യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ചാമ്പ്യന്മാരെ സൃഷ്ടിക്കല്‍: ഫീല്‍ഡിലും പുറത്തും  ‌

ഇന്ത്യയില്‍ കായികതാരങ്ങളുടെ ക്ഷേമ - പിന്തുണ പദ്ധതികൾ

Posted On: 23 APR 2025 4:24PM by PIB Thiruvananthpuram
സംഗ്രഹം:

സർക്കാർ പദ്ധതികൾ കായികതാരങ്ങളെ  കായികരംഗത്ത് എല്ലാ ഘട്ടങ്ങളിലും പിന്തുണയ്ക്കുന്നു.

ചരിത്രപരമായ നേട്ടങ്ങള്‍കൊണ്ടും ആഗോള അംഗീകാരങ്ങള്‍കൊണ്ടും കഴിഞ്ഞ ദശകം ഇന്ത്യൻ കായികരംഗത്തിന്  സുവർണ്ണ കാലഘട്ടമായിരുന്നു.

2025-26 സാമ്പത്തിക വർഷം യുവജനകാര്യ-കായിക മന്ത്രാലയത്തിന് മുന്‍സാമ്പത്തിക വർഷത്തെ പുതുക്കിയ വിഹിതത്തേക്കാൾ 17% വർധനയോടെ  3,794 കോടി രൂപ അനുവദിച്ചു.

ഖേലോ ഇന്ത്യയ്ക്ക് 1,000 കോടി രൂപ, എൻ‌എസ്‌എഫുകൾക്ക്  400 കോടി രൂപ, എസ്‌എ‌ഐക്ക്  830 കോടി രൂപ എന്നിവ പ്രധാന വിഹിതങ്ങളിൽ ഉൾപ്പെടുന്നു.

ഖേലോ ഇന്ത്യ, പഞ്ചായത്ത് യുവ ക്രീഡ ഓര്‍ ഖേൽ അഭിയാൻ (പി‌വൈ‌കെ‌കെ‌എ) തുടങ്ങിയ സംരംഭങ്ങൾ ഗ്രാമീണ മേഖലകളിലെ കായികതാരങ്ങളുടെ ബഹുജന പങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം,  ഗ്രാമീണ - അടിസ്ഥാന മേഖലകളിലെ പ്രതിഭകളെ പരിപോഷിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

‘ഭിന്നശേഷിക്കാര്‍ക്ക് കായിക വിനോദങ്ങളും മത്സരങ്ങളും’ പോലുള്ള പദ്ധതികൾ അടിസ്ഥാന തലത്തിൽ ഭിന്നശേഷിക്കാര്‍ക്കിടയിലെ  ഉൾച്ചേര്‍ക്കലിന്റെയും പങ്കാളിത്തത്തിന്റെയും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

പണ്ഡിറ്റ് ദീൻദയാൽ ഫണ്ട്, പെൻഷൻ സ്കീം, റീസെറ്റ്  തുടങ്ങിയ പദ്ധതികൾ നിലവിലെയും വിരമിച്ചവരുമായ കായികതാരങ്ങൾക്ക് സാമ്പത്തിക സഹായം, മെഡിക്കൽ സഹായം, തൊഴില്‍ പരിവർത്തന സഹായം എന്നിവ ഉറപ്പാക്കുന്നു.

വിവിധ വിഭാഗങ്ങളിലെ മികച്ച നേട്ടങ്ങളെയും കായികക്ഷമതയെയും ദേശീയ കായിക പുരസ്കാരങ്ങളിലൂടെ ആദരിക്കുന്നു.

