ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

പതിനെട്ടാം ലോക്‌സഭയുടെ നാലാമതു സമ്മേളനത്തില്‍ 118 ശതമാനം കാര്യക്ഷമത: ലോക്‌സഭാ സ്പീക്കര്‍

നാലാമതു സമ്മേളനം 26 ദിവസങ്ങളിലായി 160 മണിക്കൂര്‍ 48 മിനിറ്റ് യോഗം ചേര്‍ന്നു: ലോക്‌സഭാ സ്പീക്കര്‍

Posted On: 04 APR 2025 6:05PM by PIB Thiruvananthpuram
പതിനെട്ടാം ലോക്‌സഭയുടെ നാലാമതു സമ്മേളനം 2025 ജനുവരി 31ന് ആരംഭിക്കുകയും ഇന്നു സമാപിക്കുകയും ചെയ്തു. 26 ദിവസങ്ങളിലായി 160 മണിക്കൂര്‍ 48 മിനിറ്റ് യോഗം ചേര്‍ന്നതായി ശ്രീ ബിര്‍ള സഭയെ അറിയിച്ചു. സമ്മേളനത്തിന്റെ കാര്യക്ഷമത 118 ശതമാനം ആയിരുന്നുവെന്നും ശ്രീ ബിര്‍ള വ്യക്തമാക്കി.
 
2025 ജനുവരി 31ന് പാര്‍ലമെന്റിന്റെ ഇരു സഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്തു, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച 17 മണിക്കൂര്‍ 23 മിനിറ്റ് ദീര്‍ഘിച്ചു. ചര്‍ച്ചയില്‍ 173 അംഗങ്ങള്‍ പങ്കെടുത്തതായി ശ്രീ ബിര്‍ള അറിയിച്ചു.
 
2025 ഫെബ്രുവരി 1 ന് ധനമന്ത്രി 2025-2026ലെ കേന്ദ്ര ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബജറ്റിനെക്കുറിച്ചുള്ള പൊതു ചര്‍ച്ച 16 മണിക്കൂര്‍ 13 മിനിറ്റ് നീണ്ടുനിന്നു. ചര്‍ച്ചയില്‍ 169 അംഗങ്ങള്‍ പങ്കെടുത്തതായി ശ്രീ ബിര്‍ള അറിയിച്ചു. 2025 ഫെബ്രുവരി 11 ന് ധനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞു.
 

തിരഞ്ഞെടുത്ത മന്ത്രാലയങ്ങളുടെ/ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ 2025 മാര്‍ച്ച് 17 മുതല്‍ 21 വരെ സഭയില്‍ നടക്കുകയും തുടർന്ന് അവ സഭ പാസാക്കുകയും ചെയ്തു. ധനവിനിയോഗ ബില്‍ 2025 മാര്‍ച്ച് 21നും ധനകാര്യ ബില്‍ 2025 മാര്‍ച്ച് 25നും ലോക്‌സഭ പാസാക്കി.
 
സമ്മേളനത്തില്‍ 10 സര്‍ക്കാര്‍ ബില്ലുകള്‍ അവതരിപ്പിക്കുകയും 16 ബില്ലുകള്‍ പാസാക്കുകയും ചെയ്തതായി ശ്രീ ബിര്‍ള അറിയിച്ചു. പാസാക്കിയ ചില സുപ്രധാന ബില്ലുകള്‍ താഴെ പറയുന്നവയാണ്:
 
(i) ധനകാര്യ ബില്‍, 2025;
(ii) ധനവിനിയോഗ ബില്‍, 2025;
(iii) 'ത്രിഭുവന്‍' സഹകാരി സര്‍വ്വകലാശാല ബില്‍ 2025;
(iv) വഖഫ് (ഭേദഗതി) ബില്‍, 2025;
(v) ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍, 2025
 
സെഷനില്‍ നക്ഷത്രച്ചിഹ്നമിട്ട 134 ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി നല്‍കി. ശൂന്യവേളയില്‍ അംഗങ്ങള്‍ പൊതുപ്രാധാന്യമുള്ള 691 വിഷയങ്ങള്‍ ഉന്നയിച്ചു, 2025 ഏപ്രില്‍ 3 ന് 202 പൊതു പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടതായിരുന്നു അതില്‍ റിക്കാര്‍ഡ് എന്ന് ശ്രീ ബിര്‍ള അറിയിച്ചു. സമ്മേളനത്തില്‍ ചട്ടം 377 പ്രകാരം 566 വിഷയങ്ങള്‍ പരിഗണയ്ക്കു വന്നു.
 
73A പ്രകാരമുള്ള 23 പ്രസ്താവനകള്‍ ഉള്‍പ്പടെ ആകെ 32 പ്രസ്താവനകള്‍ നടത്തപ്പെട്ടതായി ശ്രീ ബിര്‍ള അറിയിച്ചു.
 
മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ശ്രദ്ധക്ഷണിക്കല്‍ പ്രമേയം 2025 ഏപ്രില്‍ 1ന് ചട്ടം 197 പ്രകാരം ചര്‍ച്ച ചെയ്തു.
 
സഭയിലെ അംഗങ്ങളുടെ സ്വകാര്യ ബിസിനസിന്റെ ഭാഗമായി , രാജ്യത്ത് വിമാന നിരക്കു നിയന്ത്രിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ശ്രീ ഷാഫി പറമ്പില്‍ എംപി അവതരിപ്പിച്ച സ്വകാര്യ പ്രമേയം 2025 മാര്‍ച്ച് 28ന് ചര്‍ച്ച ചെയ്തുവെങ്കിലും പൂര്‍ത്തിയാക്കാനായില്ല. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം അംഗീകരിക്കുന്നതിനുള്ള നിയമപരമായ പ്രമേയം 2025 ഏപ്രില്‍ 2 ന് സഭ പാസാക്കി.
 
സമ്മേളനത്തില്‍, 2025 ഫെബ്രുവരി 3 ന് റഷ്യന്‍ ഫെഡറേഷന്റെ ഫെഡറല്‍ അസംബ്ലിയുടെ സ്റ്റേറ്റ് ഡൂമയുടെ ചെയര്‍മാന്‍ ശ്രീ വ്യാവെസ്ലാവ് വോളിഡിന്റെ (Vyacheslav Volodin) നേതൃത്വത്തിലുള്ള റഷ്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തെ സഭ സ്വാഗതം ചെയ്തു. 2025 ഫെബ്രുവരി 11ന് മാലിദ്വീപിലെ പീപ്പിള്‍സ്് മജ്‌ലിസ് സ്പീക്കര്‍ ശ്രീ അബ്ദുള്‍ റഹിം അബ്ദുള്ളയുടെ നേതൃത്വത്തില്‍ മാലിദ്വീപില്‍ നിന്നുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘത്തെ സഭ സ്വാഗതം ചെയ്തു. അതുപോലെ 2025 മാര്‍ച്ച് 12ന്, മഡ്ഗാസ്‌കര്‍ ദേശീയ അസംബ്ലി പ്രസിഡന്റ് ശ്രീ ജസ്റ്റിന്‍ ടോക്ലിയുടെ നേതൃത്വത്തില്‍ മഡ്ഗാസ്‌കറില്‍ നിന്നുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘത്തെയും സഭ സ്വാഗതം ചെയ്തു.
 
*******
 

(Release ID: 2119062) Visitor Counter : 15


Read this release in: Marathi , Hindi , English , Urdu