ആയുഷ്‌
azadi ka amrit mahotsav

ആരോഗ്യത്തിനായുള്ള ആഗോള ഐക്യദാർഢ്യത്തെ പ്രതീകപ്പെടുത്തുന്ന 'യോഗ സംഗമം'; യോഗയിലൂടെ മനുഷ്യരാശിയെ ഒന്നിപ്പിക്കുന്ന ശക്തമായ പ്രസ്ഥാനം: ശ്രീ പ്രതാപ് റാവു ജാദവ്

യോഗ സംഗമം പോർട്ടൽ ആരംഭിച്ചു

Posted On: 02 MAY 2025 12:51PM by PIB Thiruvananthpuram
മഹാകുംഭത്തിന്റെ നാടായ നാസിക് യോഗയുടെ ഒരു മഹത്തായ ആഘോഷത്തിന് ഇന്ന് സാക്ഷ്യം വഹിച്ചു.അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (IDY) 50 ദിവസത്തെ കൗണ്ട്ഡൗൺ ആഘോഷിക്കാൻ ആയുഷ് മന്ത്രാലയത്തിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) സംഘടിപ്പിച്ച 'യോഗ മഹോത്സവം- 2025 'ൽ  6000-ത്തിലധികം യോഗ തല്പരർ ഒത്തുചേർന്നു . പഞ്ചവടിയിലെ ആത്മീയ പ്രാധാന്യമുള്ള ഗൗരി മൈതാനത്ത് നടന്ന ഈ പരിപാടിയിൽ ഇന്ത്യയുടെ സമ്പന്നമായ യോഗ പാരമ്പര്യത്തെ ആഘോഷിക്കുകയും  യോഗ സംഗമം പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. അന്താരാഷ്ട്ര യോഗ ദിനമായ 2025 ജൂൺ 21 ന് രാജ്യമെമ്പാടും 1,00,000-ത്തിലധികം സ്ഥലങ്ങളിലായി നടത്താൻ ഉദ്ദേശിക്കുന്ന രാജ്യവ്യാപക യോഗദിനാഘോഷം സുഗമമാക്കുന്നതിനായാണ് ഈ പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. യോഗ ദിനാഘോഷത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഇത്.
 
 
 കേന്ദ്ര ആയുഷ് വകുപ്പ് സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ് പരിപാടി ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞു: "മഹാത്മാക്കളുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഒരു പുണ്യനഗരമാണ് നാസിക്. ഇവിടം സന്ദർശിക്കുന്നത് അഭിമാനകരവും സന്തോഷപ്രദവുമാണ്. ഒരുകാലത്ത് ഇന്ത്യൻ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന യോഗ ഇപ്പോൾ അന്താരാഷ്ട്ര സമൂഹത്തിൽ അംഗീകാരം നേടിയിരിക്കുന്നു."
 
 അന്താരാഷ്ട്ര യോഗാദിനം വിജയകരമായി സംഘടിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര ഗവൺമെന്റ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അക്ഷീണ പരിശ്രമത്തിന് നന്ദി.ഇന്ന്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന്റെ അടിത്തറയാണ് യോഗ. അതിന്റെ ഗുണങ്ങൾ ഓരോ വ്യക്തിയിലേക്കും എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, 2025 ലെ അന്താരാഷ്ട്ര യോഗ ദിനം ഒരു ദശാബ്ദക്കാലത്തെ ആഗോള ഉത്സവമായി ആഘോഷിക്കുന്നു."
 
2025-ലെ അന്താരാഷ്ട്ര യോഗ ദിനത്തിലെ (IDY) പത്ത് സിഗ്നേച്ചർ പരിപാടികളിൽ ഒന്നായ യോഗ സംഗമം, ഇന്ത്യയിലുടനീളം1,00,000 സ്ഥലങ്ങളിൽ വികേന്ദ്രീകൃതവും എന്നാൽ ഏകോപനത്തോടെയുള്ളതുമായ ഒരു കൂട്ടയോഗാഭ്യാസ പ്രകടനം നടത്തുന്നതിനുള്ള ഒരു വിപ്ലവകരമായ സംരംഭമാണ്. അന്താരാഷ്ട്ര യോഗ ദിനമായ 2025 ജൂൺ 21 നാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
 
