പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റുമായി ഉഭയകക്ഷിചര്‍ച്ച നടത്തി

Posted On: 05 APR 2025 5:49PM by PIB Thiruvananthpuram

കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി പ്രധാനമന്ത്രി ഇന്ന് ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിക്ക് സ്വാതന്ത്ര്യ ചത്വരത്തില്‍ ആചാരപരമായ സ്വീകരണം നല്‍കി. 2024 സെപ്റ്റംബറില്‍ പ്രസിഡന്റ് ദിസനായക അധികാരമേറ്റതിനുശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് പ്രധാനമന്ത്രി.

പൊതുവായ ചരിത്രത്തില്‍ വേരൂന്നിയതും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധങ്ങളാല്‍ നയിക്കപ്പെടുന്നതുമായ പ്രത്യേകവും അടുത്തതുമായ ഉഭയകക്ഷിബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിന് ഇരുനേതാക്കളും വിശദമായ നിയന്ത്രിത-പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തി. സമ്പര്‍ക്കസൗകര്യം, വികസന സഹകരണം, സാമ്പത്തിക ബന്ധങ്ങള്‍, പ്രതിരോധ ബന്ധങ്ങള്‍, അനുരഞ്ജനം, മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങള്‍ എന്നീ മേഖലകളിലെ സഹകരണം അവര്‍ അവലോകനം ചെയ്തു. ഇന്ത്യയുടെ ‘അയല്‍പക്കക്കാര്‍ ആദ്യം’ എന്ന നയത്തിലും ‘മഹാസാഗര്‍’ കാഴ്ചപ്പാടിലും ശ്രീലങ്കയുടെ പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ശ്രീലങ്കയുടെ സാമ്പത്തിക പുനരുജ്ജീവനത്തിനും സുസ്ഥിരതയ്ക്കും സഹായിക്കുന്നതിനുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ പ്രതിജ്ഞാബദ്ധത അദ്ദേഹം അറിയിച്ചു

ചര്‍ച്ചകള്‍ക്കുശേഷം, ഇരുനേതാക്കളും നിരവധി പദ്ധതികള്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. ശ്രീലങ്കയിലുടനീളമുള്ള ആരാധനാലയങ്ങളില്‍ സ്ഥാപിച്ച 5000 പുരപ്പുറ സൗരോര്‍ജ യൂണിറ്റുകളും ദംബുള്ളയിലെ താപനില നിയന്ത്രിത സംഭരണശാല കേന്ദ്രവും ഇതില്‍ ഉള്‍പ്പെടുന്നു. 120 മെഗാവാട്ട് സാംപൂര്‍ സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലും അവര്‍ വെര്‍ച്വലായി പങ്കെടുത്തു.

കിഴക്കന്‍ പ്രവിശ്യയിലെ ഊര്‍ജം, ഡിജിറ്റല്‍വല്‍ക്കരണം, പ്രതിരോധം, ആരോഗ്യം, ബഹുമേഖലാ സഹായം എന്നീ മേഖലകളിലെ ഏഴ് ധാരണാപത്രങ്ങള്‍ കൈമാറുന്നതിന് ഇരുനേതാക്കളും സാക്ഷ്യം വഹിച്ചു. ട്രിങ്കോമാലിയിലെ തിരുകോണേശ്വരം ക്ഷേത്രം, അനുരാധപുരയിലെ വിശുദ്ധ നഗര പദ്ധതി, നുവാര ഏലിയയിലെ സീത ഏലിയ ക്ഷേത്രസമുച്ചയം എന്നിവയുടെ വികസനത്തിന് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. ശേഷിവികസനം, സാമ്പത്തിക പിന്തുണ എന്നീ മേഖലകളില്‍, പ്രതിവര്‍ഷം 700 ശ്രീലങ്കന്‍ പൗരന്മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സമഗ്ര പാക്കേജ്, കടം പുനഃക്രമീകരണത്തെക്കുറിച്ചുള്ള ഉഭയകക്ഷി ഭേദഗതി കരാറുകളുടെ പൂർത്തീകരണം എന്നിവയും പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളുടെയും പൊതുവായ ബുദ്ധമത പൈതൃകം കണക്കിലെടുത്ത് അന്താരാഷ്ട്ര വെസക് ദിനാഘോഷങ്ങള്‍ക്കായി ഗുജറാത്തില്‍നിന്നുള്ള ബുദ്ധന്റെ തിരുശേഷിപ്പുകളുടെ പര്യടനം ശ്രീലങ്കയില്‍ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ധാരണാപത്രങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പട്ടിക ഇവിടെ കാണാം.

 

-SK-


(Release ID: 2119316) Visitor Counter : 23