ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

"മനുഷ്യർ അൽഗോരിതങ്ങളെ സേവിക്കുന്ന ഡിജിറ്റൽ ഡിസ്റ്റോപ്പിയ ആണോ, സാങ്കേതികവിദ്യ മനുഷ്യരെ സേവിക്കുന്ന സാമൂഹിക ഘടനയാണോ അഭികാമ്യം ?" ഉപരാഷ്ട്രപതി

Posted On: 04 APR 2025 8:52PM by PIB Thiruvananthpuram

നിയന്ത്രണത്തിലധിഷ്ഠിതമായ പ്രോത്സാഹനമെന്ന ശരിയായ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള നിർമ്മിത ബുദ്ധി(AI) നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ. "അഭികാമ്യമായ സമൂഹ സൃഷ്ടിയ്ക്ക് നിർമ്മിത ബുദ്ധി (AI) നിയന്ത്രണം അനിവാര്യമാണ്. ഇതിൽ നമ്മുടെ ഇടപെടൽ നിർണ്ണായക ഘടകമായി മാറിയിരിക്കുന്നു!. "മനുഷ്യർ അൽഗോരിതങ്ങളെ സേവിക്കുന്ന ഡിജിറ്റൽ ഡിസ്റ്റോപ്പിയ ആണോ, സാങ്കേതികവിദ്യ മനുഷ്യരെ സേവിക്കുന്ന സാമൂഹിക ഘടനയാണോ അഭികാമ്യം ?" തിരഞ്ഞെടുപ്പ് നമ്മുടേതാണ്. ആ തിരഞ്ഞെടുപ്പ് എന്താണെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം."

"നിർമ്മിത ബുദ്ധിയെ നിയന്ത്രിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതും കഠിനവും എന്നാൽ അനിവാര്യവുമാണ്. നിർമ്മിത  ബുദ്ധിയുടെ നിയന്ത്രണവും നൂതനാശയങ്ങളെ പോഷിപ്പിക്കുന്നതിനും മദ്ധ്യേ ശരിയായ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്. ഇത് അടിസ്ഥാനപരമായ ആവശ്യമാണ്. അമിത നിയന്ത്രണം ഒരു കുട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുന്നത് പോലെ നിർമ്മിത ബുദ്ധിയ്ക്ക് മേലുള്ള അമിതനിയന്ത്രണം സംരംഭകത്വത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തും. അതേ സമയം, ദോഷഫലങ്ങളെക്കുറിച്ച് നാം അതീവ ബോധവാന്മാരായിരിക്കണം. നിയന്ത്രണരാഹിത്യം പൊതു സുരക്ഷയെ അപകടപ്പെടുത്തുകയും പക്ഷപാതം നിലനിർത്തുകയും വിശ്വാസത്തിൽ ഇടിവുണ്ടാക്കുകയും ചെയ്യുമെന്ന്," ആദരണീയ രാജ്യസഭാംഗം ശ്രീ സുജീത് കുമാർ രചിച്ച 'എഐ ഓൺ ട്രയൽ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെ ശ്രീ ധൻഖർ പറഞ്ഞു.

