ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

രാജ്യസഭയിൽ ദുരന്തനിവാരണ (ഭേദഗതി) ബിൽ 2024 നെക്കുറിച്ചുള്ള ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ മറുപടി നൽകി

Posted On: 25 MAR 2025 9:24PM by PIB Thiruvananthpuram
രാജ്യസഭയിലെ ദുരന്തനിവാരണ (ഭേദഗതി) ബിൽ 2024 നെക്കുറിച്ചുള്ള ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് മറുപടി നൽകി. ചർച്ചയ്ക്ക് ശേഷം, ഉപരിസഭയിൽ നിന്ന് ബിൽ പാസായതോടെ ഈ ഭേദഗതി ബിൽ, പാർലമെന്റ് പാസാക്കി.

ദുരന്തങ്ങൾക്കെതിരായ പോരാട്ടത്തെ പ്രതിപ്രവർത്തന സമീപനത്തിൽ നിന്ന് മുൻകൂട്ടിയുള്ള രീതിയിലേക്കും കൂടാതെ നൂതനാശയങ്ങളടങ്ങിയ പങ്കാളിത്തപരമായ സമീപനത്തിലേക്കും കൊണ്ടുപോകാനുള്ള ശ്രമമാണ് ഈ ദുരന്തനിവാരണ ഭേദഗതി ബിൽ എന്ന് ചർച്ചയിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

ദുരന്തസാധ്യത കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകത്തിന് മുന്നിൽ പത്ത് ഇന അജണ്ട അവതരിപ്പിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. ഇത് ലോകത്തിലെ 40 ലധികം രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റുകളുടെയും പ്രാദേശിക യൂണിറ്റുകളുടെയും മാത്രമല്ല, സമൂഹത്തിന്റെയും പങ്കാളിത്തം ഈ ബിൽ വിഭാവനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ ലഘൂകരിക്കുന്നതിന് ആഗോളതാപനത്തിനെതിരെ നാം നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യ ഈ ദിശയിൽ സഞ്ചരിക്കുന്നതായും ഈ പാരമ്പര്യം തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ മോദി ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തങ്ങളുടെ അനന്തര നടപടികളിൽ ഏറ്റവും വലിയ ഉത്തരവാദിത്തം സംസ്ഥാന ഗവൺമെന്റുകളുടെ കീഴിലുള്ള ജില്ലാതല ദുരന്ത നിവാരണ ഏജൻസികൾക്കാണ് നൽകിയിരിക്കുന്നതെന്നും അതുകൊണ്ട് നമ്മുടെ ഫെഡറൽ സംവിധാനത്തിൽ ഒരു തരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാകുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സാമ്പത്തിക സഹായത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയും ദേശീയ ദുരന്ത ലഘൂകരണ നിധിയും സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനത്തിനായി ധനകാര്യ കമ്മീഷൻ ഒരു ശാസ്ത്രീയ ക്രമീകരണം നടത്തിയിട്ടുണ്ട്. മോദി ഗവണ്മെന്റ് ഒരു സംസ്ഥാനത്തിനും നിശ്ചിത തുകയിൽ ഒരു രൂപ പോലും കുറവ് വരുത്തിയിട്ടില്ല,  കൂടുതൽ നൽകിയിട്ടേയുള്ളുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു.

ഈ ബില്ലിലൂടെ മോദി ഗവൺമെന്റ് പ്രതിപ്രവർത്തന പ്രതികരണ സമീപനത്തിൽ നിന്ന് മുൻകരുതൽ സമീപന രീതിയിലേക്ക് മാറാൻ ലക്ഷ്യമിടുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന്, മാനുഷിക നിരീക്ഷണ സംവിധാനത്തിൽ നിന്ന് AI അടിസ്ഥാനമാക്കിയുള്ള തത്സമയ നിരീക്ഷണത്തിലേക്കും, റേഡിയോ മുന്നറിയിപ്പുകളിൽ നിന്ന് സമൂഹ മാധ്യമങ്ങളിലേക്കും ആപ്പുകളിലേക്കും, മൊബൈൽ മുന്നറിയിപ്പുകളിലേക്കും മാറ്റം ഉണ്ടാകണം. ഗവണ്മെന്റ് നയിക്കുന്ന പ്രതികരണത്തിൽ നിന്ന് സമൂഹത്തെയും പൗരന്മാരെയും ഉൾപ്പെടുത്തി ബഹുമുഖ പ്രതികരണ സമീപനത്തിലേക്കും മാറാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

