വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ ദക്ഷിണേന്ത്യൻ ചലച്ചിത്ര അസോസിയേഷനുകളുമായി വെർച്വൽ യോഗം നടത്തി; WAVES 2025-ൽ പങ്കെടുക്കാൻ ടെക്‌നീഷ്യൻമാർ, നിർമ്മാതാക്കൾ, സംവിധായകർ എന്നിവരോട് അഭ്യർത്ഥിച്ചു
WAVES 2025-ൽ പ്രമുഖ നിർമ്മാണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക പവലിയൻ സ്ഥാപിക്കാൻ ഡോ. എൽ. മുരുകൻ ആഹ്വാനം ചെയ്തു
Posted On:
02 APR 2025 6:47PM by PIB Thiruvananthpuram
തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ചലച്ചിത്ര അസോസിയേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ വെർച്വൽ യോഗം നടത്തി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ജോയിന്റ് സെക്രട്ടറി (ഐപി) ശ്രീ സി. സെന്തിൽ രാജൻ, ജോയിന്റ് സെക്രട്ടറി (ഫിലിംസ്) ഡോ. അജയ് നാഗഭൂഷൺ എം.എൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

WAVES 2025-ൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ പങ്കാളിത്തം
2025 മെയ് 1 മുതൽ 5 വരെ സംഘടിപ്പിച്ചിട്ടുള്ള ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി(WAVES) ഒരുക്കങ്ങളുടെ പുരോഗതിയെക്കുറിച്ചാണ് പ്രധാന ചർച്ചകൾ നടന്നത്. ടെക്നീഷ്യൻമാർ, നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ എന്നിവരുൾപ്പെടെ പരിപാടിയിൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള പരമാവധി പങ്കാളിത്തം ഉണ്ടാകണമെന്ന് യോഗം വിലയിരുത്തി. പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളുടെ പങ്കാളിത്തവും WAVES എക്സിബിഷൻ മേഖലയിൽ ഒരു പ്രത്യേക പവലിയൻ അല്ലെങ്കിൽ ബൂത്ത് സ്ഥാപിക്കുന്നതും ചർച്ച ചെയ്തു.
സർഗാത്മക മേഖലയിലെ ആഗോള നേതൃനിരയിൽ ഇന്ത്യയെ സ്ഥാപിക്കുക
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുമായി യോജിച്ച്കൊണ്ട്, എല്ലാ മാധ്യമ വിഭാഗങ്ങളെയും ഒരു കുടക്കീഴിൽ ഏകീകരിക്കാൻ WAVES ലക്ഷ്യമിടുന്നുവെന്ന് ഡോ. എൽ. മുരുകൻ യോഗത്തിന്റെ അവസാനം എടുത്തുപറഞ്ഞു. ഇന്ത്യയെ സർഗ്ഗാത്മക വ്യവസായത്തിലെ ആഗോള നേതൃനിരയിൽ സ്ഥാപിക്കാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭമെന്ന് അദ്ദേഹം ആവർത്തിച്ചു.

WAVES 2025 നെക്കുറിച്ച്
മാധ്യമ,വിനോദ (M&E) മേഖലയിലെ ഒരു നിർണായക പരിപാടിയായ പ്രഥമ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES)യ്ക്ക് 2025 മെയ് 1 മുതൽ 4 വരെ മഹാരാഷ്ട്രയിലെ മുംബൈയിൽ കേന്ദ്ര ഗവൺമെന്റ് ആതിഥേയത്വം വഹിക്കും.
ഈ ചരിത്ര ഉച്ചകോടി, ആഗോള നേതാക്കൾ, മാധ്യമ പ്രൊഫഷണലുകൾ, കലാകാരന്മാർ, നയരൂപകർത്താക്കൾ, വ്യവസായ പങ്കാളികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. ഡിജിറ്റൽ യുഗം ഒരേസമയം വെല്ലുവിളികളും അവസരങ്ങളും അവതരിപ്പിക്കുന്നു. നിർമിത ബുദ്ധി, സ്ട്രീമിംഗ് വിപ്ലവങ്ങൾ, ബൗദ്ധിക സ്വത്തവകാശം, തെറ്റായ വിവരങ്ങൾ, മാധ്യമ സുസ്ഥിരത എന്നിവയാണ് പ്രധാന ആശങ്കകൾ. ഇത്തരത്തിലുള്ള പ്രഥമ പരിപാടി എന്ന നിലയിൽ, സാംസ്കാരിക വൈവിധ്യം,നൂതനാശയം, മാധ്യമ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള തുല്യമായ പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ WAVES 2025 ഈ ആശങ്കകൾ പരിഹരിക്കുന്നതിന് മുൻകൈയെടുക്കും.
ഐക്യത്തിന്റെ വീക്ഷണകോണിലൂടെ ലോകത്തെ നോക്കിക്കൊണ്ട്, അർത്ഥവത്തായ ബന്ധങ്ങൾ, സഹകരണം, സാംസ്കാരിക ഐക്യം എന്നിവയ്ക്ക് പ്രചോദനം നൽകാൻ WAVES 2025 ആഗ്രഹിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ വിവിധ രാജ്യങ്ങൾ, സംസ്കാരങ്ങൾ, ജനങ്ങൾ എന്നിവയെ ഏകീകരിക്കുന്ന ഏറ്റവും വലിയ ഘടകമായി മാധ്യമ, വിനോദ വ്യവസായത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവയ്പ്പായിരിക്കും ഈ പരിപാടി. പൊതുവായ ആശങ്കകൾ, മാനവികത നേരിടുന്ന വെല്ലുവിളികൾ, പൊതുവായ അവസരങ്ങൾ, സഹകരണപരമായ വളർച്ച, പുരോഗതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് WAVES 2025 ഐക്യത്തിന്റെ ശക്തിയെ ഊന്നിപ്പറയുന്നു. അതിർത്തികൾക്കതീതമായി ഐക്യത്തിനായുള്ള അർത്ഥവത്തായ സംഭാഷണവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള വേദിയായി WAVES 2025 വിഭാവനം ചെയ്തിരിക്കുന്നു.
മുംബൈയിൽ WAVES 2025 ആതിഥേയത്വം വഹിക്കുന്നതിലൂടെ, ഉച്ചകോടി ബൗദ്ധിക ചിന്തകർക്ക് ഒരു വേദി ഒരുക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഏറ്റവും വലിയ ഏകീകരണ ഘടകമായി മാധ്യമ വ്യവസായത്തിന് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അവർ ചർച്ച ചെയ്യും. ജനങ്ങൾ, സംസ്കാരങ്ങൾ, രാഷ്ട്രങ്ങൾ എന്നിവ തമ്മിലുള്ള വേർതിരിവുകൾ നികത്തിക്കൊണ്ട് സാംസ്കാരിക നയതന്ത്രത്തിനുള്ള ശക്തമായ ഉത്തേജകമായി ഈ മേഖല പ്രവർത്തിക്കുന്നു.
****************
(Release ID: 2118058)
Visitor Counter : 22