ഷിപ്പിങ് മന്ത്രാലയം
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ 67.7 കോടിരൂപയുടെ പദ്ധതികൾ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു; കൊച്ചി ഐഎംയു ക്യാമ്പസ്സിൽ പെൺകുട്ടികളുടെ ഹോസ്റ്റലിന് തറക്കല്ലിട്ടു
Posted On:
08 APR 2025 8:39PM by PIB Thiruvananthpuram
രാജ്യവ്യാപകമായി ആറ് ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ഐഎംയു) ക്യാമ്പസുകളിലായി 67.77 കോടി രൂപയുടെ 26 പദ്ധതികൾ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു. സമുദ്ര മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ഈ മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമുള്ള ഒരു പ്രധാന സംരംഭമാണിത് . ഐഎംയുവിന്റെ കൊച്ചി ക്യാമ്പസിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ-കം-ലൈബ്രറി കെട്ടിടത്തിന്റെ തറക്കല്ലിടലും ചടങ്ങിൽ നടന്നു.
ഈ പരിപാടിയെ "വളരെ സവിശേഷ അവസരമായി" വിശേഷിപ്പിച്ച കേന്ദ്രമന്ത്രി, സമുദ്ര മേഖലയിലെ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള സർക്കാരിന്റെ കൂട്ടായ പ്രതിജ്ഞാബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതായി പറഞ്ഞു. "ആഗോള വ്യാപാരത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും നട്ടെല്ലാണ് സമുദ്ര മേഖല. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ആഗോള സമുദ്ര മേഖലയിലെ ശക്തികേന്ദ്രമായി മാറാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ സമുദ്ര വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ 17 പദ്ധതികൾ. ആധുനിക അടിസ്ഥാന സൗകര്യങ്ങളും നൂതന സംവിധാനങ്ങളും ഉപയോഗിച്ച്, വിദ്യാർത്ഥികളുടെ മികവ് വർധിപ്പിക്കാനും ആഗോള നിലവാരം പുലർത്താനും ഞങ്ങൾ ലക്ഷ്യമിടുന്നു," ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.
വിദ്യാർത്ഥികളുടെ അക്കാദമിക, ക്യാമ്പസ് അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന സിമുലേറ്ററുകൾ, സൗരോർജ പ്ലാന്റുകൾ, മെച്ചപ്പെട്ട കായിക അടിസ്ഥാന സൗകര്യങ്ങൾ, ഹോസ്റ്റൽ നവീകരണം എന്നിവയുൾപ്പെടെ ചെന്നൈ, കൊൽക്കത്ത, നവി മുംബൈ, മുംബൈ തുറമുഖം, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഐഎംയു ക്യാമ്പസുകളിലായി 17 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ ശ്രീ സോനോവാൾ ഉദ്ഘാടനം ചെയ്തു. ഐഎംയു കൊച്ചിയിൽ 13.11 കോടി രൂപയുടെ ഹോസ്റ്റൽ, വിദ്യാർത്ഥിനികളുടെ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സമുദ്രമേഖലാ വിദ്യാഭ്യാസത്തിൽ ലിംഗഭേദംഇല്ലാതാക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യും.
'മാരിടൈം ഇന്ത്യ വിഷൻ 2030', 'സാഗർമാല', 'മാരിടൈം അമൃത്കാൽ വിഷൻ 2047' തുടങ്ങിയ പ്രധാന സംരംഭങ്ങൾ ശ്രീ സർബാനന്ദ സോനോവാൾ എടുത്തുപറഞ്ഞു. തുറമുഖങ്ങൾ ആധുനികവൽക്കരിക്കുന്നതിനും സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ പദ്ധതികൾ വളരെ പ്രധാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2014-15 നും 2023-24 നും ഇടയിൽ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളുടെ ചരക്ക് കൈകാര്യം ചെയ്യൽ ശേഷി ഇരട്ടിയാക്കി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സമുദ്രമേഖലയുടെ വളർച്ച എടുത്തുകാണിച്ചുകൊണ്ട്, " ഇപ്പോൾ ആഗോളതലത്തിൽ മികച്ച 100 തുറമുഖങ്ങളിൽ ഒമ്പത് എണ്ണം ഇന്ത്യയിൽ നിന്ന് ഇടം നേടിയിട്ടുണ്ട് " എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സമുദ്ര മേഖലയിലെ തൊഴിൽവർധനയും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ നാവികരുടെ എണ്ണം 2014 ലെ 1.17 ലക്ഷത്തിൽ നിന്ന് 170% വർദ്ധനയോടെ 2024 ൽ 3.17 ലക്ഷത്തിലധികമായി. 2030 ഓടെ അഞ്ച് ലക്ഷം നാവികർ എന്നതാണ് ലക്ഷ്യമെന്നും ഞങ്ങൾ ആ പാതയിലാണെന്നും ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.
