ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2011 ലെ ലീഗൽ മെട്രോളജി (പൊതു) ചട്ടങ്ങൾ അനുസരിച്ച് ‘വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള റഡാർ ഉപകരണങ്ങൾ’ സംബന്ധിച്ച ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു

Posted On: 18 APR 2025 12:34PM by PIB Thiruvananthpuram

 

റോഡ് സുരക്ഷ ശക്തിപ്പെടുത്തുക, ഗതാഗത നീതി നിർവ്വഹണം മെച്ചപ്പെടുത്തുക എന്നിവയാണ് 2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ചട്ടങ്ങളിലൂടെ ലക്ഷ്യമിടുന്നത്

 

റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗതാഗത നീതി നിർവ്വഹണം മെച്ചപ്പെടുത്തുന്നതിനും, 2011 ലെ ലീഗൽ മെട്രോളജി (പൊതു) ചട്ടങ്ങൾ പ്രകാരം ‘വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള റഡാർ ഉപകരണങ്ങൾ’ സംബന്ധിച്ച ചട്ടങ്ങൾ ഉപഭോക്തൃ കാര്യ വകുപ്പ് വിജ്ഞാപനം ചെയ്തു. വ്യവസായമേഖലയ്ക്കും നീതി നിർവ്വഹണ സംവിധാനങ്ങൾക്കും വ്യവസ്ഥകൾ പാലിക്കാൻ മതിയായ സമയം നൽകിക്കൊണ്ട് ഈ നിയമങ്ങൾ 2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

റഡാർ അധിഷ്ഠിത വേഗതാ നിർണ്ണയ ഉപകരണങ്ങൾ ലീഗൽ മെട്രോളജി അധികാരികൾ പരിശോധിച്ച് മുദ്ര വയ്ക്കണമെന്ന് പുതിയ ചട്ടം അനുശാസിക്കുന്നു. ഇതിലൂടെ അത്തരം ഉപകരണങ്ങൾ കൃത്യവും, ക്രമീകൃതവും, നിയമപാലനം ഉറപ്പാക്കുകയും തദ്വാരാ സുതാര്യത, പൊതുജന വിശ്വാസം, നിർവ്വഹണ സമഗ്രത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും. ഗതാഗത വേഗതാ നിരീക്ഷണം, അപകടങ്ങളൊഴിവാക്കൽ, റോഡ് അടിസ്ഥാന സൗകര്യങ്ങളിലെ തേയ്മാനം കുറയ്ക്കൽ തുടങ്ങിയവയ്ക്കും പരിശോധിച്ചുറപ്പിച്ച റഡാർ സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്.

അന്താരാഷ്ട്ര നിലവാരവുമായി ബന്ധപ്പെട്ട OIML R 91 അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിവരങ്ങളെ സംബന്ധിച്ച കാര്യമായ അറിവുള്ള ഒരു സമിതിയാണ് ഈ ചട്ടങ്ങളുടെ കരട് തയ്യാറാക്കിയത്. ചട്ടങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ്, സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പുകൾ, റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറികൾ (RRSL-കൾ), നിർമ്മാതാക്കൾ, ഉപഭോക്തൃ സംഘടനകൾ എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട എല്ലാവരുമായി വാചികാവതരണത്തിലൂടെയും, പൊതുജനാഭിപ്രായങ്ങൾ തേടിയും, പ്രതികരണങ്ങൾ ആരാഞ്ഞും കൂടിയാലോചിച്ചു.

പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നത് ബന്ധപ്പെട്ടവർക്കെല്ലാം കാര്യമായ നേട്ടങ്ങൾ ഉറപ്പാക്കുന്നു. സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം, റഡാർ അധിഷ്ഠിത വേഗതാ നിർണ്ണയ ഉപകരണങ്ങളുടെ നിർബന്ധിത സ്ഥിരീകരണവും മുദ്ര വയ്ക്കലും വേഗതാ പരിധിയുടെ കൃത്യമായ പരിശോധന ഉറപ്പാക്കും, അതുവഴി അന്യായമായ ശിക്ഷകൾ തടയുകയും റോഡ് സുരക്ഷ ഗണ്യമായി വർദ്ധിക്കുകയും ചെയ്യും. ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതും നിയമപരമായി സാക്ഷ്യപ്പെടുത്തിയതുമായ ഉപകരണങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശോധന എന്ന ബോധ്യത്തിൽ പൗരന്മാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ വാഹനമോടിക്കാൻ കഴിയും.

