ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ 49-ാമത് ബിരുദദാന ചടങ്ങിനെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അഭിസംബോധന ചെയ്തു.

Posted On: 21 MAR 2025 6:16PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) 49-ാമത് വാർഷിക ബിരുദദാന ചടങ്ങിനെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അഭിസംബോധന ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ സന്നിഹിതനായിരുന്നു.


 "ആരോഗ്യ സംരക്ഷണത്തിലും മെഡിക്കൽ വിദ്യാഭ്യാസത്തിലും എയിംസ് ന്യൂഡൽഹി പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചെന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു. ഇന്ന് ബിരുദധാരികളാകുന്ന ഡോക്ടർമാർക്കും ഗവേഷകർക്കും നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും, സമർപ്പണബുദ്ധ്യാ രാജ്യത്തെ സേവിക്കുന്നതിലും നിർണ്ണായക പങ്കു വഹിക്കാനാകും." "ഗീതയിലെ കർമ്മയോഗത്തിന്റെ ഒരു പ്രാവർത്തിക  പരീക്ഷണശാലയാണ്" എയിംസെന്നും അവർ പറഞ്ഞു.

അഭിമാനകരമായ മെയ്ഡ്-ഇൻ-ഇന്ത്യ വിജയഗാഥയാണ് എയിംസെന്നും രാജ്യമെമ്പാടും അനുകരിക്കപ്പെടേണ്ട മാതൃകയാണിതെന്നും രാഷ്ട്രപതി വ്യക്തമാക്കി. "കോവിഡ്-19 പോലുള്ള മഹാമാരികൾ പിടിമുറുക്കിയ കാലഘട്ടത്തിൽ, വഴിത്തിരിവായി മാറിയ ഗവേഷണങ്ങളുടെ മുൻനിരയിലായിരുന്നു എയിംസിന്റെ സ്ഥാനം". "ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കെല്ലാം അപ്പുറമാണ് എയിംസിന്റെ ഉത്തരവാദിത്തം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട  എല്ലാവരുടെയും ശബ്ദം ശ്രദ്ധയോടെ കേൾക്കുന്ന, വിഭവങ്ങൾ വിവേകപൂർവ്വം വിനിയോഗിക്കുന്ന, മികവ് മാനദണ്ഡമാകുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിലേക്ക് ഇത് വളർന്നിരിക്കുന്നു", അവർ പറഞ്ഞു.

സമകാലിക ആരോഗ്യ സംരക്ഷണ വെല്ലുവിളികൾ വിശദീകരിക്കവെ, ആരോഗ്യ സംരക്ഷണത്തിലെ പുരോഗതിക്കൊപ്പം ആയുർദൈർഘ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. തത്ൽഫലമായി, പ്രായമാകുന്നവരുടെ എണ്ണം സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഈ മേഖലയിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. ഒപ്പം, ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളുമായി ആരോഗ്യ പരിജ്ഞാന മേഖല മല്ലിടുകയാണ്. "ഈ അദൃശ്യ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ " മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധ പരിപാടി ആരംഭിക്കാൻ എയിംസ് ന്യൂഡൽഹിയിലെ ഫാക്കൽറ്റി അംഗങ്ങളോട് രാഷ്‌ട്രപതി ആവശ്യപ്പെട്ടു.


ആയുർവേദം, യോഗ, പരമ്പരാഗത വൈദ്യശാസ്ത്രം തുടങ്ങിയ സംവിധാനങ്ങൾ മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിൽ സമഗ്രവും ദീർഘകാലാടിസ്ഥാനത്തിലും ഉള്ള സമീപനം സ്വീകരിക്കുമ്പോൾ, ആധുനിക വൈദ്യശാസ്ത്രം ഹ്രസ്വകാല അനുഭവങ്ങളിൽ നിന്നാണ് നിഗമനങ്ങളിലെത്തിച്ചേരുന്നതെന്ന  രാഷ്ട്രപതി പ്രസ്താവിച്ചു. ഈ പശ്ചാത്തലത്തിൽ, ആധുനികതയും പാരമ്പര്യവും സംയോജിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയുടെ തനത് ആരോഗ്യ ചികിത്സാ രീതികൾ അവലംബിച്ചതിന് എയിംസ് ന്യൂഡൽഹിയെ അവർ അഭിനന്ദിച്ചു.


ഹൃദ്രോഗവും മറ്റ് രോഗങ്ങളും അലട്ടുന്ന രോഗികളിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളതിനാൽ, ആരോഗ്യ സംരക്ഷണ പ്രോട്ടോക്കോളിൽ ലിംഗസമത്വം കൊണ്ടുവരുന്നതിനായി പ്രചാരണം ആരംഭിക്കാൻ എയിംസിനോട് അവർ ആഹ്വാനം ചെയ്തു.

