വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ ഓഡിയോ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്‌സ് 2025 ല്‍ ആകാശവാണിക്ക് ആറു ബഹുമതികള്‍

Posted On: 26 APR 2025 5:42PM by PIB Thiruvananthpuram

ഇന്ത്യ ഓഡിയോ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്‌സ്, IASA 2025 ല്‍ വിവിധ വിഭാഗങ്ങളിലായി ആകാശവാണി ആകെ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. റേഡിയോ, ഓഡിയോ ഉള്ളടക്കത്തിന്റെ നിര്‍മ്മാണ മികവിനെ അംഗീകരിക്കുന്ന അവാര്‍ഡിന്റെ മൂന്നാം പതിപ്പ് 2025 ഏപ്രില്‍ 25ന് മുംബൈയില്‍ നടന്നു.

 

 ഇന്ത്യ ഓഡിയോ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്‌സ് 2025 ല്‍ വിശിഷ്ടാതിഥിയായി ആകാശവാണി ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഗ്യ പാലിവാള്‍ ഗൗര്‍ പങ്കെടുത്തു. ഓഡിയോ വ്യവസായത്തിലെ വിപ്ലവത്തെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 'Inform, Educate and Entertain' എന്ന ദൗത്യത്തില്‍ ആകാശവാണിയുടെ പ്രതിബദ്ധതയെക്കുറിച്ചും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ഗൗര്‍ എടുത്തുപറഞ്ഞു. വിശ്വാസ്യതയ്ക്കായി ആകാശവാണി ഉറച്ചുനില്‍ക്കുന്നുവെന്നും ശബ്ദായമാനമായ ലോകത്ത് ഒരു ദീപസ്തംഭമായി നിലകൊള്ളുന്നുവെന്നും അവര്‍ അടിവരയിട്ടു പറഞ്ഞു.

മികച്ച ബഹുമതികളില്‍, റേഡിയോയില്‍ സീരീസ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ' നയി സോച്ച് നയീ കഹാനി-എ റേഡിയോ ജേര്‍ണി വിത്ത് സ്മൃതി ഇറാനി' എന്ന പരിപാടി ഉള്‍പ്പെടുന്നു. പതിമൂന്ന് എപ്പിസോഡുകളുള്ള പരമ്പര, പ്രത്യേകിച്ച് സ്ത്രീകളുടെ മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അവിശ്വസനീയമായ കഥകളെ പ്രകീര്‍ത്തിക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി ഭവനില്‍ റെക്കാര്‍ഡ് ചെയ്ത, രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായുള്ള ഒരു പ്രത്യേക അഭിമുഖത്തോടെയായിരുന്നു പരമ്പര അവസാനിച്ചത്.

ന്യൂസ് സര്‍വീസസ് ഡിവിഷന്റെ ജനപ്രിയ പ്രതിവാര ഫോണ്‍-ഇന്‍ പരിപാടിയായ പബ്ലിക് സ്പീക്ക്, ആരോഗ്യ-ഫിറ്റ്‌നസ് വിഭാഗത്തില്‍ മികച്ച ഓഡിയോ സ്ട്രീമിംഗ് പരിപാടിയുടെ നിര്‍മ്മാണത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. മികച്ച ലേറ്റ് നൈറ്റ് ഷോ വിഭാഗത്തില്‍ പുരസ്‌കാരം നേടിയ ഛായഗീത്; മികച്ച സെലിബ്രിറ്റി ഷോ ഓണ്‍ എയര്‍ പുരസ്‌കാരം നേടിയ ഉജാലെ ഉങ്കി യാദോം കേ, മികച്ച ട്രാവല്‍ ഷോയ്ക്കുള്ള പുരസ്‌കാരം നേടിയ സഫര്‍കാസ്റ്റ് എന്നിവയാണ് അവാര്‍ഡ് നേടിയ മറ്റു പരിപാടികള്‍. ഹ്രസ്വ രൂപത്തിലുള്ള ഓഡിയോ ഉള്ളടക്കത്തിലെ സര്‍ഗ്ഗാത്മക മികവ് പ്രകടമാക്കിക്കൊണ്ട് ആകാശവാണി മികച്ച ഇന്റര്‍സ്റ്റീഷ്യലിനുള്ള അവാര്‍ഡും കരസ്ഥമാക്കി.

*****


(Release ID: 2124688) Visitor Counter : 10
Read this release in: English , Hindi , Marathi , Assamese