ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ സമുദ്ര മേഖലയിലെ വ്യാപാരം സുഗമമാക്കുന്നതിനുള്ള നിർണായക മാരിടൈം ബിൽ ലോക്‌സഭ പാസാക്കി

ഇന്ത്യയുടെ സമുദ്ര മേഖലയിലെ വ്യാപാരം സുഗമമാക്കുന്നതിനുള്ള നിർണായക മാരിടൈം ബിൽ ലോക്‌സഭ പാസാക്കി

Posted On: 28 MAR 2025 7:10PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 28 മാർച്ച് 2025 
 

ഇന്ത്യയുടെ സമുദ്ര മേഖലയിലെ നിയമ ചട്ടക്കൂട് നവീകരിക്കുന്നതിനും ബിസിനസ്  സുഗമമാക്കുന്നതിനും (EODB) സഹായിക്കുന്ന ഒരു പ്രധാന ബിൽ - 'സമുദ്ര മാർഗമുള്ള ചരക്ക് നീക്കം ബിൽ' 2024 (Carriage of Goods by Sea Bill, 2024) - ലോക്‌സഭ പാസാക്കി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ഇന്ന്  ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചു.

രാജ്യത്തിന്റെ വളർന്നുവരുന്ന ഷിപ്പിംഗ് മേഖലയെ പിന്തുണയ്ക്കുന്നതിനായി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ 'സമുദ്ര മാർഗമുള്ള ചരക്ക് നീക്കം ബിൽ' 2024 അവതരിപ്പിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ 'സമുദ്ര മാർഗമുള്ള ചരക്ക് നീക്കം നിയമം 1925' പ്രതിസ്ഥാപിച്ചുകൊണ്ടുള്ള ഒരു സുപ്രധാന നിയമനിർമ്മാണ പരിഷ്കരണമാണിത്. കൊളോണിയൽ കാലഘട്ടത്തിലെ നിയമം നൂറ്റാണ്ടുകൾ പഴക്കമുള്ള ഹേഗ് നിയമങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ്. സങ്കീർണ്ണമായ ഭാഷയും പരിമിതമായ സാധ്യതകളുമുള്ള ഈ നിയമം ആധുനിക വാണിജ്യ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. വ്യക്തതയും ദീർഘവീക്ഷണവുമുള്ള പുതിയ ബില്ലിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമുദ്ര മേഖലയ്ക്ക് അനുസൃതമായ പ്രാധാന്യം നൽകി ഈ വിടവുകൾ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു.

 “ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ നവീകരിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു നിർണായക ചുവടുവയ്പ്പായാണ് സമുദ്ര മാർഗത്തിലൂടെയുള്ള ചരക്ക് നീക്കം ബിൽ ലോക്സഭയിൽ പാസാക്കുന്നത്. ഇതിലൂടെ ബന്ധപ്പെട്ട നിയമങ്ങളെ കൂടുതൽ പ്രസക്തവും കാര്യക്ഷമവും പ്രവേശനക്ഷമവുമാക്കി മാറ്റുകയും പുരോഗതിക്ക് തടസ്സമായ കൊളോണിയൽ കാലഘട്ടത്തിലെ പൈതൃകങ്ങൾ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമാക്കുന്നത്.”ചടങ്ങിൽ സംസാരിച്ച ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.

തുറമുഖ പരിപാലനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കുക, സംയോജിത തുറമുഖ വികസനം പ്രോത്സാഹിപ്പിക്കുക, സമുദ്ര മേഖലയിൽ ബിസിനസ്സ് ചെയ്യുന്നത് സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള 'ഇന്ത്യൻ തുറമുഖ ബിൽ, 2025' കേന്ദ്ര മന്ത്രി അവതരിപ്പിച്ചു. പ്രധാന തുറമുഖങ്ങൾ ഒഴികെയുള്ള തുറമുഖങ്ങളുടെ ഫലപ്രദമായ പരിപാലനം ഉറപ്പാക്കാൻ സംസ്ഥാന സമുദ്ര ബോർഡുകൾ സ്ഥാപിക്കാനും അതിലൂടെ ഇന്ത്യയുടെ വിശാലമായ തീരപ്രദേശം പരമാവധി പ്രയോജനപ്പെടുത്താനും ബിൽ ശ്രമിക്കുന്നു. തുറമുഖ മേഖലയുടെ ഘടനാപരമായ വളർച്ചയും വികസനവും പരിപോഷിപ്പിക്കുന്നതിനായി മാരിടൈം സ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗൺസിൽ രൂപീകരിക്കാനും ഇത് നിർദ്ദേശിക്കുന്നു.

