വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

ഉഡാൻ പദ്ധതി

ഇന്ത്യയെ ബന്ധിപ്പിക്കുന്നു, ഓരോ വിമാനയാത്രയും

Posted On: 26 APR 2025 9:34AM by PIB Thiruvananthpuram

വിമാനയാത്ര ഒരുകാലത്ത് ചുരുക്കം ചിലരുടെ മേഖലയായി കണക്കാക്കപ്പെട്ടിരുന്നുവെങ്കില്‍  ഉഡാൻ നടപ്പാക്കിയതോെടെ അത് മാറിയിരിക്കുന്നു. ഹവായ് ചെരിപ്പ് ധരിച്ച ഒരാള്‍ വിമാനത്തില്‍ പറക്കുന്നതാണ് എന്റെ സ്വപ്നം.

 

- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

 

സംഗ്രഹം

 

  • 2016 ഒക്ടോബർ 21-ന് ഉഡാൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു;  2017 ഏപ്രിൽ 27-ന് ഷിംലയ്ക്കും ഡൽഹിക്കുമിടയിൽ ആദ്യ  ഉഡാൻ വിമാനം സർവീസ് നടത്തി.

  • ഇന്ത്യയിലുടനീളം 90 വിമാനത്താവളങ്ങളെ (2 ജല വിമാനത്താവളങ്ങളും 15 ഹെലിപോർട്ടുകളും ഉൾപ്പെടെ) ബന്ധിപ്പിച്ചുകൊണ്ട് 625 ഉഡാൻ വ്യോമപാതകള്‍ പ്രവർത്തനക്ഷമമാക്കി.

  • ഉഡാൻ പദ്ധതിയില്‍ 1.49 കോടിയിലധികം യാത്രക്കാർക്ക് താങ്ങാവുന്ന ചെലവില്‍ പ്രാദേശിക വിമാന യാത്രയിലൂടെ പ്രയോജനം ലഭിച്ചു.

  • 2014-ലെ രാജ്യത്തെ 74 വിമാനത്താവളങ്ങള്‍ 2024-ൽ 159 വിമാനത്താവളങ്ങളായി ഉയര്‍ന്നതോടെ ഒരു ദശാബ്ദത്തിനകം ഇന്ത്യയിലെ വിമാനത്താവള ശൃംഖല ഇരട്ടിയായി.

  • സേവനം കുറഞ്ഞ  വിദൂര  പ്രദേശങ്ങളിലേക്ക് യാത്രാസൗകര്യം പ്രോത്സാഹിപ്പിക്കാന്‍ 4,023.37 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) വിതരണം ചെയ്തു.

  • പ്രാദേശിക വിനോദസഞ്ചാരം, ആരോഗ്യ പരിപാലന സേവന ലഭ്യത,  വ്യാപാരം എന്നിവ ശക്തിപ്പെടുത്തിയ ഉഡാന്‍ ടയർ-2, ടയർ-3 നഗരങ്ങളിലെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നല്‍കി.  


ആമുഖം

കാലങ്ങളായി അഭിലാഷത്തിന്റെ പ്രതീകമായി നാം കാണുന്ന ആകാശം ഇന്ത്യയിൽ പലർക്കും എത്തപ്പിടിക്കാനാവാത്ത സ്വപ്നമായി ശേഷിച്ചു. ഈ വിടവ് നികത്തുന്നതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ 2016 ഒക്ടോബർ 21-ന് പ്രാദേശിക സമ്പര്‍ക്കസൗകര്യ പദ്ധതി (ആർ‌സി‌എസ്) - ഉഡാൻ (‘ഉഡേ ദേശ് കാ ആം നാഗരിക്’) ആരംഭിച്ചു. ചെരിപ്പ് ധരിച്ച ഒരു സാധാരണക്കാരന് പോലും വിമാന യാത്ര താങ്ങാനാവണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലധിഷ്ഠിതമായ ഉഡാൻ പദ്ധതി വിമാന യാത്രയെ എല്ലാവർക്കും പ്രാപ്യവും താങ്ങാവുന്നതുമാക്കി മാറ്റി  ജനാധിപത്യവൽക്കരിക്കാൻ ലക്ഷ്യമിടുന്നു. സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഈ മുൻനിര പദ്ധതി  തുടക്കം മുതല്‍ ഇന്ത്യയുടെ പ്രാദേശിക വ്യോമയാന പശ്ചാത്തലം മാറ്റിമറിച്ചു. 

