിർമ്മിച്ചിട്ടുണ്ട്. മാത്രമല്ല, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം സംസ്ഥാനത്തെ 70-ലധികം റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു.

സുഹൃത്തുക്കളേ,

അടിസ്ഥാന സൗകര്യങ്ങൾക്കായി ഇത്രയും വലിയ തോതിൽ ജോലികൾ ഏറ്റെടുക്കുമ്പോൾ, ഗുണിത പ്രഭാവം വളരെ വലുതാണ്. നിർമ്മാണത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ നിർമ്മാണ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നു. അത് സിമന്റ്, സ്റ്റീൽ, അല്ലെങ്കിൽ ഗതാഗതം എന്നിവയായാലും - അത്തരം ഓരോ മേഖലയ്ക്കും ഗുണം ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേരിട്ടുള്ള അനന്തരഫലം നമ്മുടെ യുവജനങ്ങളിലാണ്, അവർ വർദ്ധിച്ച തൊഴിലവസരങ്ങൾ കണ്ടെത്തുന്നു. ആന്ധ്രാപ്രദേശിലെ ആയിരക്കണക്കിന് യുവജനങ്ങൾ ഈ അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നു.

സുഹൃത്തുക്കളേ,

ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് നാല് സ്തംഭം ആവശ്യമാണെന്ന് ചുവപ്പ് കോട്ടയുടെ കൊത്തളത്തിൽ നിന്ന് ഞാൻ പ്രഖ്യാപിച്ചിരുന്നു: ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ. ഈ നാല് സ്തംഭങ്ങളും എൻ‌ഡി‌എ ​ഗവണ്മെൻ്റിൻ്റെ നയങ്ങളിൽ പ്രധാനമാണ്. കർഷകരുടെ ക്ഷേമത്തിനാണ് ഞങ്ങൾ പ്രത്യേക പ്രാധാന്യം നൽകുന്നത്. കർഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ, കഴിഞ്ഞ ദശകത്തിൽ കേന്ദ്ര ​ഗവണ്മെൻ്റ് സബ്‌സിഡി വളങ്ങൾ നൽകുന്നതിനായി ഏകദേശം 12 ലക്ഷം കോടി രൂപ ചെലവഴിച്ചു. ആയിരക്കണക്കിന് പുതിയതും ആധുനികവുമായ വിത്തുകൾ കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഫസൽ ബീമ യോജന പ്രകാരം, ആന്ധ്രാപ്രദേശിലെ കർഷകർക്ക് ഇതുവരെ 5,500 കോടി രൂപയുടെ ഇൻഷുറൻസ് ക്ലെയിമുകൾ ലഭിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം, ആന്ധ്രാപ്രദേശിലെ ലക്ഷക്കണക്കിന് കർഷകരുടെ അക്കൗണ്ടുകളിലേക്ക് 17,500 കോടിയിലധികം രൂപ നേരിട്ട് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.


സുഹൃത്തുക്കളേ,

ഇന്ന് രാജ്യമെമ്പാടും വിപുലമായ ജലസേചന പദ്ധതികളുടെ ഒരു ശൃംഖല സ്ഥാപിക്കപ്പെടുന്നു. നദികളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രചാരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ കൃഷിയിടങ്ങളിലും വെള്ളം ലഭിക്കുന്നുണ്ടെന്നും ഒരു കർഷകനും ജലക്ഷാമം അനുഭവപ്പെടുന്നില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടെ പുതിയ ​ഗവണ്മെൻ്റ് രൂപീകരിച്ചതിനുശേഷം, പോളവാരം പദ്ധതിക്ക് പുതിയൊരു ഗതിവേഗം ലഭിച്ചു. ആന്ധ്രാപ്രദേശിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഈ പദ്ധതി പരിവർത്തനം വരുത്തും. പോളവാരം പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണം ഉറപ്പാക്കാൻ കേന്ദ്രത്തിലെ എൻ‌ഡി‌എ ​ഗവണ്മെൻ്റ് സംസ്ഥാന ​ഗവണ്മെൻ്റിന് പൂർണ്ണ പിന്തുണ നൽകുന്നു.

