ധനകാര്യ മന്ത്രാലയം
ഇന്ത്യ: ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥ
ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2025 ൽ 6.2 ശതമാനവും 2026 ൽ 6.3 ശതമാനവും വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (IMF) പ്രവചിക്കുന്നു
Posted On:
23 APR 2025 4:40PM by PIB Thiruvananthpuram
ആമുഖം
അടുത്ത രണ്ട് വർഷവും ഏറ്റവും വേഗത്തിൽ വലിയ സമ്പദ്വ്യവസ്ഥയുടെ ഗണത്തിൽ ഇന്ത്യ തുടരുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (IMF) പ്രവചിച്ചതോടെ, ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കാൻ ഇന്ത്യ വീണ്ടും സജ്ജമായിരിക്കുന്നു. അന്താരാഷ്ട്ര നാണ്യ നിധിയുടെ (IMF) ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ട് (വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്) 2025 ഏപ്രിലിലെ പതിപ്പ് പ്രകാരം, ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2025-ൽ 6.2 ശതമാനവും 2026-ൽ 6.3 ശതമാനവും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളവും, പ്രാദേശികവുമായ സമാന സമ്പദ്വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ശക്തമായ മുൻതൂക്കം നിലനിർത്തുന്നു.
വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് (WEO) 2025 ഏപ്രിലിൽ പുറത്തിറക്കിയ പതിപ്പിലെ വിവരങ്ങളും 2025 ജനുവരിയിലെ പുതുക്കിയ വിവരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതീക്ഷിത വളർച്ചാനിരക്ക് അനുമാനം അല്പം താഴ്ത്തിയിട്ടുണ്ട്. ഇത് വർദ്ധിച്ചുവരുന്ന ആഗോള വ്യാപാര പിരിമുറുക്കങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും ആഘാതം പ്രതിഫലിപ്പിക്കുന്നു. ഈ നേരിയ കുറവ് ഉണ്ടായിരുന്നിട്ടും, മൊത്തത്തിലുള്ള പ്രതീക്ഷ ശക്തമായി തുടരുന്നു. ഈ സ്ഥിരത ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക അടിസ്ഥാനങ്ങളുടെ ശക്തിയെ മാത്രമല്ല, സങ്കീർണ്ണമായ അന്താരാഷ്ട്ര പരിതസ്ഥിതിയിൽ വളർച്ച നിലനിർത്താനുള്ള അതിന്റെ ശേഷിയെയും സൂചിപ്പിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധശേഷി അന്താരാഷ്ട്ര നാണ്യ നിധി വീണ്ടും സ്ഥിരീകരിക്കുമ്പോൾ, ആഗോള വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന നിലയിലുള്ള രാജ്യത്തിന്റെ പങ്ക് പ്രാധാന്യം നേടുന്നത് തുടരുന്നു.
അന്താരാഷ്ട്ര നാണ്യ നിധിയുടെ ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ടിന്റെ അവലോകനം
ആഗോള സാമ്പത്തിക പ്രവണതകളെയും നയ വെല്ലുവിളികളെയും കുറിച്ചുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ പ്രധാന റിപ്പോർട്ടാണ് ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ട് (വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്
- WEO). ഇടക്കാല പുതുക്കലുകളോടെ വർഷത്തിൽ രണ്ടുതവണ പ്രസിദ്ധീകരിക്കുന്ന ഇത്, വികസിതവും, വളർന്നുവരുന്നതും, വികസ്വരവുമായ സമ്പദ്വ്യവസ്ഥകളെ ഉൾക്കൊള്ളുന്ന, സമീപ, ഇടത്തരം കാലയളവുകളിലേക്കുള്ള പ്രവചനങ്ങൾ ലഭ്യമാക്കുന്നു. റിപ്പോർട്ട് അന്താരാഷ്ട്ര നാണ്യ നിധിയുടെ സാമ്പത്തിക നിരീക്ഷണം വെളിവാക്കുന്നതിനൊപ്പം, അംഗരാജ്യങ്ങൾക്കിടയിലെ സാമ്പത്തിക നയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് മാർഗ്ഗദർശനമേകുകയും ചെയ്യുന്നു.
നിരവധി വർഷങ്ങളിലെ തുടർച്ചയായ ആഘാതങ്ങൾക്ക് ശേഷം, ആഗോള സമ്പദ്വ്യവസ്ഥ ജാഗ്രതാപൂർവ്വം സ്ഥിരത കൈവരിക്കുന്ന ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് ഏപ്രിൽ 2025 പതിപ്പ് പറയുന്നു. വളർച്ച മിതമായി തുടരുന്നു. ആഗോള ഉത്പാദനവുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ 2025 ജനുവരിയിൽ പുതുക്കിയപ്പോൾ അനുമാനം താഴ്ത്തിയിട്ടുണ്ട്. തീരുവ നിരക്കുകളിലെ കുത്തനെയുള്ള വർദ്ധനവ്, നയ അനിശ്ചിതത്വം, അന്താരാഷ്ട്ര സഹകരണത്തിലെ മന്ദഗതിയിലുള്ള പുരോഗതി എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു. വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞിട്ടുണ്ടെങ്കിലും ആഗോള പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര പിരിമുറുക്കങ്ങളും അസ്ഥിരമായ സാമ്പത്തിക വിപണികളും ഉൾപ്പെടെയുള്ള പ്രതികൂല അപകടസാധ്യതകൾ ശുഭപ്രതീക്ഷയെ ബാധിക്കുന്നു.
