വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സ്റ്റാർട്ടപ്പ് മഹാരഥി' പുരസ്‌ക്കാരങ്ങൾ സ്റ്റാർട്ടപ്പ് മഹാകുംഭ് 2025 ൽ വച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ സമ്മാനിച്ചു

നൂതനാശയ മേഖലയിൽ ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന സമർത്ഥരായ പോരാളികളാണ് 'മഹാരഥി' കൾ: ശ്രീ പിയൂഷ് ഗോയൽ

Posted On: 05 APR 2025 9:08PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് മഹാകുംഭ് 2025 ന്റെ സമാപന ദിനത്തിൽ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 'സ്റ്റാർട്ടപ്പ് മഹാരഥി' പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു. സംരംഭകർ, നൂതനാശയ വ്യക്തിത്വങ്ങൾ, വളർച്ചയെ സുഗമമാക്കുന്ന ഇക്കോസിസ്റ്റം ഇനാബ്ലെർമാർ  എന്നിവരടങ്ങിയ  സദസ്സിനെ അഭിസംബോധന ചെയ്യവേ, പങ്കെടുത്ത എല്ലാവരെയും മന്ത്രി പ്രശംസിച്ചു. പങ്കെടുത്ത  ഓരോരുത്തരും "മഹാരഥി" കളാണെന്നും - ഇന്ത്യയുടെ സ്റ്റാർട്ടപ്പ് വിപ്ലവത്തിൽ നൈപുണ്യമുള്ള ഓരോരുത്തരും നിർണ്ണായക സംഭാവന നൽകുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

"ഈ മഹത്തായ വെല്ലുവിളിയിൽ പങ്കെടുക്കുന്ന 2,400 പേരിൽ ഓരോരുത്തരും മഹാരഥികളാണ്. സ്റ്റാർട്ടപ്പ് മഹാകുംഭിലെ 3,000 പ്രദർശകരിൽ ഓരോരുത്തരും വിജയത്തിലേക്കുള്ള പ്രയാണത്തിലാണ്," ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ അപാരമായ ശേഷിയും സാധ്യതകളും വിശദീകരിച്ചുകൊണ്ട് ശ്രീ ഗോയൽ വ്യക്തമാക്കി.

യുവാക്കളായ സ്റ്റാർട്ടപ്പ് സ്ഥാപകരെ അഭിലാഷപൂർണ്ണമായ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും  വർത്തമാനകാല പരിമിതികൾ മറികടക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മുൻ വർഷങ്ങളുമായുള്ള  താരതമ്യത്തിൽ, കഴിഞ്ഞ വർഷം ഏകദേശം 3,000 സന്ദർശകരാണ് പങ്കെടുത്തതെങ്കിൽ, ഇത്തവണ സ്റ്റാർട്ട് അപ്പ് മഹാകുംഭിൽ 2.3 ലക്ഷം സന്ദർശകരുടെ റെക്കോർഡ് പങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രി അറിയിച്ചു. ഇത് നൂതനാശയ മേഖലയിൽ ഇന്ത്യയുടെ അതിവേഗ മുന്നേറ്റത്തിന് അടിവരയിടുന്നു.

മഹാരഥി ഗ്രാൻഡ് ചലഞ്ചിനുള്ള അപേക്ഷകരിൽ 40% പേരും ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവരാണെന്നും അവയിൽ പലതും വനിതകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളാണെന്നും ശ്രീ ഗോയൽ വ്യക്തമാക്കി.

ബിസിനസ് സുഗമമാക്കുന്നതിൽ നാഴികക്കല്ലായി മാറിയ പരിഷ്കാരങ്ങളിലൂടെ സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ ഒരു അന്തരീക്ഷം സർക്കാർ സൃഷ്ടിക്കുകയാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. “40,000-ത്തിലധികം അനുവർത്തനങ്ങൾ ലളിതമാക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ സ്റ്റാർട്ടപ്പുകൾക്ക് സ്വതന്ത്രമായും നീതിപൂർവ്വമായും പ്രവർത്തിക്കാൻ കഴിയും വിധം നിയമപരമായ വിലക്കുകൾ  ഒഴിവാക്കിയിട്ടുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു.

ഒരു സുപ്രധാന സംരംഭമെന്ന നിലയിൽ, ഇന്ത്യയിലുടനീളമുള്ള സ്റ്റാർട്ടപ്പുകളുടെ ഹെൽപ്പ്‌ലൈൻ ആയി  പ്രവർത്തിക്കുന്ന ഒരു സമർപ്പിത സ്റ്റാർട്ടപ്പ് ഇന്ത്യ ഡെസ്‌ക് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിക്കുമെന്ന് ശ്രീ ഗോയൽ പ്രഖ്യാപിച്ചു. പ്രാദേശിക ഭാഷകളിൽ ലളിതമായ 4 അക്ക സൗജന്യ നമ്പർ മുഖേന ബന്ധപ്പെടാനാകും.