സമുദ്ര മേഖലയിലെ വനിതാ നാവികരുടെ പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതിയെ കേന്ദ്രമന്ത്രി പ്രശംസിച്ചു. വനിതാ നാവികരുടെ എണ്ണത്തിൽ 2014 ലെ 1,699 ൽ നിന്ന് 2024 ൽ 13,756 ആയി 700% വർദ്ധന ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ഐഎംയു കൊച്ചിയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിനുള്ള ശിലാസ്ഥാപനം സമുദ്ര മേഖലയിലെ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്. 'നാരി ശക്തി'യും 'യുവ ശക്തി'യും നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്, അതുപോലെ തന്നെ ആഗോള സമുദ്ര മേഖലയിലെ പ്രധാന രാജ്യമായി മാറാനുള്ള നമ്മുടെ അഭിലാഷത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്. രാഷ്ട്ര നിർമ്മാതാക്കൾ എന്ന നിലയിൽ അവരുടെ സജീവമായ പങ്ക് നമ്മുടെ രാജ്യത്തെ വികസിത ഭാരതം ആക്കാൻ സഹായിക്കും ”ശ്രീ സോനോവാൾ പറഞ്ഞു. കോർപ്പറേറ്റ് സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും നൽകുന്ന സ്കോളർഷിപ്പുകൾ വഴി വനിതാ വിദ്യാർത്ഥികളെ,ഐഎംയു സജീവമായി പിന്തുണയ്ക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.
വിപുലീകരണത്തിനും തൊഴിൽ ശക്തിയിലേക്കുള്ള സംഭാവനകൾക്കും ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയെ (ഐഎംയു) മന്ത്രി പ്രശംസിച്ചു. "നിലവിൽ 7,156 വിദ്യാർത്ഥികളുള്ള ഐഎംയുവിന് 2008 ൽ ആരംഭിച്ചതുമുതൽ ഇതുവരെയായി 21,000 ൽ അധികം പൂർവ്വ വിദ്യാർത്ഥികളുണ്ട്. കഴിഞ്ഞ ദശകത്തിൽ സർവ്വകലാശാലയിലേക്ക് ഉള്ള പ്രവേശനത്തിൽ 80% വർദ്ധന കൈവരിച്ചു. സമ്പന്നമായ പ്രതിഭാധനരുടെ കൂട്ടായ്മയിലൂടെ, ആഗോളതലത്തിൽ സമുദ്ര മേഖലയിലെ പ്രധാന രാഷ്ട്രമാകാനുള്ള ഞങ്ങളുടെ ശ്രമം ഉടൻ യാഥാർത്ഥ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരതമെന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരത്തിന് ഇത് വളരെ പ്രചോദനം നൽകുന്നു," കേന്ദ്ര മന്ത്രി പറഞ്ഞു.