എന്നിരുന്നാലും, ഇന്ത്യയെ സംബന്ധിച്ച വളർച്ചാ വീക്ഷണം താരതമ്യേന സ്ഥിരത പുലർത്തുന്നു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ, ശക്തമായ സ്വകാര്യ ഉപഭോഗത്തിന്റെ പിന്തുണയോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് സ്ഥിരമായ വികാസം അന്താരാഷ്ട്ര നാണ്യ നിധി പ്രതീക്ഷിക്കുന്നു. അനിശ്ചിതത്വവും മന്ദഗതിയിലുള്ള വളർച്ചയും മുഖമുദ്രയായ ആഗോള പരിതസ്ഥിതിയിൽ, ഇന്ത്യയുടെ ചെറുത്ത് നിൽപ്പ് വേറിട്ടുനിൽക്കുന്നു. ആഗോള സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന ചാലകശക്തി എന്ന നിലയിലുള്ള രാജ്യത്തിൻറെ പങ്ക് ശക്തിപ്പെടുത്തുന്നു.
ആഗോളതലത്തിൽ ഇന്ത്യയുടെ വളർച്ച
2025 ലും 2026 ലും ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ആധിപത്യം ആവർത്തിച്ചുറപ്പിക്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 2025 ൽ 6.2 ശതമാനവും 2026 ൽ 6.3 ശതമാനവും വളരുമെന്ന് പ്രതീക്ഷിക്കുന്നു, ആഗോളതലത്തിലെ മത്സരാർത്ഥികളെ മറികടക്കുന്നതായിരിക്കും ഇന്ത്യയുടെ വളർച്ച. ആഗോള സാമ്പത്തിക വളർച്ച 2025 ൽ 2.8 ശതമാനവും 2026 ൽ 3.0 ശതമാനവും ആയിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിക്കുന്നു. ഇത് ഇന്ത്യയുടെ അസാധാരണമായ പ്രകടനത്തെ എടുത്തുകാണിക്കുന്നു.
മറ്റ് പ്രധാന ആഗോള സമ്പദ്വ്യവസ്ഥകൾക്കായുള്ള പ്രതീക്ഷിത വളർച്ചാ നിരക്കുകളും അന്താരാഷ്ട്ര നാണയ നിധി പരിഷ്ക്കരിച്ചു. 2025 ലെ ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ചാ പ്രവചനം 4.0 ശതമാനമായി കുറച്ചു. വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ 2025 ജനുവരി പതിപ്പിൽ ഇത് 4.6 ശതമാനമായിരുന്നു. അതുപോലെ, യുണൈറ്റഡ് സ്റ്റേറ്റ്സും മാന്ദ്യം നേരിടുമെന്ന് പ്രതീക്ഷിക്കുന്നു. വളർച്ച 90 ബേസിസ് പോയിന്റ് കുറഞ്ഞ് 1.8 ശതമാനമായി പരിഷ്ക്കരിച്ചു. ഈ പരിഷ്ക്കാരങ്ങൾക്കിടയിലും, ഇന്ത്യയുടെ ശക്തമായ വളർച്ചാ പാത ആഗോള വേദിയിൽ വേറിട്ടു നിൽക്കുന്നു.
ഉപസംഹാരം
അന്താരാഷ്ട്ര നാണ്യ നിധി എടുത്തുകാട്ടിയതുപോലെ, 2025, 2026 വർഷങ്ങളിലെ ഇന്ത്യയുടെ സാമ്പത്തിക പരിപ്രേക്ഷ്യം പ്രധാന ആഗോള സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും തിളക്കമാർന്നായി തുടരുന്നു. ആഗോള അനിശ്ചിതത്വങ്ങളും വലിയ സമ്പദ്വ്യവസ്ഥകളുടെ വളർച്ചാ അനുമാനം താഴ്ത്തി പരിഷ്ക്കരിച്ചതും, ആഗോള സാമ്പത്തിക വളർച്ചയുടെ നേതൃത്വം നിലനിർത്താൻ ഇന്ത്യ ഒരുങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ശക്തമായ സാമ്പത്തിക അടിത്തറയുടെയും തന്ത്രപരമായ സർക്കാർ സംരംഭങ്ങളുടെയും പിന്തുണയോടെ, വരാനിരിക്കുന്ന വെല്ലുവിളികളെ മറികടക്കാൻ രാജ്യം സുസജ്ജമാണ്. അടിസ്ഥാന സൗകര്യങ്ങൾ, നൂതനാശയങ്ങൾ, സാമ്പത്തിക ശാക്തീകരണം എന്നീ മേഖലകളിലെ പരിഷ്ക്കാരങ്ങളിലൂടെ, ആഗോള സാമ്പത്തിക പ്രവർത്തനത്തിന്റെ നിർണ്ണായക ചാലകശക്തി എന്ന നിലയിലുള്ള പങ്ക് മെച്ചപ്പെടുത്തുന്നത് തുടരുകയാണ് ഇന്ത്യ. അന്താരാഷ്ട്ര നാണ്യ നിധിയുടെ പ്രവചനങ്ങൾ ഇന്ത്യയുടെ ചെറുത്ത് നിൽപ്പിനുള്ള ശേഷിയെ ആവർത്തിച്ച് ഉറപ്പിക്കുന്നു. ആഗോള സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിൽ രാജ്യത്തിന്റെ പ്രാധാന്യത്തെ അരക്കിട്ടുറപ്പിക്കുന്നു.
സൂചനകൾ:
(Release ID: 2124202)
|