ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ചെന്നൈയിലെ ഐസിഎഫിൽ ഹൈപ്പർലൂപ്പ് പദ്ധതിക്കായുള്ള ഇലക്ട്രോണിക്സ് സാങ്കേതികവിദ്യ വികസിപ്പിക്കും: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

Posted On: 15 MAR 2025 9:57PM by PIB Thiruvananthpuram

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) ഹൈപ്പർലൂപ്പ് പദ്ധതിക്കായുള്ള ഇലക്ട്രോണിക്സ് ഘടക സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അറിയിച്ചു. ഐഐടി മദ്രാസ് ഡിസ്കവറി കാമ്പസിലെ ഹൈപ്പർലൂപ്പ് പരീക്ഷണ കേന്ദ്രം അദ്ദേഹം സന്ദർശിക്കുകയും തത്സമയ പ്രദർശനം വീക്ഷിക്കുകയും ചെയ്തു.

 

ചെന്നൈയിലെ ഐഐടിയിൽ സ്ഥിതി ചെയ്യുന്ന 410 മീറ്റർ നീളമുള്ള ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്യൂബ്, ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈപ്പർലൂപ്പ് പരീക്ഷണ സൗകര്യമാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

 

ഹൈപ്പർലൂപ്പ് ഗതാഗതത്തിനായുള്ള മുഴുവൻ പരീക്ഷണ സംവിധാനവും തദ്ദേശീയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും ഈ നേട്ടത്തിന് പിന്നിലെ എല്ലാ യുവ പ്രതിഭകളെയും അഭിനന്ദിക്കുന്നതായും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

 

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹൈപ്പർലൂപ്പ് ഗതാഗത സാങ്കേതികവിദ്യ ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ മികച്ച ഫലങ്ങൾ നൽകിയതിനാൽ, ഇന്ത്യ ഉടൻ തന്നെ ഹൈപ്പർലൂപ്പ് ഗതാഗതത്തിന് സജ്ജമാകുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 ഹൈപ്പർലൂപ്പ് പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന് സാമ്പത്തിക, സാങ്കേതിക സഹായം നൽകിയിട്ടുണ്ട്.  ഈ ഹൈപ്പർലൂപ്പ് പദ്ധതിക്കുള്ള എല്ലാ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയും ചെന്നൈയിലെ ഐസിഎഫിൽ വികസിപ്പിക്കും. ഐസിഎഫ് ഫാക്ടറിയിലെ വിദഗ്ധർ വന്ദേ ഭാരത് അതിവേഗ ട്രെയിനുകൾക്കായി ലാർഹെ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഹൈപ്പർലൂപ്പ് പദ്ധതിക്കുള്ള ഈ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയും ഐസിഎഫിൽ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

വിജയകരമായ ഈ പരീക്ഷണത്തിന് ചെന്നൈ ഐഐടിയിലെ യുവ നൂതനാശയ വിദഗ്ധരെയും അവിഷ്‌കാർ സംഘടനയെയും മന്ത്രി അഭിനന്ദിച്ചു.

 

പിന്നീട്, ഗിണ്ടിയിലെ ചെന്നൈ ഐഐടി കാമ്പസ് സന്ദർശിച്ച മന്ത്രി, ഐഐടിയുടെ സെന്റർ ഫോർ ഇന്നൊവേഷൻ സംഘടിപ്പിച്ച ഓപ്പൺ ഹൗസ് 2025 എന്ന പ്രദർശനം വീക്ഷിച്ചു. വിദ്യാർത്ഥികളുമായും യുവ നൂതനാശയ വിദഗ്ധരുമായും അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ എല്ലാ മേഖലകളിലും മുൻനിരയിൽ എത്തുമെന്ന്  അദ്ദേഹം പ്രസ്താവിച്ചു.

 

ഡാറ്റാ സയൻസ്, നിർമിത ബുദ്ധി, സെമികണ്ടക്ടറുകൾ എന്നീ മേഖലകളിൽ യുവാക്കൾ കാര്യക്ഷമമായി പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വൈദഗ്ധ്യമുള്ള യുവാക്കൾ ഇന്ത്യയിലാണെന്നും, രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ അവർ നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്ത് അഞ്ച് സെമികണ്ടക്ടർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സെമികണ്ടക്ടർ പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

പ്രദർശനത്തിന്റെ ഭാഗമായി നടന്ന ഇന്നൊവേഷൻ മത്സരത്തിലെ വിജയികൾക്ക് മന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിക്കുകയും കൂടുതൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചെന്നൈ ഐഐടി ഡയറക്ടർ ഡോ. കാമകോടിയും ചടങ്ങിൽ പങ്കെടുത്തു.

   

   

    

   

   

*********************


(Release ID: 2111578) Visitor Counter : 13


Read this release in: English , Hindi