ഈ ബിൽ ദേശീയ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളേ (NDMA,SDMA) കൂടുതൽ ഫലപ്രദമാക്കുമെന്നും, ദേശീയ, സംസ്ഥാന തലങ്ങളിൽ ദുരന്ത ഡാറ്റാബേസ് സൃഷ്ടിക്കുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. പൂർണ്ണമായും സംസ്ഥാന ഗവൺമെന്റുകൾക്ക് കീഴിൽ നഗര ദുരന്ത നിവാരണ അതോറിറ്റി രൂപീകരിക്കാൻ ബിൽ വിഭാവനം ചെയ്യുന്നു. ഇതിനുപുറമെ, 15-ാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ 100% നടപ്പിലാക്കുന്നതിനുള്ള ഒരു ബ്ലൂപ്രിന്റ് സൃഷ്ടിക്കുന്നതിന് NDMA-യ്ക്കും SDMA-യ്ക്കും നിയമപരമായ അധികാരം നൽകാനും ഈ ബിൽ ഉദ്ദേശിക്കുന്നു. സുതാര്യത, വിശ്വാസം, , ഉത്തരവാദിത്വം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഓരോ ഘടകത്തിനും നിർവചിക്കപ്പെട്ട ചുമതലകൾ നിശ്ചയിച്ചിട്ടുണ്ടെന്നും ധാർമ്മിക ഉത്തരവാദിത്വങ്ങൾക്കും സ്ഥാനം നൽകിയിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.

  പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് പ്രകൃതി ദുരന്തങ്ങൾ തടയാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ , ഒരു ദുരന്തമുണ്ടായാൽ ശാസ്ത്രീയമായ രീതിയിൽ ദുരന്തത്തെ നേരിടാൻ അവിടെ നിന്നും ഡൽഹി വരെ പൂർണ്ണമായ ക്രമീകരണങ്ങൾ ഗവണ്മെന്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം, സാധ്യമായത്ര പ്രതിരോധം,ആഘാത ലഘൂകരണം, സമയബന്ധിതമായ തയ്യാറെടുപ്പ്, ദുരന്തസാധ്യത കുറയ്ക്കൽ എന്നിവയിൽ മോദി ഗവണ്മെന്റ് മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. ചുഴലിക്കാറ്റുകൾ മൂലമുണ്ടാകുന്ന ജീവഹാനിയും സ്വത്തുക്കളുടെ നഷ്ടവും 98 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിൽ തങ്ങൾ വിജയിച്ചതായും അദ്ദേഹം പറഞ്ഞു.

 2004 മുതൽ 2014 വരെയുള്ള കാലയളവിൽ എസ്ഡിആർഎഫിന്റെ ബജറ്റ് 38,000 കോടി രൂപയായിരുന്നു. എന്നാൽ 2014 മുതൽ 2024 വരെയുള്ള കാലയളവിൽ മോദി ഗവണ്മെന്റ് ഇത് 1,24,000 കോടി രൂപയായി വർദ്ധിപ്പിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ എൻഡിആർഎഫിന് 28,000 കോടി രൂപയും 2014 മുതൽ 2024 വരെയുള്ള കാലയളവിൽ 80,000 കോടി രൂപയും നൽകി. മൊത്തം തുക 66,000 കോടി രൂപയിൽ നിന്ന് 2 ലക്ഷം കോടി രൂപയിലധികമായി വർദ്ധിപ്പിച്ചതായി ശ്രീ ഷാ പറഞ്ഞു. കേന്ദ്ര ഫണ്ടിൽ നിന്ന് മോദി ഗവണ്മെന്റ് സംസ്ഥാനങ്ങൾക്ക് മൂന്നിരട്ടിയിലധികം പണം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, 250 കോടി രൂപയുടെ ദേശീയ ദുരന്ത നിവാരണ കരുതൽ ശേഖരം രൂപീകരിച്ചു. സെൻഡായി ചട്ടക്കൂടിന് അനുസൃതമായി 2016 ൽ പ്രഥമ ദേശീയ ദുരന്ത നിവാരണ പദ്ധതി പുറത്തിറക്കി. 2018-19 ൽ സുഭാഷ് ചന്ദ്രബോസ് ദുരന്ത നിവാരണ അവാർഡ് ആവിഷ്കരിച്ചു. 2018 ൽ ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണത്തിന്റെ ആദ്യ ഘട്ടപ്രവർത്തനങ്ങൾ ഒഡീഷയിലും ആന്ധ്രാപ്രദേശിലും നടത്തിയതായും ശ്രീ ഷാ പറഞ്ഞു.

