ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

മോദി സര്‍ക്കാര്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് മയക്കുമരുന്നു സംഘങ്ങളെ ഉന്മൂലനം ചെയ്യുകയാണെന്നു കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ

മയക്കുമരുന്നു സംഘങ്ങള്‍ക്കു കനത്ത ആഘാതം ഏല്‍പ്പിച്ച് അസമില്‍ 24.32 കോടി രൂപ വിലമതിക്കുന്ന 30.4 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ (methamphetamine) ഗുളികകള്‍ പിടിച്ചെടുക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ എന്‍സിബി, അസം പോലീസ്, സിആര്‍പിഎഫ് എന്നിവയെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.

Posted On: 10 APR 2025 8:12PM by PIB Thiruvananthpuram
മോദി സര്‍ക്കാര്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് മയക്കുമരുന്നു സംഘങ്ങളെ ഉന്മൂലനം ചെയ്യുകയാണെന്നു കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു.
 
' മയക്കുമരുന്നു രഹിത ഭാരതം എന്ന ലക്ഷ്യത്തിനായി മയക്കുമരുന്നു സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നമ്മുടെ ഏജന്‍സികള്‍ വിപുലമായ നടപടികള്‍ ആരംഭിക്കുകയും അസമില്‍ 24.32 കോടി രൂപ വിലമതിക്കുന്ന 30.4 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ (methamphetamine) ഗുളികകള്‍ പിടിച്ചെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്നിനെതിരായ പോരാട്ടം നിര്‍ദ്ദാക്ഷണ്യം തുടരും. ഈ വൻ  നേട്ടം കൈവരിച്ചതിന് എന്‍സിബി, അസം പോലീസ്, സിആര്‍പിഎഫ് എന്നിവയെ അഭിനന്ദിക്കുന്നു' -സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ X ല്‍ ശ്രീ അമിത് ഷാ കുറിച്ചു.
 
ഓപ്പറേഷന്റെ വിശദാംശങ്ങള്‍:
 
2025 ഏപ്രില്‍ 6ന്, എന്‍സിബി 24.32 കോടി രൂപ വിലമതിക്കുന്ന 30.4 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ഗുളികകള്‍ (YABA) പിടിച്ചെടുക്കുകയും മയക്കുമരുന്നു കടത്തുകാരായ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ലഹരി മുക്ത ഇന്ത്യ എന്ന സങ്കല്‍പ്പത്തിനനുസരിച്ചും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും അസമിലെ അന്തര്‍ സംസ്ഥാന രാസലഹരി ശൃംഖല തകര്‍ക്കുന്നതില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) വന്‍ വിജയമാണു കൈവരിച്ചത്.
 
ഒരു സുപ്രധാന മുന്നേറ്റത്തില്‍, സില്‍ച്ചാറില്‍ അടുത്തിടെ നടന്ന രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളില്‍, 24.32 കോടി രൂപ വിലമതിക്കുന്നതും YABA എന്ന് അറിയപ്പെടുന്നതുമായ 30.4 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ഗുളികകള്‍ എന്‍സിബി പിടിച്ചെടുക്കുകയും മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, മൂന്നു മാസത്തിലേറെയായി നടത്തിയ തയ്യാറെടുപ്പുകള്‍ക്കു ശേഷം 06. 04. 2025 ന് അസം പോലീസുമായി ചേര്‍ന്നു നടത്തിയ ഒരു സംയുക്ത ഓപ്പറേഷനില്‍ ഗോഹട്ടി എന്‍സിബി ഒരു കാര്‍ തടഞ്ഞു നിര്‍ത്തുകയും 9.9 കിലോഗ്രാം മത്താംഫെറ്റാമൈന്‍ ഗുളികകള്‍ അടങ്ങിയ 10 പായ്ക്കറ്റുകള്‍ കണ്ടെടുക്കയും ചെയ്തു. കാറിലുണ്ടായിരുന്ന മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ സ്വദേശിയായ ഏക യാത്രക്കാരനെ സംഭവസ്ഥലത്തു തന്നെ അറസ്റ്റ് ചെയ്തു. ഇതിന്റെ കണ്ണികളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം പുരോഗമിക്കുന്നു.
 