സ്റ്റാർട്ടപ്പുകൾക്കായുള്ള 10,000 കോടി രൂപയുടെ മൂലധനമുള്ള സെക്കന്റ് ഫണ്ട് ഓഫ് ഫണ്ട് (FFS) ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വർഷം, ആദ്യ ഗഡുവായി 2,000 കോടി രൂപ SIDBI-ക്ക് വിതരണം ചെയ്യും. ഫണ്ടിന്റെ ഒരു പ്രധാന ഭാഗം ചെറുകിട സ്റ്റാർട്ടപ്പുകളുടെ സീഡ് ഫണ്ടിംഗിനും ഡീപ്-ടെക് നവീകരണത്തെ പിന്തുണയ്ക്കുന്നതിനുമായി നീക്കിവയ്ക്കും.

നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ്, പ്രിസിഷൻ മാനുഫാക്ചറിംഗ്, ബയോടെക്, സെമികണ്ടക്ടർ ഡിസൈൻ തുടങ്ങിയ അത്യാധുനിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളിൽ ഈ ഫണ്ട് സവിശേഷ ശ്രദ്ധ കേന്ദ്രീകരിക്കും. ആശയം പൂർണ്ണമായും പ്രവർത്തികമാക്കാനെടുക്കുന്ന കാലയളവിലുണ്ടാകുന്ന പ്രശ്നങ്ങളും  മൂലധന ആവശ്യകതകളും പലപ്പോഴും ഈ മേഖലകൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ദീർഘകാല നിക്ഷേപങ്ങൾ (Patient Capital) സമാഹരിക്കുന്നതിലൂടെ, ദേശീയ മുൻഗണനകളെ അഭിസംബോധന ചെയ്യാനും ഇന്ത്യയെ ആഗോള നൂതനാശയ നേതൃത്വത്തിലേക്ക് ഉയർത്താനും  കഴിയുന്ന തദ്ദേശീയ സാങ്കേതിക പരിഹാരങ്ങളുടെ ശക്തമായ ഒരു ശ്രേണി നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള യുവാക്കളായ നൂതനാശയ സംരംഭകർക്ക് വിഭവങ്ങളിലേക്കും അവസരങ്ങളിലേക്കും തുല്യ പ്രവേശനം സാധ്യമാക്കുന്ന സ്വാശ്രയവും ഭാവിസജ്ജവുമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വളർത്തിയെടുക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.

പ്രാരംഭ ഘട്ട സംരംഭകർക്ക് അടിസ്ഥാന സൗകര്യങ്ങളും പങ്കിടാവുന്ന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞത് ഒരു പിന്തുണാ കേന്ദ്രമെങ്കിലും സ്ഥാപിക്കണമെന്ന് ശ്രീ ഗോയൽ SIDBI യോട് ആവശ്യപ്പെട്ടു. 3D പ്രിന്ററിൽ നിക്ഷേപം നടത്തിയ ഒരു സ്റ്റാർട്ടപ്പ് സംരംഭകൻ വ്യക്തമാക്കിയ, പങ്കിടാവുന്ന സൗകര്യങ്ങളുടെ അഭാവം അനുസ്മരിച്ചുകൊണ്ട്, പ്രാപ്യമായ പ്രോട്ടോടൈപ്പിംഗ് സംവിധാനങ്ങളുടെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു.

“നിയന്ത്രണത്തിലൂടെയല്ല, സൗകര്യങ്ങലൊരുക്കിയാണ് നാം ഇന്ത്യയുടെ മുഴുവൻ സാധ്യതകളും ആരായേണ്ടത്. നിങ്ങളുടെ പ്രയാണത്തെ പിന്തുണയ്ക്കാനാണ് സർക്കാർ, നിയന്ത്രിക്കാനല്ല,” അദ്ദേഹം ഉപസംഹരിച്ചു.

നിർമ്മിത ബുദ്ധി, അർദ്ധചാലകങ്ങൾ, ഡീപ്-ടെക് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ നേതൃത്വം നൽകാനും ആത്മനിർഭര ഭാരതിലേക്കുള്ള രാജ്യത്തിന്റെ പാത രൂപപ്പെടുത്താനും ശ്രീ ഗോയൽ ഇന്ത്യയിലെ യുവാക്കളോട് ആഹ്വാനം ചെയ്തു.

 

*****

(Release ID: 2119521) Visitor Counter : 14