നിലവിൽ 16 എൻ‌ഡി‌ആർ‌എഫ് ബറ്റാലിയനുകൾ പ്രവർത്തനക്ഷമമാണെന്നും എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരെ കാണുമ്പോൾ, ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം ഉറപ്പാകുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതിനുപുറമെ, മണ്ണിടിച്ചിൽ അപകടസാധ്യത പരിപാലനം, ഹിമാനി വിസ്‌ഫോടന വെള്ളപ്പൊക്കം (ജി‌എൽ‌ഒ‌എഫ്), സിവിൽ സുരക്ഷ, പരിശീലന ശേഷി വികസനം എന്നിവയ്ക്കും പരിപാടികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്ത നിവാരണവും ദുരന്ത സാധ്യത ലഘൂകരണവും ശക്തിപ്പെടുത്തുന്നതിനായി ജപ്പാൻ, തജിക്കിസ്ഥാൻ, മംഗോളിയ, ബംഗ്ലാദേശ്, ഇറ്റലി, തുർക്ക്മെനിസ്ഥാൻ, മാലിദ്വീപ്, ഉസ്ബെക്കിസ്ഥാൻ എന്നിവയുമായി ഇന്ത്യാ ഗവൺമെന്റ് കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ കാരണം ഇന്ത്യയിൽ സംഭവിച്ചേക്കാവുന്ന സമാനമായ ദുരന്തങ്ങൾ അവിടെയും സംഭവിക്കാൻ സാധ്യതയുള്ളതാക്കുന്നു. മികച്ച രീതികളിൽ നിന്ന് ഈ രാജ്യങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത നിവാരണ മേഖലയിലെ ഇന്ത്യയുടെ ആഗോള നേതൃത്വത്തിന് ഉദാഹരണമാണ് പ്രകൃതി ദുരന്ത പ്രതിരോധശേഷി അടിസ്ഥാനസൗകര്യ വികസന സഖ്യം(Coalition for Disaster Resilient Infrastructure - CDRI) എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 2019 സെപ്റ്റംബർ 23 ന് ന്യൂയോർക്കിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ ആശയം മുന്നോട്ടുവച്ചത്. ഇത് ഇന്ത്യയിൽ തന്നെ സ്ഥാപിതമായി. ഇതുവരെ 42 രാജ്യങ്ങളും 7 അന്താരാഷ്ട്ര സംഘടനകളും സിഡിആർഐയിൽ അംഗങ്ങളായിട്ടുണ്ടെന്നും സിഡിആർഐ വഴി ആഗോളതലത്തിൽ ഈ മേഖലയിൽ ഇന്ത്യയുടെ നേതൃത്വം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ആപാദ മിത്ര' പദ്ധതിയിലൂടെ, 350 ദുരന്ത സാധ്യതയുള്ള ജില്ലകളിലായി 370 കോടി രൂപ ചെലവിൽ ഒരു ലക്ഷം സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ ഒരു സേനയെ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇന്ത്യ ഡിസാസ്റ്റർ റിസോഴ്‌സ് നെറ്റ്‌വർക്ക് പോർട്ടലിൽ ഇവർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ജില്ലാ കളക്ടർമാരുടെ കൈവശം ഇത് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ഉണ്ട്. 'ആപാദ മിത്ര' പദ്ധതി വിപുലീകരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. യുവാക്കളെ ഉൾപ്പെടുത്തുന്നതിനായി, 470 കോടി രൂപയുടെ ബജറ്റിൽ, 1300-ലധികം പരിശീലനം ലഭിച്ച 'ആപാദ മിത്ര'മാരെ മാസ്റ്റർ ട്രെയിനർമാരായി നിയമിച്ചിട്ടുണ്ട്. ഇതിൽ, എൻ‌സി‌സി, എൻ‌എസ്‌എസ്, നെഹ്‌റു യുവ കേന്ദ്ര സംഗതൻ, ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എന്നിവർ 2, 37, 000 'ആപാദ മിത്ര'കളെ പരിശീലിപ്പിക്കും, ഇത് മൊത്തം സന്നദ്ധ പ്രവർത്തകരുടെ എണ്ണം 3, 37,000 ആയി ഉയർത്തും.

കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി നിരവധി ആപ്പുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇതിൽ 'മൗസം', 'മേഘദൂത്', 'ഫ്ലഡ് വാച്ച്', 'ദാമിനി', 'പോക്കറ്റ് ഭുവൻ', 'സചേത്', 'വൻ അഗ്നി', 'സമുദ്ര' എന്നിവ ഉൾപ്പെടുന്നു. കൂടാതെ, മണ്ണിടിച്ചിലുകളെക്കുറിച്ചുള്ള പഠനത്തിനായി ഒരു നോഡൽ ഏജൻസിയും സൃഷ്ടിച്ചിട്ടുണ്ട്. ഭൂകമ്പങ്ങളുടെ യാന്ത്രിക പ്രക്ഷേപണത്തിനായി ഇന്ത്യ ക്വേക്ക് ആപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി യുടെ ശ്രമഫലമായി, ഇന്ന് ഈ ആപ്പുകളെല്ലാം രാജ്യത്തെ മിക്കവാറും എല്ലാ പൗരന്മാരിലേക്കും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കടൽത്തീരത്ത് താമസിക്കുന്നവർക്കും മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും കൃത്യസമയത്ത് പ്രയോജനം ചെയ്തു.

 പ്രധാനമന്ത്രി നരേന്ദ്ര മോദി, പരിസ്ഥിതി മേഖലയിൽ ലോകത്തെ നയിക്കുന്നത് ലോകം മുഴുവൻ അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ ചാമ്പ്യൻസ് ഓഫ് ദി എർത്ത് അവാർഡ് നൽകി ആദരിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യയെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തമാക്കുക എന്ന ദൗത്യം ശ്രീ മോദി ഏതാണ്ട് പൂർത്തിയാക്കി. അദ്ദേഹത്തിന്റെ മുൻകൈയിൽ രൂപീകരിച്ച അന്താരാഷ്ട്ര സൗര സഖ്യത്തിൽ (ISA) നിരവധി രാജ്യങ്ങൾ ചേർന്നു. 'ഒരു സൂര്യൻ, ഒരു ഭൂമി, ഒരു ഗ്രിഡ്' പദ്ധതി ലോകമെമ്പാടും ജനപ്രിയമാക്കാൻ ശ്രീ മോദി പ്രവർത്തിച്ചിട്ടുണ്ട്. ലോകമെമ്പാടും സൗരോർജ്ജം പങ്കിടുന്നതിനായി ഇന്റർ-റീജിയണൽ എനർജി ഗ്രിഡിന്റെ നിർമ്മാണം ആരംഭിച്ചു. 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌നിലൂടെ ഭൂമി മാതാവിനോടും സ്വന്തം അമ്മയോടും ഉള്ള ആദരവായി കോടിക്കണക്കിന് ആളുകൾ മരങ്ങൾ നട്ടുപിടിപ്പിച്ചു.

2070 ആകുമ്പോഴേക്കും  'നെറ്റ് സീറോ കാർബൺ ബഹിർഗമനം' എന്ന ലക്ഷ്യം ഇന്ത്യ സ്ഥാപിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 2025 ആകുമ്പോഴേക്കും അന്താരാഷ്ട്ര സൗര സഖ്യം, ആഗോള ജൈവ ഇന്ധനസഖ്യം , 20 ശതമാനം എഥനോൾ മിശ്രണം എന്നിവയുടെ ലക്ഷ്യങ്ങൾ നാം ഇതിനകം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മുടെ എല്ലാ വാഹനങ്ങളിലും 20 ശതമാനം പരിസ്ഥിതി സൗഹൃദ ഇന്ധനമുണ്ട്.

 ലോകത്ത് എവിടെയെങ്കിലും ഏറ്റവും മികച്ച കോവിഡ് പരിപാലനം നടന്നിട്ടുണ്ടെങ്കിൽ അത് ഇന്ത്യയിലാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ഇതിൽ അഭിമാനിക്കണം. ലോകം മുഴുവൻ നമ്മുടെ ശ്രമങ്ങളെ വളരെയധികം പ്രശംസിക്കുന്നു. മുൻ ഭരണകാലത്ത് വാക്സിനുകൾ നൽകാൻ രണ്ട് തലമുറകൾ എടുക്കുമായിരുന്നു, എന്നാൽ മോദി ഗവണ്മെന്റിന് കീഴിൽ ഇന്ത്യ വാക്സിൻ നിർമ്മിക്കുക മാത്രമല്ല, രാജ്യത്തെ എല്ലാ പൗരന്മാരിലേക്കും അത് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

