പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്ഷയരോഗമുക്തഭാരത യജ്ഞത്തിന്റെ നിലവിലെ സ്ഥിതിയും പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്തു


ക്ഷയരോഗബാധിതർക്കു കുറഞ്ഞ കാലയളവിൽ ചികിത്സ, വേഗത്തിലുള്ള രോഗനിർണയം, മികച്ച പോഷകാഹാരം എന്നിവ സാധ്യമാക്കുന്ന ഇന്ത്യയുടെ ക്ഷയരോഗ നിർമാർജന തന്ത്രത്തിലെ സമീപകാല ആശയങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു



ക്ഷയരോഗ നിർമാർജനത്തിനായി ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സർവതോമുഖ സമീപനം മുന്നോട്ടുകൊണ്ടുപോകുന്നതിനു ജനപങ്കാളിത്തത്തിനു കരുത്തേകണമെന്നു പ്രധാനമന്ത്രി



ക്ഷയരോഗ നിർമാർജനത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി ഊന്നൽ നൽക‌ി



അടുത്തിടെ സമാപിച്ച നൂറുദിന ക്ഷയരോഗമുക്തഭാരത യജ്ഞം പ്രധാനമന്ത്രി അവലോകനം ചെയ്തു; യജ്ഞം രാജ്യമെമ്പാടും ത്വരിതപ്പെടുത്താനും വ്യാപിപ്പിക്കാനും കഴിയുമെന്നു പ്രധാനമന്ത്രി

Posted On: 13 MAY 2025 8:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ ഏഴാം നമ്പർ വസതിയിൽ ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതി(NTEP)യെക്കുറിച്ചുള്ള ഉന്നതതല അവലോകന യോഗം ചേർന്നു.

ക്ഷയരോഗികളെ കാലേക്കൂട്ടി കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും 2024-ൽ കൈവരിച്ച ഗണ്യമായ പുരോഗതിയെ ശ്ലാഘിച്ച പ്രധാനമന്ത്രി, രാജ്യത്തു ക്ഷയരോഗം നിർമാർജനം ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച്, രാജ്യവ്യാപകമായി വിജയകരമായ തന്ത്രങ്ങൾ വികസിപ്പിക്കണമെന്ന് ആഹ്വാനംചെയ്തു.

കരുതൽവേണ്ട 12.97 കോടി വ്യക്തികളിൽ രോഗനിർണയം നടത്തിയ, ഉയർന്ന ശ്രദ്ധ വേണ്ട ജില്ലകളെ ഉൾപ്പെടുത്തി അടുത്തിടെ സമാപിച്ച നൂറുദിന ക്ഷയരോഗമുക്തഭാരത യജ്ഞം പ്രധാനമന്ത്രി അവലോകനം ചെയ്തു. യജ്ഞത്തിൽ ലക്ഷണങ്ങൾ കാണിക്കാത്ത 2.85 ലക്ഷം ക്ഷയരോഗബാധിതരെ ഉൾപ്പെടെ 7.19 ലക്ഷം ക്ഷയരോഗബാധിതരെ കണ്ടെത്തി. യജ്ഞത്തിനിടെ ഒരുലക്ഷത്തിലധികം പുതിയ ‘നിക്ഷയ് മിത്രങ്ങൾ’ ഈ ഉദ്യമത്തിൽ പങ്കുചേർന്നു. രാജ്യമെമ്പാടും ഗവണ്മെന്റിന്റെയും സമൂഹത്തിന്റെയും സർവതോമുഖ സമീപനം മുന്നോട്ടുനയിക്കുന്നതു ത്വരിതപ്പെടുത്താനും വിപുലീകരിക്കാനും കഴിയുന്ന ജനപങ്കാളിത്തത്തിന് ഇതു മാതൃകയാണ്.

നഗര-ഗ്രാമ പ്രദേശങ്ങൾ അടിസ്ഥാനമാക്കിയും തൊഴിലുകൾ അടിസ്ഥാനമാക്കിയും ക്ഷയരോഗികളുടെ പ്രവണതകൾ വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. ഇതു കാലേക്കൂട്ടിയുള്ള പരിശോധനയും ചികിത്സയും ആവശ്യമുള്ള വിഭാഗങ്ങളെ (പ്രത്യേകിച്ച് നിർമാണം, ഖനനം, തുണിമില്ലുകൾ, സമാന മേഖലകൾ എന്നിവയിലെ തൊഴിലാളികളെ) കണ്ടെത്താൻ സഹായിക്കും. ആരോഗ്യസംരക്ഷണത്തിലെ സാങ്കേതികവിദ്യ മെച്ചപ്പെടുമ്പോൾ, ‘നിക്ഷയ് മിത്രങ്ങൾ’ (ക്ഷയരോഗബാധിതരെ പിന്തുണയ്ക്കുന്നവർ) ക്ഷയരോഗബാധിതരു​മായി ബന്ധപ്പെടുന്നതിനു സാങ്കേതികവിദ്യ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണം. സംവേദനാത്മകവും സുഗമമായി ഉപയോഗിക്കാൻ കഴിയുന്നതുമായ സാങ്കേതികവിദ്യ ഉപയോഗിച്ചു രോഗത്തെയും അതിന്റെ ചികിത്സയെയുംകുറിച്ചു മനസ്സിലാക്കാൻ രോഗബാധിതരെ സഹായിക്കുന്നതിനു നിക്ഷയ് മിത്രങ്ങൾക്കു കഴിയും. 

