ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ലോക രോഗപ്രതിരോധ വാരത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നദ്ദ, അഞ്ചാം പനി -റുബെല്ല (Measles-Rubella ) 2025-26 നിർമാർജനത്തിനുള്ള ദേശീയ പരിപാടിക്ക് തുടക്കം കുറിച്ചു
Posted On:
24 APR 2025 2:26PM by PIB Thiruvananthpuram
2026 ഓടെ അഞ്ചാംപനി, റുബെല്ല എന്നിവ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി, ലോക രോഗപ്രതിരോധ വാരത്തിന്റെ (ഏപ്രിൽ 24-30) ആദ്യ ദിനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ ഇന്ന് അഞ്ചാം പനി -റുബെല്ല നിർമാർജനത്തിനുള്ള 2025-26 ലെ ദേശീയ പരിപാടിയ്ക്ക് വിർച്വലായി തുടക്കം കുറിച്ചു.
സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതിനായി ബഹുഭാഷാ എം-ആർ ഐഇസി മെറ്റീരിയലുകൾ (പോസ്റ്ററുകൾ, റേഡിയോ ജിംഗിളുകൾ, എംആർ നിർമാർജനവുമായി ബന്ധപ്പെട്ട ഔദ്യോഗിക യു-വിൻ )എന്നിവ ഈ അവസരത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി പുറത്തിറക്കി. 2025-26 ലെ എംആർ നിർമാർജനത്തിനുള്ള പ്രചാരണത്തിന് ഈ ഐഇസി വിഭവങ്ങൾ എല്ലാ സംസ്ഥാനങ്ങളുമായും / കേന്ദ്ര ഭരണ പ്രദേശങ്ങളും ആയും പങ്കിട്ടു.
"2025-26 ലെ മീസിൽസ്-റുബെല്ല നിർമാർജന യജ്ഞത്തിന് തുടക്കമാവുന്ന ഇന്ന് ഒരു സുപ്രധാന ദിനമാണെന്ന് ചടങ്ങിൽ ശ്രീ ജെ പി നദ്ദ പറഞ്ഞു. അഞ്ചാം പനി, റുബെല്ല വാക്സിനുകളുടെ രണ്ട് ഡോസുകൾ നൽകുന്നതിലൂടെ കുട്ടികൾക്ക് ആരോഗ്യകരമായ ജീവിതം നൽകുന്നതിന് ലക്ഷ്യമിടുന്നു.100% രോഗപ്രതിരോധ പരിരക്ഷ കൈവരിക്കുന്നതിനുള്ള അവസരമാണിത്." ഈ രോഗത്തിന് വ്യാപനശേഷി കൂടുതലാണെന്നും ഇത് കുട്ടികളുടെ ജീവിതത്തെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും ദുരിതത്തിലാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ ശ്രീ നദ്ദ, ഒരു കുട്ടി പോലും വാക്സിൻ എടുക്കാതിരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.

അഞ്ചാംപനി, റുബെല്ല നിർമാർജനത്തിനായി 2024 ലെ പങ്കാളിത്ത പ്രവർത്തനങ്ങൾക്ക് 'മീസിൽസ് ആൻഡ് റുബെല്ല ചാമ്പ്യൻ' അംഗീകാരം ലഭിച്ചതിന് കേന്ദ്ര ആരോഗ്യ മന്ത്രി മന്ത്രാലയത്തെ അഭിനന്ദിച്ചു. 2025 ജനുവരി മുതൽ മാർച്ച് വരെ രാജ്യത്തെ 332 ജില്ലകളിൽ അഞ്ചാം പനി കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 487 ജില്ലകളിൽ റുബെല്ല കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് എം-ആർ നിർമാർജനം എന്ന ലക്ഷ്യത്തിലേക്കുള്ള പാതയിൽ കൈവരിച്ച പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുഎന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഐഡിഎസ്പി സജീവമാക്കി നിലനിർത്തേണ്ടതിന്റെയും നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ശ്രീ നദ്ദ എടുത്തുപറഞ്ഞു. “പോളിയോ, മാതൃ-നവജാത ശിശു ടെറ്റനസ് എന്നീ രോഗങ്ങളുടെ നിർമാർജനം സാധ്യമാക്കിയത് പോലെ തന്നെ എം-ആർ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യവും നമുക്കുണ്ട്”, അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധയും ജാഗ്രതയും തുടർനടപടികളും സ്വീകരിക്കുകയും 'ഇപ്പോൾ തന്നെ പ്രവർത്തിക്കുക' എന്ന നയവുമായി മുന്നോട്ട് പോവുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വാക്സിനേഷൻ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ കഴിയുന്ന പൊതു പരിപാടികളും പത്രസമ്മേളനങ്ങളും നടത്തണമെന്നും ശ്രീ നദ്ദ സംസ്ഥാന മന്ത്രിമാരോടും ചീഫ് മെഡിക്കൽ ഓഫീസർമാരോടും അഭ്യർത്ഥിച്ചു. അഞ്ചാം പനി , റുബെല്ല എന്നിവയ്‌ക്കെതിരായ വാക്സിനേഷനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിന് എംഎൽഎമാർ, എംപിമാർ, തദ്ദേശ, പഞ്ചായത്ത് മേധാവികൾ എന്നിവരുടെ സമഗ്ര പങ്കാളിത്തം സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. വിദൂരവും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങൾ, ചേരികൾ, കുടിയേറ്റക്കാർ, പതിവായി പകർച്ചവ്യാധികൾ പടരുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മുൻഗണന നൽകി ഇടപെടാൻ ആരോഗ്യ പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. “100% പരിരക്ഷ നേടുന്നതിനായി അവസാന ആളിലും എത്തിച്ചേർന്നതായി ഉറപ്പാക്കണം” അദ്ദേഹം പറഞ്ഞു. അനുബന്ധ മന്ത്രാലയങ്ങളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഇന്ന് മുതൽ പ്രവർത്തിക്കുകയും നടപ്പിലാക്കുകയും ചെയ്താൽ നാളെ നമുക്ക് വിജയം കൈവരിക്കാൻ കഴിയും” എന്ന് അദ്ദേഹം ഉപസംഹരിച്ചു
SKY
******
(Release ID: 2124093)
Visitor Counter : 17