 

സാധാരണ പൗരന്മാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ വിമാനയാത്രയെന്ന സ്വപ്നം ആദ്യ ഉഡാൻ വിമാനത്തോടെ യാഥാര്‍ത്ഥ്യമായി.  ഷിംലയിലെ ശാന്തമായ മലനിരകളെ ഡൽഹിയിലെ തിരക്കേറിയ മഹാനഗരവുമായി ബന്ധിപ്പിച്ച ചരിത്ര വിമാനം 2017 ഏപ്രിൽ 27 ന്  പറന്നുയർന്നു. ഇന്ത്യൻ വ്യോമയാനരംഗത്തെ പരിവർത്തനാത്മക  യാത്രയ്ക്ക് തുടക്കം കുറിക്കുകയും  എണ്ണമറ്റ ജനങ്ങള്‍ക്ക് ആകാശം തുറന്നു നല്‍കുകയും ചെയ്ത  ഈ നാഴികക്കല്ല്  2025 ഏപ്രിൽ 27 ന് 8 വർഷം പൂർത്തീകരിക്കുന്നു. 

 

10 വർഷ കാഴ്ചപ്പാടോടെ  വിപണി അധിഷ്ഠിത സാമ്പത്തിക പിന്തുണാ മാതൃകയില്‍ ടയർ-2, ടയർ-3 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ സിവിൽ വ്യോമയാന നയം (എന്‍സിഎപി) 2016 പ്രകാരമാണ് ഉഡാൻ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇളവുകള്‍, വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) എന്നിവയിലൂടെ പ്രാദേശിക റൂട്ടുകളിൽ സര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിച്ച ഈ പദ്ധതി താങ്ങാവുന്ന നിരക്കുകളും മെച്ചപ്പെട്ട പ്രവേശനക്ഷമതയും ഉറപ്പാക്കി.

 

  • വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്): താങ്ങാവുന്ന നിരക്കുകൾ ഉറപ്പാക്കാന്‍ വിമാനക്കമ്പനികൾക്ക് സാമ്പത്തിക സഹായം.

  • താങ്ങാവുന്ന നിരക്ക് ഉറപ്പാക്കാന്‍ വിമാനനിരക്ക് പരിധി.

  • കേന്ദ്രവും സംസ്ഥാനങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) സ്വകാര്യ വിമാനത്താവള കമ്പനികളും തമ്മിലെ സഹകരണ ഭരണനിര്‍വഹണം.

 

ഓഹരി ഉടമകൾക്ക് ആനുകൂല്യങ്ങൾ

:

ലാഭം കുറഞ്ഞ വിപണികളിൽ വിമാന സർവീസുകള്‍ നടത്താൻ വിമാനക്കമ്പനികളെ ആകർഷിക്കുന്നതിന് സർക്കാർ നിരവധി പിന്തുണാ നടപടികൾ കൈക്കൊണ്ടു:

 

വിമാനത്താവള നടത്തിപ്പുകാര്‍: ആർ‌സി‌എസ് വിമാനങ്ങൾക്ക് ലാൻഡിംഗ്, പാർക്കിംഗ് ചാർജുകൾ ഒഴിവാക്കുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ‌എ‌ഐ) ഈ വിമാനങ്ങളിൽ ടെർമിനൽ നാവിഗേഷൻ ലാൻഡിംഗ് ചാർജുകൾ (ടി‌എൻ‌എൽ‌സി) ഈടാക്കുന്നില്ല. കൂടാതെ, റൂട്ട് നാവിഗേഷൻ ആൻഡ് ഫെസിലിറ്റേഷൻ ചാർജിലും (ആർ‌എൻ‌എഫ്‌സി) കിഴിവ് ബാധകമാണ്.

