പ്രധാനമന്ത്രിയുടെ ഓഫീസ്
ആഗോള സഹകരണ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Posted On:
25 NOV 2024 6:33PM by PIB Thiruvananthpuram
എന്റെ സഹോദര തുല്യനായ ഭൂട്ടാൻ പ്രധാനമന്ത്രി, ഫിജിയുടെ ഉപപ്രധാനമന്ത്രി, ഭാരതത്തിന്റെ സഹകരണ മന്ത്രി അമിത് ഷാ, അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ പ്രസിഡന്റ്, ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികളെ, സഹകരണ ലോകവുമായി ബന്ധപ്പെട്ട എല്ലാ സഹകാരികളെ, ലോകമെമ്പാടും നിന്ന് ഇവിടെ ഒത്തുകൂടിയ, മഹതികളേ, മാന്യരേ,
ഇന്ന് നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുമ്പോൾ, ഞാൻ അത് ഒറ്റയ്ക്കല്ല ചെയ്യുന്നത്, വാസ്തവത്തിൽ എനിക്ക് അത് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുകയുമില്ല. ഭാരതത്തിലെ ദശലക്ഷക്കണക്കിന് കർഷകർ, കന്നുകാലികളെ വളർത്തുന്നവർ, മത്സ്യത്തൊഴിലാളികൾ, 8 ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 10 കോടി സ്ത്രീകൾ, സഹകരണ സ്ഥാപനങ്ങളെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്ന ഭാരതത്തിലെ യുവജനങ്ങൾ എന്നിവരുടെ പേരിൽ, ഞാൻ നിങ്ങളെ ഭാരതത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
ആദ്യമായിട്ടാണ്, അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ ആഗോള സമ്മേളനം ഭാരതത്തിൽ നടക്കുന്നത്. നിലവിൽ, ഭാരതത്തിലെ സഹകരണ പ്രസ്ഥാനത്തിന് ഞങ്ങൾ ഒരു പുതിയ മാനം നൽകുകയാണ്. ഈ സമ്മേളനത്തിലൂടെ, ഭാരതത്തിന്റെ ഭാവി സഹകരണ യാത്രയ്ക്ക് ആവശ്യമായ ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കുമെന്നും, അതേസമയം, ഭാരതത്തിന്റെ അനുഭവങ്ങൾ ആഗോള സഹകരണ പ്രസ്ഥാനത്തിന് 21-ാം നൂറ്റാണ്ടിലേക്ക് പുതിയ ഉപകരണങ്ങളും പുതിയ ചൈതന്യവും നൽകുമെന്നും എനിക്ക് ഉറപ്പുണ്ട്. 2025 അന്താരാഷ്ട്ര സഹകരണ വർഷമായി പ്രഖ്യാപിച്ചതിന് ഐക്യരാഷ്ട്രസഭയെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
സഹകരണ പ്രസ്ഥാനങ്ങൾ ലോകത്തിന് ഒരു മാതൃകയാണ്, എന്നാൽ ഭാരതത്തിന്, അവ നമ്മുടെ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും അടിത്തറയാണ്. നമ്മുടെ വേദങ്ങൾ പറയുന്നു, सं गच्छध्वं सं वदध्वं — അതായത്, നമുക്ക് ഒരുമിച്ച് നടക്കാം, നമുക്ക് ഐക്യത്തോടെ സംസാരിക്കാം. നമ്മുടെ ഉപനിഷത്തുകൾ പറയുന്നത്, सर्वे संतु सुखिन: — എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ. നമ്മുടെ പ്രാർത്ഥനകളിൽ പോലും, സഹവർത്തിത്വം ഒരു കേന്ദ്ര വിഷയമാണ്. 'സംഘം' (ഐക്യം) 'സഹകരണം' (സഹകരണം) ഇന്ത്യൻ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഇതാണ് നമ്മുടെ കുടുംബ വ്യവസ്ഥയുടെ അടിസ്ഥാനം. ഈ തത്ത്വമാണ് സഹകരണ സംഘങ്ങളുടെ കാതലായി സ്ഥിതിചെയ്യുന്നത് . സഹകരണത്തിന്റെ ഈ മനോഭാവത്തോടെയാണ് ഇന്ത്യൻ സംസ്ക്കാരം വളർന്നുവന്നത്.