ആമുഖം

ചാമ്പ്യന്മാർ ഒറ്റരാത്രികൊണ്ട് ജനിക്കുന്നില്ലെന്ന് പറയുന്നത് ശരിയാണ്; വർഷങ്ങളുടെ സമർപ്പണവും അച്ചടക്കവും അതിപ്രധാനമായി പിന്തുണയിലൂടെയുമാണ് അവർ വളര്‍ന്നുവരുന്നത്. കുടുംബങ്ങളുടെയും പരിശീലകരുടെയും സർക്കാറിന്റെയും പിന്തുണ രാജ്യത്തിന്റെ എല്ലാ കോണുകളിലെയും പ്രതിഭകളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യൻ കായികതാരങ്ങൾക്ക് എത്തിക്കാൻ വിവിധ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും അക്ഷീണം പ്രവർത്തിക്കുകയാണ് ഭാരതസര്‍ക്കാര്‍.  താഴെത്തട്ടിലെ പ്രതിഭകളെ തിരിച്ചറിഞ്ഞ്  പ്രോത്സാഹിപ്പിക്കുക, കായികതാരങ്ങളെ അവരുടെ സജീവ തൊഴിലിടങ്ങളിലും അതിനുശേഷവും പിന്തുണയ്ക്കുക, കായിക മികവിന് സുസ്ഥിര ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.


നേട്ടങ്ങളുടെ  ദശകം

റെക്കോഡ് നേട്ടങ്ങളും വർധിച്ചുവരുന്ന ആഗോള അംഗീകാരവും അടയാളപ്പെടുത്തിയ കഴിഞ്ഞ ദശകം ഇന്ത്യൻ കായിക ചരിത്രത്തിലെ  സുവർണ അധ്യായമാണ്. ചരിത്രപരമായ ഒളിമ്പിക്, പാരാലിമ്പിക് മെഡൽ നേട്ടങ്ങൾ മുതൽ അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ഗുസ്തി, ബോക്സിംഗ് എന്നിവയിലുടനീളം ലോക ചാമ്പ്യൻഷിപ്പുകളിലെ മികച്ച പ്രകടനങ്ങൾ വരെ ഇന്ത്യൻ കായികതാരങ്ങള്‍ സ്ഥിരമായി അതിരുകൾ ഭേദിച്ചു.
 


കായികരംഗത്തെ സർക്കാർ ചെലവ്‌

ഇന്ത്യയുടെ കായിക ഭാവിക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെ കൈക്കൊണ്ട ധീരമായ നീക്കത്തിന്റെ ഭാഗമായി 2025–26 സാമ്പത്തിക വർഷം യുവജനകാര്യ കായിക മന്ത്രാലയത്തിന് സർക്കാർ 3,794 കോടി രൂപയുടെ റെക്കോഡ് വിഹിതമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ പുതുക്കിയ ബജറ്റിലെ   3,232.85 കോടി രൂപയിൽ നിന്ന്  വലിയ കുതിച്ചുചാട്ടമാണിത്.

.


വകയിരുത്തിയ തുകയുടെ സുപ്രധാന ഭാഗം - അതായത്  2,191.01 കോടി രൂപ കേന്ദ്ര മേഖലാ പദ്ധതികൾക്ക് നീക്കിവെച്ചതിന്റെ ഭാഗമായി മുൻനിര ഖേലോ ഇന്ത്യ പരിപാടിയ്ക്ക്  1,000 കോടി രൂപ ലഭിച്ചു (2024-25 സാമ്പത്തിക വർഷം അനുവദിച്ച  800 കോടി രൂപയെക്കാള്‍ കൂടുതല്‍). ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള ധനസഹായം 400 കോടിയായി ഉയർത്തിയപ്പോള്‍ കായികതാരങ്ങള്‍ക്ക് പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (സായ്)  830 കോടി രൂപയാണ് അനുവദിച്ചത്.