 

കേന്ദ്ര സർക്കാർ: ആർ‌സി‌എസ് വിമാനത്താവളങ്ങളിൽ നിന്ന് വാങ്ങുന്ന വ്യോമ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) എക്സൈസ് തീരുവ ആദ്യ മൂന്ന് വർഷത്തേക്ക് 2 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വ്യാപ്തി വിപുലീകരിക്കുന്നതിന് കോഡ്-ഷെയറിംഗ് കരാറുകളിൽ ഏർപ്പെടാൻ വിമാനക്കമ്പനികളെ    പ്രോത്സാഹിപ്പിക്കുന്നു.

 

സംസ്ഥാന സർക്കാരുകൾ: പത്ത് വർഷത്തേക്ക് എടിഎഫിന്റെ മൂല്യവര്‍ധിത നികുതി ഒരു ശതമാനമോ അതില്‍ കുറവോ ആക്കി നിജപ്പെടുത്താനും സുരക്ഷ, അഗ്നിശമന സേവനങ്ങൾ, മറ്റ് അവശ്യ സേവനങ്ങൾ തുടങ്ങിയവ  കുറഞ്ഞ നിരക്കിൽ നൽകാനും  സംസ്ഥാനങ്ങൾ പ്രതിജ്ഞാബദ്ധമാണ്.

 

ഏറെക്കാലമായി അവഗണിക്കപ്പെട്ട പ്രദേശങ്ങൾക്ക് സേവനം നൽകുന്നതിനൊപ്പം  വിമാനക്കമ്പനികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനാവുന്ന അന്തരീക്ഷം ഈ സഹകരണ ചട്ടക്കൂടിലൂടെ വളർത്തിയെടുത്തു. 

 

ഉഡാൻ പദ്ധതിയുടെ പരിണാമം: തുടക്കം മുതൽ വിപുലീകരണം വരെ

2016-ൽ തുടക്കം കുറിച്ചതുമുതല്‍ വിവിധ ഘട്ടങ്ങളിലൂടെ വികസിച്ച ഉഡാൻ പദ്ധതി  ഇന്ത്യയുടെ പ്രാദേശിക വ്യോമയാന സൗകര്യങ്ങളും വ്യാപ്തിയും തോതും വര്‍ധിപ്പിച്ചു. 

പ്രധാന ഘട്ടങ്ങളുടെ സംഗ്രഹം ചുവടെ:

ഉഡാൻ 1.0 (2017)

നാഴികക്കല്ലായ തുടക്കം: ആദ്യ  ഉഡാൻ വിമാനം 2017 ഏപ്രിൽ 27 ന് (ഷിംല–ഡൽഹി) പറന്നുയർന്നു.

വിസ്തൃതി: 5 വിമാനക്കമ്പനികള്‍ 36 പുതിയ വിമാനത്താവളങ്ങളടക്കം 70 വിമാനത്താവളങ്ങൾക്ക് 128 റൂട്ടുകൾ അനുവദിച്ചു. 


ഉഡാൻ 2.0 (2018)

സർവീസുകൾ കുറഞ്ഞതും ഇല്ലാത്തതുമായ 73 വിമാനത്താവളങ്ങളെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചു.

ആദ്യമായി ഹെലിപാഡുകള്‍  ഉഡാൻ ശൃംഖലയുമായി ബന്ധിപ്പിച്ചു.

ഉഡാൻ 3.0 (2019)

ടൂറിസം മന്ത്രാലയവുമായി ഏകോപിപ്പിച്ച് വിനോദസഞ്ചാര റൂട്ടുകൾ അവതരിപ്പിച്ചു.

