രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

നാവിക സാഗർ പരിക്രമ II

താരിണി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ പ്രവേശിച്ചു

Posted On: 01 APR 2025 10:51AM by PIB Thiruvananthpuram
01 ഏപ്രിൽ 2025 
 
നാവിക സാഗർ പരിക്രമ II പര്യവേഷണത്തിന്റെ നാലാം ഘട്ടം പൂർത്തിയാക്കി INSV താരിണി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ പ്രവേശിച്ചു. കപ്പലിനെയും ജീവനക്കാരെയും കേപ് ടൗണിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീമതി റൂബി ജസ്പ്രീത്, ദക്ഷിണാഫ്രിക്കൻ നേവി ഫ്ലീറ്റ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ (JG) ലിസ ഹെൻഡ്രിക്സ്, പ്രിട്ടോറിയയിലെ ഇന്ത്യൻ പ്രതിരോധ ഉപദേഷ്ടാവ് ക്യാപ്റ്റൻ അതുൽ സപാഹിയ എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു. ദക്ഷിണാഫ്രിക്കൻ നാവിക ബാൻഡിന്റെ അഭിവാദ്യത്തോടെയാണ് കപ്പലിനെ തുറമുഖത്തേക്ക് സ്വാഗതം ചെയ്തത്.

ഒക്ടോബർ 24 ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി നാവിക സാഗർ പരിക്രമ II പര്യവേഷണം ഗോവയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ നേവൽ സെയിലിംഗ് വെസ്സലിനെ (INSV താരിണി) ഇന്ത്യൻ നാവികസേനയിലെ രണ്ട് വനിതാ ഓഫീസർമാരായ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എ എന്നിവരാണ് നയിക്കുന്നത്. എട്ട് മാസത്തിനുള്ളിൽ 23,400 നോട്ടിക്കൽ മൈൽ (ഏകദേശം 43,300 കിലോമീറ്റർ) സഞ്ചരിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. 2025 മെയ് മാസത്തിൽ ഗോവയിലേക്ക് തന്നെ മടങ്ങാനാണ് പദ്ധതി. പര്യവേഷണത്തിൽ ഇതുവരെ ഫ്രീമാന്റിൽ (ഓസ്‌ട്രേലിയ), ലിറ്റെൽട്ടൺ (ന്യൂസിലാൻഡ്), പോർട്ട് സ്റ്റാൻലി, ഫോക്ക്‌ലാൻഡ്സ് (യുകെ) എന്നീ മൂന്ന് ഇടങ്ങളിലാണ് കപ്പൽ തങ്ങിയത്.

മുൻ നിശ്ചയപ്രകാരമുള്ള അറ്റകുറ്റപ്പണികൾക്കായി കപ്പൽ രണ്ടാഴ്ചത്തേക്ക് റോയൽ കേപ് യാച്ച് ക്ലബ്ബിൽ നിർത്തിയിടും. കപ്പലിലെ ജീവനക്കാർ സൈമൺസ് ടൗൺ നേവൽ ബേസിലും ഗോർഡൺസ് ബേ നേവൽ കോളേജിലും ദക്ഷിണാഫ്രിക്കൻ നാവികസേനയുമായി ഇടപഴകുകയും സംവദിക്കുകയും ചെയ്യും. സാമൂഹിക സമ്പർക്ക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

കപ്പലും ജീവനക്കാരും പ്രക്ഷുബ്ധമായ കടലും കൊടും ശൈത്യവും കൊടുങ്കാറ്റും അടക്കമുള്ള ഭീഷണമായ കാലാവസ്ഥ നേരിട്ടതിനാൽ, വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു പര്യവേക്ഷണം. ഇതുവരെയുള്ള യാത്രയിൽ 50 നോട്ട് (93 കിലോമീറ്റർ) വേഗതയിൽ കാറ്റും 7 മീറ്റർ (23 അടി) വരെ ഉയരമുള്ള തിരമാലകളും അതിജീവിച്ചു.

56 അടി നീളമുള്ള കപ്പലാണ് തദ്ദേശീയമായി നിർമ്മിച്ച INSV താരിണി. ഇത് 2018 ൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. മുമ്പ് ഒട്ടേറെ പര്യവേഷണങ്ങളിൽ താരിണി പങ്കെടുത്തിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്റെ  'മെയ്ക്ക് ഇൻ ഇന്ത്യ'യുടെയും ആത്മനിർഭരർ  ഭാരത് സംരംഭത്തിന്റെയും നേർ സാക്ഷ്യമാണ് ഈ കപ്പൽ.

നാവിക സാഗർ പരിക്രമ-II പര്യവേഷണം ഇന്ത്യൻ സായുധ സേനയിലെ വനിതാ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു. സൈന്യത്തിൽ, പ്രത്യേകിച്ച് ഇന്ത്യൻ നാവികസേനയിൽ  ചേരാൻ നിരവധി യുവതികളെ ദൗത്യം  പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമുദ്ര, ശാസ്ത്ര സംബന്ധിയായ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതും പര്യവേക്ഷണത്തിന്റെ ലക്ഷ്യമാണ്.

താരിണി കേപ് ടൗണിൽ തങ്ങുന്നത്  ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വളർന്നുവരുന്ന ബന്ധങ്ങളുടെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സൗഹൃദ രാജ്യങ്ങളുമായി സമുദ്ര സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നതിന്റെയും സൂചനയാണ്.

അടുത്തിടെ, ഇന്ത്യൻ നാവിക കപ്പലായ തൽവാർ, 2024 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന 8-ാമത് IBSAMAR അഭ്യാസത്തിൽ പങ്കെടുത്തു. ഈ വർഷം ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഫ്രിഗേറ്റ് INS തുഷിൽ ഡർബനിൽ തുറമുഖം സന്ദർശിക്കുകയും ദക്ഷിണാഫ്രിക്കൻ നാവികസേനയുമായി ഇടപഴകുകയും ക്വാ-സുലു നേറ്റലിലെ  ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്തു. സമുദ്ര മേഖലയിലെ പൊതു വെല്ലുവിളികളെ നേരിടാനും സമുദ്രമേഖലയുടെ സുരക്ഷയ്ക്കുള്ള മികച്ച രീതികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും ഇത്തരം സന്ദർശനങ്ങളും ഇടപഴകലുകളും നാവികസേനയെ സഹായിക്കുന്നു.

കപ്പൽ 2025 ഏപ്രിൽ 15 ന് കേപ് ടൗണിൽ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
 
*****

(Release ID: 2117293) Visitor Counter : 54