സുഹൃത്തുക്കളേ,
നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും സഹകരണ സംഘങ്ങൾ പ്രചോദനം നൽകി. അവർ സാമ്പത്തിക ശാക്തീകരണത്തിന് സംഭാവന നൽകിയെന്ന് മാത്രമല്ല, സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഒരു കൂട്ടായ വേദിയും നൽകി. മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് (ഗ്രാമ സ്വയംഭരണം) എന്ന ആശയം സമൂഹ പങ്കാളിത്തത്തിൽ പുതിയ ഊർജ്ജം പകർന്നു. സഹകരണ സംഘങ്ങളിലൂടെ ഖാദി, ഗ്രാമ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹം ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഇന്ന്, നമ്മുടെ സഹകരണ സംഘങ്ങളുടെ പിന്തുണയോടെ ഖാദി, ഗ്രാമ വ്യവസായങ്ങൾ ചില വലിയ ബ്രാൻഡുകളെപ്പോലും മറികടന്നു. അതേ കാലയളവിൽ, സർദാർ പട്ടേൽ കർഷകരെ ഒന്നിപ്പിക്കുകയും പാൽ സഹകരണ സംഘങ്ങളിലൂടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഒരു പുതിയ ദിശ നൽകുകയും ചെയ്തു. സ്വാതന്ത്ര്യ വിപ്ലവത്തിൽ നിന്ന് ഉത്ഭവിച്ച അമുൽ ഇന്ന് ആഗോളതലത്തിൽ മുൻനിര ഭക്ഷ്യ ബ്രാൻഡുകളിൽ ഒന്നാണ്. ഭാരതത്തിൽ സഹകരണ സംഘങ്ങൾ ആശയങ്ങളിൽ നിന്ന് പ്രസ്ഥാനങ്ങളിലേക്കും, പ്രസ്ഥാനങ്ങളിൽ നിന്ന് വിപ്ലവങ്ങളിലേക്കും, വിപ്ലവങ്ങളിൽ നിന്ന് ശാക്തീകരണത്തിലേക്കും സഞ്ചരിച്ചുവെന്ന് നമുക്ക് പറയാം.
സുഹൃത്തുക്കളേ,
ഇന്ന്, ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കുന്നതിനായി നമ്മൾ ഗവൺമെന്റിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ശക്തി സംയോജിപ്പിക്കുകയാണ്. 'സഹകാർ സെ സമൃദ്ധി ' (സഹകരണത്തിലൂടെ അഭിവൃദ്ധി) എന്ന മന്ത്രം നാം പിന്തുടരുന്നു. ഇന്ന് ഭാരതത്തിൽ 8 ലക്ഷത്തിലധികം സഹകരണ സംഘങ്ങളുണ്ട്, അതായത് ലോകത്തിലെ ഓരോ നാല് സഹകരണ സ്ഥാപനങ്ങളിൽ ഒന്ന് ഭാരതത്തിലാണ്. എണ്ണത്തിൽ മാത്രമല്ല, വ്യാപ്തിയിലും ഈ സഹകരണ സ്ഥാപനങ്ങൾ വിശാലവും വൈവിധ്യപൂർണ്ണവുമാണ്. ഗ്രാമീണ ഭാരതത്തിന്റെ ഏകദേശം 98% സഹകരണ സ്ഥാപനങ്ങളാണ്. ലോകത്തിലെ ഓരോ അഞ്ചിൽ ഒരാൾ, അഞ്ച് ഇന്ത്യക്കാരിൽ ഒരാൾ എന്നിങ്ങനെ ഏകദേശം 300 ദശലക്ഷം ജനങ്ങൾ സഹകരണ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാര, വളങ്ങൾ, മത്സ്യബന്ധനം, പാൽ ഉൽപാദനം തുടങ്ങിയ മേഖലകളിൽ സഹകരണ സ്ഥാപനങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ട്.