ജല വിമാനത്താവളങ്ങളെ ബന്ധിപ്പിക്കാന്‍ സീപ്ലെയിൻ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.

വടക്കുകിഴക്കൻ മേഖലയിലെ നിരവധി റൂട്ടുകൾ പദ്ധതിയുടെ പരിധിയിൽ വന്നു.

 

ഉഡാൻ 4.0 (2020)

മലയോര പ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ദ്വീപ് മേഖലകള്‍ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഹെലികോപ്റ്റർ, സീപ്ലെയിൻ സർവീസുകൾക്ക് കൂടുതൽ ഊന്നൽ നല്‍കി.

 

2025 ഒക്ടോബറിൽ ഉഡാൻ 9-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ശ്രദ്ധേയ  നേട്ടങ്ങളാണ് പദ്ധതി  കൈവരിച്ചത്.

ഉഡാൻ യാത്രി കഫേകൾ: വിമാനയാത്ര കൂടുതൽ സമഗ്രമാക്കുകയെന്ന കാഴ്ചപ്പാടിനനുസൃതമായി കൊൽക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിൽ താങ്ങാവുന്ന വിലയിൽ യാത്രി കഫേകള്‍ക്ക് തുടക്കം കുറിച്ചു. 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമൂസയും ഉള്‍പ്പെടെ ഗുണനിലവാരമുള്ള ഭക്ഷണം താങ്ങാവുന്ന വിലയിൽ ഉറപ്പാക്കുന്നു.  

സീപ്ലെയിൻ പ്രവർത്തനങ്ങൾ: പ്രാദേശിക, അവസാനതല യാത്രാസൗകര്യങ്ങള്‍  വർധിപ്പിക്കുന്നതിന് സുരക്ഷ, പ്രവർത്തന സാധ്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2024 ഓഗസ്റ്റ് 22 ന് സീപ്ലെയിൻ പ്രവർത്തന മാർഗനിർദേശങ്ങൾ പുറത്തിറക്കി. രാജ്യത്തുടനീളം തിരഞ്ഞെടുത്ത 50-ലധികം ജലാശയങ്ങളുടെ ലേലത്തിനായി ഉഡാൻ ഘട്ടം 5.5 ആരംഭിച്ചു.

 

പുതുക്കിയ ഉഡാൻ പദ്ധതി: ആദ്യ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദശകം 120 പുതിയ ലക്ഷ്യസ്ഥാനങ്ങൾ ചേർക്കാനും 4 കോടി യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കില്‍ വിമാന യാത്ര സാധ്യമാക്കാനും പുതുക്കിയ പദ്ധതി ലക്ഷ്യമിടുന്നു. ഹെലിപാഡുകൾക്കും ചെറുവിമാനത്താവളങ്ങൾക്കും പ്രത്യേക പിന്തുണ നല്‍കി  വടക്കുകിഴക്കൻ മേഖലയുടെയും വിദൂര, മലയോര പ്രദേശങ്ങളുടെയും അഭിലഷണീയ ജില്ലകളുടെയും ഉള്‍പ്പെടെ വ്യോമയാത്രാ സൗകര്യം വികസിപ്പിക്കുന്നതില്‍ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. 

 

