ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT): ക്ഷേമപദ്ധതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു

3.48 ലക്ഷം കോടി രൂപ ലാഭിക്കാനായതായും ഗുണഭോക്താക്കളുടെ എണ്ണത്തിൽ 16 മടങ്ങ് വർദ്ധനവുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

Posted On: 21 APR 2025 5:01PM by PIB Thiruvananthpuram
ആമുഖം

കണക്കുകൾ അടിസ്ഥാനമാക്കിയുള്ള ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പുതിയ വിലയിരുത്തൽ പ്രകാരം, ക്ഷേമ പദ്ധതികൾ മുഖേന വിതരണം ചെയ്യുന്ന വ്യക്തിഗത ആനുകൂല്യങ്ങളിലെ ചോർച്ച തടയാനുതകും വിധം നടപ്പാക്കിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ (DBT ) രാജ്യത്തിന് 3.48 ലക്ഷം കോടി രൂപ ലഭിക്കാനായി. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT ) നടപ്പിലാക്കിയതിനുശേഷം സബ്സിഡി വിഹിതം മൊത്തം സർക്കാർ ചെലവിന്റെ 16 ശതമാനത്തിൽ നിന്ന് 9 ശതമാനമായി, ഏതാണ്ട്  പകുതിയായി, കുറഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് പൊതു ചെലവുകളുടെ കാര്യക്ഷമമായ വിനിയോഗത്തിൽ കൈവരിച്ച സുപ്രധാന പുരോഗതിയുടെ പ്രതിഫലനമാണ്.



 2009 മുതൽ 2024 വരെയുള്ള ഡാറ്റ വിലയിരുത്തി, ബജറ്റ് കാര്യക്ഷമത, സബ്സിഡികൾ യുക്തിസഹമാക്കൽ, സാമൂഹികമായ ഗുണഫലങ്ങൾ എന്നിവയിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (DBT) സ്വാധീനം പരിശോധിച്ചാണ് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. കടലാസിലെ കണക്കുകളിലൂടെയുള്ള  ആനുകൂല്യ വിതരണങ്ങളിൽ നിന്ന് ഡിജിറ്റൽ അധിഷ്ഠിത നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളിലേക്കുള്ള  (DBT) പരിവർത്തനം പൊതു പണം അർഹരായ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കി. ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ, സമർപ്പിത ആധാർ നമ്പറുകൾ, മൊബൈൽ ഫോണുകൾ എന്നിവ ആധാരമാക്കിയുള്ള JAM ത്രിത്വമാണ് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (DBT)  പ്രധാന സവിശേഷതകളിലൊന്ന്. ഈ ചട്ടക്കൂട്  ലക്ഷ്യവേധിയും സുതാര്യവുമായ ആനുകൂല്യ കൈമാറ്റമെന്ന ആശയത്തെ പരമാവധി വിപുലീകരിച്ചിട്ടുണ്ട്.
 
 
image.png

അത് സൃഷ്ടിക്കുന്ന സ്വാധീനത്തിന്റെ സമ്പൂർണ്ണ വ്യാപ്തി വിശദീകരിക്കുന്നതിനായി, റിപ്പോർട്ട് ഒരു വെൽഫെയർ എഫിഷ്യൻസി ഇൻഡക്സ് അവതരിപ്പിക്കുന്നു. ലാഭിക്കാനായ തുക, കുറയ്ക്കാനായ സബ്‌സിഡി തുടങ്ങിയ സാമ്പത്തിക ഫലങ്ങളെ ഗുണഭോക്താക്കളുടെ എണ്ണം പോലുള്ള സാമൂഹിക സൂചകങ്ങളുമായി സമന്വയിപ്പിക്കുന്ന ഈ സൂചിക, ഈ സംവിധാനം എത്രമാത്രം നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രം നൽകുന്നു. 2014-ൽ 0.32 ആയിരുന്ന സൂചിക 2023-ൽ ഏകദേശം മൂന്നിരട്ടിയായി ഉയർന്നു, ഫലപ്രാപ്തിയിലും സർവത്രികതയിലും സംഭവിച്ച കുത്തനെയുള്ള വർദ്ധനവാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള സർക്കാരുകൾ സാമൂഹിക സംരക്ഷണം എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തുന്ന ഈ കാലത്ത്, സാമ്പത്തിക വിവേകത്തെയും നീതിയുക്തമായ ഭരണനിർവ്വഹണത്തെയും സമന്വയിപ്പിക്കുന്നതിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT ) മുന്നോട്ടുവയ്ക്കുന്ന മാതൃക വിലപ്പെട്ട പാഠങ്ങൾ നൽകുന്നു.