ലളിതമായ ഭാഷയും ഘടനയുമാണ് ബില്ലിന്റെ പ്രധാന ശക്തി. ഇത് പങ്കാളികൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, ഷിപ്പിംഗ് പ്രൊഫഷണലുകൾ എന്നിവർക്ക് നിയമം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നു. നിർണായകമായ നിയമ ചട്ടക്കൂട് നിലനിർത്തിക്കൊണ്ടുതന്നെ, സമകാലിക കരട് നിർമാണ രീതികളുമായി ബിൽ പൊരുത്തപ്പെടുന്നു. അവ്യക്തതകൾ കുറയ്ക്കുന്നതിനും, വ്യവഹാരങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഉയർന്നുവരുന്ന അന്താരാഷ്ട്ര സമുദ്ര ഉടമ്പടികളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ
 ഇന്ത്യയെ അനുവദിക്കുന്നതിന് ബിൽ, ഗവണ്മെന്റിനെ അധികാരപ്പെടുത്തുന്നു. നിർവഹണ നടപടികളിലെ വിജ്ഞാപനങ്ങൾക്ക് പാർലമെന്ററി മേൽനോട്ടം നൽകുന്നതിലൂടെ ഇത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നു (ഉപവാക്യം 10). കാലഹരണപ്പെട്ട 1925 ലെ നിയമത്തെ, ഈ പുതിയ നിയമനിർമ്മാണം ഔപചാരികമായി റദ്ദാക്കുന്നു. കൊളോണിയൽ നിയമങ്ങളെ ആത്മവിശ്വാസത്തോടെ അകറ്റി നിർത്തുന്നതിനും ആധുനിക ഇന്ത്യൻ സമുദ്ര നിയമ സ്വത്വത്തെ സ്വീകരിക്കുന്നതിനും ഇത് വഴിയൊരുക്കും. നിയമങ്ങൾ ലളിതമാക്കുക, ബിസിനസ്സ് നടപടികൾ സുഗമമാക്കുക, ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു ഷിപ്പിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക തുടങ്ങി ഈ മേഖലയിലെ സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.

  “ഇന്ത്യൻ തുറമുഖ ബിൽ 2025 ലോക്സഭയിൽ അവതരിപ്പിക്കുന്നത് ഇന്ത്യയുടെ തുറമുഖ ഭരണവും സമുദ്ര അടിസ്ഥാന സൗകര്യങ്ങളും ആധുനികവൽക്കരിക്കുന്നതിനുള്ള ഒരു പരിവർത്തനാത്മക ചുവടുവയ്പ്പാണ്. നിയമങ്ങൾ ഏകീകരിക്കുന്നതിലൂടെയും, സംസ്ഥാന സമുദ്ര ബോർഡുകളെ ശാക്തീകരിക്കുന്നതിലൂടെയും, സമുദ്ര സംസ്ഥാന വികസന കൗൺസിൽ സ്ഥാപിക്കുന്നതിലൂടെയും, സംയോജിത തുറമുഖ വികസനത്തിനും ബിസിനസ്സ് എളുപ്പമാക്കുന്നതിനും ബിൽ ശ്രമിക്കുന്നു. സുരക്ഷ, സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഈ പരിഷ്കരണം സമുദ്ര മേഖലയിൽ ഇന്ത്യയുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കും”- ഇന്ത്യൻ തുറമുഖ ബിൽ അവതരിപ്പിച്ചുകൊണ്ട് ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു,

മലിനീകരണ നിയന്ത്രണം, ദുരന്തനിവാരണം, അടിയന്തര പ്രതികരണം, സുരക്ഷ, സംരക്ഷണം, നാവിഗേഷൻ, തുറമുഖങ്ങളിലെ ഡാറ്റ പരിപാലനം തുടങ്ങിയ നിർണായക വശങ്ങളെ ഇന്ത്യൻ തുറമുഖ ബിൽ അഭിസംബോധന ചെയ്യുന്നു. അന്താരാഷ്ട്ര ബാധ്യതകളും സമുദ്ര ഉടമ്പടികളും ഇന്ത്യ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് ശ്രമിക്കുന്നു. ഇന്ത്യയുടെ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിന്, തുറമുഖ സംരക്ഷണത്തിനുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ തുറമുഖവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്നതിനുള്ള വിധിനിർണ്ണയ സംവിധാനങ്ങൾ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ തുറമുഖ ഭരണ ചട്ടക്കൂട് നവീകരിക്കുക, കാര്യക്ഷമത വർദ്ധിപ്പിക്കുക, സമുദ്ര വ്യാപാരത്തിൽ ഇന്ത്യയെ ആഗോള നേതൃ നിരയിൽ സ്ഥാപിക്കുക എന്നിവയാണ് ഇന്ത്യൻ തുറമുഖ ബിൽ, 2025 ലക്ഷ്യമിടുന്നത്.

*****

(Release ID: 2116480) Visitor Counter : 43


Read this release in: English , Urdu , Marathi , Hindi