രഹസ്യ വിവരത്തെ തുടര്‍ന്ന് ആ രാത്രിയില്‍ തന്നെ എന്‍സിബി, അസം പോലീസ്,   സിആര്‍പിഎഫ്   എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മറ്റൊരു ഓപ്പറേഷനില്‍ മഹീന്ദ്ര ഥാര്‍ പിടികൂടി. വാഹനത്തിന്റെ സ്‌പെയര്‍ ടയറില്‍ ഒളിപ്പിച്ച നിലയില്‍ 21 പായ്ക്കറ്റുകളിലായി വച്ചിരുന്ന 205 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ഗുളികകള്‍ അധികൃതര്‍ കണ്ടെടുക്കയും ചുരാചന്ദ്പൂര്‍ സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന്റെ കണ്ണികളെയും തിരിച്ചറിയുന്നതിനുള്ള അന്വേഷണം പുരോഗമിക്കുന്നു.
 
2025 മാര്‍ച്ച് 13ന് നടന്ന രണ്ട് ഓപ്പറേഷനുകളിലായി എന്‍സിബി ഏകദേശം 110 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. അസമിലെ സില്‍ച്ചാറില്‍ 7.5 കിലോ ഗ്രാം മയക്കുമരുന്നു പിടികൂടിയ കേസില്‍ മണിപ്പൂരിലെ മോറെ സ്വദേശിയായ ഒരാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ ഇംഫാലിനടുത്തുള്ള ലിലോംങ്ങില്‍ 102.5 കിലോ ഗ്രാം പിടികൂടിയ സംഭവത്തില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയും മൂന്നു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അന്തര്‍ദേശീയ മയക്കുമരുന്നു കടത്ത് സംഘത്തെ തകര്‍ക്കുന്നതിനുള്ള കൂടുതല്‍ അന്വേഷണങ്ങള്‍, ഈ സംഭവങ്ങളില്‍, നടന്നു വരികയാണ്.
 
എന്‍സിബിയുടെ സിലിഗുരി, ഇറ്റാനഗര്‍, അഗര്‍ത്തല, ഇംഫാല്‍ എന്നിവിടങ്ങളില്‍ പുതുതായി രൂപീകരിച്ച നാല് സോണല്‍ യൂണിറ്റുകളും ഗോഹട്ടിയിലെ ഒരു മേഖലാ ആസ്ഥാനവും മറ്റ് ഏജന്‍സികളുമായി സഹകരിച്ച് ഈ പ്രദേശത്തെ മയക്കുമരുന്നു കടത്തുകാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മിസോറാമിലെ ഐസ്‌വാളില്‍ എന്‍സിബിയുടെ ഫീല്‍ഡ് ഓഫീസ് മിസോറാം പോലീസിന്റെ സഹായത്തോടെ 2025 മാര്‍ച്ചില്‍ പ്രവര്‍ത്തനക്ഷമമാകുകയും 24. 03.2025 ന് 10.814 കിലോ ഗ്രാം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുക്കുകയും രണ്ട് മ്യാന്‍മര്‍ പൗരന്മാരുള്‍പ്പടെ ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുകൊണ്ട് ഉടനടി നേട്ടമുണ്ടാക്കുകയും ചെയ്തു. ഈ കേസില്‍ ഇതുവരെ നാല് വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. അന്തര്‍ദേശീയ മയക്കുമരുന്നു കടത്തു സംഘത്തെ തകര്‍ക്കുന്നതിനായി ഈ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
 
കഴിഞ്ഞ ഒരു മാസത്തിനകം വടക്കു കിഴക്കന്‍ മേഖലയില്‍ മെത്താംഫെറ്റാമൈന്‍ പിടികൂടിയ ഈ അഞ്ച് സംഭവങ്ങള്‍ മയക്കുമരുന്നു രഹിത ഇന്ത്യ എന്ന സങ്കല്‍പ്പം കൈവരിക്കുന്നതിന് അന്തര്‍സംസ്ഥാന മയക്കുമരുന്നു ശൃംഖലയെ വിജയകരമായി തകര്‍ക്കുന്നതിനുള്ള എന്‍സിബിയുടെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്.

(Release ID: 2120861) Visitor Counter : 15