അക്ഷീണമായ കഠിനാധ്വാനത്തിനും ത്യാഗത്തിനും അച്ചടക്കത്തിനും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും അഭിനന്ദിച്ചുകൊണ്ട് രാഷ്ട്രപതി തന്റെ പ്രസംഗം ഉപസംഹരിച്ചു.

ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച ശ്രീ ജഗത് പ്രകാശ് നദ്ദ, "നിരന്തര പഠനത്തിനും വളർച്ചയ്ക്കുമുള്ള പ്രതിബദ്ധത  2018 മുതൽ മെഡിക്കൽ വിഭാഗത്തിലെ NIRF റാങ്കിംഗിൽ മുന്നേറാൻ എയിംസ് ന്യൂഡൽഹിയെ സഹായിച്ചെന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എയിംസ് അതിന്റെ ശേഷി  നിരന്തരം വികസിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 "AI-അധിഷ്ഠിത രോഗനിർണ്ണയത്തിലും റോബോട്ടിക് സർജറി പരിശീലനത്തിലും എയിംസ് സ്വയം നേതൃസ്ഥാനത്ത്  അവരോധിച്ചതായി എയിംസിന്റെ സമീപകാല നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ശ്രീ നദ്ദ പറഞ്ഞു. ഇരട്ട വൃക്ക മാറ്റിവയ്ക്കൽ, വൃക്കസംബന്ധമായ ഓട്ടോ-ട്രാൻസ്പ്ലാന്റ് എന്നിവയുൾപ്പെടെ ഒട്ടെറെ വിപ്ലവകരമായ ശസ്ത്രക്രിയകൾ നടത്തുന്ന ഇന്ത്യയിലെ പ്രഥമ മെഡിക്കൽ സ്ഥാപനമാണിത്. ഗണ്യമായ ഫണ്ടിംഗ് പ്രയോജനപ്പെടുത്തി 900-ലധികം എക്സ്ട്രാമുറൽ പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് ഗവേഷണത്തോടുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത വ്യക്തമാകുന്നു.യന്ത്രവത്കൃത ശുചീകരണം, നൈപുണ്യ വികസനം, ശുചിത്വ മനുഷ്യശക്തി പുനഃക്രമീകരണം തുടങ്ങിയ സംരംഭങ്ങളിലൂടെ കായകൽപ് പുരസ്‌ക്കാരങ്ങളിൽ എയിംസ് ന്യൂഡൽഹി സ്ഥിരമായി ഒന്നാം റാങ്ക് നിലനിർത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

 

എയിംസ് പോലുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്ന് ആർജ്ജിച്ച ശേഷി, നൈപുണ്യം, അറിവ് എന്നിവ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി പ്രയോഗിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. രാജ്യത്ത് പുതുതായി സ്ഥാപിതമാകുന്ന എയിംസുകളിലും ത്രിതല ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കാനും, എയിംസ് ന്യൂഡൽഹിയുടെ പ്രവർത്തന നൈതികതയും സംസ്‌ക്കാരവും പകർന്നു നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. "എയിംസിലെ വിദ്യാഭ്യാസം നിങ്ങൾ തിരഞ്ഞെടുത്ത മേഖലകളിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ അറിവും നൈപുണ്യവും മാത്രമല്ല, സഹാനുഭൂതി, ആർജ്ജവം, സേവനം എന്നീ മൂല്യങ്ങളും നിങ്ങൾക്ക് പകർന്ന് നൽകിയിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷന്റെ സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുമ്പോഴും നിങ്ങൾ സേവിക്കുന്നവരുടെ ജീവിതത്തിൽ ഗുണപരമായ സ്വാധീനം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴും ഈ അടിസ്ഥാന മൂല്യങ്ങൾ മാർഗ്ഗനിർദ്ദേശ തത്വങ്ങളായി വർത്തിക്കും", അദ്ദേഹം കൂട്ടിച്ചേർത്തു.

നൂതനാശയങ്ങളുടെയും സഹകരണത്തിന്റെയും മനോഭാവം സ്വീകരിക്കാൻ വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് ശ്രീ നദ്ദ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. "വൈദ്യശാസ്ത്രത്തിലെയും സാങ്കേതികവിദ്യയിലെയും പുരോഗതി ആരോഗ്യ സംരക്ഷണ ഭൂമികയിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. വിവിധ വിഷയങ്ങളിലുള്ള സഹകരണത്തിലൂടെയും ആജീവനാന്ത പഠനത്തോടുള്ള പ്രതിബദ്ധതയിലൂടെയും ഗുരുതരമായ സമകാലിക ആരോഗ്യ പ്രശ്‌നങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്യാൻ നമുക്ക് കഴിയും", അദ്ദേഹം പറഞ്ഞു.

ബിരുദദാന ചടങ്ങിൽ, വിവിധ വിഷയങ്ങളിലായി ആകെ 1,886 ബിരുദങ്ങൾ നൽകി. അതിൽ 77 പിഎച്ച്ഡി, 363 ഡിഎം/എംസിഎച്ച് , 572 എംഡി, 76 എംഎസ്, 49 എംഡിഎസ്, 74 ഫെലോഷിപ്പുകൾ, 172 എംഎസ്‌സി, 191 എംബിബിഎസ്, 312 ബിഎസ്‌സി എന്നിവ ഉൾപ്പെടുന്നു. പ്രശംസനീയമായ സേവനം കാഴ്ച്ചവെച്ച എയിംസിലെ 8 ഡോക്ടർമാർക്ക് ആജീവനാന്ത നേട്ടത്തിനുള്ള പുരസ്ക്കാരം -ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് -സമ്മാനിച്ചു. 28 വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും മെഡലുകളും പുസ്തകങ്ങളും സമ്മാനമായി ലഭിച്ചു. 9 പേർക്ക് പ്രശസ്തി പത്രം സമ്മാനിച്ചു.

പശ്ചാത്തലം:

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, അടിസ്ഥാന സൗകര്യവികസനത്തിലും ആരോഗ്യ സേവനങ്ങളിലും  എയിംസ് വൻ പുരോഗതി കൈവരിച്ചു. ഇപ്പോൾ, സ്ഥാപനത്തിൽ 4,000-ത്തിലധികം കിടക്കകളുണ്ട്. ഏകദേശം 48 ലക്ഷം OPD രോഗികളെ ചികിത്സിക്കുകയും പ്രതിവർഷം 3.2 ലക്ഷം പേരെ കിടത്തിചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയാ ശേഷി 50% വർദ്ധിപ്പിച്ചു, പ്രതിവർഷം 2.80 ലക്ഷത്തോളം ശസ്ത്രക്രിയകൾ നടക്കുന്നു. അവയിൽ പലതും അതീവ സങ്കീർണ്ണ സ്വഭാവമുള്ളതാണ്.

എയിംസിലെ കിടത്തിചികിത്സയ്ക്കുള്ള ശേഷി 34% വർദ്ധിപ്പിച്ചു. സാങ്കേതികവിദ്യയിലൂടെയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിലൂടെ ശസ്ത്രക്രിയ, രോഗനിർണയ സൗകര്യങ്ങൾ തുടങ്ങിയവ മെച്ചപ്പെട്ടു. എയിംസ്-എസ്ബിഐ സ്മാർട്ട് കാർഡ്, സഹസ് (സിസ്റ്റം ഫോർ എയിംസ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് അക്കൗണ്ടിംഗ് സർവീസസ്), സാന്തുഷ്ട്ട് പരാതി പരിഹാര പോർട്ടൽ എന്നിവയുൾപ്പെടെയുള്ള നൂതന ഡിജിറ്റൽ ആരോഗ്യ സംരക്ഷണ സംരംഭങ്ങളും എയിംസ് ആരംഭിച്ചു, തദ്വാരാ ആശുപത്രി ഭരണനിർവ്വഹണത്തിൽ സുതാര്യതയുടെയും കാര്യക്ഷമതയുടെയും പുതു യുഗത്തിന് തുടക്കമിട്ടു.

എയിംസിനെ, മെഷീൻ ലേണിംഗ് എന്നിവയ്ക്കുള്ള മികവിന്റെ കേന്ദ്രമായി ഭാരത സർക്കാർ പ്രഖ്യാപിച്ചു.സെന്റർ ഫോർ മെഡിക്കൽ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് (CMIE) റീജനറേറ്റീവ് മെഡിസിൻ, മെഡിക്കൽ ഉപകരണങ്ങൾ, ആപ്പ് അധിഷ്ഠിത ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ എന്നീ മേഖലകളിലെ 24 ആരോഗ്യ സംരക്ഷണ സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്നു.

എയിംസ് ന്യൂഡൽഹി ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ശക്തമായ സഹകരണം സ്ഥാപിച്ചിട്ടുണ്ട്. ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന്റെ പിന്തുണയോടെ, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങൾ, എയ്‌റോസ്‌പേസ്, മറൈൻ മെഡിസിൻ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം മെച്ചപ്പെടുത്താൻ എയിംസ് ശ്രമിക്കുന്നു. ബെംഗളൂരുവിലെ ഐഐഎസ്‌സി, മദ്രാസ് ഐഐടി, സിസിഎംബി, സിഎസ്‌ഐആർ-എൻഐഐഎസ്‌ടി എന്നിവയുമായും ലോകാരോഗ്യ സംഘടന (WHO), ജർമ്മനിയിലെ ക്ലിനികം ഡെർ യൂണിവേഴ്‌സിറ്റേറ്റ് മ്യുൺഷെൻ  തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും ഗവേഷണ ബന്ധങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.
 
 
SKY
 
*****

(Release ID: 2113976) Visitor Counter : 34