“......നിർമ്മിത ബുദ്ധി പോലെ ചലനാത്മകമായ ഒന്നിനെ നിയന്ത്രിക്കുന്നതിന്, ചടുലവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു സ്ഥാപന ചട്ടക്കൂട് നമുക്ക് ആവശ്യമാണ്. സ്വതന്ത്രവും എന്നാൽ സർക്കാർ മേഖല, വ്യവസായ മേഖല, അക്കാദമിക മേഖല, പൊതു സമൂഹം എന്നിവയുടെ പ്രാതിനിധ്യമുള്ളതുമായ ഒരു ദേശീയ നിർമ്മിത ബുദ്ധി അതോറിറ്റി അല്ലെങ്കിൽ കമ്മീഷൻ ആലോചിക്കാവുന്നതാണ്. സമ്പൂർണ്ണ നിയന്ത്രണമല്ല, നിയന്ത്രണ ചട്ടക്കൂടാണ് രൂപകൽപ്പന ചെയ്യേണ്ടത്. നൂതനാശയങ്ങൾ ഉത്തരവാദിത്തപൂർവ്വം  അഭിവൃദ്ധി പ്രാപിക്കുകയും ദോഷകരമായ രൂപകൽപ്പനകൾ നിർവീര്യമാക്കുകയും ചെയ്യുന്ന ഒരു ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള, മേഖലാ-നിർദ്ദിഷ്ട, തത്വാധിഷ്ഠിത സമീപനം ഇക്കാര്യത്തിൽ നമുക്ക് ഗുണം ചെയ്തേക്കാം. ഉദാഹരണത്തിന്, രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്ന നിർമ്മിതബുദ്ധിയ്ക്ക്  ആവശ്യമായ സൂക്ഷ്മപരിശോധനയുടെ നിലവാരം സാമൂഹിക മാധ്യമങ്ങൾക്ക് സഹായകമായ നിർമ്മിത ബുദ്ധിയിൽ നിന്ന് വ്യത്യസ്തമായിരിക്കണം......സാധാരണ പൗരന്മാരിൽ നിർമ്മിത ബുദ്ധിയുണ്ടാക്കുന്ന സ്വാധീനം നിയന്ത്രണ സംവിധാനത്തിന്റെ കാതലായിരിക്കണം. ഒരു സാധാരണ വ്യക്തിക്ക് സ്വന്തമായി പരിഹാരങ്ങൾ കണ്ടെത്താൻ കഴിയില്ല. സർക്കാർ സംവിധാനങ്ങൾ സാധാരണ പൗരന്മാർക്ക് സ്വമേധയാ, സ്വാഭാവികമായി ആശ്വാസം പകരണം. നിർമ്മിത  ബുദ്ധിയുടെ അപകടങ്ങളിൽ നിന്ന് നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതിന്, വിശദീകരണത്തിനുള്ള അവകാശം, യാന്ത്രിക തീരുമാനങ്ങളെ എതിർക്കാനുള്ള അവകാശം ഉൾപ്പെടെയുള്ളവ നമുക്ക് ആവശ്യമാണ്. തീരുമാനങ്ങൾ യാന്ത്രികമാണ്. "അവയെ എങ്ങനെ എതിർക്കണമെന്ന് നമുക്ക് അറിയില്ല. പ്രത്യേകിച്ച് തീരുമാനങ്ങൾ ഉപജീവനമാർഗ്ഗത്തെയും സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ബാധിക്കുമ്പോൾ അൽഗോരിത സ്വാധീനത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള അവകാശത്തെക്കുറിച്ച് നാം ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ" അദ്ദേഹം കൂട്ടിച്ചേർത്തു.

"..നമ്മൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിർമ്മിതബുദ്ധി കുപ്പിയിൽ നിന്ന് പുറത്തിറങ്ങിയ ഭൂതമാണ്. അനിയന്ത്രിതമായാൽ  അത് അങ്ങേയറ്റം വിനാശകരമായിരിക്കും. അത് നാശം വിതയ്ക്കും. വ്യാജന്മാരുടെയും, ഡീപ്പ് സ്റ്റേറ്റിന്റെയും, വേക്കിയിസത്തിന്റെയും യുഗത്തിൽ, നിർമ്മിത ബുദ്ധി നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ ഭയാനകമായ പ്രവണതകൾക്ക് ചിറകുകൾ മുളയ്ക്കും. യുവാക്കളോടായി പറയട്ടെ, ആണവശക്തി നിങ്ങൾക്ക് ഊർജ്ജം പ്രദാനം ചെയ്യും,  ആണവശക്തിക്ക് വീടുകളെ പ്രകാശമാനമാക്കാനും  വ്യവസായങ്ങളെ മുന്നോട്ടു നയിക്കാനും കഴിയും, അതേസമയം അത് വിനാശകാരിയായും മാറാം. രണ്ട് സാധ്യതകളും നമ്മുടെ മുന്നിലുണ്ട്", അദ്ദേഹം മുന്നറിയിപ്പ് നൽകി.\