സുഹൃത്തുക്കളേ,

പതിറ്റാണ്ടുകളായി, ഭാരതത്തെ ഒരു ബഹിരാകാശ ശക്തിയാക്കുന്നതിൽ ആന്ധ്രാപ്രദേശ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഓരോ തവണയും ഒരു ദൗത്യം ആരംഭിക്കുമ്പോൾ, അത് കോടിക്കണക്കിന് ഇന്ത്യക്കാരെ അഭിമാനത്താൽ നിറയ്ക്കുന്നു. ബഹിരാകാശ മേഖല വളരെക്കാലമായി ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ ഭാവനയെ ആകർഷിച്ചിട്ടുണ്ട്. ഇപ്പോൾ, നമ്മുടെ രാഷ്ട്രവും നമ്മുടെ പ്രതിരോധ മേഖലയും ഒരു പുതിയ സ്ഥാപനത്താൽ ശക്തിപ്പെടുത്തപ്പെടുന്നു. കുറച്ചുനാൾ മുമ്പ്, ഡിആർഡിഒയുടെ പുതിയ മിസൈൽ പരീക്ഷണ കേന്ദ്രത്തിന് ഞങ്ങൾ തറക്കല്ലിട്ടു. നാഗയലങ്കയിൽ സ്ഥാപിക്കുന്ന നവദുർഗ പരീക്ഷണ കേന്ദ്രം, ദുർഗ്ഗാ ദേവിയെപ്പോലെ തന്നെ, ഭാരതത്തിന്റെ പ്രതിരോധ ശക്തിയെ ശക്തിപ്പെടുത്തും. ഈ നേട്ടത്തിന് നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞർക്കും ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ.


സുഹൃത്തുക്കളെ,

ഇന്ന് ഭാരതത്തിന്റെ ശക്തി അതിന്റെ ആയുധങ്ങളിൽ മാത്രമല്ല, ഐക്യത്തിലാണ്. നമ്മുടെ ഏകതാ മാളുകളിലൂടെ ഐക്യത്തിന്റെ ചൈതന്യം കൂടുതൽ ശക്തിപ്പെടുത്തപ്പെടുന്നു. രാജ്യത്തെ നിരവധി നഗരങ്ങളിൽ ഏകതാ മാളുകൾ സ്ഥാപിക്കപ്പെടുന്നു. വിശാഖപട്ടണത്ത് ഒരു ഏകതാ മാൾ കൂടി സ്ഥാപിക്കപ്പെടുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഈ മാളിൽ ഉണ്ടായിരിക്കും. തൽഫലമായി, ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് മുഴുവൻ രാജ്യത്തിന്റെയും കരകൗശല വസ്തുക്കൾ, കല, സംസ്കാരം എന്നിവ ഒരു കുടക്കീഴിൽ അനുഭവിക്കാൻ കഴിയും. കൂടാതെ, ഈ സംരംഭം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ മനോഭാവം ശക്തിപ്പെടുത്തുകയും ചെയ്യും.

ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചന്ദ്രബാബു ജി സംസാരിക്കുന്നത് നമ്മൾ ഇപ്പോൾ കേട്ടു. അന്താരാഷ്ട്ര യോഗ ദിനത്തിനായുള്ള രാജ്യത്തിന്റെ പ്രധാന പരിപാടി ആന്ധ്രാപ്രദേശിൽ സംഘടിപ്പിക്കാൻ എന്നെ ക്ഷണിച്ചതിന് ചന്ദ്രബാബു ജി, ആന്ധ്രാ ഗവൺമെന്റ്, സംസ്ഥാനത്തെ ജനങ്ങൾ എന്നിവരോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ ബഹുമതിക്ക് എന്റെ ഹൃദയംഗമമായ നന്ദി ഞാൻ അറിയിക്കുന്നു.