പതിവു ചികിത്സയിലൂടെ ഇപ്പോൾ ക്ഷയരോഗം ഭേദമാക്കാൻ കഴിയുമെന്നതിനാൽ, പൊതുജനങ്ങൾക്കിടയിൽ ഭയം കുറയ്ക്കുകയും കൂടുതൽ അവബോധം സൃഷ്ടിക്കുകയും വേണമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ക്ഷയരോഗ നിർമാർജനത്തിനുള്ള സുപ്രധാന നടപടിയായി ജനപങ്കാളിത്തത്തിലൂടെയുള്ള ശുചിത്വത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രോഗബാധിതരായ ഓരോരുത്തർക്കും ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാൻ വ്യക്തിപരമായി അവരിലേക്ക് എത്താനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം ആഹ്വാനംചെയ്തു.

യോഗത്തിൽ, ലോകാരോഗ്യ സംഘടനയുടെ 2024ലെ ആഗോള ക്ഷയരോഗ റിപ്പോർട്ടിലെ പ്രോത്സാഹജനകമായ കണ്ടെത്തലുകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതു ക്ഷയരോഗനിർണയത്തിൽ 18% കുറവു സ്ഥിരീകരിക്കുന്നു (2015-നും 2023-നും ഇടയിൽ ഒരുലക്ഷം ജനസംഖ്യയിൽ 237-ൽനിന്ന് 195 ആയി കുറഞ്ഞു). ഇത് ആഗോള വേഗതയുടെ ഇരട്ടിയാണ്. ക്ഷയരോഗ മരണനിരക്കിൽ 21% കുറവും (ഒരുലക്ഷം ജനസംഖ്യയിൽ 28-ൽനിന്ന് 22 ആയി കുറഞ്ഞു) 85% ചികിത്സാപരിരക്ഷയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു പരിപാടിയുടെ വർധിക്കുന്ന വ്യാപ്തിയും ഫലപ്രാപ്തിയും പ്രതിഫലിപ്പിക്കുന്നു.

പ്രധാന അടിസ്ഥാനസൗകര്യ വ‌ിപുലീകരണങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. ക്ഷയരോഗ നിർണയ ശൃംഖല 8540 NAAT (ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റിങ്) ലാബുകളിലേക്കും 87 കൾച്ചർ & ഡ്രഗ് സസ്പെക്റ്റിബിലിറ്റി ലാബുകളിലേക്കും വികസിപ്പിക്കൽ; നിർമിതബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള 500 ഹാൻഡ്‌ഹെൽഡ് എക്സ്-റേ ഉപകരണങ്ങൾ ഉൾപ്പെടെ 26,700-ലധികം എക്സ്-റേ യൂണിറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. ആയിരം എക്സ്-റേ യൂണിറ്റുകൾകൂടി സ്ഥാപിക്കാനൊരുങ്ങുകയാണ്. ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളിൽ സൗജന്യപരിശോധന, രോഗനിർണയം, ചികിത്സ, പോഷകാഹാരപിന്തുണ എന്നിവയുൾപ്പെടെ എല്ലാ ക്ഷയരോഗ സേവനങ്ങളുടെയും വികേന്ദ്രീകരണവും അദ്ദേഹം എടുത്തുകാട്ടി.

നിരവധി പുതിയ സംരംഭങ്ങൾ അവതരിപ്പിച്ചതായും യോഗത്തിൽ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പോഷകാഹാര സംരംഭങ്ങൾ ഉൾപ്പെടെ, ഖനികൾ, തേയിലത്തോട്ടം, നിർമാണമേഖലകൾ, നഗരങ്ങളിലെ ചേരികൾ തുടങ്ങിയ ജനങ്ങൾ തിങ്ങിനിറഞ്ഞ സാഹചര്യങ്ങളിൽ പരിശോധനയ്ക്കായി നിർമിതബുദ്ധി നിയന്ത്രിത ഹാൻഡ്‌ഹെൽഡ് എക്സ്-റേകൾ, മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയരോഗത്തിനുള്ള ഹ്രസ്വ ചികിത്സാരീതി, പുതിയ തദ്ദേശീയ തന്മാത്ര രോഗനിർണയം, ഇടപെടലുകൾ, പരിശോധനയും കാലേക്കൂട്ടിയുള്ള കണ്ടെത്തലുകളും; 2018 മുതൽ 1.28 കോടി ക്ഷയരോഗബാധിതർക്കു നി-ക്ഷയ് പോഷണ പദ്ധതിവഴി നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം നടത്ത‌ലും 2024ൽ ഈ സഹായം ആയിരം രൂപയായി ഉയർത്തലും എന്നിങ്ങനെ വിവിധ വിവരങ്ങൾ പ്രധാനമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു. നി-ക്ഷയ് മിത്ര സംരംഭത്തിനു കീഴിൽ 2.55 ലക്ഷം നി-ക്ഷയ് മിത്രങ്ങൾ 29.4 ലക്ഷം ഭക്ഷ്യക്കൂടകൾ വിതരണം ചെയ്തു.

യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, പ്രധാനമന്ത്രിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ അമിത് ഖരെ, ആരോഗ്യ സെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

*****

SK
 


(Release ID: 2128532)