കഴിഞ്ഞ പതിറ്റാണ്ടുകളിൽ, ഭാരതം നഗര സഹകരണ ബാങ്കിംഗിലും ഭവന സഹകരണ സംഘങ്ങളിലും ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. ഇന്ന്, ഇന്ത്യയിൽ ഏകദേശം 200,000 ഭവന സഹകരണ സംഘങ്ങളുണ്ട്. സമീപ വർഷങ്ങളിൽ, പരിഷ്കാരങ്ങളിലൂടെ സഹകരണ ബാങ്കിംഗ് മേഖലയെ ഞങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ന്, രാജ്യത്തുടനീളമുള്ള സഹകരണ ബാങ്കുകൾ 12 ലക്ഷം കോടി രൂപയുടെ (12 ട്രില്യൺ രൂപ) നിക്ഷേപങ്ങൾ കൈവശം വച്ചിട്ടുണ്ട്. ഈ ബാങ്കുകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിശ്വാസം വളർത്തുന്നതിനുമായി, നമ്മുടെ ഗവണ്മെൻ്റ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മുമ്പ്, ഈ ബാങ്കുകൾ റിസർവ് ബാങ്കിന്റെ (ആർബിഐ) പരിധിക്ക് പുറത്തായിരുന്നു, എന്നാൽ ഇപ്പോൾ അവ ആർബിഐയുടെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നു. ഈ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഓരോ നിക്ഷേപകനും 5 ലക്ഷം രൂപയായി ഞങ്ങൾ വർദ്ധിപ്പിച്ചു. സഹകരണ ബാങ്കുകളിൽ ഡിജിറ്റൽ ബാങ്കിംഗ് വിപുലീകരിച്ചു. ഈ ശ്രമങ്ങൾ ഭാരതത്തിന്റെ സഹകരണ ബാങ്കുകളെ മുമ്പെന്നത്തേക്കാളും കൂടുതൽ മത്സരാധിഷ്ഠിതവും സുതാര്യവുമാക്കി.
സുഹൃത്തുക്കളേ,
ഭാരതത്തിൻ്റെ ഭാവി വളർച്ചയിൽ സഹകരണ സ്ഥാപനങ്ങൾക്ക് ഒരു പ്രധാന പങ്ക് വിഭാവനം ചെയ്യുന്നു. അതിനാൽ, സമീപ വർഷങ്ങളിൽ, മുഴുവൻ സഹകരണ ആവാസവ്യവസ്ഥയെയും പരിവർത്തനം ചെയ്യാൻ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഭാരതം നിരവധി പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സഹകരണ സംഘങ്ങളെ വിവിധോദ്ദേശ്യ കേന്ദ്രങ്ങളാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് നേടിയെടുക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് ഒരു പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. ഈ സംഘങ്ങളെ വിവിധോദ്ദേശ്യ കേന്ദ്രങ്ങളാക്കുന്നതിന് പുതിയ മാതൃകാ ബൈലോകൾ അവതരിപ്പിച്ചിട്ടുണ്ട്. ഐടി-പ്രാപ്‌തമാക്കിയ ഒരു ആവാസവ്യവസ്ഥയുമായി ഞങ്ങൾ സഹകരണ സംഘങ്ങളെ സംയോജിപ്പിച്ചിട്ടുണ്ട്, കൂടാതെ അവയെ ജില്ലാ, സംസ്ഥാന തല സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ന്, ഈ സംഘങ്ങൾ ഭാരതത്തിലെ കർഷകർക്കായി പ്രാദേശിക പരിഹാര കേന്ദ്രങ്ങൾ നടത്തുന്നു. ഈ സഹകരണ സംഘങ്ങൾ പെട്രോൾ, ഡീസൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുകയും, നിരവധി ഗ്രാമങ്ങളിൽ ജല സംവിധാനങ്ങൾ കൈകാര്യം ചെയ്യുകയും, സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. മാലിന്യത്തിൽ നിന്ന് ഊർജ്ജം എന്ന സംരംഭത്തിന് കീഴിൽ, ഈ സഹകരണ സംഘങ്ങൾ ഗോബർധൻ പദ്ധതിയിലേക്കും സംഭാവന നൽകുന്നു. മാത്രമല്ല, സഹകരണ സംഘങ്ങൾ ഇപ്പോൾ ഗ്രാമങ്ങളിൽ പൊതു സേവന കേന്ദ്രങ്ങളായി ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു. അംഗങ്ങൾക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഈ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ശ്രമം.