ചന്ദ്രബാബു ജി പറഞ്ഞതുപോലെ, ജൂൺ 21 ന് ആന്ധ്രാപ്രദേശിലെ ജനങ്ങളോടൊപ്പം ഞാനും യോഗയിൽ പങ്കെടുക്കും. ആഗോളതലത്തിൽ നടക്കുന്ന ഒരു പരിപാടി ഇവിടെ സംഘടിപ്പിക്കുമ്പോൾ അത് വലിയ പ്രാധാന്യമുള്ള ഒരു അവസരമായിരിക്കും. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പത്തുവർഷത്തെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഇത് എന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

ഇന്ന്, ആഗോളതലത്തിൽ യോഗയോടുള്ള ആകർഷണം വളർന്നുവരികയാണ്. ജൂൺ 21 ന് ലോകത്തിന്റെ മുഴുവൻ കണ്ണുകളും ആന്ധ്രാപ്രദേശിലായിരിക്കും. അടുത്ത 50 ദിവസങ്ങളിൽ സംസ്ഥാനമെമ്പാടും യോഗയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഊർജ്ജസ്വലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലായിടത്തും യോഗ മത്സരങ്ങൾ സംഘടിപ്പിക്കട്ടെ. ആന്ധ്രാപ്രദേശ് പുതിയൊരു ലോക റെക്കോർഡ് സ്ഥാപിച്ച് ലോകത്തെ അത്ഭുതപ്പെടുത്തട്ടെ. ചന്ദ്രബാബു ജിയുടെ കഴിവുറ്റ നേതൃത്വത്തിൽ ഇത് നേടിയെടുക്കാൻ കഴിയുമെന്നും അത് സാധ്യമാകുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.


സുഹൃത്തുക്കളേ,

ആന്ധ്രപ്രദേശിൽ സ്വപ്നം കാണുന്നവർക്ക് ഒരു കുറവുമില്ല, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശക്തിയും ദൃഢനിശ്ചയവുമുള്ളവർക്ക് ഒരു കുറവുമില്ല. ഞാൻ ആത്മവിശ്വാസത്തോടെ പറയുന്നു: ആന്ധ്രാപ്രദേശ് ശരിയായ പാതയിലാണ്, ശരിയായ വേഗത കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ, ഈ പുരോഗതിയുടെ വേഗത നിലനിർത്തുകയും ത്വരിതപ്പെടുത്തുകയും വേണം.

മൂന്ന് വർഷത്തിനുള്ളിൽ അമരാവതി വികസിപ്പിക്കുക എന്ന ചന്ദ്രബാബു ജിയുടെ ദർശനം അഭിലാഷപൂർണ്ണവും കൈവരിക്കാവുന്നതുമാണെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ഈ മൂന്ന് വർഷത്തിനിടയിൽ അമരാവതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പ്രവർത്തനങ്ങൾ ആന്ധ്രാപ്രദേശിന്റെ മൊത്തത്തിലുള്ള ജിഡിപിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് വ്യക്തമാണ്.

ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് - ഇന്ന് ഇവിടെ ഒത്തുകൂടിയ എന്റെ ബഹുമാന്യരായ സഹപ്രവർത്തകർക്ക് - ഒരിക്കൽ കൂടി, പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള നിങ്ങളുടെ പരിശ്രമത്തിൽ ഞാൻ എപ്പോഴും നിങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നടക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.

ഒരിക്കൽ കൂടി, നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

मी अन्दरि आशीर्वादमुतो ई कूटमि आन्ध्रप्रदेश अभिवृद्धिकि कट्टूबडि उन्नदि॥

ഭാരത് മാതാ കീ, ജയ്! ഭാരത് മാതാ കീ, ജയ്!

ഭാരത് മാതാ കീ, ജയ്!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

***

SK


(Release ID: 2128799)