ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

നികുതി വെട്ടിപ്പ് തടയുന്നതിനായി വിദേശത്തു രജിസ്റ്റർ ചെയ്ത ഓൺലൈൻ മണി ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരെ DGGI യുടെ നടപടി

നിയമവിരുദ്ധമോ/അനുവർത്തനരഹിതമോ ആയി പ്രവർത്തിക്കുന്ന വിദേശത്തു രജിസ്റ്റർ ചെയ്ത ഓൺലൈൻ മണി ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകൾ/URL-കൾ DGGI ബ്ലോക്ക് ചെയ്തു

Posted On: 22 MAR 2025 2:38PM by PIB Thiruvananthpuram

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് (DGGI) വിദേശത്തു രജിസ്റ്റർ ചെയ്ത ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി. ആഭ്യന്തര, വിദേശ സ്ഥാപനങ്ങൾ ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ സജീവമാണ്.

ചരക്ക് സേവന നികുതി (GST) നിയമപ്രകാരം, 'ഓൺലൈൻ മണി ഗെയിമിംഗ്', നടപടിയെടുക്കാവുന്ന സാമ്പത്തിക വിഷയമായതിനാൽ, 'ചരക്കുകളുടെ' വിതരണത്തിൽപ്പെടുത്തി തരംതിരിച്ചിരിക്കുന്നു. ഇത് 28% നികുതിക്ക് വിധേയമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ചരക്ക് സേവന നികുതി (GST) നിയമ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഓൺലൈൻ മണി ഗെയിമിംഗ്/വാതുവയ്പ്പ്/ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 ഓഫ്‌ഷോർ (വിദേശത്തു രജിസ്റ്റർ ചെയ്ത) സ്ഥാപനങ്ങൾ DGGI യുടെ നിരീക്ഷണത്തിലാണ്. രജിസ്റ്റർ ചെയ്യാതിരിക്കുകയും, നികുതി പേ-ഇന്നുകൾ മറച്ചുവെക്കുകയും, നികുതി ബാധ്യതകൾ തന്ത്രപരമായി മറികടക്കുകയും ചെയ്തുകൊണ്ട് ഈ സ്ഥാപനങ്ങൾ GST ഒഴിവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2000-ലെ ഐടി ആക്ടിന്റെ സെക്ഷൻ 69 പ്രകാരം, കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയവുമായി (MeitY) സഹകരിച്ച്, നിയമവിരുദ്ധമോ/അനുവർത്തന രഹിതമോ ആയ വിദേശത്തു രജിസ്റ്റർ ചെയ്ത ഓൺലൈൻ മണി ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകൾ/URL-കൾ ഇതുവരെ DGGI തടഞ്ഞു.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചില ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അടുത്തിടെ സ്വീകരിച്ച നടപടിയിൽ, ഗെയിമിൽ പങ്കെടുക്കുന്നവരിൽ നിന്ന് പണം പിരിക്കാൻ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ DGGI കണ്ടെത്തി ബ്ലോക്ക് ചെയ്‌തു. ഐ4സി, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) എന്നിവയുമായി സഹകരിച്ച് ഏകദേശം 2,000 ബാങ്ക് അക്കൗണ്ടുകളും 4 കോടി രൂപയും കണ്ടുകെട്ടി. മറ്റൊരു നടപടിയിൽ, ഈ വിദേശത്തു രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ചിലതിന്റെ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയ യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ബാങ്ക് അക്കൗണ്ടുകൾ ഡെബിറ്റ് ഫ്രീസ് ചെയ്യുകയും (സംശയാസ്പദമായ പ്രവർത്തനങ്ങൾ കാരണം താൽക്കാലികമായി നിർത്തിവച്ചു) മൊത്തം 122.05 കോടി രൂപ ഈ അക്കൗണ്ടുകളിൽ നിന്ന് താത്ക്കാലികമായി കണ്ടുകെട്ടുകയും ചെയ്‌തു.

ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നടത്തിയിരുന്ന ഏതാനും ഇന്ത്യൻ പൗരന്മാർക്കെതിരെയും DGGI നടപടി സ്വീകരിച്ചു. സത്ഗുരു ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോം, മഹാകാൽ ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോം, അഭി247 ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോം എന്നിവയുൾപ്പെടെ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഓൺലൈൻ മണി ഗെയിമിംഗ് സൗകര്യമൊരുക്കുന്നുണ്ടെന്നും ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് പണം പിരിക്കാൻ മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി. ഈ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 166 മ്യൂൾ അക്കൗണ്ടുകൾ DGGI ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

വിദേശ സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കാത്തത് നീതിയുക്തമായ മത്സരം അസാധ്യമാക്കുകയും പ്രാദേശിക ബിസിനസുകളെ ദോഷകരമായി ബാധിക്കുകയും വിപണിയെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സത്യസന്ധത പുലർത്താത്ത വിദേശ സ്ഥാപനങ്ങൾ പുതിയ വെബ് വിലാസങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിയന്ത്രണങ്ങൾ മറികടക്കുന്നു. ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിന് ഈ കമ്പനികൾ 'മ്യൂൾ' ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിലൂടെ വെളിപ്പെട്ടു. മ്യൂൾ അക്കൗണ്ടുകൾ വഴി ശേഖരിക്കുന്ന പണം നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ഒഴുകാനുള്ള സാധ്യതയുണ്ട്. ദേശ സുരക്ഷയുടെ വീക്ഷണകോണിൽ ഇത് അപകടകരമാണ്.

നിരവധി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്‌സും ഈ പ്ലാറ്റ്‌ഫോമുകളെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും വിദേശത്തു രജിസ്റ്റർ ചെയ്ത ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഇടപഴകാതിരിക്കാനും നിർദ്ദേശിക്കുന്നു. ഇതിലൂടെ അവർ സ്വന്തം സാമ്പത്തിക സ്ഥിതി അപകടപ്പെടുത്തുകയും സാമ്പത്തിക ശേഷിയെയും ദേശീയ സുരക്ഷയെയും ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്യുകയാണെന്ന് മുന്നറിയിപ്പ് നൽകുന്നു.

 

SKY

****************


(Release ID: 2114014) Visitor Counter : 38