ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കൗടില്യന്റെ ദർശനങ്ങൾ നമ്മുടെ പ്രധാനമന്ത്രി കർമ്മപഥത്തിൽ മാതൃകയാക്കി - ഉപരാഷ്ട്രപതി

ഇന്ത്യാ ഫൗണ്ടേഷന്റെ കൗടില്യ ഫെലോഷിപ്പ് ലഭിച്ച പ്രതിഭകളുമായി ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി സംവദിച്ചു

Posted On: 08 MAY 2025 2:33PM by PIB Thiruvananthpuram
"നമ്മുടെ പ്രധാനമന്ത്രി കൗടില്യന്റെ ദർശനങ്ങളെ കർമ്മപഥത്തിൽ മാതൃകയാക്കിയെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് വ്യക്തമാക്കി. കൗടില്യന്റെ ചിന്താധാര ഭരണനിർവ്വഹണത്തിനുള്ള ഒരു ആധികാരിക രേഖയാണ്. ഭരണനിർവ്വഹണത്തിന്റെ സമസ്ത വശങ്ങളിലും - രാഷ്ട്രതന്ത്രം, രാജ്യസുരക്ഷ, രാജാവിന്റെ ചുമതലകൾ തുടങ്ങിയവയിൽ- സമകാലിക ഭരണകർത്താക്കൾക്ക് പോലും ബാധകമായ - ഒരു വിജ്ഞാനകോശമാണത്. സഖ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ബഹുധ്രുവ ലോകത്ത് .... നമ്മുടെ ദർശനം സുവ്യക്തമാണ് - ദീർഘകാല പ്രതിബദ്ധത പലപ്പോഴും പ്രയോഗികമാകണമെന്നില്ല എന്നതാണ് ആ ദർശനം. സഖ്യങ്ങളിലും ഇതുതന്നെ ദർശിക്കാം. അത് സദാ മാറിക്കൊണ്ടിരിക്കുമെന്ന് കൗടില്യൻ അന്ന് വിഭാവനം ചെയ്തു. കൗടില്യനെ ഞാൻ ഉദ്ധരിക്കട്ടെ: 'ഒരു അയൽ രാജ്യം ശത്രുവാണെങ്കിൽ, ശത്രുവിന്റെ ശത്രു മിത്രമാണ്.' ഭാരതത്തേക്കാൾ നന്നായി ഏത് രാജ്യത്തിനാണ് ഇത് അറിയാവുന്നത്? ആഗോള സമാധാനത്തിലും ആഗോള സാഹോദര്യത്തിലും ആഗോള ക്ഷേമത്തിലും സദാ വിശ്വസിക്കുന്നവരാണ് നാം.


“ദാർശനിക വ്യക്തിത്വമായ നമ്മുടെ പ്രധാനമന്ത്രി, വിപ്ലവകരമായ പരിവർത്തനത്തിൽ വിശ്വസിക്കുന്നതായി ഇന്ത്യാ ഫൗണ്ടേഷന്റെ കൗടില്യ ഫെലോഷിപ്പ് ലഭിച്ച പ്രതിഭകളുമായി ന്യൂഡൽഹിയിൽ  സംവദിക്കവേ ശ്രീ ധൻഖർ പറഞ്ഞു. ഒരു ദശാബ്ദക്കാലത്തെ ഭരണത്തിന് ശേഷം, ഭരണത്തിന്റെ സദ്ഫലങ്ങൾ പകൽ പോലെ വ്യക്തമാണ്.  പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ്, മൂന്നാം തവണയും തുടർച്ചയായി അധികാരത്തിലേറിയ ഒരു പ്രധാനമന്ത്രിയെ  നമുക്ക് ലഭിക്കുന്നത്. അതാണ് എല്ലാ പരിവർത്തനങ്ങൾക്കും കാരണം." ഒരു പ്രത്യേക കാര്യത്തിന് കൗടില്യൻ അതീവ പ്രാധാന്യം നൽകിയിരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു, "ജനാധിപത്യം പങ്കാളിത്തത്തിലധിഷ്ഠിതമായിരിക്കണം; വികസനവും പങ്കാളിത്തത്തിലധിഷ്ഠിതമായിരിക്കണം. രാജ്യത്തിൻറെ ക്ഷേമത്തിൽ വ്യക്തികളുടെ സംഭാവനകൾക്ക് അദ്ദേഹം വലിയ പ്രാധാന്യം കൽപ്പിച്ചു. ഒരു രാഷ്ട്രം നിർവചിക്കപ്പെട്ടിരിക്കുന്നത് മാന്യത, അച്ചടക്കം എന്നീ ഗുണങ്ങളാലാണ് - അവ വ്യക്തിഗത ഗുണങ്ങൾ കൂടിയാണ്. ഒപ്പം, ഞാൻ കൗടില്യനെ  ഉദ്ധരിക്കുന്നു: 'ഒരു ചക്രം കൊണ്ട് മാത്രം ഒരു വാഹനത്തെ ചലിപ്പിക്കാനകത്തത് പോലെ'.....ഭരണവും ഒറ്റയ്ക്ക് നിർവ്വഹിക്കാൻ സാധ്യമല്ല."