പ്രധാന കണ്ടെത്തലുകൾ

ബജറ്റ് വിഹിതത്തിലെ പ്രവണതകൾ

സബ്സിഡി വിഹിതത്തിലെ കണക്കുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT ) നടപ്പാക്കലിനു ശേഷമുള്ള ഒരു സുപ്രധാന പരിവർത്തനം വെളിപ്പെടുത്തുന്നു. ഗുണഭോക്തൃ പരിരക്ഷയിൽ വർദ്ധനവുണ്ടായിട്ടും സാമ്പത്തിക കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുകയാണുണ്ടായത്.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന് (DBT) മുമ്പുള്ള കാലഘട്ടം (2009–2013):

മൊത്തം ചെലവിന്റെ ശരാശരി 16% ആയിരുന്നു സബ്സിഡികൾ. പ്രതിവർഷം ₹2.1 ലക്ഷം കോടിയായിരുന്നു സബ്സിഡി തുക. സർക്കാർ സംവിധാനത്തിൽ ഗണ്യമായ സാമ്പത്തിക ചോർച്ച പൊതുവെ ദൃശ്യമായിരുന്നു.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന് (DBT ) ശേഷമുള്ള കാലഘട്ടം (2014–2024):

2023-24 ൽ സബ്സിഡി ചെലവ് മൊത്തം ചെലവിന്റെ 9% ആയി കുറഞ്ഞു.അതേസമയം ഗുണഭോക്തൃ പരിരക്ഷ  11 കോടിയിൽ നിന്ന് 176 കോടിയായി 16 മടങ്ങ് വർദ്ധിച്ചു.

കോവിഡ്-19 മൂലമുള്ള താത്കാലിക വർദ്ധന:

 അടിയന്തര പ്രാധാന്യമുള്ള സാമ്പത്തിക നടപടികൾ കാരണം 2020–21 സാമ്പത്തിക വർഷത്തിൽ സബ്സിഡി താൽക്കാലികമായി വർദ്ധിച്ചു. എന്നിരുന്നാലും, മഹാമാരിയെത്തുടർന്ന് കാര്യക്ഷമത വീണ്ടും ഉയർന്നു.  ഇത് സംവിധാനത്തിന്റെ ദീർഘകാല ഫലപ്രാപ്തിയെ സാധൂകരിക്കുന്നു.

സബ്സിഡി അനുവദിക്കുന്നതിലെ പ്രവണതകൾ (2009-2024)

പരിരക്ഷ ലഭിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടും സബ്സിഡി തുക കുറഞ്ഞത്, സാമ്പത്തിക വിഹിതം പരമാവധി കാര്യക്ഷമതയോടെ വിനിയോഗിക്കുന്നതിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT ) വഹിക്കുന്ന പങ്ക് ആവർത്തിച്ച് വ്യക്തമാക്കുന്നു. വ്യാജ ഗുണഭോക്താക്കളെയും ഇടനിലക്കാരെയും ഒഴിവാക്കിയതിലൂടെ, ബജറ്റിൽ ആനുപാതികമായ വർദ്ധനവ് കൂടാതെ തന്നെ യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് ഫണ്ട് വഴി തിരിച്ചു വിടാനായിട്ടുണ്ട്.

മേഖലാടിസ്ഥാനത്തിലുള്ള പ്രവണതകളുടെ  വിശകലനം

മേഖലാ-നിർദ്ദിഷ്ട സ്വാധീനത്തിന്റെ വിശദമായ വിശകലനം, കാര്യമായ സാമ്പത്തിക ചോർച്ച സംഭവിച്ചിരുന്ന പദ്ധതികൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT ) എങ്ങനെ പ്രയോജനം ചെയ്‌തെന്ന് വ്യക്തമാക്കുന്നു.