ഇന്ത്യയിലെ കായിക വിനോദങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികളും പരിപാടികളും

രാജ്യത്തെ കായികതാരങ്ങൾക്ക് ഇന്ത്യ ഇപ്പോള്‍ നൽകുന്ന പിന്തുണ മുന്‍പെന്നത്തെക്കാളും  കൂടുതൽ ഘടനാപരവും കേന്ദ്രീകൃതവുമാണ്. ഒരു കായികതാരത്തിന്റെ യാത്രയുടെ ഓരോ ഘട്ടത്തെയും ഉൾക്കൊള്ളുന്ന സമീപനമാണിത്. ഗ്രാമങ്ങളിലെ കായികപ്രതിഭകളെ കണ്ടെത്തുന്നത് മുതൽ ഒളിമ്പിക് മെഡൽ ജേതാക്കളെ പിന്തുണയ്ക്കുന്നത് വരെ സർക്കാർ വലിയ തോതിൽ മുന്നോട്ടുവന്നിട്ടുണ്ട്. പരിശീലനം, ധനസഹായം, സൗകര്യങ്ങൾ, കായിക ജീവിതാനന്തര പിന്തുണ എന്നിങ്ങനെ കായികതാരങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിപുലമായ പദ്ധതികൾ  നിലവിലുണ്ട്. കായികതാരങ്ങളെ ഉയർന്നുവരാനും ഉന്നതിയിൽ തുടരാനും സഹായിക്കുന്നതിനാണ് ഓരോ ഘട്ടവും രൂപകൽപന ചെയ്തിരിക്കുന്നത്.



ഖേലോ ഇന്ത്യ

ഖേലോ ഇന്ത്യ - ദേശീയ കായിക വികസന പരിപാടി അടിസ്ഥാനതലത്തിൽ കായിക സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാനും ഇന്ത്യയെ ആഗോള കായിക ശക്തികേന്ദ്രമാക്കി മാറ്റാനും ലക്ഷ്യമിടുന്ന സുപ്രധാന കേന്ദ്രസര്‍ക്കാര്‍ സംരംഭമാണ്.  2016-17 ൽ യുവജനകാര്യ കായിക മന്ത്രാലയം തുടക്കം കുറിച്ച ഖേലോ ഇന്ത്യ പരിപാടി  ഇന്ത്യയിലെ എല്ലാ കായിക ഇനങ്ങൾക്കും ശക്തമായ ചട്ടക്കൂട് നിർമിച്ച് രാജ്യത്തെ കായിക സംസ്കാരത്തെ അടിസ്ഥാനതലത്തിൽ പുനരുജ്ജീവിപ്പിക്കാനും ഇന്ത്യയെ മികച്ച കായിക രാഷ്ട്രമായി സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

 

 

വിരമിച്ച കായികതാരങ്ങളുടെ ശാക്തീകരണ പരിശീലന പരിപാടി (റീസെറ്റ്-RESET)  

2024-ൽ തുടക്കം കുറിച്ച വിരമിച്ച കായികതാരങ്ങളുടെ ശാക്തീകരണ പരിശീലന പരിപാടി വിരമിച്ച കായികതാരങ്ങളെ സ്വയം പുനർനിർമിക്കാൻ പ്രാപ്തരാക്കുന്നു. വിരമിച്ച കായികതാരങ്ങൾക്ക് അനുയോജ്യമായ വിദ്യാഭ്യാസം, ഇന്റേൺഷിപ്പുകൾ, നൈപുണ്യ വികസന അവസരങ്ങൾ എന്നിവ ഈ സംരംഭത്തിലൂടെ നൽകുന്നു. പരിശീലനം, കായികരംഗത്തെ ഭരണനിര്‍വഹണം, മെന്ററിങ് എന്നിവയടക്കം വിവിധ മേഖലകളിൽ തൊഴില്‍  വാഗ്ദാനം ചെയ്തുകൊണ്ട് വിരമിച്ച കായികതാരങ്ങളുടെ തൊഴിൽ ആവശ്യങ്ങളും ഇന്ത്യയിലെ കായിക മേഖലയിലെ മാനവ വിഭവശേഷി വിടവുകളും പരിഹരിക്കുകയാണ് സംരംഭത്തിന്റെ  ലക്ഷ്യം.


പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ദേശീയ കായിക ക്ഷേമനിധി (പിഡിയുഎന്‍ഡബ്ല്യുഎഫ്എസ്)

കായിക താരങ്ങൾക്ക്  ഒറ്റത്തവണ 5 ലക്ഷം രൂപ വരെ അടിയന്തര ആശ്വാസ ധനസഹായം,  5,000 രൂപ പ്രതിമാസ പെൻഷൻ,  10 ലക്ഷം രൂപ വരെ വൈദ്യസഹായം, പരിശീലനവേളയിലോ മത്സരങ്ങള്‍ക്കിടയിലോ സംഭവിക്കുന്ന പരിക്കുകൾക്ക്  10 ലക്ഷം രൂപ വരെ സഹായം എന്നിവ ‌പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ദേശീയ കായിക ക്ഷേമ നിധിയിലൂടെ വാഗ്ദാനം ചെയ്യുന്നു. മരണമടഞ്ഞ കായിക താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും പരിശീലകർ, റഫറിമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ പിന്തുണാ ജീവനക്കാര്‍ക്കും യഥാക്രമം  5 ലക്ഷം രൂപ,  2 ലക്ഷം രൂപ എന്നിങ്ങനെ സാമ്പത്തിക സഹായം ലഭിക്കും.

 


കായികരംഗത്തെ മാനവ വിഭവശേഷി വികസന പദ്ധതി

കായിക ശാസ്ത്രം, വൈദ്യശാസ്ത്രം, പരിശീലനം തുടങ്ങി സുപ്രധാന മേഖലകളിലെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിലും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിലും അറിവ് വിപുലീകരിക്കുന്നതിലും കായികരംഗത്തെ മാനവ വിഭവശേഷി വികസന പദ്ധതി (എച്ച്ആര്‍ഡിഎസ്) പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗവേഷണ പിന്തുണ, വിദഗ്ധ സന്ദർശനങ്ങൾ, ഗുണനിലവാരമുള്ള കായിക സാഹിത്യത്തിന്റെയും  ഇ-റിസോഴ്‌സുകളുടെയും വികസനം എന്നിവയ്ക്കൊപ്പം  ഫെലോഷിപ്പുകൾ, പരിശീലനം, കായികരംഗത്തെ ആഗോള പരിചയം എന്നിവയ്ക്ക് ധനസഹായവും പദ്ധതിയില്‍ ഉറപ്പാക്കുന്നു.  


ഭിന്നശേഷിക്കാര്‍ക്ക് കായിക വിനോദങ്ങളും മത്സരങ്ങളും

ഒരു പ്രതിഭയും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഭിന്നശേഷിക്കാര്‍ക്കുള്ള കായിക വിനോദങ്ങളും മത്സരങ്ങളും എന്ന പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു.  അടിസ്ഥാന തലത്തില്‍ ഭിന്നശേഷിക്കാര്‍ക്കിടയില്‍‌ ഉള്‍ച്ചേര്‍ക്കലിന്റെയും പങ്കാളിത്തത്തിന്റെയും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പാരാ-അത്‌ലറ്റുകള്‍ക്ക് ദേശീയ കായിക ഫെഡറേഷനുകളുടെ സഹായ പദ്ധതികളിലൂടെ പ്രത്യേക പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും  സ്‌കൂളുകളിലെയും സാമൂഹ്യവേദികളിലെയും ജില്ലകളിലെയും വിശാലമായ കായിക പങ്കാളിത്തത്തിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