ഇന്നത്തെ യോഗ മഹോത്സവത്തിൽ പൊതു യോഗ പ്രോട്ടോക്കോളിൽ പ്രത്യേക ഊന്നൽ നൽകി. പ്രമുഖ യോഗ വിദഗ്ധരുടെ അഭിപ്രായങ്ങൾക്ക് ഊന്നൽ നൽകി വികസിപ്പിച്ചെടുത്ത യോഗ പ്രോട്ടോകോൾ പ്രാണായാമം, ധ്യാനം തുടങ്ങിയ ദൈനംദിന യോഗാഭ്യാസങ്ങൾ ദിനചര്യയുമായി സംയോജിപ്പിക്കാൻ വ്യക്തികളെ സഹായിക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇവ ശരീരത്തിന്റെ വഴക്കം, ശക്തി, സന്തുലിതാവസ്ഥ, സമഗ്രമായ ക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നു. പൗരന്മാരെ നിത്യേന യോഗ ചെയ്യാനും പരിശീലിക്കാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാന വേദിയായി കേന്ദ്ര ഗവൺമെന്റിന്റെ യോഗ പോർട്ടൽ പ്രവർത്തിക്കുന്നു.
 
2025 ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി 10 സവിശേഷ സിഗ്നേച്ചർ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിപുലവും സമഗ്രവുമായ ഇവ ആഗോള പരിപാടിയുടെ 11-ാം പതിപ്പിനെ അടയാളപ്പെടുത്തും.:
 
•യോഗ സംഗമം - 1,00,000 സ്ഥലങ്ങളിൽ നടക്കുന്ന ഒരു ഏകീകൃത യോഗ പ്രദർശനം.
•യോഗ ബന്ധൻ - ആഗോളതലത്തിൽ പത്ത് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ പ്രശസ്തമായ സ്ഥലങ്ങളിൽ യോഗ സെഷനുകൾ സംഘടിപ്പിക്കുന്നു.
•യോഗ പാർക്കുകൾ - ദീർഘകാല സമൂഹ ഇടപെടലിനായി 1,000 യോഗ പാർക്കുകളുടെ വികസനം.
•യോഗ സമാവേശ് - ദിവ്യാംഗർ, മുതിർന്ന പൗരന്മാർ, കുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കായി പ്രത്യേക യോഗ പരിപാടികൾ.
•യോഗ പ്രഭാവ് - പൊതുജനാരോഗ്യത്തിൽ യോഗയുടെ സ്വാധീനത്തെ കുറിച്ചുള്ള ഒരു ദശാബ്ദക്കാലത്തെ വിലയിരുത്തൽ.
•യോഗ കണക്ട് - പ്രശസ്ത യോഗ വിദഗ്ധരും ആരോഗ്യ സംരക്ഷണ വിദഗ്ധരുംപങ്കെടുക്കുന്ന ഒരു വെർച്വൽ ആഗോള യോഗ ഉച്ചകോടി
•ഹരിത യോഗ - യോഗയെ വൃക്ഷത്തൈ നടീലും ശുചീകരണ യജ്ഞവുമായി സംയോജിപ്പിക്കുന്ന ഒരു സുസ്ഥിരതാധിഷ്ഠിത സംരംഭം.
•യോഗ അൺപ്ലഗ്ഡ് - യുവാക്കളെ യോഗയിലേക്ക് ആകർഷിക്കുന്നതിനുള്ള ഒരു പരിപാടി.
•യോഗ മഹാ കുംഭ് -10 സ്ഥലങ്ങളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ പരിപാടിയോടെ സമാപനം
•സംയോഗം - സമഗ്ര ക്ഷേമത്തിനായി ആധുനിക ആരോഗ്യ സംരക്ഷണ രീതികളുമായി യോഗയെ സംയോജിപ്പിക്കുന്ന 100 ദിവസത്തെ സംരംഭം.
 
*****

(Release ID: 2126340) Visitor Counter : 15
Read this release in: English , Urdu , Hindi , Marathi