വാണിജ്യ വ്യവസായ മന്ത്രാലയം
ബോയിലേഴ്‌സ് ബിൽ, 2024 ലോക്‌സഭയിൽ അവതരിപ്പിച്ചു
Posted On:
25 MAR 2025 4:16PM by PIB Thiruvananthpuram
നൂറ്റാണ്ട് പഴക്കമുള്ള നിയമത്തിന് പകരം പുതിയ ബിൽ
മുമ്പ് ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ശിക്ഷാർഹമല്ലാതാക്കുന്ന വ്യവസ്ഥകളിലൂടെ ബോയിലേഴ്‌സ് ബിൽ വിശ്വാസ്യത മെച്ചപ്പെടുത്തുന്നു
7 ശിക്ഷാർഹമായ കുറ്റകൃത്യങ്ങളിൽ 3 എണ്ണം ശിക്ഷാർഹമല്ലാതാക്കി. എല്ലാ ക്രിമിനൽ ഇതര കുറ്റകൃത്യങ്ങൾക്കും വേഗത്തിലുള്ള പരിഹാരം
ബിസിനസ്സ് സുഗമമാക്കുന്നതിനായി കാലഹരണപ്പെട്ട വ്യവസ്ഥകൾ നീക്കം ചെയ്തു
പുതിയ നിയമം തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു
|
ബോയിലേഴ്‌സ് ബിൽ, 2024 കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. 1923 ലെ ബോയിലേഴ്‌സ് ആക്റ്റ് (Act No. 5 of 1923) ന് പകരമാണ് പുതിയ ബിൽ കൊണ്ടുവന്നത്. ബിൽ 2024 ഡിസംബർ 4 ന് രാജ്യസഭ പാസാക്കിയിരുന്നു. ലോക്‌സഭ കൂടി പാസാക്കിയ ശേഷം രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കും.
വ്യവസായമേഖലയും, ബോയിലറുകളിൽ പ്രവർത്തിക്കുന്നതും /അവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതുമായ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ, രാജ്യത്തെ കാലികമായ ആവശ്യങ്ങൾ പുതിയ നിയമനിർമ്മാണത്തിലൂടെ നിറവേറ്റപ്പെടുന്നു.
പുതിയ നിയമനിർമ്മാണം, രാജ്യത്തെ വ്യവസായമേഖല ഉൾപ്പെടെയുള്ള പങ്കാളികൾ, ബോയിലറുകളിൽ പ്രവർത്തിക്കുന്ന/ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവരുടെ കാലികമായ ആവശ്യങ്ങൾ നിറവേറ്റുന്നു.
താഴെ പറയുന്നവയാണ് ബില്ലിന്റെ പ്രധാന സവിശേഷതകൾ:
ബില്ലിലെ വ്യവസ്ഥകൾക്ക് കൂടുതൽ വ്യക്തത നൽകും വിധം ആധുനിക രീതികൾക്കനുയോജ്യമായാണ് കരട് തയ്യാറാക്കിയിരിക്കുന്നത് . 1923 ലെ ബോയിലേഴ്‌സ് നിയമത്തിൽ, വ്യത്യസ്ത സ്ഥലങ്ങളിൽ പറഞ്ഞിരിക്കുന്ന സമാന വ്യവസ്ഥകൾ നിയമത്തിന്റെ വായനയും ധാരണയും ലളിതമാക്കുന്നതിനായി ആറ് അധ്യായങ്ങളായി സംഗഹിച്ചിരിക്കുന്നു. ആശയക്കുഴപ്പം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, സെൻട്രൽ ബോയിലേഴ്‌സ് ബോർഡ് എന്നിവയുടെ എല്ലാ പ്രവർത്തനങ്ങളും/അധികാരങ്ങളും വിശദമായി വിവരിച്ചിട്ടുണ്ട്.
