ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിലെ ഉൾനാടൻ മത്സ്യബന്ധനത്തിനുള്ള പ്രോത്സാഹനം

Posted On: 19 MAR 2025 2:07PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 19 മാർച്ച് 2025 


കേന്ദ്ര സർക്കാർ ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, നയങ്ങൾ, പരിപാടികൾ എന്നിവയിലൂടെ കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമുദ്ര, ഉൾനാടൻ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായി നിരവധി സംരംഭങ്ങൾ സ്വീകരിച്ചുവരുന്നു. 2020-21 സാമ്പത്തിക വർഷം മുതൽ 2024-25 സാമ്പത്തിക വർഷം വരെയുള്ള 5 വർഷത്തേക്ക് കേരളം ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 'പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന' (PMMSY) എന്ന ഫ്ലാഗ്ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു.

കഴിഞ്ഞ നാല് വർഷത്തിനിടയിലും (2020-21 മുതൽ 2023-24 വരെ) ഈ സാമ്പത്തിക വർഷത്തിലും (2024-25) ഈ പദ്ധതി പ്രകാരം, കേരള ഗവൺമെന്റിന്റെ 1358.10 കോടി രൂപയുടെ മത്സ്യബന്ധന വികസന ശുപാർശകൾക്ക്  കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകി. ശുദ്ധജല ഫിൻഫിഷ് ഹാച്ചറികളുടെ നിർമ്മാണ സഹായം (05 എണ്ണം), മത്സ്യകൃഷിക്കായുള്ള പുതിയ വളർത്തൽ കുളങ്ങൾ (89 ഹെക്ടർ), മത്സ്യ തീറ്റ മില്ലുകൾ (05 എണ്ണം), അലങ്കാര മത്സ്യ വളർത്തലും പ്രജനന യൂണിറ്റുകളും (798 എണ്ണം), ജലസംഭരണികളിലെ  വളർത്തൽ കൂടുകൾ (750 എണ്ണം), റീ-സർക്കുലേറ്ററി അക്വാകൾച്ചർ സംവിധാനം പോലുള്ള ഹൈടെക് കൾച്ചർ സംവിധാനങ്ങൾ (646 എണ്ണം), ബയോഫ്ലോക്ക് കൾച്ചർ യൂണിറ്റുകൾ (850 എണ്ണം), പെൻ കൾച്ചർ യൂണിറ്റുകൾ (31 ഹെക്ടർ), ജലസംഭരണികളുടെ സംയോജിത വികസനം (07 എണ്ണം), പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ബോട്ടുകളും വലകളും (200 എണ്ണം), 'മത്സ്യ സേവാ കേന്ദ്രങ്ങൾ' (10 എണ്ണം)ക്കുള്ള പിന്തുണാ സേവനങ്ങൾ എന്നിവ അംഗീകാരം നൽകിയ പദ്ധതികളിൽ ഉൾപ്പെടുന്നു.

അംഗീകൃത പ്രവർത്തന പദ്ധതികളിൽ ശീതീകരണ ശൃംഖലയുടെയും വിപണന പ്രവർത്തനങ്ങളുടെയും ഭാഗമായി ഐസ്പ്ലാന്റുകൾ/കോൾഡ് സ്റ്റോറേജുകൾ (16 എണ്ണം), മത്സ്യ ഗതാഗത വാഹനങ്ങൾ (468 എണ്ണം), ലൈവ് ഫിഷ് വിപണന കേന്ദ്രങ്ങൾ (77 എണ്ണം), മൂല്യവർദ്ധിത സംരംഭങ്ങൾ (10 എണ്ണം), മത്സ്യ ചില്ലറ വിൽപ്പന വിപണികൾ (05 എണ്ണം), മൊത്തവ്യാപാര മത്സ്യ വിപണികൾ (02 എണ്ണം), മത്സ്യങ്ങളുടെ  സമയബന്ധിതമായ രോഗനിർണയത്തിനായി റഫറൽ ലാബ്, രോഗനിർണയ ലാബുകൾ (02 എണ്ണം) തുടങ്ങിയവയും ഉൾപ്പെടുന്നു. കേരളത്തിൽ,ദേശീയ മത്സ്യ വികസന ബോർഡ് (NFDB) വഴി ഉൾനാടൻ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ കാമ്പെയ്‌നുകളും ശേഷി വർദ്ധിപ്പിക്കൽ പരിപാടികളും ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ, കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും അവരുടെ പ്രവർത്തന മൂലധന ആവശ്യകത നിറവേറ്റുന്നതിനായി 2018-19 സാമ്പത്തിക വർഷം മുതൽ മത്സ്യബന്ധന തൊഴിലാളികൾക്കും മത്സ്യകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് (KCC) സൗകര്യങ്ങൾ ഗവൺമെന്റ് നൽകി വരുന്നു.

കൂടാതെ, സംസ്ഥാന പദ്ധതിയായ ജനകീയ മത്സ്യ കൃഷി പ്രകാരം, മത്സ്യ വർഗങ്ങളുടെ വൈവിധ്യവൽക്കരണം, മത്സ്യകൃഷി രീതികൾ, ജലസംഭരണികളിലെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള 'കേരള ജലസംഭരണി മത്സ്യബന്ധന വികസന' പരിപാടി, റാഞ്ചിംഗ്, മത്സ്യ/കക്ക സംരക്ഷിത പ്രദേശങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ വിവിധ പദ്ധതികൾ നടത്തിവരുന്നതായി കേരള ഗവൺമെന്റ് അറിയിച്ചു. മത്സ്യഫെഡ് വഴികേരളത്തിലെ വിവിധ ജില്ലകളിൽ ഹൈടെക് ഫിഷ് മാർട്ടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും   മത്സ്യത്തൊഴിലാളികളിൽ നിന്നും കർഷകരിൽ നിന്നും നേരിട്ട് പുതിയ മത്സ്യം സംഭരിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നുണ്ടെന്നും ഗവൺമെന്റ്  വ്യക്തമാക്കി.മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങളും സൗകര്യവും പരിഗണിച്ച്  പാചകം ചെയ്യാൻ എളുപ്പമുള്ളതും / കഴിക്കാൻ പാകത്തിലുള്ളതുമായ മീൻ കറി, മീൻ കട്ട്ലറ്റുകൾ, മീൻ അച്ചാറുകൾ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ചില ജില്ലകളിൽ മത്സ്യഫെഡ് വഴി വിൽക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ ഈ ഇടപെടലുകൾ കാരണം ഉൾനാടൻ മത്സ്യ ഉൽപാദനം 2019-20 ലെ 2.05 ലക്ഷം ടണ്ണിൽ നിന്ന് 2023-24 ൽ 2.51 ലക്ഷം ടണ്ണായി വർദ്ധിച്ചതായി കേരള ഗവണ്മെന്റ് അറിയിച്ചു.

2025 മാർച്ച് 19 ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ആണ് ഈ വിവരങ്ങൾ നൽകിയത്.

 
********************

(Release ID: 2112826) Visitor Counter : 33


Read this release in: English , Urdu , Hindi