സുഹൃത്തുക്കളേ,
നിലവിൽ അത്തരം സംഘടനകൾ ഇല്ലാത്ത 200,000 ഗ്രാമങ്ങളിൽ ഇപ്പോൾ ഞങ്ങൾ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങൾ രൂപീകരിക്കുകയാണ്. ഉൽപ്പാദന, സേവന മേഖലകളിൽ സഹകരണ സംഘങ്ങൾ ഞങ്ങൾ വികസിപ്പിക്കുകയാണ്. സഹകരണ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിയിൽ ഭാരതം പ്രവർത്തിക്കുന്നു. കർഷകർക്ക് അവരുടെ വിളകൾ സൂക്ഷിക്കാൻ കഴിയുന്ന സംഭരണശാലകൾ രാജ്യത്തുടനീളം നിർമ്മിക്കാനുള്ള പദ്ധതി ഈ സഹകരണ സംഘങ്ങൾ നടപ്പിലാക്കുന്നു. ഈ സംരംഭം പ്രത്യേകിച്ച് ചെറുകിട കർഷകർക്ക് ഗുണം ചെയ്യും.
സുഹൃത്തുക്കളേ,
ഞങ്ങളുടെ ചെറുകിട കർഷകരെ കർഷക ഉൽപാദക സംഘടനകളായി (FPO) യോജിപ്പിക്കുകയാണ്. ചെറുകിട കർഷകരുടെ ഈ FPO-കൾക്ക് ഗവണ്മെൻ്റ് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നുണ്ട്, ഇതിൽ ഏകദേശം 9,000 FPO-കൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു. ഫാമുകളെ അടുക്കളകളുമായും വിപണികളുമായും ബന്ധിപ്പിക്കുന്ന ശക്തമായ ഒരു വിതരണ, മൂല്യ ശൃംഖല സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് നേടുന്നതിന്, ഞങ്ങൾ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ, സഹകരണ സ്ഥാപനങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ഒരു പുതിയ മാധ്യമം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചെലവിൽ ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കാൻ ഈ പ്ലാറ്റ്‌ഫോം സഹകരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു. ഗവണ്മെൻ്റ് സൃഷ്ടിച്ച ഡിജിറ്റൽ ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) പ്ലാറ്റ്‌ഫോം സഹകരണ സംഘങ്ങൾക്കും വളരെയധികം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെടുന്നു.
സുഹൃത്തുക്കളേ,
ഈ നൂറ്റാണ്ടിൽ, ആഗോള വളർച്ചയിൽ സ്ത്രീകളുടെ പങ്കാളിത്തം ഒരു പ്രധാന ഘടകമായിരിക്കും. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന സമൂഹങ്ങൾ വേഗത്തിൽ വളരും. സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ ഒരു യുഗത്തിന് ഭാരതം നിലവിൽ സാക്ഷ്യം വഹിക്കുന്നു, ഞങ്ങൾ ഇതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സഹകരണ മേഖലയിൽ, സ്ത്രീകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അവർ മേഖലയുടെ 60% ത്തിലധികം വരും. സ്ത്രീകൾ നയിക്കുന്ന നിരവധി സഹകരണ സ്ഥാപനങ്ങൾ ഈ മേഖലയിലെ ശക്തിയുടെ ഉറവിടമായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളെ,
സഹകരണ മാനേജ്‌മെന്റിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഇതിനായി, ബഹുസംസ്ഥാന സഹകരണ സംഘ നിയമങ്ങളിൽ ഞങ്ങൾ ഭേദഗതി വരുത്തി. ബഹുസംസ്ഥാന സഹകരണ സംഘങ്ങളുടെ ബോർഡുകളിൽ വനിതാ ഡയറക്ടർമാർ ഉണ്ടായിരിക്കേണ്ടത് ഇപ്പോൾ നിർബന്ധമാണ്. കൂടാതെ, സംഘങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നതാക്കുന്നതിന്, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഭാരതത്തിൽ സ്വയം സഹായ സംഘങ്ങളുടെ (SHG) വലിയ മുന്നേറ്റത്തെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം. സ്ത്രീ പങ്കാളിത്തത്തിലൂടെ സ്ത്രീ ശാക്തീകരണത്തിനായുള്ള ഒരു സുപ്രധാന സംരംഭമാണിത്. ഇന്ന്, ഭാരതത്തിലെ 10 കോടി അഥവാ 100 ദശലക്ഷം സ്ത്രീകൾ സ്വയം സഹായ ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. കഴിഞ്ഞ ദശകത്തിൽ, ഈ സ്വയം സഹായ സംഘങ്ങൾക്ക് ഗവണ്മെൻ്റിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ 9 ലക്ഷം കോടി രൂപ (9 ട്രില്യൺ രൂപ) വായ്പ ലഭിച്ചിട്ടുണ്ട്. ഈ സ്വയം സഹായ സംഘങ്ങൾ ഗ്രാമങ്ങളിൽ ഗണ്യമായ സമ്പത്ത് സൃഷ്ടിച്ചിട്ടുണ്ട്. ഇതിലൂടെ പല രാജ്യങ്ങൾക്കും അനുകരിക്കാൻ കഴിയുന്ന തരത്തിൽ സ്ത്രീ ശാക്തീകരണത്തിന് ഒരു മാതൃക സൃഷ്ടിക്കാൻ സാധിക്കും.