മുമ്പ് ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ശിക്ഷാർഹമല്ലാതാക്കുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലുൾപ്പെടെയുള്ള ബോയിലർ ഉപയോക്താക്കൾക്ക് സ്വന്തം ബിസിനസ്സ് സുഗമാക്കാൻ (EoDB) ബിൽ പ്രയോജനപ്രദമാകും. ബോയിലറുകളുടെയും ബോയിലറുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏഴ് വ്യവസ്ഥകളിൽ, ജീവനും സ്വത്തിനും അപകടകരമായേക്കാവുന്ന നാല് പ്രധാന കുറ്റകൃത്യങ്ങൾക്ക്, ക്രിമിനൽ ശിക്ഷകൾ നിലനിർത്തുന്നു. മറ്റ് കുറ്റകൃത്യങ്ങൾക്ക്, സാമ്പത്തിക പിഴ വ്യവസ്ഥ ചെയ്യുന്നു. മാത്രമല്ല, എല്ലാ ക്രിമിനൽ ഇതര കുറ്റകൃത്യങ്ങൾക്കുള്ള 'പിഴ' കോടതി മുഖാന്തിരമടയ്ക്കണമെന്ന പഴയ വ്യവസ്ഥയ്ക്ക് പകരം ഭരണനിർവ്വഹണ ഉദ്യോഗസ്ഥർ മുഖേന പിഴ ഈടാക്കാവുന്നതാണ്.
ബോയിലറിനുള്ളിൽ ജോലി ചെയ്യുന്ന വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബോയിലറിന്റെ അറ്റകുറ്റപ്പണികൾ യോഗ്യതയും പരിചയവുമുള്ള വ്യക്തികൾ മാത്രം നടത്തുന്നതിനും പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ നിർദ്ദിഷ്ട ബിൽ സുരക്ഷ മെച്ചപ്പെടുത്തും.
ഭരണഘടന നിലവിൽ വരുന്നതിന് മുമ്പുള്ള എല്ലാ നിയമങ്ങളും കാലിക പ്രസക്തിയും ഔചിത്യവും കണക്കിലെടുത്ത് ഭാരത സർക്കാർ പുനഃപരിശോധിച്ചു വരികയാണ്.
2007 ൽ കൊണ്ടുവന്ന ഇന്ത്യൻ ബോയിലേഴ്‌സ് (ഭേദഗതി) നിയമം, 1923 ലെ ബോയിലേഴ്‌സ് നിയമത്തിൽ സമഗ്രമായി ഭേദഗതികൾ കൊണ്ടുവന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ മൂന്നാം കക്ഷി പരിശോധനാ അധികാരികളുടെ പരിശോധനയും സർട്ടിഫിക്കേഷനും നിർബന്ധമാക്കി. എന്നിരുന്നാലും, നിയമം കൂടുതൽ വിശകലം ചെയ്തപ്പോൾ, പുനഃപരിശോധിക്കേണ്ടതുണ്ടെന്നും, 2023 ലെ ജൻ വിശ്വാസ് (വ്യവസ്ഥാ ഭേദഗതി) നിയമത്തിന് അനുസൃതമായി മുമ്പ് ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ശിക്ഷാർഹമല്ലാതാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വ്യക്തമായി.
അതിൻപ്രകാരം, നിലവിലുള്ള നിയമം പുനഃപരിശോധിക്കുകയും, കാലഹരണപ്പെട്ട / അനാവശ്യ വ്യവസ്ഥകൾ ഒഴിവാക്കുകയും, നിയമങ്ങൾക്കും ചട്ടങ്ങൾക്കും മുമ്പ് നൽകിയിട്ടില്ലാത്ത സാരവത്തായ വ്യവസ്ഥകൾ കൊണ്ടുവരികയും ചെയ്തു. ബില്ലിലെ വ്യവസ്ഥകൾക്ക് കൂടുതൽ വ്യക്തത നൽകുന്നതിനായി പുതിയ നിർവ്വചനങ്ങൾ ഉൾപ്പെടുത്തുകയും നിലവിലുള്ള ചില നിർവ്വചനങ്ങൾക്ക് ഭേദഗതി കൊണ്ടുവരികയും ചെയ്തു.
*********************
(Release ID: 2115067)
Visitor Counter : 33