വിവിധ ക്യാമ്പസുകളിലായി പുതുതായി ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ പ്രളയ ആഘാത ലഘൂകരണ ഘടനകൾ, ആർഎഫ്‌ഐഡി-സജ്ജമാക്കിയ ലൈബ്രറികൾ, സൗരോർജ്ജ സ്ഥാപിത സംവിധാനങ്ങൾ , സിമുലേറ്ററുകൾ എന്നിവ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് സമഗ്രവും പരിസ്ഥിതി സൗഹൃദപരവും സാങ്കേതിക മികവുള്ളതുമായ ഒരു പഠന അന്തരീക്ഷം നൽകുക എന്നതാണ് ഈ നവീകരണങ്ങളുടെ ലക്ഷ്യം. " ഓട്ടോമേഷൻ, നിർമ്മിത ബുദ്ധി,ഹരിത സാങ്കേതികവിദ്യ എന്നിവയിലാണ് ആഗോള ഷിപ്പിംഗിന്റെ ഭാവി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയ്ക്കായി നമ്മുടെ യുവാക്കളെ സജ്ജമാക്കുന്നതിന് ഐഎംയു ഈ നൂതന കണ്ടുപിടുത്തങ്ങൾ അതിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം," ഐഎംയുവിൽ നടന്ന പരിപാടിയിൽ ശ്രീ സോനോവാൾ നിർദ്ദേശിച്ചു. കപ്പൽ നിർമ്മാണം, കപ്പൽ പുനരുപയോഗം, ഉൾനാടൻ ജലഗതാഗതം, ഹൈഡ്രോഫോയിലുകൾ പോലുള്ള നൂതന നാവിക സാങ്കേതികവിദ്യകൾ തുടങ്ങിയ പുതിയ മേഖലകളെ പരിശീലന പരിപാടികളിൽ ഉൾപ്പെടുത്താൻ അദ്ദേഹം ഐഎംയുവിനോട് ആവശ്യപ്പെട്ടു. "ഇന്ത്യയുടെ സമുദ്ര ആവാസവ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിന് സമർപ്പിതവും പ്രൊഫഷണലുമായ മനുഷ്യവിഭവശേഷിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ പരിവർത്തനത്തിന് ഐഎംയു നേതൃത്വം നൽകണം," അദ്ദേഹം കൂട്ടിച്ചേർത്തു.
അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്ക് ഐ.എം.യുവിലെ അധ്യാപകരെയും ജീവനക്കാരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. “ഇന്ത്യയുടെ സമുദ്രമേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിലും ആഗോള സമുദ്രവിദ്യാഭ്യാസത്തിൽ നാം മുൻപന്തിയിൽതന്നെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിലും നിങ്ങളുടെ ശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്,” കേന്ദ്രമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള സന്ദേശത്തിൽ ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു. “നിങ്ങൾ ഇന്ത്യയുടെ സമുദ്രദർശനത്തിന്റെ ഭാവിയാണ്. ഇവിടെ നിന്ന് നേടുന്ന അറിവും വൈദഗ്ധ്യവും നിങ്ങളുടെ കരിയർ രൂപപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുകയും ചെയ്യും. നമ്മുടെ അധ്യാപകരുടെ മാർഗനിർദേശവും അനുഭവവും ഒപ്പം, യുവാക്കളുടെ അഭിനിവേശവും സമർപ്പണവും സംയോജിപ്പിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ഊർജ്ജസ്വലമായ നേതൃത്വത്തിൽ ഇന്ത്യ 2030 ഓടെ ഒരു പ്രമുഖ ആഗോള സമുദ്രശക്തിയായി മാറാനുള്ള പാതയിലാണ്,” സർബാനന്ദ സോനോവാൾ പറഞ്ഞു.
പരിശീലനം, ഗവേഷണം, വ്യവസായ സഹകരണം എന്നിവയിൽ കൂടുതൽ മികവ് പുലർത്തുന്നതിന് ഇന്ന് പുതുതായി ഉദ്ഘാടനം ചെയ്ത അടിസ്ഥാന സൗകര്യങ്ങൾ, സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. “ഇത് ഒരു തുടക്കം മാത്രമാണ്, ഈ ചുവടുവെയ്പ്പ് ഇന്ത്യയുടെ സമുദ്രമേഖലയെ കൂടുതൽ നേട്ടങ്ങളിലേക്ക് നയിക്കട്ടെ”. അദ്ദേഹം പറഞ്ഞു.
എറണാകുളം പാർലമെന്റ് അംഗം (ലോക്സഭ) ഹൈബി ഈഡൻ, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ഐഎംയു) വൈസ് ചാൻസലർ ഡോ. മാലിനി വി. ശങ്കർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു . സമുദ്ര വിദ്യാഭ്യാസത്തിന്റെ ഭാവി, കടൽ യാത്രാ പരിശീലനത്തിലെ നൂതനാശയങ്ങൾ, ഐഎംയു കാമ്പസുകളിലുടനീളം സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം എന്നിവ ചർച്ച ചെയ്യുന്നതിനായി മേഖലയിലെ വിദഗ്ധർ, അധ്യാപകർ, നയ രൂപകർത്താക്കൾ എന്നിവർ പങ്കെടുത്ത ഒരു സംവേദനാത്മക സെഷനോടെയാണ് പരിപാടി അവസാനിച്ചത്.




******
(Release ID: 2120586)
Visitor Counter : 17