തന്റെ പ്രസംഗത്തിൽ അദ്ദേഹം തുടർന്നു പറഞ്ഞു, "നിർമ്മിത ബുദ്ധിയുടെ നിയന്ത്രണം വളരെ സുതാര്യമായിരിക്കണം. അത് പുനർ നൈപുണ്യ വികസനവും തൊഴിൽ ശക്തി ആസൂത്രണവുമായി സമന്വയിപ്പിക്കണം. നിർമ്മിത ബുദ്ധി ചില ജോലികൾക്ക് പകരമായി വർത്തിക്കും. അത് നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കഴിഞ്ഞു. നിങ്ങളുടെ ഓഫീസിലേക്കും സ്വാഗതം ചെയ്യുക. സാധാരണയെക്കാൾ  മികച്ച രീതിയിൽ ജോലികൾ നിർവ്വഹിക്കാൻ  നിർമ്മിത ബുദ്ധി സഹായകമാകും. അപ്പോൾ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടും. നമ്മുടെ ജോലികൾ നഷ്ടമാകുമോ ? ചില സാഹചര്യങ്ങളിൽ നഷ്ടമായേക്കാം  എന്നാണുത്തരം …..അതൊഴിവാക്കാൻ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ഡിജിറ്റൽ സാക്ഷരത എന്നിവയിൽ നിക്ഷേപം നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് പാർശ്വവത്ക്കരിക്കപ്പെട്ടവർ, ദുർബലർ, സഹായഹസ്തം ആവശ്യമുള്ളവർ എന്നിവരുടെ കാര്യത്തിൽ”.

സൈബർ പരമാധികാരത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ട് പറഞ്ഞു, "പൊതു ഭാഷയിൽ  വ്യവഹരിക്കുന്ന പരമാധികാരം പോലെ തന്നെ ഇന്ത്യയുടെ സൈബർ പരമാധികാരവും നാം ഉറപ്പിക്കണം, എന്നാൽ ആഗോള മാനദണ്ഡങ്ങളുമായി നാം പൊരുത്തപ്പെടുകയും വേണം. അത്തരം സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട പ്രവർത്തനങ്ങൾ അഭികാമ്യമല്ല. ആഗോളതലത്തിൽ സമവായം ഉണ്ടാകണം. നിർമ്മിത ബുദ്ധി മേഖലയിൽ ആഗോള നിയമക്രമം കൈവരിക്കുന്നതിന് എല്ലാരെയും ഒരു വേദിയിൽ അണിനിരത്തേണ്ടതുണ്ട്."

നിയമമേഖലയിൽ നിർമ്മിത ബുദ്ധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ ധൻഖർ പറഞ്ഞു, “നിർമ്മിത മബുദ്ധി നിർബന്ധിതമായ ഒരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. നിലവിലുള്ള നിയമശാസ്ത്രത്തെ പുനഃപരിശോധിക്കാൻ അത് നമ്മെ നിർബന്ധിതരാക്കി. നിയമത്തിലെ പരമ്പരാഗത തത്വങ്ങളായ നിയമപരമായ ബാധ്യത, നിയമപരമായ  വ്യക്തിത്വം പോലുള്ള  ആശയങ്ങൾ നിർമ്മിതബുദ്ധിയുടെ വരവോടെ സമ്മർദ്ദത്തിലാകുന്നു. നിർമ്മിത ബുദ്ധിയുടെ സുതാര്യതയില്ലായ്മ  നിയമപരമായ സുതാര്യതയെയും ഉത്തരവാദിത്ത തത്വങ്ങളെയും വെല്ലുവിളിക്കുന്നു. വിശദീകരണത്തിനപ്പുറമായ  സംവിധാനങ്ങൾക്ക് നിയമപരമായ വ്യാഖ്യാനം നൽകുന്നത് ജുഡീഷ്യൽ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു…..നിലവിൽ നിയമമേഖലയിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കുകയാണെങ്കിൽ, നമുക്ക് ഒരു പോരായ്മ കാണാം. അതിന് സമഗ്രമായ നിയന്ത്രണവും മേൽനോട്ടവുമില്ല. അനിയന്ത്രിതമായ നിർമ്മിത ബുദ്ധിയുടെ അനന്തരഫലങ്ങൾ തടയുന്നതിന് മാനദണ്ഡങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും അടിയന്തിര ആവശ്യകതയുണ്ട്. നിർമ്മിത ബുദ്ധി നിയമപരമായ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നുണ്ടോ അതോ ചരിത്രപരമായ പക്ഷപാതങ്ങൾ നിലനിർത്തുന്നുണ്ടോ എന്നതിനെക്കുറിച്ച് എല്ലായിടത്തും ചർച്ച തുടരുന്നു.… നീതി അപകടത്തിലാണ്, അപകടസാധ്യത വളരെ വലുതാണ്, മനുഷ്യ ഗുണങ്ങളില്ലാത്ത അൽഗോരിതങ്ങൾ നിയമത്തെ സ്വാധീനിക്കുമ്പോൾ നീതി അപകടത്തിലാണ്. വിധിന്യായങ്ങൾ റോബോട്ടൈസ് ചെയ്യാൻ കഴിയില്ല. നിർമ്മിത ബുദ്ധിയ്ക്ക് തനിപ്പകർപ്പുകൾ  ഉണ്ടാകില്ല. ചിലപ്പോൾ വ്യത്യാസം വളരെ സൂക്ഷ്മമായിരിക്കും. നിർമ്മിത ബുദ്ധിക്ക് പോലും അത് കണ്ടെത്താൻ കഴിയില്ല. ന്യായാധിപന്റെ തലച്ചോറാണ്, വിവേചനാധികാരമുള്ള തലച്ചോറാണ്, ഒരു പരിഹാരം.”

