യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഡോ. മൻസുഖ് മാണ്ഡവ്യ താരനിബിഡമായ പ്രഥമ ഫിറ്റ് ഇന്ത്യ കാർണിവൽ  ഉദ്ഘാടനം ചെയ്തു

Posted On: 16 MAR 2025 9:45PM by PIB Thiruvananthpuram
ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന, ഗുസ്തി ചാമ്പ്യൻ സംഗ്രാം സിംഗ്, പ്രശസ്ത വെൽനസ് വിദഗ്ദ്ധൻ മിക്കി മേഹ്ത്ത, മുൻ WWE ഗുസ്തി താരം ഷാങ്കി സിംഗ്, ഗിന്നസ് ലോക റെക്കോർഡ് ഉടമ റോഹ്താഷ് ചൗധരി എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു
 
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിറ്റ് ഇന്ത്യ കാർണിവലിന് ഇന്ന് ന്യൂഡൽഹിയിലെ ജെ എൽ എൻ സ്റ്റേഡിയത്തിൽ ഗംഭീര ഉദ്ഘാടന ചടങ്ങോടെ തുടക്കമായി. മൂന്ന് ദിവസത്തെ സജീവമായ 'കായികക്ഷമത & ആരോഗ്യ ക്ഷേമ 'പ്രവർത്തനങ്ങൾക്ക് വേദിയൊരുങ്ങി. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പരിപാടിയിൽ പങ്കെടുത്തു. ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന, ഗുസ്തി ചാമ്പ്യൻ സംഗ്രാം സിംഗ്, പ്രശസ്ത വെൽനസ് വിദഗ്ദ്ധൻ മിക്കി മേഹ്ത്ത, മുൻ WWE ഗുസ്തി താരം ഷാങ്കി സിംഗ്, ഗിന്നസ് ലോക റെക്കോർഡ് ഉടമ റോഹ്താഷ് ചൗധരി എന്നിവർ ഉദ്ഘാടന ചടങ്ങിൽ താരസാന്നിധ്യമായി.
 
 മൂന്ന് ദിവസത്തെ പ്രഥമ ഫിറ്റ്നസ് കാർണിവൽ പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. മാണ്ഡവ്യ, രാഷ്ട്രനിർമ്മാണത്തിൽ ശാരീരിക ക്ഷമതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. "സ്പോർട്സിനെ ഒരു സംസ്കാരമാക്കി മാറ്റുന്നതിനും എല്ലാവരിലും ഫിറ്റ്നസിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു തുടക്കമാണിത്. സൺഡേസ് ഓൺ സൈക്കിൾ പോലെ ഒരു പ്രസ്ഥാനമായി ഇത് ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലുടനീളമുള്ള മറ്റ് പട്ടണങ്ങളിലും നഗരങ്ങളിലും ഫിറ്റ് ഇന്ത്യ കാർണിവൽ സംഘടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ശാരീരിക ക്ഷേമതയുടെ മാത്രമല്ല മാനസികാരോഗ്യം, വൈകാരിക ക്ഷേമം, പോഷകാഹാരം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആരോഗ്യ ക്ഷേമ ഉത്സവം കൂടിയാണ്" ശ്രീ മാണ്ഡവ്യ പറഞ്ഞു .
 
ചടങ്ങിൽ 'ഫിറ്റ് ഇന്ത്യ ഐക്കൺ' ആയി ആദരിക്കപ്പെട്ട ആയുഷ്മാൻ ഖുറാന ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചു. "ആരോഗ്യം സമ്പത്താണ് - എല്ലാവർക്കും ഇത് അറിയാം.ആരോഗ്യമുള്ള ഒരു രാഷ്ട്രം ഒരു സമ്പന്ന രാഷ്ട്രമാണെന്ന് ഞാൻ കരുതുന്നു. കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ഫിറ്റ് ഇന്ത്യ പ്രസ്ഥാനം, പൗരന്മാരിൽ ശാരീരിക ക്ഷമതയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ഇന്ത്യയെ കൂടുതൽ ആരോഗ്യകരമാക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്കും, ഈ പ്രധാന ദേശീയ ലക്ഷ്യത്തിനായുള്ള അക്ഷീണ പ്രയത്നത്തിന് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്കും ഞാൻ നന്ദി പറയുന്നു," അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ സമ്പന്നമായ ആയോധനകലകളുടെ പൈതൃകം പ്രദർശിപ്പിക്കുന്ന കളരിപ്പയറ്റ്, ഗട്ക, മല്ലകംബ് എന്നിവയുടെ ആവേശകരമായ പ്രകടനത്തോടെയാണ് വൈകുന്നേരം പരിപാടി ആരംഭിച്ചത്. അടുത്ത രണ്ട് ദിവസങ്ങളിൽ തുടരുന്ന കാർണിവലിൽ റോപ്പ് സ്കിപ്പിംഗ്, ആം റെസ്ലിംഗ്, ക്രിക്കറ്റ് ബൗളിംഗ്, പുഷ്-അപ്പ്, സ്ക്വാറ്റ് മത്സരങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആവേശകരമായ കായിക ക്ഷമതാ മത്സരങ്ങൾ നടക്കും. കൂടാതെ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണൽ സെന്റർ ഓഫ് സ്പോർട്സ് സയൻസസ് ആൻഡ് റിസർച്ചിലെ (NCSSR) വിദഗ്ധർ കാർണിവലിൽ പങ്കെടുക്കുന്നവർക്ക് പോഷകാഹാരം, മാനസികാരോഗ്യം എന്നിവ സംബന്ധിച്ച് ആരോഗ്യ അവലോകനം നടത്തി, മാർഗ്ഗനിർദ്ദേശങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. 
 
ആരോഗ്യകരമായ ജീവിതത്തിന് ദിനചര്യയിൽ സൈക്ലിംഗ് ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന, NCSSR സംഘം ക്യൂറേറ്റ് ചെയ്ത "സൈക്ലിങ്ങിന്റെ ഗുണങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു വൈകുന്നേരത്തെ പ്രത്യേക ആകർഷണം. 
 
 'നൃത്തത്തിലൂടെ ശാരീരിക ക്ഷമത ' എന്ന ആകർഷകമായ സാംസ്കാരിക പരിപാടിയും ഇതോടൊപ്പം നടന്നു. ഊർജ്ജസ്വലമായ പ്രകടനങ്ങളിലൂടെ ഈ പരിപാടി പ്രേക്ഷകരെ ആകർഷിച്ചു. പരിപാടിയുടെ സംവേദനാത്മക സെഷനിൽ ആയുഷ്മാൻ ഖുറാന, സംഗ്രാം സിംഗ്, മിക്കി മേഹ്ത്ത എന്നിവർ രസകരമായ ഒരു ഫിറ്റ്നസ് മത്സരത്തിൽ പങ്കെടുക്കുകയും കാണികളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
 
 പരിപാടിയുടെ അവസാനമായി കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ആരോഗ്യ-ക്ഷേമ സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന വിവിധ സ്റ്റാളുകൾ സന്ദർശിച്ചു

(Release ID: 2111694) Visitor Counter : 12


Read this release in: English , Urdu , Hindi , Gujarati