 
  • ഭക്ഷ്യ സബ്സിഡികൾ (PDS):  ₹1.85 ലക്ഷം കോടി ലാഭിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ (DBT ) ലഭിക്കാനായതിന്റെ 53% ആണിത്. ആധാറുമായി ബന്ധിപ്പിച്ച റേഷൻ കാർഡ് പ്രാമാണീകരണത്തിലൂടെയാണ് ഇത് സാധ്യമായത്.
  • മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  (MGNREGS): 98% വേതനവും സമയബന്ധിതമായി കൈമാറി. ഉത്തരവാദിത്തപൂർണ്ണമായ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ(DBT ) ₹42,534 കോടി ലാഭിച്ചു.
  • പിഎം-കിസാൻ: പദ്ധതിയിൽ നിന്ന് അർഹരല്ലാത്ത  2.1 കോടി ഗുണഭോക്താക്കളെ ഒഴിവാക്കിയതിലൂടെ ₹22,106 കോടി ലാഭിച്ചു.
  • വളം സബ്‌സിഡികൾ: വളം വില്പന 158 ലക്ഷം മെട്രിക് ടൺ കുറഞ്ഞു. ലക്ഷ്യവേധിയായ വിതരണത്തിലൂടെ ₹18,699.8 കോടി ലാഭിച്ചു.

മേഖലാ നിർദ്ദിഷ്ട സ്വാധീനത്തിന്റെ വിശകലനം

ഭക്ഷ്യ സബ്‌സിഡികൾ, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങി, ആനുപാതികമല്ലാത്ത സാമ്പത്തിക ചോർച്ച ദൃശ്യമായിരുന്ന പദ്ധതികൾ  നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ  മേഖല-നിർദ്ദിഷ്ട ലാഭം സൃഷ്ടിക്കുന്നു. ബയോമെട്രിക് പ്രാമാണീകരണങ്ങളിലും നേരിട്ടുള്ള കൈമാറ്റങ്ങളിലും സംവിധാനം വഹിക്കുന്ന പങ്ക്, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും ദുരുപയോഗം തടയുന്നതിലും നിർണ്ണായകമാണ്.

പരസ്പരബന്ധവും കാര്യകാരണങ്ങളും സംബന്ധിച്ച കണ്ടെത്തലുകൾ

ക്ഷേമ വിതരണം മെച്ചപ്പെടുത്തുന്നതിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (DBT) ഫലപ്രാപ്തിയെ പരസ്പരബന്ധ വിശകലനം കൂടുതൽ വ്യക്തമാക്കുന്നു.

ശക്തവും ഭാവാത്മകവുമായ പരസ്പരബന്ധം (0.71): ഗുണഭോക്തൃ പരിരക്ഷയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT ) മൂലമുള്ള സാമ്പത്തിക ലാഭവും തമ്മിൽ ശക്തവും ഭാവാത്മകവുമായ  പരസ്പരബന്ധമുണ്ട്. പരിരക്ഷ വികസിക്കുമ്പോൾ സാമ്പത്തിക ലാഭവും വർദ്ധിക്കുമെന്നതാണ് സൂചന.

നിഷേധാത്മക പരസ്പരബന്ധം (-0.74): മൊത്തം ചെലവിന്റെ നിശ്ചിത ശതമാനമായ സബ്‌സിഡി ചെലവും, ക്ഷേമ കാര്യക്ഷമതയും തമ്മിൽ വിപരീതാനുപാതത്തിലുള്ള പരസ്പരബന്ധമുണ്ട്. ഇത് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT ) വഴി സാധ്യമാകുന്ന പാഴ്‌ച്ചെലവുകളുടെയും ചോർച്ചകളുടെയും അഭാവം വ്യക്തമാക്കുന്നു.