സുഹൃത്തുക്കളേ,
ആഗോള സഹകരണ പ്രസ്ഥാനത്തിന്റെ ദിശ കൂട്ടായി തീരുമാനിക്കേണ്ട സമയമാണ് 21-ാം നൂറ്റാണ്ട്. സഹകരണ ധനസഹായം ലളിതവും കൂടുതൽ സുതാര്യവുമാക്കുന്ന ഒരു സഹകരണ സാമ്പത്തിക മാതൃകയെക്കുറിച്ച് നാം ചിന്തിക്കണം. ചെറുതും സാമ്പത്തികമായി ദുർബലവുമായ സഹകരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിന് സാമ്പത്തിക വിഭവങ്ങൾ ശേഖരിക്കുന്നത് നിർണായകമാണ്. പങ്കിട്ട സാമ്പത്തിക പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പദ്ധതികൾക്ക് ധനസഹായം നൽകാനും സഹകരണ സ്ഥാപനങ്ങൾക്ക് വായ്പകൾ നൽകാനും കഴിയും. സംഭരണം, ഉത്പാദനം, വിതരണം എന്നിവയിൽ പങ്കാളിത്തം പുലർത്തുന്നതിലൂടെ വിതരണ ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിനും നമ്മുടെ സഹകരണ സ്ഥാപനങ്ങൾക്ക് സംഭാവന നൽകാൻ കഴിയും.
സുഹൃത്തുക്കളേ,
ആലോചിക്കേണ്ട മറ്റൊരു വിഷയമുണ്ട്: ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നതിന് നമുക്ക് വലിയ ആഗോള ധനകാര്യ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കഴിയുമോ? അന്താരാഷ്ട്ര സഹകരണ സഖ്യം (ICA) ഫലപ്രദമായി അതിന്റെ പങ്ക് നിർവഹിക്കുമ്പോൾ, ഭാവി നമ്മൾ ഇതിനപ്പുറം പോകണമെന്ന് ആവശ്യപ്പെടുന്നു. നിലവിലെ ആഗോള സാഹചര്യങ്ങൾ സഹകരണ പ്രസ്ഥാനത്തിന് ഒരു സുപ്രധാന അവസരം നൽകുന്നു. ആഗോളതലത്തിൽ സമഗ്രതയുടെയും പരസ്പര ബഹുമാനത്തിന്റെയും പതാക വാഹകരായി സഹകരണ സ്ഥാപനങ്ങളെ മാറ്റേണ്ടതുണ്ട്. ഇത് നേടുന്നതിന്, നാം നൂതനമായ നയങ്ങൾ സൃഷ്ടിക്കുകയും ആസൂത്രണം ചെയ്യുകയും വേണം. കാലാവസ്ഥാ വ്യതിയാനത്തെ അതിജിവിക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾ ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ തത്വങ്ങളും സ്വീകരിക്കണം. കൂടാതെ, സഹകരണ സ്ഥാപനങ്ങൾക്കുള്ളിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ നാം പര്യവേക്ഷണം ചെയ്യണം. ഇതിന് ചർച്ചയും ആവശ്യമാണ്.