റഡാർ അധിഷ്ഠിത വേഗതാ നിർണ്ണയ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായങ്ങൾക്ക്, OIML R 91 പോലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വ്യക്തമായ സാങ്കേതിക, നിയന്ത്രണ ചട്ടക്കൂട് പുതിയ ചട്ടങ്ങൾ അനുശാസിക്കുന്നു. ഇത് ആഭ്യന്തര നവീകരണത്തെയും അനുവർത്തനത്തെയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഗുണനിലവാരത്തിലും പ്രകടനത്തിലും സ്ഥിരത ഉറപ്പാക്കിക്കൊണ്ട് ആഗോള വിപണികളിൽ ഇന്ത്യൻ നിർമ്മാതാക്കളുടെ കയറ്റുമതി മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നിയമ നിർവ്വഹണ ഏജൻസികളെ സംബന്ധിച്ചിടത്തോളം, പരിശോധിച്ചുറപ്പിച്ചതും മുദ്ര ചെയ്തതുമായ ഉപകരണങ്ങളുടെ ഉപയോഗം മികച്ച പ്രവർത്തന ഫലപ്രാപ്തിയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. ഈ ഉപകരണങ്ങൾ വിശ്വസനീയവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ നിർവ്വഹണത്തിന് അനുവദിക്കുന്നു. ഇത് പൊതുജന വിശ്വാസം നിലനിർത്തുന്നതിനും വേഗതാ നിയന്ത്രണ പാലനം മെച്ചപ്പെടുത്തുന്നതിനും നിർണ്ണായകമാണ്. സാക്ഷ്യപ്പെടുത്തിയതും കൃത്യത ഉറപ്പാക്കിയതുമായ ഉപകരണങ്ങളുടെ ലഭ്യത ഉദ്യോഗസ്ഥരെ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്നു.

ദേശീയ തലത്തിൽ, ഈ സംരംഭം ഗതാഗത ഭരണ നിർവ്വഹണത്തെ, ഡാറ്റാധിഷ്ഠിത നിർവ്വഹണത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിലെ ഒരു പ്രധാന ചുവടുവയ്പ്പാണ്. ഇത് റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ദേശീയ പാതകളിലെ അച്ചടക്കം വർദ്ധിപ്പിക്കുന്നു, റോഡ് അപകടങ്ങൾ, വാഹന തേയ്മാനം, അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമൂഹികവും സാമ്പത്തികവുമായ ചെലവുകൾ കുറയ്ക്കുന്നതിലൂടെ സുസ്ഥിര സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ, രാജ്യത്ത് സുരക്ഷിതവും സാങ്കേതികമായി കൂടുതൽ പുരോഗമിച്ചതുമായ ഒരു ഗതാഗത ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ചട്ടങ്ങൾ വലിയ സംഭാവന നൽകുന്നു.

ഉയർന്ന കൃത്യതയോടെ വാഹന വേഗത അളക്കുന്ന ഡോപ്ലർ റഡാർ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് റഡാർ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. ഈ ചട്ടങ്ങൾ വിശദമായ സാങ്കേതിക, സുരക്ഷാ ആവശ്യകതകൾ വ്യക്തമാക്കുന്നു. മികച്ച കൃത്യതാ നിർണ്ണയം, വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളിൽ സ്ഥിരതയുള്ള പ്രവർത്തനം, കൃത്രിമത്വത്തിൽ നിന്നുള്ള സംരക്ഷണം എന്നിവ ഉറപ്പാക്കുന്നു. അത്തരം നടപടികൾ സാങ്കേതിക വിശ്വാസ്യതയുടെയും നിയമപരമായ ഉത്തരവാദിത്തത്തിന്റെയുംസംസ്ക്കാരം വളർത്തിയെടുക്കും.

പൊതു നീതി നിർവ്വഹണത്തിനുപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങൾ ശാസ്ത്രീയവും നിയമപരമായി പരിശോധിക്കാവുന്നതുമാണെന്ന് ഉറപ്പാക്കിക്കൊണ്ട്, ലീഗൽ മെട്രോളജി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള ഇന്ത്യയുടെ പരിഷ്‌ക്കാരങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.  

ചട്ടങ്ങൾ ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്: 

https://consumeraffairs.nic.in/sites/default/files/uploads/legal-metrology-acts-rules/Radar%20Equipment%20Gen%20Rules%20Amendment.pdf

************************


(Release ID: 2122698) Visitor Counter : 62