സമകാലിക ഭരണനിർവ്വഹണത്തിൽ ഈ ധാർമ്മികത എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി , "നമ്മുടെ രാജ്യത്തിന് നൂതനമായ ഒരു ഭരണസംവിധാനമുണ്ട്. പിന്നാക്കം നിൽക്കുന്ന ചില ജില്ലകൾ നമ്മുടെ രാജ്യത്തുണ്ടായിരുന്നു. ആ മേഖലകളിലേക്ക് ഉദ്യോഗസ്ഥർ കടന്നു ചെന്നിരുന്നില്ല. ആ ജില്ലകളെ പ്രധാനമന്ത്രി മോദി സവിശേഷമായി നാമകരണം ചെയ്തു: 'അഭിലാഷയുക്ത ജില്ലകൾ'. ഇപ്പോൾ, ആ 'അഭിലാഷയുക്ത ജില്ലകൾ' വികസനത്തിൽ മുൻനിര ജില്ലകളായി മാറിയിരിക്കുന്നു. ജനങ്ങൾ മെട്രോ നഗരങ്ങളിലേക്ക് കുടിയേറുന്ന കാര്യം പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയിൽപ്പെട്ടു. രണ്ടാംനിര, മൂന്നാം നിര നഗരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറണമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് സ്മാർട്ട് സിറ്റി എന്ന പേരിൽ ഒരു സംവിധാനം വികസിപ്പിച്ചെടുത്തത്. അടിസ്ഥാന സൗകര്യങ്ങളുടെയോ സൗന്ദര്യവത്ക്കരണത്തിന്റെയോ മാത്രം പശ്ചാത്തലത്തിലല്ല  സ്മാർട്ട് സിറ്റികൾ സൃഷ്ടിക്കപ്പെടുന്നത്. സംരംഭകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാകുന്ന സാഹചര്യമാണത്." കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തെ ഉദ്ധരിക്കവേ ശ്രീ ധൻഖർ പറഞ്ഞു, "രാജാവിന്റെ സന്തോഷം കുടികൊള്ളുന്നത് ജനങ്ങളുടെ സന്തോഷത്തിലാണെന്ന്" കൗടില്യൻ പ്രഖ്യാപിച്ചു. ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും ഭരണഘടന പരിശോധിച്ചാൽ, ജനാധിപത്യ ഭരണനിർവ്വഹണത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും ആധാരമായ ആത്മാവും സത്തയും ഈ ദർശനമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും."

ഇന്ത്യയുടെ സാംസ്ക്കാരിക മൂല്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു, "വാക്കും പ്രവൃത്തിയും പരസ്പര പൂരകമാകുമ്പോഴാണ് ജനാധിപത്യം ഏറ്റവും മികച്ച രീതിയിൽ പരിപോഷിപ്പിക്കപ്പെടുന്നത്. അത് ജനാധിപത്യത്തെ മറ്റേതൊരു ഭരണരീതിയിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഇന്ത്യയിൽ, ജനാധിപത്യത്തിന് തുടക്കം കുറിച്ചത് നമ്മുടെ ഭരണഘടന പ്രാബല്യത്തിൽ വന്നപ്പോഴോ വൈദേശിക ഭരണത്തിൽ നിന്ന് നാം സ്വതന്ത്രരായപ്പോഴോ അല്ല. സഹസ്രാബ്ദങ്ങളായി നാം ഒരു ജനാധിപത്യ രാഷ്ട്രമാണ്. ഈ വാക്കും പ്രവൃത്തിയും, പരസ്പര പൂരകമാകുന്ന സംവിധാനം —അഭിവ്യക്തി, വാദ് വിവാദ്—വേദ സംസ്കാരത്തിൽ അനന്ത വാദ് എന്നാണ് അറിയപ്പെടുന്നത്."

*****
 

(Release ID: 2127851)
Read this release in: English , Urdu , Hindi , Tamil , Telugu