കൃഷി ഉഡാൻ പദ്ധതി: കർഷകരെ പിന്തുണയ്ക്കാനും കാർഷികോല്പന്നങ്ങളുടെ മൂല്യ ലഭ്യത മെച്ചപ്പെടുത്താനും രൂപകല്പന ചെയ്‌തിരിക്കുന്ന കൃഷി ഉഡാൻ പദ്ധതി വടക്കുകിഴക്കൻ പ്രദേശങ്ങളിലെയും മലയോര - ഗോത്ര മേഖലകളിലെയും  വ്യോമ ചരക്കുനീക്കം സമയബന്ധിതവും  കുറഞ്ഞ ചെലവിലും  സാധ്യമാക്കുന്നു. നിലവിൽ 58 വിമാനത്താവളങ്ങളെ ഉൾക്കൊള്ളുന്ന ഈ ബഹു-മന്ത്രാലയ സംയോജന പദ്ധതി  25 മുൻഗണനാ വിമാനത്താവളങ്ങളിലും രാജ്യവ്യാപകമായി മറ്റ് 33 വിമാനത്താവളങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വിമാനത്താവള അടിസ്ഥാന സൗകര്യ വികസനം: അടുത്ത 5 വർഷത്തിനകം 50 പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബീഹാറിലെ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ, പട്ന വിമാനത്താവള വികസനം, ബിഹ്തയിൽ  ബ്രൗൺഫീൽഡ് വിമാനത്താവള വികസനം എന്നിവ ഇതിലുൾപ്പെടുന്നു,  വിമാന യാത്രയുെടെയും പ്രാദേശിക വളർച്ചയുടെയും ഭാവി ആവശ്യകത നിറവേറ്റാന്‍ ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നു.

ഉപസംഹാരം

 

ഒരു നയമെന്നതിലുപരി ഇന്ത്യയിലെ വ്യോമയാന സങ്കല്പങ്ങളെ പുനർനിർവചിച്ച  പരിവർത്തന പ്രസ്ഥാനമാണ് ഉഡാൻ. ഭാരതത്തിനും ഇന്ത്യയ്ക്കുമിടയിലെ ആകാശങ്ങളെ ബന്ധിപ്പിച്ച  ഉഡാന്‍ പദ്ധതി താങ്ങാവുന്ന വിമാനയാത്രയെന്ന ദശലക്ഷക്കണക്കിന് പേരുടെ സ്വപ്നം യാഥാർത്ഥ്യമാക്കി.  ഉഡാന്‍ വിദൂര ദേശങ്ങളെ ദേശീയ വ്യോമയാന ഭൂപടത്തിൽ കൊണ്ടുവരിക മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ ഉത്തേജിപ്പിക്കുകയും വിനോദസഞ്ചാരം വർധിപ്പിക്കുകയും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ആഗോള വ്യോമയാന കേന്ദ്രമായി രാജ്യം മുന്നേറുമ്പോള്‍ ഓരോ സമയവും ഓരോ വിമാനമെന്ന നിലയില്‍‍ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ ചിറകിലേറ്റി എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും, പ്രതിരോധശേഷിയുടെയും ദീർഘവീക്ഷണമുള്ള ഭരണത്തിന്റെയും പ്രതീകമായി ഉഡാൻ വാനോളം ഉയരെ നിലകൊള്ളുന്നു. 

 

അവലംബം:


· https://ncgg.org.in/sites/default/files/news_document/Presentation_UDAN.pdf

· https://pib.gov.in/PressReleaseIframePage.aspx?PRID=2066445

· https://pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=153437&lang=1&reg=3

· https://www.narendramodi.in/pm-modi-flags-off-first-udan-flight-under-regional-connectivity-scheme-on-shimla-delhi-sector-535203

· https://www.civilaviation.gov.in/sites/default/files/migration/Udaan_Eng.pdf

· https://sansad.in/getFile/loksabhaquestions/annex/184/AU4382_Wzl24z.pdf?source=pqals, LOK SABHA - UNSTARRED QUESTION NO.4382

· https://www.aai.aero/sites/default/files/rcs_udan/Approved%20Scheme%20UDAN%205.5.pdf

· https://pib.gov.in/PressReleaseIframePage.aspx?PRID=2066529

· https://pib.gov.in/PressReleaseIframePage.aspx?PRID=2089984

· https://pib.gov.in/PressReleasePage.aspx?PRID=2098780

· https://sansad.in/getFile/annex/266/AU1456_FhLisi.pdf?source=pqars - RAJYA SABHA UNSTARRED QUESTION NO.1456

 

Click here to download PDF

****************


(Release ID: 2124844)