പ്രധാന വേരിയബിളുകൾ തമ്മിലുള്ള പരസ്പരബന്ധം വിശദീകരിക്കുന്ന ഹീറ്റ്-മാപ്പ്

ബജറ്റ് വിഹിതം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുഖേനയുള്ള (DBT ) ലാഭം, ക്ഷേമ കാര്യക്ഷമത എന്നിവ തമ്മിലുള്ള ബന്ധത്തെ ഹീറ്റ്-മാപ്പ് വിശകലനം ചെയ്യുന്നു.നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുഖേനയുള്ള (DBT) ലാഭം വർദ്ധിച്ചതോടെ, സബ്സിഡി വിഹിതം കുറഞ്ഞു. ചോർച്ച കുറയ്ക്കുന്നതിനൊപ്പം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ലക്ഷ്യവേധിയാണെന്നും ഇത് തെളിയിക്കുന്നു. ധനകാര്യ ചെലവുകൾ വർദ്ധിപ്പിക്കാതെ കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനും ക്ഷേമ പദ്ധതികൾ വിപുലീകരിക്കാനും ഇത് സർക്കാരിനെ പ്രാപ്തമാക്കി. സബ്സിഡി ചെലവും കാര്യക്ഷമതയും തമ്മിലുള്ള വിപരീത ബന്ധം "കുറയുന്ന ക്ഷേമ ചെലവ്" എന്ന വിമർശനങ്ങളെ തള്ളുകയും കാര്യക്ഷമമായ  സാമ്പത്തിക വിനിയോഗത്തിന്റെ ശക്തമായ ഉപാധിയായി നിലകൊള്ളുന്ന നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ ഫലപ്രദമായ പങ്ക് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

ക്ഷേമ കാര്യക്ഷമതാ സൂചിക (WEI)

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (DBT )  സംവിധാനത്തിന്റെ ഗുണഫലങ്ങൾ  വിലയിരുത്തുന്നതിനുള്ള രീതിശാസ്ത്രത്തിന്റെ ഭാഗമായി, വിവിധ മാനങ്ങളിലെ കാര്യക്ഷമതാ നേട്ടങ്ങൾ അളക്കുന്നതിനുള്ള സമഗ്ര അളവുകോൽ എന്ന നിലയിൽ ക്ഷേമ കാര്യക്ഷമതാ സൂചിക (WEI) വികസിപ്പിച്ചെടുത്തു. WEI മൂന്ന്  ഘടകങ്ങൾ ഉൾക്കൊള്ളുന്നു:

 
  • നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ (DBT) ലാഭിച്ച തുക (50% വെയിറ്റേജ്): ലാഭിക്കപ്പെട്ട പരമാവധി തുകയായ ₹3.48 ലക്ഷം കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ചോർച്ചയിലെ  കുറവ് ഈ ഘടകം വിലയിരുത്തുന്നു.
  • സബ്സിഡിയിലെ കുറവ് (30% വെയിറ്റേജ്): മൊത്തം ദേശീയ ബജറ്റിന്റെ എത്ര ശതമാനമെന്ന കണക്കിൽ സബ്സിഡി ചെലവിലെ കുറവ് കണക്കാക്കുന്നു. 
  • ഗുണഭോക്തൃ വളർച്ച (20% വെയിറ്റേജ്): ജനസംഖ്യാ വളർച്ചയ്ക്ക് ആനുപാതികമായി ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധനവ് വിലയിരുത്തുന്നു.
വ്യവസ്ഥാപരമായ മെച്ചപ്പെടുത്തലുകളെത്തുടർന്നാണ് 2014-ൽ 0.32 ആയിരുന്ന WEI 2023-ൽ 0.91 ആയി ഉയർന്നത്. കാര്യക്ഷമതയിലെ നേട്ടങ്ങൾ ബഹുമുഖ ഘടകങ്ങളിൽ നിന്നാണ് ഉരുത്തിരിയുന്നത് - കേവലം ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതിൽ നിന്നല്ല. ആഗോള നയരൂപകർത്താക്കൾക്ക് ക്ഷേമ പരിഷ്‌ക്കാരങ്ങൾ വിലയിരുത്തുന്നതിന് ഈ സൂചിക ഒരു അനുകരണീയ മാതൃകയായി നിലകൊള്ളുന്നു.  