പഞ്ചായത്ത് യുവ ക്രീഡ ഓർ ഖേൽ അഭിയാൻ

അടിസ്ഥാനതല കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത കേന്ദ്രസർക്കാർ സംരംഭമാണ് പഞ്ചായത്ത് യുവ ക്രീഡ ഓർ ഖേൽ അഭിയാൻ (പിവൈകെകെഎ). ഗ്രാമ - ബ്ലോക്ക് തലങ്ങളിൽ കായിക  അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും ഈ പരിപാടിയിലൂടെ സാമ്പത്തിക സഹായം നൽകുന്നു. കായികരംഗത്തെ പ്രവർത്തനങ്ങൾക്കും സന്നദ്ധപ്രവര്‍ത്തകരുടെ പ്രതിഫലത്തിനും  ധനസഹായം നൽകുന്നതിനൊപ്പം ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ വാർഷിക കായിക മത്സരങ്ങളെയും പിവൈകെകെഎ പിന്തുണയ്ക്കുന്നു.


ദേശീയ കായിക ഫെഡറേഷനുകൾക്ക് ധനസഹായം

ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള സഹായ (എഎന്‍എസ്എഫ്)  പദ്ധതി പ്രകാരം, കായികതാരങ്ങളുടെ പരിശീലനത്തിന് ദേശീയ കായിക ഫെഡറേഷനുകൾക്ക് (എന്‍എസ്എഫ്) സാമ്പത്തിക സഹായം നൽകുന്നു. പരിശീലനം, അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കൽ, ദേശീയ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കല്‍, രാജ്യത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കല്‍, വിദേശ പരിശീലകരുടെ/പിന്തുണാ ജീവനക്കാരുടെ ഇടപെടൽ, ശാസ്ത്രീയ - വൈദ്യ സഹായങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ  പിന്തുണയും ഇതിൽ ഉൾപ്പെടുന്നു.


ദേശീയ കായിക വികസന ഫണ്ട്

കായികരംഗത്തെ മികവിനെ പിന്തുണയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച  സുപ്രധാന സംരംഭമാണ് ദേശീയ കായിക വികസന ഫണ്ട് (എന്‍എസ്ഡിഎഫ്). അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ നിലവാരം കുറഞ്ഞ പ്രകടനത്തിന് പരിഹാരം കണ്ടെത്തുന്നതിനായി രൂപീകരിച്ച എന്‍എസ്ഡിഎഫ് വഴി അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, കായികതാരങ്ങള്‍ക്ക്  പിന്തുണ എന്നീ മേഖലകളിലെ നിർണായക വിടവുകൾ നികത്താന്‍ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്ന് വിഭവസമാഹരണം ലക്ഷ്യമിടുന്നു.  മികച്ച കായികതാരങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദഗ്ധ പരിശീലകരുടെ കീഴിൽ പരിശീലനത്തിനും അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രവേശനത്തിനും കായിക അടിസ്ഥാന സൗകര്യ വികസനത്തിനും ഇതുവഴി സാമ്പത്തിക സഹായം നല്‍കുന്നു.


മികവ് പുലർത്തുന്ന കായികതാരങ്ങൾക്ക് പെൻഷൻ

ജീവിതത്തിലെ പ്രധാന വർഷങ്ങൾ മികവ് നേടുന്നതിനായി നീക്കിവയ്ക്കുന്ന അത്‌ലറ്റുകൾ  പലപ്പോഴും വിദ്യാഭ്യാസം, തൊഴില്‍ സ്ഥിരത, കുടുംബജീവിതം എന്നിവ ത്യജിക്കുന്നു. മികവ് പുലർത്തുന്ന കായികതാരങ്ങള്‍ക്ക്  പെൻഷന്‍ നല്‍കുന്നതിനുള്ള കായിക ഫണ്ടിലൂടെ രാജ്യത്തിന് മഹത്വം കൊണ്ടുവന്നവർക്ക് ജീവിതകാലം മുഴുവൻ  സുരക്ഷാ വലയമൊരുക്കുന്നു.  

പെൻഷൻ ഘടന:


ഒളിമ്പിക്/പാരാ-ഒളിമ്പിക്/ഡെഫ്ലിമ്പിക് മെഡൽ ജേതാക്കൾക്ക്  പ്രതിമാസം 20,000 രൂപ

ലോകകപ്പ്/ചാമ്പ്യൻഷിപ്പുകളിലെ സ്വർണ്ണ മെഡൽ ജേതാക്കൾക്ക്  പ്രതിമാസം  16,000 രൂപ

ലോക ഇവന്റുകളിൽ വെള്ളി/വെങ്കലം, ഏഷ്യൻ/കോമൺവെൽത്ത് എന്നിവയിൽ സ്വർണ്ണ മെഡൽ എന്നിവയ്ക്ക് പ്രതിമാസം  14,000 രൂപ

ഏഷ്യൻ/കോമൺവെൽത്ത് ഗെയിംസിൽ വെള്ളി/വെങ്കലം എന്നിവയ്ക്ക് പ്രതിമാസം  12,000 രൂപ


പുരസ്കാരങ്ങളും അംഗീകാരങ്ങളും

രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതികളായി നിലകൊള്ളുന്ന ദേശീയ കായിക പുരസ്കാരങ്ങള്‍  ആഗോള കായിക ഭൂപടത്തിൽ ഇന്ത്യയെ പ്രതിഷ്ഠിച്ച കായികതാരങ്ങളുടെ അസാധാരണ നേട്ടങ്ങളെ ആഘോഷിക്കുന്നു. വർഷം തോറും നൽകുന്ന ഈ അഭിമാന പുരസ്കാരങ്ങള്‍ ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ അസാധാരണ പ്രകടനങ്ങളെ അംഗീകരിക്കുന്നതിനൊപ്പം അതിർത്തികൾ ഭേദിക്കുന്ന കായിക മനോഭാവത്തെ വളർത്തിയെടുക്കുന്നു.  ഇന്ത്യയിൽ കായികതാരങ്ങൾക്ക്  ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.  


 ഉപസംഹാരം

രാജ്യമെങ്ങും കായികതാരങ്ങളുടെ ഉന്നമനത്തിന് അവരുടെ യാത്രയുടെ ഓരോ ഘട്ടത്തിലും  പിന്തുണ നൽകുന്ന സമഗ്ര ചട്ടക്കൂട് സൃഷ്ടിച്ച്   ശക്തമായ പ്രതിബദ്ധതയാണ് കേന്ദ്രസര്‍ക്കാര്‍  പ്രകടിപ്പിക്കുന്നത്.  ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ റെക്കോഡ് പ്രകടനങ്ങൾ കാഴ്ചവച്ച ഇന്ത്യൻ കായികരംഗത്തിന് കഴിഞ്ഞ ദശകം  സുവർണ കാലഘട്ടമായിരുന്നു. ഖേലോ ഇന്ത്യ, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ദേശീയ ക്ഷേമ ഫണ്ട്, വിവിധ ക്ഷേമ പദ്ധതികൾ തുടങ്ങിയ സംരംഭങ്ങളിലൂടെ താഴെത്തട്ടിലെ പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനൊപ്പം കായികതാരങ്ങള്‍ക്ക് അവരുടെ പ്രകടനകാലത്തുടനീളവും അതിന് ശേഷവും പിന്തുണ ലഭിക്കുന്നുണ്ടെന്നും സർക്കാർ ഉറപ്പാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, കായികതാരങ്ങളുടെ ക്ഷേമം എന്നിവയിൽ ഗണ്യമായ നിക്ഷേപം നടത്തി  ആഗോള കായിക നേതൃത്വനിരയിലേക്ക് മുന്നേറുന്ന ഇന്ത്യ രാജ്യത്തെ കായികതാരങ്ങള്‍ക്ക് ലോക വേദികളിൽ മികവ് പുലർത്താന്‍ വിഭവങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നു.


 

References:

Click here to see PDF.

SKY
 
*****
 

(Release ID: 2124201)