മുൻ ഭരണകാലത്താണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പിഎംഎൻആർഎഫ്) സൃഷ്ടിച്ചത് .മുൻപ് പിഎംഎൻആർഎഫിൽ നിന്നുള്ള ഫണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയിരുന്നു. ശ്രീ മോദിയുടെ ഭരണകാലത്ത് പിഎം കെയേഴ്‌സ് ഫണ്ട് സൃഷ്ടിച്ചു. കൊറോണ മഹാമാരിയെ നേരിടുന്നതിനും, ദുരന്ത നിവാരണത്തിനും, ഓക്സിജൻ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, ദരിദ്രർക്കുള്ള സഹായം, വാക്സിനേഷൻ എന്നിവയ്ക്കുമായി ഞങ്ങൾ അതിന്റെ ഫണ്ട് ചെലവഴിച്ചു. പിഎം കെയേഴ്‌സിന് കീഴിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം നിരവധി തരത്തിലുള്ള നൂതന സഹായങ്ങളും നൽകിയിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. ഇതിൽ രാഷ്ട്രീയ ഇടപെടലുകളൊന്നുമുണ്ടായിട്ടില്ല.

കർണാടകയ്ക്ക് 5,909 കോടി രൂപയുടെ എസ്റ്റിമേറ്റ് ഒരു ഉന്നതതല സമിതി നൽകിയതായും അതിൽ 5,800 കോടി രൂപ കൈമാറിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കേരളത്തിന് 3,743 കോടി രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി, അതിൽ 2438 കോടി രൂപ നൽകി. തമിഴ്‌നാടിന് 4817 കോടി രൂപയിൽ 4600 കോടി രൂപ നൽകി. പശ്ചിമ ബംഗാളിന് 6837 കോടി രൂപയിൽ 5000 കോടി രൂപ നൽകി. ഹിമാചൽ പ്രദേശിന് 2339 കോടി രൂപയിൽ 1766 കോടി രൂപ നൽകി. തെലങ്കാനയ്ക്കും കമ്മിറ്റി ഏതാണ്ട് അതേ തുക തന്നെയാണ് നൽകിയത്.

ജാർഖണ്ഡിന് 111 കോടി രൂപയും കേരളത്തിന് 121 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 460 കോടി രൂപയും ബിഹാറിന് 256 കോടി രൂപയും ഗുജറാത്തിന് 254 കോടി രൂപയും അഗ്നിശമന നടപടികൾക്കായി നൽകിയതായി ശ്രീ അമിത് ഷാ പറഞ്ഞു, ഇത് മുമ്പൊരിക്കലും നൽകിയിട്ടില്ല. അടുത്ത വർഷം മറ്റ് സംസ്ഥാനങ്ങൾക്ക് അഗ്നിശമന നടപടികൾക്കായി സാമ്പത്തിക സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 2019 മുതൽ 2024 വരെ തമിഴ്‌നാടിന് 228 കോടി രൂപ ഉൾപ്പെടെ ധാരാളം സഹായം നൽകിയിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.

കേരളത്തിലെ വയനാട് ദുരന്തത്തെ ഗുരുതരമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ ഫണ്ടിൽ (NDRF) നിന്ന് 215 കോടി രൂപ ഉടൻ അനുവദിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 36 കോടി രൂപ നൽകിയെങ്കിലും അത് ഇതുവരെ ചെലവഴിച്ചിട്ടില്ല. ഇതിനുപുറമെ, IMCT റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപയുടെ സഹായം നൽകി. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനും പുനർനിർമ്മാണത്തിനും 2219 കോടി രൂപ ആവശ്യമാണെന്ന് സംസ്ഥാന ഗവണ്മെന്റ് കണക്കാക്കിയിട്ടുണ്ട്, അതിൽ 530 കോടി രൂപ നൽകിയിട്ടുണ്ട്. ഇതോടൊപ്പം, ഒരു പ്രത്യേക ജാലകത്തിൽ നിന്ന് അധിക സഹായം ലഭിക്കുന്നതിനുള്ള മറ്റ് നടപടികളും നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം, കേരളം, ലഡാഖ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും പൗരന്മാർ തുല്യരാണെന്നും ഞങ്ങൾ ആരോടും വിവേചനം കാണിക്കുന്നില്ലെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ദുരന്തനിവാരണ ബില്ലിൽ, സാങ്കേതിക ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുന്നതിലും  ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗവൺമെന്റിന്റെ ശ്രമത്തോടൊപ്പം, സമൂഹങ്ങളുടെ പങ്കാളിത്തത്തിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദുരന്ത പ്രതിരോധ നിർമ്മാണ രീതിക്കൊപ്പം, പ്രകൃതി സംരക്ഷണത്തിനും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

 
*****

(Release ID: 2115182) Visitor Counter : 24