ഇനിപ്പറയുന്നവയുടെ സ്വാധീനത്താൽ WEI കുതിച്ചുയർന്നു:
  • നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ (DBT) ലാഭിച്ച തുക (50% വെയിറ്റേജ്): ₹3.48 ലക്ഷം കോടി ലാഭിച്ചു.
  • സബ്സിഡിയിലെ കുറവ് (30% വെയിറ്റേജ്): മൊത്തം ചെലവിന്റെ 16% ൽ നിന്ന് 9% ആയി.
  • ഗുണഭോക്തൃ വളർച്ച (20% വെയിറ്റേജ്): പരിരക്ഷയിൽ 16 മടങ്ങ് വർദ്ധനവ്.

ഉപസംഹാരം

ഇന്ത്യയുടെ ക്ഷേമ പദ്ധതികളെ സംബന്ധിച്ചിടത്തോളം പരിവർത്തനാത്മകമായ ഒരു ഉപാധിയാണ് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമെന്ന് (DBT)  തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് പൊതു ചെലവുകളുടെ കാര്യക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുകയും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളുടെ പരിധി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ (DBT) സാമ്പത്തിക ചോർച്ച ₹3.48 ലക്ഷം കോടി കുറയ്ക്കുക മാത്രമല്ല, സബ്സിഡികൾ ലക്ഷ്യവേധിയാണെന്ന് ഉറപ്പാക്കുകയും ചെയ്തു. മൊത്തം ചെലവിന്റെ ശതമാനകണക്കിൽ നോക്കുമ്പോൾ സബ്സിഡി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായി. ക്ഷേമ കാര്യക്ഷമതാ സൂചികയിലെ (WEI) വർദ്ധനവ്, ദശലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്കായി ക്ഷേമ പരിരക്ഷ വിപുലീകരിക്കുന്നതിനൊപ്പം സാമ്പത്തിക വിഭവങ്ങൾ പരമാവധി കാര്യക്ഷമതയോടെ വിനിയോഗിക്കുന്നതിൽ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (DBT) വിജയത്തെയും പ്രതിഫലിപ്പിക്കുന്നു. ഭക്ഷ്യ സബ്സിഡികൾ, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎം-കിസാൻ തുടങ്ങിയ സാമ്പത്തിക ചോർച്ച ദൃശ്യമായിരുന്ന പദ്ധതികളിലെ ലാഭം, ആധാർ, മൊബൈൽ അധിഷ്ഠിത ആനുകൂല്യ കൈമാറ്റം കാര്യക്ഷമതയില്ലായ്മ എന്ന ഘടകത്തെ എങ്ങനെ പരിഹരിച്ചുവെന്നും ദുരുപയോഗം എങ്ങനെ തടഞ്ഞുവെന്നും വ്യക്തമാക്കുന്നു.

ധനകാര്യ വിവേകവും സർവ്വാശ്ലേഷിത്വവും ഒരുമിച്ച് കൈവരിക്കാനാകുമെന്ന്    
ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ ഡാറ്റാധിഷ്ഠിത വിലയിരുത്തൽ പ്രകാരമുള്ള റിപ്പോർട്ട് തെളിയിക്കുന്നു, സാമൂഹിക ക്ഷേമ മാതൃകകൾ പരിഷ്‌ക്കരിക്കാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ പകർന്നു നൽകുന്നു. സാമ്പത്തിക നിയന്ത്രണങ്ങളും സാമൂഹിക സമത്വവും സംതുലിതമാക്കുന്നതിന് സർക്കാരുകൾ ബുദ്ധിമുട്ടുമ്പോൾ, സാമ്പത്തികവും സാമൂഹികവുമായ വികസനം സാധ്യമാക്കുന്നതിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (DBT ) ഇന്ത്യൻ മാതൃക ശക്തമായ ഒരു ഉദാഹരണമാണ്. ഈ വിജയഗാഥയിൽ നിന്ന് ഉൾക്കൊള്ളുന്ന പാഠങ്ങൾ ക്ഷേമ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവും സർവ്വാശ്ലേഷിയുമാക്കാനുള്ള ആഗോള ശ്രമങ്ങളെ മുന്നോട്ട് നയിക്കും.

സൂചനകൾ :
https://www.bluekraft.in/wp-content/uploads/2025/04/Shakil-Bhat_DBT-Paper_FNL-paper.pdf  
 
******

(Release ID: 2123747) Visitor Counter : 23