ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വ്യാപാര, സാമ്പത്തിക രംഗങ്ങളിലെ ഇന്ത്യയുടെ വീക്ഷണം

Posted On: 20 MAR 2025 6:10PM by PIB Thiruvananthpuram

ആർ‌ബി‌ഐ ബുള്ളറ്റിൻ (മാർച്ച് 2025): വ്യാപാര കമ്മി, കയറ്റുമതി, സാമ്പത്തിക ഗതിവിഗതികൾ എന്നിവ സംബന്ധിച്ച വിശകലനം

 

ആഗോള വ്യാപാര സംഘർഷങ്ങളും നിരന്തര ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശ്രദ്ധേയമായ ചെറുത്തുനിൽപ്പും ശക്തമായ വളർച്ചയും പ്രകടമാക്കുന്നു. രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി വ്യക്തമാക്കുന്ന റിസർവ് ബാങ്കിന്റെ 2025 മാർച്ചിലെ ബുള്ളറ്റിനിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്. അസ്ഥിരമായ ആഗോള സാഹചര്യങ്ങൾക്കിടയിലും ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്ന വസ്തുത ഏറ്റവും പുതിയ ഡാറ്റാധിഷ്ഠിത വിശകലനം വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോൾ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വർദ്ധിതമായ ഉപഭോഗത്തിന്റെയും സർക്കാർ ധനവിനിയോഗത്തിന്റെയും പിന്തുണയോടെ ശക്തമായ വളർച്ച ദൃശ്യമാക്കുന്നു. പണപ്പെരുപ്പം കുറഞ്ഞു. ഒപ്പം നയപരമായ നടപടികൾ വിപണിയിലെ ധന ലഭ്യത സ്ഥിരപ്പെടുത്താൻ സഹായിച്ചു. എന്നിരുന്നാലും, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്കും (ഓഹരികൾ, ബോണ്ടുകൾതുടങ്ങിയ  ആസ്തികളുടെ കൂട്ടമാണ് പോർട്ട്‌ഫോളിയോ നിക്ഷേപം). രൂപയുടെ മൂല്യത്തകർച്ചയും അപകടസാധ്യതകളായി തുടരുന്നു.

ആഭ്യന്തര സാമ്പത്തിക വികസനം

ആഗോള വെല്ലുവിളികൾക്കിടയിലും സ്ഥിരതയാർന്ന മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ച

NSO യുടെ രണ്ടാം മുൻ‌കൂർ എസ്റ്റിമേറ്റ് പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 6.5% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വകാര്യ ഉപഭോഗവും സർക്കാർ ചെലവുകളും വർദ്ധിച്ചതിനാൽ, മൂന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ച 6.2% ആയിരുന്നു, രണ്ടാം പാദത്തിലെ 5.6% ൽ നിന്ന് പൂർവസ്ഥിതിയിലേക്ക് മുന്നേറി.

വളർച്ചയെ നയിക്കുന്ന മേഖലകൾ: നിർമ്മാണം, വ്യാപാരം, സാമ്പത്തിക സേവനങ്ങൾ.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ ഒഴുക്കുകളും കറൻസി അപകടസാധ്യതകളും

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (FPI) പുറത്തേയ്ക്കുള്ള ഒഴുക്ക് ഓഹരി വിപണികളിലും രൂപയിലും സമ്മർദ്ദം ചെലുത്തി.

എന്നിരുന്നാലും, ആഭ്യന്തര നിക്ഷേപകർ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ചു, ഇത് വിപണി ഘടനകളെ സ്ഥിരപ്പെടുത്തി.

ബാഹ്യ അനിശ്ചിതത്വങ്ങൾ കാരണം രൂപയുടെ മൂല്യത്തകർച്ചയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തുടരുന്നു.

പണപ്പെരുപ്പ പ്രവണതകൾ: പ്രധാന പണപ്പെരുപ്പം കുറഞ്ഞു

പച്ചക്കറി വില കുത്തനെ കുറഞ്ഞതോടെ 2025 ഫെബ്രുവരിയിൽ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (CPI -വിലക്കയറ്റത്തോത്) 7 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6% ലെത്തി.

എന്നിരുന്നാലും, (ഭക്ഷണവും ഇന്ധനവും ഒഴികെ) അടിസ്ഥാന പണപ്പെരുപ്പം 4.1% ആയി ഉയർന്നു, ഇത് വില വർദ്ധനയെന്ന ഭീഷണിയെ സൂചിപ്പിക്കുന്നു.


തൊഴിൽ മേഖലയിലെ പ്രവണതകൾ


PMI സർവ്വെ ആരംഭിച്ച ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് നിർമ്മാണ മേഖലയിലെ തൊഴിൽ വളർച്ച .