സുഹൃത്തുക്കളേ,
ആഗോള സഹകരണത്തിന് പുതിയ ഊർജ്ജം പകരാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയുമെന്ന് ഭാരതം വിശ്വസിക്കുന്നു. പ്രത്യേകിച്ച്, നിശ്ചിതമായ വളർച്ചാ മാതൃകകൾ ആവശ്യമുള്ള ആഗോള ദക്ഷിണേന്ത്യയിലെ രാജ്യങ്ങൾക്ക്, സഹകരണ സ്ഥാപനങ്ങൾക്ക് നിർണായക പിന്തുണ നൽകാൻ കഴിയും. അതിനാൽ, സഹകരണ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര സഹകരണത്തിനായി നാം നൂതനമായ പുതിയ പാതകൾ സൃഷ്ടിക്കുകയും വേണം. ആ ദർശനം കൈവരിക്കുന്നതിൽ ഈ സമ്മേളനം ഒരു പ്രധാന പങ്ക് വഹിക്കുന്നതായി ഞാൻ കാണുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഭാരതം. ഉയർന്ന ജിഡിപി വളർച്ച മാത്രമല്ല, അതിന്റെ നേട്ടങ്ങൾ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരിലേക്ക് പോലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. മനുഷ്യ കേന്ദ്രീകൃത വീക്ഷണകോണിലൂടെ വളർച്ചയെ ലോകം കാണേണ്ടത് ഒരുപോലെ പ്രധാനമാണ്. രാജ്യത്തിനകത്തോ ആഗോളതലത്തിലോ ആകട്ടെ ഭാരതം എപ്പോഴും മാനവികതയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ആഗോള ദക്ഷിണേന്ത്യയിൽ നിന്നുൾപ്പടെയുള്ള വിഭവങ്ങളില്ലാത്ത പല രാജ്യങ്ങളെയും കോവിഡ്-19 പ്രതിസന്ധിയുടെ സമയത്ത് മരുന്നുകളും വാക്സിനുകളും പങ്കിട്ടുകൊണ്ട് പിന്തുണച്ചപ്പോൾ ഇത് പ്രകടമായി. സാഹചര്യം മുതലെടുക്കാൻ സാമ്പത്തിക യുക്തി നിർദ്ദേശിച്ചെങ്കിലും, അത് ശരിയായ മാർഗമല്ലെന്ന് മനുഷ്യത്വം പറഞ്ഞു. ലാഭത്തിന്റെയല്ല, സേവനത്തിന്റെ പാത തെരഞ്ഞെടുക്കാൻ അത് നമ്മെ നയിച്ചു.
സുഹൃത്തുക്കളേ,
സഹകരണ സംഘങ്ങളുടെ പ്രാധാന്യം അവയുടെ ഘടനയിലോ നിയമ ചട്ടക്കൂടിലോ മാത്രമല്ല സ്ഥിതിചെയ്യുന്നത്. ഈ ഘടകങ്ങൾക്ക് സംഘടനകളെ കെട്ടിപ്പടുക്കാനും വളർച്ചയും വികാസവും സാധ്യമാക്കാനും കഴിയും, എന്നാൽ സഹകരണ സംഘങ്ങളുടെ യഥാർത്ഥ സത്ത അവയുടെ ഊർജ്ജമാണ്. സഹകരണ സംസ്കാരത്തിൽ വേരൂന്നിയ പ്രസ്ഥാനത്തിന്റെ ജീവരക്തമാണ് ഈ സഹകരണ മനോഭാവം. സഹകരണ സംഘങ്ങളുടെ വിജയം അവയുടെ എണ്ണത്തിലല്ല, മറിച്ച് അംഗങ്ങളുടെ ധാർമ്മിക വികസനത്തിലാണെന്ന് മഹാത്മാഗാന്ധി വിശ്വസിച്ചു. ധാർമ്മികതയോടെയുള്ള തീരുമാനങ്ങൾ എല്ലായ്പ്പോഴും മനുഷ്യരാശിയുടെ മികച്ച താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടും. അന്താരാഷ്ട്ര സഹകരണ വർഷത്തിൽ ഈ മനോഭാവം ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ കൂടി, നിങ്ങളെയെല്ലാം ഞാൻ സ്വാഗതം ചെയ്യുകയും എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ, ഈ ഉച്ചകോടി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും, കൂടാതെ ഇതിൻ്റെ പരിണതഫലം സഹകരണ മനോഭാവത്തോടെ മുന്നേറുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും എല്ലാ രാഷ്ട്രങ്ങളെയും ശാക്തീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ, ഞാൻ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
നന്ദി.
***
SK
(Release ID: 2112191)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada