യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്ര മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഡിജിലോക്കർ വഴി സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
Posted On:
24 APR 2025 4:44PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഡിജിലോക്കർ വഴി സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി ഇന്ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. അതിന് മുമ്പ്, അതേ വേദിയിൽ നാഷണൽ സെന്റർ ഫോർ സ്‌പോർട്‌സ് സയൻസ് ആൻഡ് റിസർച്ച് (NCSSR) -ൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
അത്‌ലറ്റുകളുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച ഡോ. മാണ്ഡവ്യ,മോദി ഗവണ്മെന്റ് എല്ലാ സ്‌പോർട്‌സ് സംരംഭങ്ങളും അത്‌ലറ്റ് കേന്ദ്രീകൃതമായി നടപ്പാക്കുന്നതായി പറഞ്ഞു. ദേശീയ സ്‌പോർട്‌സ് ഗവേണൻസ് കരട് ബിൽ 2024 , ദേശീയ സ്‌പോർട്‌സ് കരട് നയം 2024, സ്‌പോർട്‌സ് രംഗത്തെ പ്രായ തട്ടിപ്പിനെതിരായ ദേശീയ ചട്ടം (NCAAFS )2025 എന്നിവയുടെ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, ഇന്ത്യൻ കായിക മേഖലയിൽ സുതാര്യത, നീതി, സദ് ഭരണം എന്നിവ ഉറപ്പാക്കാനുള്ള ഗവൺമെന്റിന്റെ ദൃഢനിശ്ചയത്തെ ഇവ പ്രതിഫലിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.
ഡിജിലോക്കർ വഴി നൽകുന്ന സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ ഉടൻ തന്നെ നാഷണൽ സ്‌പോർട്‌സ് റിപ്പോസിറ്ററി സംവിധാനവുമായി (NSRS) സംയോജിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ഗവൺമെന്റ് പ്രഖ്യാപിക്കുന്ന ക്യാഷ് റിവാർഡുകൾ നേരിട്ട് അത്‌ലറ്റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്, സ്വയമേവ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി വിതരണം ചെയ്യാൻ പ്രാപ്തമാക്കും. ഇത് കടലാസ് അപേക്ഷകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.

"നേരത്തെ, അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടിയ ശേഷം ഒരു കായികതാരത്തിന് സർക്കാർ ക്യാഷ് റിവാർഡുകൾക്ക് അപേക്ഷിക്കേണ്ടി വന്നിരുന്നു. അത്‌ലറ്റുകൾക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, നടപടികൾ സുഗമമാക്കുന്നതിനാണ് ഈ സംരംഭങ്ങൾ. അന്താരാഷ്ട്ര തലത്തിൽ അവർ മെഡൽ നേടുന്നത് എല്ലാവരും കാണുന്നു എന്നിരിക്കെ, പ്രതിഫലത്തിനായി അവർ എന്തിനാണ് അപേക്ഷിക്കേണ്ടി വരുന്നത്, ” എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഭാവി പദ്ധതികളെ കുറിച്ച് പരാമർശിക്കവേ, 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി നടപ്പിലാക്കുന്ന സമഗ്ര കർമ്മ പദ്ധതിയെക്കുറിച്ച് ഡോ. മാണ്ഡവ്യ വിശദീകരിച്ചു. 2030 ൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഇന്ത്യയുടെ താൽപ്പര്യവും അദ്ദേഹം ആവർത്തിച്ചു.
സദ് ഭരണത്തിനും അത്‌ലറ്റുകളുടെ ക്ഷേമത്തിനും മുൻഗണന നൽകാൻ ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകളോട് ആഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി, സ്‌പോർട്‌സ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് അത്‌ലറ്റുകളുടെയും ഫെഡറേഷനുകളുടെയും ഗവൺമെന്റിന്റെയും കൂട്ടായ ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തു. ഈ ദിശയിലുള്ള ഒരു ചുവടുവയ്പ്പായി, ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ഓഫീസ് സ്ഥലം, താൽപ്പര്യമുള്ള എൻഎസ്‌എഫുകൾക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഫെഡറേഷനുകൾക്കുള്ള പിന്തുണ സുഗമമാക്കുന്നതിനും കായിക വികസന പരിപാടികൾക്ക് സാമ്പത്തിക സഹായം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'വൺ സ്‌പോർട്‌സ്–വൺ കോർപ്പറേറ്റ്' നയം ഉടനെ ഉദ്ഘാടനം ചെയ്യും എന്നും ശ്രീ മാണ്ഡവ്യ പ്രഖ്യാപിച്ചു. കൂടാതെ, പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ഉയർന്ന മുൻഗണനയുള്ള കായിക വിഭാഗങ്ങൾക്കായുള്ള ഒളിമ്പിക് പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്‌ലറ്റുകളുടെ പ്രകടനം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഗവേഷണം, വിദ്യാഭ്യാസം, നൂതനാശയം എന്നിവയ്ക്കുള്ള ഒരു കേന്ദ്രമായി ഇത് വർത്തിക്കുമെന്ന് NCSSR-ന്റെ ഉദ്ഘാടന വേളയിൽ ഡോ. മാണ്ഡവ്യ പറഞ്ഞു. 2047 ഓടെ വികസിത ഭാരതത്തിന് കീഴിൽ, രാജ്യത്തിന്റെ ദീർഘകാല കായിക വീക്ഷണം നിറവേറ്റുന്നതിന് ഇത്തരം സംരംഭങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
****
(Release ID: 2124151)
Visitor Counter : 8