സേവന മേഖലയിലെ തൊഴിലവസരങ്ങളും ഗണ്യമായി വർദ്ധിച്ചു, ഇത് ശക്തമായ ആവശ്യകത പ്രതിഫലിപ്പിക്കുന്നു.

നഗരങ്ങളിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 6.4% ൽ തുടരുന്നു.


വ്യാപാര, ബാഹ്യ മേഖലകൾ


ഇറക്കുമതി, കയറ്റുമതി മേഖലകളിലെ പ്രവണതകൾ

2024 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ കയറ്റുമതി  നേരിയ തോതിൽ, അതായത് 0.1% വളർന്ന് 395.6 ബില്യൺ ഡോളറിലെത്തി. എന്നാൽ ഫെബ്രുവരിയിലെ ചരക്ക് കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ 10.9% കുറഞ്ഞു. അടിസ്ഥാന പ്രത്യാഘാതങ്ങളും ആഗോള ആവശ്യകത ദുർബലമായതും ഇതിന് കാരണമായി.

മികച്ച പ്രകടനം കാഴ്ചവച്ച കയറ്റുമതി മേഖലകൾ: ഇലക്ട്രോണിക്സ്, അരി, അയിരുകൾ.

ദുർബലമായ കയറ്റുമതി മേഖലകൾ: പെട്രോളിയം ഉത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ.

2024 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ സ്വർണ്ണം, ഇലക്ട്രോണിക്സ്, പെട്രോളിയം എന്നിവയുടെ ഇറക്കുമതി 5.7% വർദ്ധിച്ച് 656.7 ബില്യൺ ഡോളറിലെത്തി. എന്നാൽ  2025 ഫെബ്രുവരിയിൽ ഇത് 16.3% കുറഞ്ഞു. ഇത് വ്യാപാര കമ്മി കുറയുന്നതിലേക്ക് നയിച്ചു.

എണ്ണ, സ്വർണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞു,  ഇത് മൊത്തത്തിലുള്ള  ഇറക്കുമതിയുടെ കുറവിന്  കാരണമായി.

ആഭ്യന്തര നിക്ഷേപ ആവശ്യകതയെ പ്രതിഫലിപ്പിക്കുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും ഇറക്കുമതി ശക്തമായി തുടരുന്നു.


 ധന, പണ നയങ്ങൾ

ആർ‌ബി‌ഐയുടെ ലിക്വിഡിറ്റി മാനേജ്‌മെന്റ്


ലിക്വിഡിറ്റി (പണലഭ്യത) കൈകാര്യം ചെയ്യുന്നതിന് ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ (OMO), ദൈനംദിന റിപ്പോ ലേലങ്ങൾ, ഡോളർ/രൂപ സ്വാപ്പ് എന്നിവ ആർ‌ബി‌ഐ ഉപയോഗിച്ചു.

പുറത്തേയ്ക്കുള്ള മൂലധന ഒഴുക്ക് ഉണ്ടായിട്ടും ആഭ്യന്തര ലിക്വിഡിറ്റി സ്ഥിരപ്പെടുത്താൻ ഈ നടപടികൾ സഹായിച്ചു.

മേഖലാധിഷ്ഠിത  വികസനം

കാർഷിക മേഖല


രണ്ടാം മുൻകൂർ എസ്റ്റിമേറ്റ് പ്രകാരം, ഖാരിഫ് ഉത്പാദനം 6.8% ഉം റാബി ഉത്പാദനം 2.8% ഉം വർദ്ധിച്ചതിനാൽ 2024-25 ലെ ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉത്പാദനം 330.9 ദശലക്ഷം ടൺ ആകുമെന്ന് കണക്കാക്കപ്പെടുന്നു.ഇത് 2023-24 നെ അപേക്ഷിച്ച് 4.8% വർദ്ധനവ് രേഖപ്പെടുത്തുന്നു.
 

 



ഓട്ടോമൊബൈൽ മേഖല

ആവശ്യകത ദുർബലമായതിനാൽ ഫെബ്രുവരിയിൽ കാർ, മോട്ടോർ സൈക്കിൾ വിൽപ്പന കുറഞ്ഞു.

ട്രാക്ടർ വിൽപ്പനയിൽ ഇരട്ട അക്ക വളർച്ചയുണ്ടായി, ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ ആവശ്യകതയെ സൂചിപ്പിക്കുന്നു.


അടിസ്ഥാന സൗകര്യങ്ങളും നിർമ്മാണവും

ടോൾ പിരിവുകളും ഇ-വേ ബില്ലുകളും ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി, ഇത് ശക്തമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു.

അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള സർക്കാർ ചെലവ് സാമ്പത്തിക ആക്കം കൂട്ടാൻ സഹായിച്ചു.