അർത്ഥവത്തായ അനുമതിയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം ഒരു നാഴികക്കല്ലാണ്, എന്നാൽ ഇപ്പോൾ അത് നിർമ്മിത ബുദ്ധി നിയന്ത്രണവുമായി ചേർന്ന് വികസിക്കേണ്ടതുണ്ട്. സമ്മതം അർത്ഥവത്തായതായിരിക്കണം, അഭിഭാഷകർക്ക് അത് അറിയാം. സ്വമേധയാ അല്ലാത്ത അനുമതി നിയമപരമായ അനുമതിയല്ല. യാതൊരുവിധ സ്വാധീനത്തിനും പാത്രമാകാതെ  അനുമതിനൽകാനുള്ള യഥാർത്ഥ സ്വാതന്ത്ര്യമാണത്. അനുമതിയെ സുതാര്യമല്ലാത്തതും അവ്യക്തവുമായ നിബന്ധനകളിൽ തളച്ചിടാൻ കഴിയില്ല. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ, ചില ആപ്ലിക്കേഷനുകളിലേക്ക് പോകുമ്പോൾ, സമ്മർദ്ദമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. തീർത്തും നിസ്സഹായാവസ്ഥയിൽ, നിങ്ങൾ വളരെ വ്യക്തിപരമായ ഒരു കാര്യം വെളിപ്പെടുത്തിയേക്കാം. അറിയാതെ തന്നെ നിങ്ങൾ സ്വാധീനിക്കപ്പെടുകയോ നിർബന്ധിക്കപ്പെടുകയോ ചെയ്തേക്കാം. തടസ്സരഹിതമായ  ഉപയോഗം ഫലവത്താകുന്നില്ല എന്നും വരാം. സുതാര്യമല്ലാത്തതും അവ്യക്തവുമായ സേവന നിബന്ധനകളിൽ വശംവദരാകരുത്. രഹസ്യാത്മകത, പരിമിതമായ ഡാറ്റ, ഉദ്ദേശ്യ പരിമിതി എന്നിവ കർശനമായി പാലിക്കണം.”

ശ്രീ സുജീത് കുമാർ, രാജ്യസഭ എംപി, ശ്രീമതി സുധ മൂർത്തി, രാജ്യസഭ എംപി; ശ്രീമതി രേഖ ശർമ്മ, രാജ്യസഭ എംപി; ഉപരാഷ്ട്രപതിയുടെ സെക്രട്ടറി ശ്രീ സുനിൽ കുമാർ ഗുപ്ത; മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

*************


(Release ID: 2119207) Visitor Counter : 10


Read this release in: English , Hindi