ആഗോള കാലാവസ്ഥ


വളർച്ചയെ ബാധിക്കുന്ന വ്യാപാര യുദ്ധവും തീരുവകളും


ആഗോള സമ്പദ്‌വ്യവസ്ഥ 2025 ൽ ശക്തമായ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും വർധിച്ചു വരുന്ന സംരക്ഷണവാദവും വ്യാപാര നിയന്ത്രണങ്ങളും കാരണം ഇപ്പോൾ മന്ദഗതിയിലാണ്.

യുഎസ്-ചൈന തീരുവ യുദ്ധം 2025 ൽ യുഎസ് ന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ  (ജിഡിപി) 0.6 ശതമാനം കുറവ് വരുത്തും. ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയെ 0.3-0.4% ചുരുക്കും.

ആവശ്യകത മന്ദീഭവിച്ചതിനാൽ OECD 2025 ൽ ആഗോള മൊത്ത ആഭ്യന്തര ഉത്പാദന പ്രവചനം 3.1% ആയും 2026 ൽ 3.0% ആയും കുറച്ചു.


വിപണിയിലെ ചാഞ്ചാട്ടവും കറൻസിയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും


വ്യാപാര നയ അനിശ്ചിതത്വം കാരണം 2024 നവംബർ മുതൽ യുഎസ് ഡോളറിന് നേട്ടമുണ്ടായി.

ജർമ്മനിയും മറ്റു രാജ്യങ്ങളും  സൈനിക ചെലവ് വർദ്ധിപ്പിച്ചതിനാൽ യൂറോപ്യൻ ബോണ്ട് വരുമാനം ഉയർന്നു.

വളർച്ച മന്ദഗതിയിലാകുമോ എന്ന ഭയം മൂലം  ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ അസ്ഥിരമാണ്.


കമ്മോഡിറ്റി മാർക്കറ്റുകളും പണപ്പെരുപ്പ സമ്മർദ്ദവും


ആഗോള എണ്ണ വില 2025 ജനുവരി പകുതി മുതൽ 15% കുറഞ്ഞു. പ്രതീക്ഷിത  ആവശ്യകതയും കുറഞ്ഞു.

നിക്ഷേപകർ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നത് സ്വർണ്ണ വില ഔൺസിന് 3000 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്താൻ കാരണമായി.

ധാന്യ ഉത്പാദനം 2024 ലെ നിലവാരം കവിഞ്ഞതോടെ ഭക്ഷ്യ ഉത്പാദന പ്രതീക്ഷ മെച്ചപ്പെട്ടു



ഉപസംഹാരം

ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, ശക്തമായ ആഭ്യന്തര ആവശ്യകതയുടെ പിന്തുണയോടെ ഇന്ത്യയുടെ വളർച്ച 6.5% ൽ സ്ഥിരതയോടെ തുടരുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്, അടിസ്ഥാന പണപ്പെരുപ്പം അസ്ഥിരമാകയാൽ ശ്രദ്ധാപൂർവ്വമായ ധന മാനേജ്മെന്റ് ആവശ്യമാണ്. ദുർബലമായ ആഗോള ആവശ്യകത കാരണമുള്ള വ്യാപാര വെല്ലുവിളികൾ നിലനിൽക്കുന്നു. എന്നാൽ വ്യാപാര കമ്മി കുറയുന്നത് ആശ്വാസം പകരുന്നു. വിദേശ നിക്ഷേപകരുടെ പുറത്തേയ്ക്കുള്ള ഒഴുക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുമ്പോൾ, ശക്തമായ ആഭ്യന്തര നിക്ഷേപം ചെറുത്ത് നിൽക്കാനുള്ള പ്രതിരോധശേഷി നൽകുന്നു. പണലഭ്യതയും പണപ്പെരുപ്പവും സ്ഥിരത കൈവരിക്കുന്നതിൽ ആർ‌ബി‌ഐയുടെ ദീർഘവീക്ഷണമുള്ള നയങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. മൊത്തത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയ്ക്ക് അനുകൂലമായ സ്ഥിതിയിലാണ്. എന്നാൽ ആഗോള വിപണികളിലെ അനിശ്ചിതത്വങ്ങൾ, സാമ്പത്തിക അസ്ഥിരത, വ്യാപാര തടസ്സങ്ങൾ എന്നിവ പ്രധാന അപകടസാധ്യതകളായി തുടരുന്നു. സാമ്പത്തിക മുന്നേറ്റം നിലനിർത്തുന്നതിന് സുസ്ഥിരമായ നയ പിന്തുണയും ആഭ്യന്തര കാര്യക്ഷമതയും അത്യന്താപേക്ഷിതമായിരിക്കും.

അവലംബം :

https://rbidocs.rbi.org.in/rdocs/Bulletin/PDFs/0BULT19032025F9CCA0AB1F7294130A950E2FD5448B5FC.PDF

Click here to see in PDF

 

SKY

 

******

 

(Release ID: 2113527) Visitor Counter : 26


Read this release in: English , Urdu , Hindi , Tamil